നൈജർ: നൈജീരിയയിൽ ആയുധധാരികളായ ആക്രമികൾ ചുട്ടുകൊന്ന കത്തോലിക്കാ വൈദീകൻ ഫാ. ഐസക് ആച്ചിക്ക് വികാരനിർഭര യാത്രാമൊഴിയേകി വിശ്വാസീസമൂഹം. 500ൽപ്പരം വൈദീകരുടെയും നൂറുകണക്കിന് അൽമായരുടെയും സാന്നിധ്യത്തിൽ അർപ്പിച്ച മൃതസംസ്‌ക്കാര കർമങ്ങളിൽ മിന്നാ രൂപതാ ബിഷപ്പ് ഡോ. മാർട്ടിനസ് ഇഗ്വാമെസി, സഹായമെത്രാൻ ഡോ. സിൽവസ്റ്റർ ലൂക്കാ എന്നിവർ കാർമികരായിരുന്നു.
നൈജർ ഡപ്യൂട്ടി ഗവർണർ അൽഹാജി അഹമ്മദ് കെസ്റ്റോയുയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പ്രതിനിധി സംഘവും സന്നിഹതരായിരുന്നു. നൈജറിലെ കഫിൻ കോരോ സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയ വികാരിയായിരുന്ന ഫാ. ഐസക് ആച്ചി ജനുവരി 15നാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ആക്രമണം നടത്തിയ കവർച്ചാസംഘം, വൈദീകന്റെ താമസസ്ഥലം (പാരിഷ് റെക്ടറി) അഗ്നിക്കിരയാക്കുകയായിരുന്നു.
വൈദീകന്റെ വിയോഗത്തിലുള്ള ദുഃഖം പങ്കുവെച്ചുകൊണ്ട് നടത്തിയ ചരമപ്രസംഗത്തിൽ, രാജ്യത്തെ ക്രൈസ്തവ സമൂഹം കടന്നുപോകുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് രൂപതയിലെ പ്രമുഖ വൈദീകൻ ഫാ. സാമുവൽ ഗ്വിമി തുറന്നടിച്ചതും ശ്രദ്ധേയമായി. തങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഭരണകൂടത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് ഭരണകൂട പ്രതിനിധികളുടെ സാന്നിധ്യത്തിൽ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ സുരക്ഷാ സാഹചര്യം ലജ്ജാകരമാണ്. സംരക്ഷണം നൽകുന്നതിൽനൈജീരിയക്കാർക്ക് സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. 2023ൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ സുരക്ഷയ്ക്ക് മുൻഗണന നൽകണം. നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് അറിയാമെങ്കിൽ, വോട്ട് അഭ്യർത്ഥിക്കരുത്. ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിങ്ങൾ പരാജയപ്പെട്ടാൽ അതിന് ദൈവത്തിനുമുന്നിൽ കണക്കുകൊടുക്കേണ്ടിവരും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
റെക്ടറിയിലുണ്ടായിരുന്ന ഫാ. കോളിൻസ് ഒമേ അഗ്‌നിബാധയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ആക്രമികളുടെ വെടിയേറ്റിരുന്നു. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. അക്രമികളെ ഉടൻ പിടികൂടാൻ പ്രാദേശിക സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയതായി നൈജർ ഗവർണർ ബെല്ലോ അബൂബക്കർ അറിയിച്ചെങ്കിലും ആക്രമികൾ ഇതുവരെ പിടിയിലായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *