Follow Us On

05

December

2023

Tuesday

മാതൃകയാക്കാം, തോമാശ്ലീഹായുടെ മൂന്ന് ദർശനങ്ങൾ

റവ. ഡോ. റോജി തോമസ് നരിതൂക്കിൽ സി.എസ്.ടി

മാതൃകയാക്കാം, തോമാശ്ലീഹായുടെ മൂന്ന് ദർശനങ്ങൾ

ഭാരതത്തിന്റെ അപ്പസ്‌തോലനും നമ്മുടെ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ ഒരോ ക്രിസ്തുശിഷ്യനും മനസിൽ കുറിക്കേണ്ട മൂന്ന് ദർശനങ്ങൾ ഓർമിപ്പിക്കുന്നു, റോമിലെ പൊന്തിഫിക്കൽ സ്‌കോട്ട്‌സ് കോളജിലെ അധ്യാപകൻ കൂടിയായ ലേഖകൻ.

അനുകരണാർഹമായ മാതൃക നൽകിയ വിശുദ്ധരെ ഓർക്കുകയും അവരുടെ ധന്യജീവിതം ധ്യാനിക്കുകയും ചെയ്യുന്ന അവസരമാണ് ഓർമത്തിരുനാൾ. ഓരോ തിരുനാളും ആഴമേറിയ ആധ്യാത്മികാനുഭവങ്ങളായി മാറണമെന്ന ഓർമപ്പെടുത്തലും കൂടി നമ്മിലേക്ക് പകരുന്നുണ്ട്. ദുഃക്‌റാനത്തിരുനാളും ഈ ചൈതന്യം ഉൾക്കൊള്ളാൻ നമ്മെ ഓർമിപ്പിക്കുന്നു. നസ്രത്തിലെ ആശാരിയുടെ ശരികളോട് ഏറ്റവും ചേർന്നുനിൽക്കുന്ന വ്യക്തിത്വമാണ് ‘ദിദിമോസ്’- ‘യേശുവിന്റെ ഇരട്ട’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിശുദ്ധ തോമാശ്ലീഹാ.

ക്രിയാത്മകവും അതുപോലെ ആകർഷകവുമായ ആധ്യാത്മികതയ്ക്ക് ഉടമയാണ് തോമാശ്ലീഹാ. ഇംഗ്ലണ്ടിലെ കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന റോവൻ വില്യംസ് രചിച്ച ‘ഫെയ്ത്ത് ഇൻ പബ്ല്‌ളിക് സ്‌ക്വയർ’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പ്രതിപാദിക്കുന്നു: ‘ക്രിസ്തീയ വിശ്വാസവും വചനപ്രഘോഷണവും ചിലപ്പോഴെങ്കിലും ഉദ്ദേശിച്ച ഫലം തരുന്നില്ല എന്ന ചിന്തയുണ്ടാക്കുന്നുണ്ടെങ്കിൽ, നമുക്ക് നമ്മുടെ വിശ്വാസത്തെയും വചനത്തെയും ക്രിയാത്മകമായും ആകർഷകമായും അവതരിപ്പിക്കാൻ സാധിക്കാത്തതുകൊണ്ടാണത്.’

ഏത് വിപണിയിലും എത്രയും പെട്ടെന്ന് വിൽക്കപ്പെടുന്നത് ഉപഭോക്താവിനെ തത്ക്ഷണം ആകർഷിക്കാൻ സാധിക്കുന്ന വസ്തുക്കളാണ്. പ്രീതികാത്മകമായി മാത്രം ഈ ഉദാഹരണത്തെ കാണുകയാണെങ്കിലും അത് നമുക്ക് ധ്യാന വിഷയമാക്കാവുന്നതാണ്. അത് വചനമായാലും ആധ്യാത്മികതയായാലും ക്രിയാത്മകമായി വ്യക്തിപരമായ അനുഭവത്തിൽനിന്ന് ആകർഷകമായി നൽകാൻ സാധിച്ചില്ലെങ്കിൽ ഉദ്ദേശിക്കുന്ന ലക്ഷ്യം ലഭിക്കണമെന്നില്ല.

തോമാശ്ലീഹായുടെ മൂന്ന് ജീവിത ദർശനങ്ങളാണ് അദ്ദേഹത്തെ ക്രിയാത്മകവും ആകർഷകവുമായി ആധ്യാത്മിക വ്യക്തിത്വത്തിന് ഉടമയാക്കിയത്. ക്രിയാത്മകമായ വിശ്വാസജീവിതമാണ് ഇന്നിന്റെ വെല്ലുവിളികളെ, ഉത്താരാധുനികതയുടെയും സത്യാനന്തരതയുടെയും വെല്ലുവിളികളെ നേരിടാൻ ക്രിസ്തുശിഷ്യനെ പ്രാപ്തനാക്കുന്നത്.

എങ്ങനെ നേരിടണം അനിശ്ചിതത്വങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളിലും അരക്ഷിതാവസ്ഥയിലും നമ്മെ സ്‌ഥൈര്യരാക്കുന്ന സമാനതകളില്ലാത്ത ദൈവാശ്രയത്വമാണ് പ്രധാനമെന്ന് സ്വജീവിതംകൊണ്ട് തോമാശ്ലീഹാ കാണിച്ചുതന്നു.

യോഹ. 11:7 ൽ ഈശോ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: ‘നമുക്ക് വീണ്ടും യൂദായിലേക്ക് പോകാം.’ അടുത്ത വചനത്തിൽ, യോഹ. 11:8ൽ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: ‘യഹൂദന്മാർ ഇപ്പോൾതന്നെ, നിന്നെ കല്ലെറിയാൻ അന്വേഷിക്കുകയായിരുന്നില്ലേ? എന്നിട്ട്, അങ്ങോട്ട് പോവുകയാണോ?’

അപ്പോൾ തോമാശ്ലീഹ പറയുന്ന വാക്കുകൾ യോഹ. 11:16ൽ രേഖപ്പെടുത്തിയിട്ടുണ്ട്: ‘അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം.’ ഗുരുവിന്റെ കുരിശിന്റെ വഴിയിലേക്ക്, അവന്റെ അരക്ഷിതാവസ്ഥയിലേക്ക്, ഒറ്റിക്കൊടുക്കപ്പെടുന്ന, മുറിവേൽക്കുന്ന, ഒറ്റപ്പെടുത്തപ്പെടുന്ന, കുരിശിലേറ്റപ്പെടുന്ന അനിശ്ചിതത്വത്തിലേക്ക് നമുക്കും പോകാം എന്ന് സഹോദരന്മാരെ പ്രബോധിപ്പിക്കുന്നു തോമസ്.

ജീവിത സാഹചര്യങ്ങൾ എത്ര പ്രതികൂലമാണെങ്കിലും ക്രിയാത്മകമായി, സ്‌ഥൈര്യത്തോടെ പരീക്ഷണങ്ങളെ നേരിടുന്നവർക്കേ കർത്താവിന്റെകൂടെ ധൈര്യത്തോടെ, ദൃഢനിശ്ചയത്തോടെ ആയിരിക്കാൻ സാധിക്കൂ. ഇത് നമ്മെ സമാനതകളില്ലാത്ത ദൈവാശ്രയബോധത്തിലേക്ക് നയിക്കുന്നു.

അകവും പുറവും ഒന്നാകണം

ജീവിതത്തിലെ ഓരോ സംശയവും പ്രതിസന്ധികളും തിളക്കമുള്ള ആധ്യാത്മിക ഉൾക്കാഴ്ചയിലേക്ക് നയിക്കുമെന്ന് തോമാശ്ലീഹായുടെ സാക്ഷ്യം പ~ിപ്പിക്കുന്നു. യോഹ. 14:5ൽ തോമസ് ഈശോയോട് ചോദിക്കുന്നുണ്ട്: ‘കർത്താവേ, നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും.’ അടുത്ത വചനത്തിൽ, യോഹ. 14:6ൽ ഈശോ പ്രതിവചിച്ചു: ‘വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല.’

പിതാവിനെപ്പോലെ പരിശുദ്ധരായിരിക്കാൻ, അല്ലെങ്കിൽ, പൗലോസ് ശ്ലീഹാ ഓർമപ്പെടുത്തുംപോലെ വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യാൻ വിളിക്കപ്പെട്ടവരാണ് നാം. പിതാവിലേക്കുള്ള വഴിയറിയാതെ, സംശയത്തിലും ആത്മവിശ്വാസക്കുറവിലും നിന്ന തോമസിനെ തിളക്കമുള്ള ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഈശോ നയിക്കുന്നു. സ്വന്തം അറിവില്ലായ്മയെയും ബോധ്യമില്ലായ്മയെയും കുറിച്ച് സങ്കോചമില്ലാതെ തുറന്നു പറയുന്നു തോമസ്.

ആത്മീയതയുടെ ആടയാഭരണങ്ങൾ ഇല്ലാതെ ഗുരുമുഖത്തുനിന്ന് എളിമയോടെ പ~ിക്കുന്ന തോമസിന്റെ തുറവിയുടെ ആധ്യാത്മികത അനുകരണീയമാണ്. തന്റെ അകവും പുറവും ഒരുപോലെ വേണമെന്ന് ആഗ്രഹിച്ചവന് ഗുരു ഏറ്റവും വലിയ ആധ്യാത്മിക ദർശനം നൽകി. വിശുദ്ധിയിലേക്കുള്ള വഴി താൻ തന്നെയാണെന്ന് ഈശോ വെളിപ്പെടുത്തിക്കൊടുത്തു.

ആൾക്കൂട്ടത്തിൽ ഒരുവനാകരുത്

യോഹ. 20: 25-28 വചനങ്ങളിൽ പക്വതയാർന്ന വിശ്വാസം എന്താണെന്ന് തോമാശ്ലീഹാ പഠിപ്പിക്കുന്നു. തന്റെ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണുന്ന തോമസ് തന്റെ സംശയം, ഗുരുവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള സംശയം ഭയലേശമില്ലാതെയാണ് ഉന്നയിച്ചത്. ചുറ്റുമുള്ളവർ എന്ത് ചിന്തിക്കും, എന്തു പറയും എന്നുള്ളതല്ലായിരുന്നു തോമസിന്റെ മുൻഗണന. വിശ്വാസം, പാരമ്പര്യം എന്നിവയെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കുകയും കൂടുതൽ ബോധ്യങ്ങളിലേക്ക് നയിക്കപ്പെടാൻ ചോദ്യങ്ങളും സ്വയം വിമർശനങ്ങളും ഉയർത്തുകയും ചെയ്യുന്നത് തങ്ങളുടെ വിശ്വാസത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നവരാണ്.

ആൾക്കൂട്ട ആധ്യാത്മികതയല്ല, മറിച്ച് ‘ഞാൻ തൊട്ടറിഞ്ഞ, എന്നെ തൊട്ട, ഞാൻ ഏറ്റുപറഞ്ഞ വിശ്വാസമാണ് ഞാൻ സാക്ഷ്യപ്പെടുത്തേണ്ടത്.’ ഇവിടെ വിശ്വാസം വ്യക്തിപരമാകുന്നു. എന്നാൽ അതോടൊപ്പം അത് ആകർഷകവും ക്രിയാത്മകവുമാകുന്നു. അതുകൊണ്ടായിരിക്കാം, ‘ഇന്ന് സഭയ്ക്ക് ആവശ്യം പ്രഘോഷകരെയല്ല, സാക്ഷ്യങ്ങളാണ്,’ എന്ന് പോൾ ആറാമൻ പാപ്പയും ഫ്രാൻസിസ് പാപ്പയും നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്.

ആഴമുള്ള വിശ്വാസം അലസതയും നിശ്ചലതയുമല്ല; മറിച്ച് അത് ചലനാത്മകവും മാറ്റങ്ങളെ സ്വീകരിക്കാൻതക്ക തുറവിയുള്ളതുമാണ്. അതുകൊണ്ടാവാം, ‘തോമസേ, നീ അവിശ്വാസിയാകാതെ വിശ്വാസിയാകുക,’ എന്ന ഗുരുമൊഴിയിൽ തോമസ് മറ്റുള്ളവരുടെ മൊഴിയെ അടിസ്ഥാനമാക്കിയല്ല തന്റെ നേരിട്ടുള്ള വ്യക്തിപരമായ ബോധ്യത്തെ അടിസ്ഥാനമാക്കി ‘എന്റെ കർത്താവേ, എന്റെ ദൈവമേ,’ എന്ന് തന്റെ വിശ്വാസം പ്രഘോഷിച്ചത്.

കർത്താവ് എന്നെ, അവനെ, നിന്നെ തേടി വരുന്നതാണ് യഥാർത്ഥ വിശ്വാസത്തിന്റെ ആകർഷകത്വവും സൗന്ദര്യവും. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, ദൈവത്തെ സ്‌നേഹിക്കുന്നു എന്നതിലുപരി ദൈവം എന്നെ സ്‌നേഹിക്കുന്നു എന്ന ആഴമേറിയ ബോധ്യമാണ് യഥാർത്ഥ വിശ്വാസവും അതിന്റെ ക്രിയാത്മകതയും. അപ്പോഴാണ് ആ പരംപൊരുൾ ‘എനിക്ക് എന്റെ കർത്താവും എന്റെ ദൈവവുമായി’ മാറുന്നത്.

അതുകൊണ്ടാണ്, ‘അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും. എന്റെ കർത്താവിന്റെ ആലയത്തിൽ എന്നേക്കും ഞാൻ വിശ്വസിക്കും,’ എന്ന് സങ്കീർത്തനം 23:6 പറയുന്നത്;

തോമാശ്ലീഹായുടെ ആധ്യാത്മികതയുടെ സവിശേഷതകൾ നമുക്ക് പരിശോധിക്കാം

1. അത് യഥാർത്ഥ ബോധം ഉൾക്കൊള്ളുന്നതാണ്.

2. അത് സംസാരത്തേക്കാൾ ഉപരി, സാക്ഷ്യം ആധാരമാക്കിയുള്ളതാണ്.

3. ഔദ്യോഗിക പഠനങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കാൻ ഉൾക്കരുത്ത് ലഭിക്കും.

4. ഇത് ആൾക്കൂട്ട ആധ്യാത്മികതയല്ല, മറിച്ച് ക്രിയാത്മകവും ആർഷകവുമാണ്.

5. ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നതിനേക്കാൾ ഉപരി ദൈവം എന്നെ സ്‌നേഹിക്കുന്നു എന്ന അറിവിലേക്ക് നമ്മ നയിക്കുന്നു.

**********

‘ദൈവം നീയുമായി സ്‌നേഹത്തിലാണ്, ഈ ലോകത്തിൽ സ്‌നേഹത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ ദൈവം നമ്മെ ഉപയോഗിക്കുന്നു. ദൈവം നമ്മെ സ്‌നേഹിക്കുന്നത് തുടരട്ടെ. നമ്മുടെ ഹൃദയം, പ്രകാശപൂരിതമായ ഒരു പ്രകാശമായിരിക്കട്ടെ.’

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?