Follow Us On

04

November

2024

Monday

ഉജ്ജ്വലം, അവിസ്മരണീയം! ഫ്രാൻസിസ് പാപ്പയ്ക്ക് കോംഗോ ഒരുക്കിയത് ഗംഭീര സ്വീകരണം

ഉജ്ജ്വലം, അവിസ്മരണീയം! ഫ്രാൻസിസ് പാപ്പയ്ക്ക് കോംഗോ ഒരുക്കിയത് ഗംഭീര സ്വീകരണം

കിൻഷാസ: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി ജീവിക്കുന്ന ജനസമൂഹത്തെ ചേർത്തുപിടിച്ച് അനുരജ്ഞനത്തിന്റെ സന്ദേശം പകരാനെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ’ (ഡി.ആർ.സി) ഒരുക്കിയത് പ്രൗഢോജ്വല സ്വീകരണം. പ്രധാനമന്ത്രി ജീൻ മൈക്കൽ സാമ ലുക്കോണ്ടെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം വിമാനത്താവളത്തിൽ പാപ്പയെ സ്വീകരിച്ചപ്പോൾ, പാപ്പയെ ഒരു നോക്കുകാണാനും ആശീർവാദം സ്വീകരിക്കാനുമായി പേപ്പൽ പതാകകളുമായി നഗരനിരത്തുകളിലുടനീളം പതിനായിരങ്ങളാണ്.

തന്റെ 40-ാമത് അപ്പസ്‌തോലിക പര്യടനത്തിന് തുടക്കം കുറിച്ച് ഇന്നലെ (ജനുവരി 31) പ്രാദേശിക സമയം ഉച്ചയ്ക്ക് 2.33നാണ് ഫ്രാൻസിസ് പാപ്പ തലസ്ഥാന നഗരിയായ കിൻഷാസയിലെ എൻജിലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വീൽചെയറിലായിരുന്ന പാപ്പയെ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റൺവേയിലെത്തി. കോംഗോയിലെ യുവതലമുറയെ പ്രതിനിധീകരിച്ച് പരമ്പരാഗത വേഷത്തിലെത്തിയ ആൺകുട്ടിയും പെൺകുട്ടിയും പാപ്പയ്ക്ക് പൂച്ചെണ്ടും പതാകയും നൽകി രാജ്യത്തേക്ക് വരവേറ്റു.

തുടർന്ന്, സൈനിക മേധാവികളെ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പ ടെർമിനലിലേക്ക് അനീതനായി. അവിടെവെച്ച് വിവർത്തകന്റെ സഹായത്തോടെ പാപ്പയുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങളെ പരിചയപ്പെടുത്തി. അവർക്ക് ഹസ്തദാനം നൽകുന്ന വേളയിൽ ജപമാലകൾ തന്റെ സ്‌നേഹസമ്മാനമായി പാപ്പ അവർക്ക് കൈമാറി. തുടർന്ന് പാപ്പയെ അനുഗമിക്കുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു.

ഡി.ആർ.സിയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് എറ്റോർ ബലസ്ട്രേറോയുടെ നേതൃത്വത്തിൽ കോംഗോളിയൻ കർദിനാൾ ഫ്രിഡോലിൻ അംബോംഗോ ഉൾപ്പെടെയുള്ള സഭാനേതാക്കളും സന്നിഹിതരായിരുന്നു. കർദിനാൾ പരോളിനെ കൂടാതെ, സഭൈക്യത്തിനായുള്ള ഡിക്കാസ്റ്ററി പ്രിഫെക്റ്റ് കർദിനാൾ കുർട്ട് കോച്ച്, വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ, സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ എന്നിവരും പാപ്പയെ അനുഗമിക്കുന്നുണ്ട്.

ഫെബ്രുവരി മൂന്നിന് ഡി.ആർ.സി പര്യടനം പൂർത്തിയാക്കി പാപ്പ സൗത്ത് സുഡാനിലേക്ക് യാത്രതിരിക്കും. ഫെബ്രുവരി അഞ്ചുവരെയാണ് സൗത്ത് സുഡാൻ പര്യടനം. സൗത്ത് സുഡാൻ സന്ദർശിക്കുന്ന ആദ്യത്തെ കത്തോലിക്കാ സഭാ തലവനാകും ഫ്രാൻസിസ് പാപ്പ. എന്നാൽ ഇത് മൂന്നാം തവണയാണ് കോംഗോ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. 1980ലും 1985ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ കോംഗോയിൽ പര്യടനം നടത്തിയിരുന്നു. സയർ എന്നായിരുന്നു അന്ന് രാജ്യത്തിന്റെ പേര്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?