Follow Us On

03

July

2022

Sunday

വിശുദ്ധവാരത്തിൽ നാം സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ…

സീമാ വർഗീസ്

വിശുദ്ധവാരത്തിൽ നാം സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ…

ഓശാന ഞായറിൽ ആരംഭിച്ച്‌, വലിയ ശനി എന്ന് വിളിക്കുന്ന ഈസ്റ്റർ തലേന്നുവരെ നീളുന്ന വിശുദ്ധവാരത്തിന്റെ അവസാന ദിനങ്ങളിലേക്ക് നീങ്ങുമ്പോൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം, ആത്മപരിശോധനയ്ക്ക് ഉതകുന്ന ഒരുപിടി ചോദ്യങ്ങൾ.

കർത്താവ് നമുക്കുവേണ്ടി ദിവ്യബലി സ്ഥാപിച്ച ദിനത്തിൽ നമുക്ക് ചിന്തിക്കാം, നാമിന്ന് നിൽക്കുന്നത് ഈ സഭാ കൂട്ടായ്മയുടെ നടുവിലാണോ, അതോ അവനവന്റെ തുരുത്തിലാണോ? നമ്മുടെ ചുറ്റിനുമുള്ളവരെ നാം ചേർത്ത് പിടിക്കാറുണ്ടോ, ഏതെങ്കിലും തരത്തിൽ കുടുംബം, സഭ എന്ന കൂട്ടായ്മയിൽനിന്ന് നമ്മുടെ വേണ്ടപ്പെട്ടവർ അകന്നു പോയിട്ടുണ്ടോ; അവരെ ചേർത്ത് പിടിക്കാൻ, അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ നാം സമയം കണ്ടെത്താറുണ്ടോ ?

കർത്താവു നമ്മെ പഠിപ്പിച്ച പെസഹാ കുടുംബം ഒന്നാകെ ചേർന്നുതന്നെയാണോ ഇപ്പോഴും നാം ആചരിക്കുന്നത്? പലവിധ കാരണങ്ങളാൽ പെസഹാ ആചരണം ഇല്ലാത്ത സഹോദരങ്ങളെ നാം വീട്ടിലേക്ക് യേശുവിന്റെ നാമത്തിൽ ക്ഷണിക്കാറുണ്ടോ; ഇല്ലെങ്കിൽ നാം കൊണ്ടാടുന്ന പെസഹായുടെ ഒരു പങ്കു നാം മറ്റുള്ളവർക്ക് കൊടുക്കാറുണ്ടോ? മറ്റുള്ളവന്റെ പാദങ്ങൾ കഴുകി വെടിപ്പാക്കുന്ന ഏറ്റവും എളിമപ്പെട്ട പ്രവർത്തി ചെയ്യാൻ വിളിക്കപ്പെട്ടവരാണ് നാം . കൂട്ടായ്മയുടെ പെസഹാ ആയിരിക്കട്ടെ ഈ വർഷം .

പെസഹായ്ക്കുശേഷം കർത്താവ് ഗെത്‌സെമെൻ തോട്ടത്തിലേക്കാണ് പോയത്. അവിടെ ഏകാന്തനായി ധ്യാനിച്ചിരിക്കുമ്പോൾ അവിടുത്തെ വിയർപ്പുകൾ രക്തത്തുള്ളികളായി പരിണാമം പ്രാപിച്ച തിരുമണിക്കൂറുകൾ! കർത്താവിനെപ്പോലെ ഏകാന്തതയുടെ ഗെത്‌സെമേനിലൂടെ കടന്നുപോകുന്ന നമുക്ക് ചുറ്റിലുമുള്ളവരെ നാം കാണാൻ ശ്രമിക്കാറുണ്ടോ? രോഗത്തിന്റെ, വൈധവ്യത്തിന്റെ, സാമ്പത്തിക ക്ലേശങ്ങളുടെ, അനാഥതയുടെ, കുടുംബത്തകർച്ചയുടെ, വാർധക്യത്തിന്റെയെല്ലാം ഗെത്‌സെമേനിലൂടെ കടന്നുപോകുന്ന നമ്മുടെ സഹജീവികളെ നാം തിരിച്ചറിയാറുണ്ടോ ?

അവർ ചോര വിയർക്കുന്ന ഗെത്‌സെമൻ മണിക്കൂറുകളിൽ നാം അവരെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാറുണ്ടോ; അതോ ഈശോയെ തനിച്ചാക്കിയ ശിഷ്യന്മാരെപോലെ നാം ഉറങ്ങുകയാണോ ഉണർന്നിരിക്കേണ്ട ആ മണിക്കൂറുകളിൽ? ഉറക്കം വിട്ടുണർന്നിരിക്കേണ്ട സമയമാണിപ്പോൾ. മറ്റുള്ളവരെ കാണാൻ, കേൾക്കാൻ കണ്ണും കാതും മനസും തുറന്നു പിടിക്കേണ്ട മണിക്കൂറുകൾ.

പ്രിയപ്പെട്ട ശിഷ്യനാൽ ഒറ്റിക്കൊടുക്കപ്പെട്ടതിന്റെ, എല്ലാവരും ഉണ്ടായിരിക്കെ ഒറ്റപ്പെട്ടുപോയതിന്റെ, പ്രിയപ്പെട്ടവരുടെ തള്ളിപ്പറയലുകളുടെ മനോവിഷമത്തിലായിരുന്ന ഈശോ ആരോടും പരാതിപ്പെടാതെ മൗനമായി സഹിച്ച നിമിഷങ്ങൾ, മണിക്കൂറുകൾ… ക്രിസ്തുവിന്റെ അനുയായികളെന്ന് അഭിമാനിക്കുമ്പോഴും നമ്മുടേതല്ലാത്ത തെറ്റുകളാൽ ഒറ്റപ്പെടുന്ന സന്ദർഭങ്ങളും അതിന് കാരണക്കാരായവരെയും ഒരു മുറിവായി നാം വെച്ചുക്കൊണ്ടിരിക്കുന്നില്ലേ? ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിൽ നാം എങ്ങിനെ ഈ നോമ്പുകാലം അർത്ഥപൂർണതയിൽ ആചരിക്കും?

കർത്താവിനെപ്പോലെ ആരോടും പരാതിയും പരിഭവും ഇല്ലാതെ എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രമുള്ള ഒരു നല്ല ക്രിസ്ത്യനിയായി നമുക്ക് ജീവിക്കാൻ ശ്രമിക്കാം. പീലാത്തോസിന്റെ മുന്നിൽ കുറ്റവിചാരണ നേരിട്ടപ്പോഴും പറയാനേറെ ന്യായങ്ങൾ ഉണ്ടായിരുന്നിട്ടും മൗനം പാലിച്ച ഈശോയെ നാം ഒരു മാതൃകാപുരുഷനായി കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അവരെന്നെ ഇത് പറഞ്ഞു, അത് പറഞ്ഞു ഞാനൊരു തെറ്റും ചെയ്തില്ല എന്ന ന്യായീകരണങ്ങൾ നമ്മിൽനിന്ന് ഒരിക്കലുമുണ്ടാവില്ല.

ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമേറെ പീഡനങ്ങളിലൂടെ കടന്നുപോയി നമ്മുടെ കർത്താവ്. ആ പീഡകളുടെ ഒരു ചെറിയ അംശം നമുക്കുണ്ടാകുമ്പോൾ സമചിത്തത കൈവിടുന്ന, വിശ്വാസത്തിനു കോട്ടംതട്ടുന്ന അൽപ്പവിശ്വാസികളാകാറുണ്ടോ നാം? എന്നാൽ, ഈ നോമ്പുകാലത്ത് നാം പങ്കെടുക്കുന്ന ഓരോ കുരിശിന്റെ വഴിയും നമ്മുടെ വിശ്വാസം ബലപ്പെടുത്താനും ജീവിതക്ലേശങ്ങൾ സന്തോഷപൂർവം സ്വീകരിക്കാനുള്ള മനഃസ്ഥിതി ആർജിക്കാനും അവസരമാക്കണം.

നാം ത്യജിച്ച ഇഷ്ടങ്ങൾ, ഭക്ഷ്യപദാർത്ഥങ്ങൾ എല്ലാം നാം നമ്മുടെ സമൂഹത്തിൽ അർഹിക്കുന്നവർക്ക് പങ്കുവെക്കുമ്പോഴാണ് നമ്മുടെ നോമ്പ് പൂർണമാകുന്നത്, അതിലുപരി ഇത് ഒരു ചിട്ടയായ ശീലമായി മാറ്റാനുംകൂടി ശ്രമിച്ചാൽ നമുക്ക് ഇതെല്ലം ആചരിക്കാൻ അടുത്ത നോമ്പുവരെ കാത്തിരിക്കേണ്ടിയും വരില്ല. പല നോമ്പുകാലങ്ങളിലൂടെ ത്യജിച്ച പാപങ്ങൾ ഇപ്പോളും നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്നുകൂടെ പുനഃപരിശോധിക്കണം. ഓരോ നോമ്പുകാലവും നമ്മെ കൂടുതൽ കൂടുതൽ ശുദ്ധി ചെയ്ത് വിശുദ്ധിയിലേക്ക് പ്രവേശിക്കാൻ നമുക്ക് ഉത്സാഹിക്കാം.

കുരിശു മരണം ഉണ്ടെങ്കിൽ ഉയിർപ്പു ജീവിതം ഉണ്ടെന്ന പ്രത്യാശയാൽ ജീവിതത്തെ കാണാൻ സാധിക്കുന്നവനാകണം യഥാർത്ഥ ക്രൈസ്തവൻ. മനുഷ്യജീവിതം ഉയർച്ച താഴ്ചകളുടെ സമ്മിശ്രണമാണ്. അചഞ്ചലമായ വിശ്വാസവും, എല്ലാവരിലും നന്മമാത്രം കാണാൻ സാധിക്കുന്ന വ്യക്തിതവും, എല്ലാവരോടും സ്‌നേഹം മാത്രമുള്ള ഒരു മനസ്സിനുടമകളുമാക്കി തീർന്നെങ്കിൽമാത്രമേ നോമ്പാചരണം അർത്ഥപൂർണണാകൂ എന്നത് മറക്കാതിരിക്കാം.

‘നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിൻ; നന്മയെ മുറുകെപ്പിടിക്കുവിൻ. നിങ്ങൾ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിൻ; പരസ്പരം ബഹുമാനിക്കുന്നതിൽ ഓരോരുത്തരും മുന്നിട്ടു നിൽക്കുവിൻ,’ (റോമാ 12: 9,10)

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?