അബുജ/നൈജീരിയ: നൈജീരിയയില്‍ ഭീകരരുടെ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍. തടങ്കലില്‍ രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും ബിഷപ് ബാരണ്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്. നൈജീരിയയിലെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുള്ള 303 പേര്‍ ഉള്‍പ്പെടെ, സമീപ ആഴ്ചകളില്‍ 350-ലധികം നൈജീരിയന്‍ സ്‌കൂള്‍ കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
റോമിലെ സിനഡിനിടെ കണ്ടുമുട്ടിയ സിസ്റ്റര്‍ മേരി ബാരണ്‍, ഒഎല്‍എയില്‍ നിന്ന് പ്രാര്‍ത്ഥനാഹസായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു ഇമെയില്‍ ലഭിച്ചതായും ബിഷപ് ബാരണ്‍ പറഞ്ഞു. ഒഎല്‍എ സന്യാസിനി സഭക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ബാരന്റെ സന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ സെന്റ് മേരീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മറ്റുള്ളവരോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടണമെന്നും സിസ്റ്റര്‍ ബാരണ്‍ അഭ്യര്‍ത്ഥച്ചതായി ബിഷപ് വ്യക്തമാക്കി.
ഈ കുട്ടികള്‍ തടവിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഉത്കണ്ഠയെക്കുറിച്ച് ചിന്തിക്കാന്‍ ബിഷപ് ബാരണ്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക. ഈ കുട്ടികളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുക, അവര്‍ ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് ഓര്‍മ്മിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ – ബിഷപ് ബാരണ്‍ കുറിച്ചു.
നവംബര്‍ 21 ന്, കെബ്ബിയിലെ സ്‌കൂളില്‍ നിന്ന് 24 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ 50 പേര്‍ പിന്നീട് രക്ഷപ്പെട്ടു.













Leave a Comment
Your email address will not be published. Required fields are marked with *