Follow Us On

04

November

2024

Monday

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾക്ക് കാതോർക്കാൻ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ യുവജന പ്രവാഹം! 

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾക്ക് കാതോർക്കാൻ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ യുവജന പ്രവാഹം! 

പാപ്പ യുവജനങ്ങളെ ഓർമിപ്പിച്ചത് അഞ്ച് സുപ്രധാന കാര്യങ്ങൾ!

കിൻഷാസ: ഫ്രാൻസിസ് പാപ്പയെ നേരിൽ കാണാൻ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കാൻ കിൻഷാസയിലെ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിലേക്ക് യുവജനപ്രവാഹം. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) 37വർഷങ്ങൾക്കുശേഷം നടക്കുന്ന പേപ്പൽ പര്യടനം നെഞ്ചിലേറ്റി പതിനായിരക്കണക്കിന് യുവജനങ്ങളാണ് മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ ഒരുമിച്ചു കൂടിയത്. പാപ്പയുടെ സന്ദേശത്തിൽ ആവേശഭരിതരായ യുവജനത പാപ്പയുടെ ആഹ്വാനപ്രകാരം കൈകൾ കോർത്തുപിടിച്ച് ആടിയുംപാടിയും സന്തോഷം പങ്കിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ.

ജിവിതം എന്നത് മൊബൈൽ സ്‌ക്രീനിൽ വിരൽ തട്ടുന്നതിനെക്കാൾ ഉപരിയാണെന്ന് ഓർമിപ്പിച്ചും മയക്കുമരുന്ന്, മന്ത്രവാദം ഉൾപ്പെടെയുള്ള തിന്മകളിൽനിന്ന് അകലം പാലിക്കാൻ ഉദ്‌ബോധിപ്പിച്ചും യുവജനങ്ങളോട് സംവദിച്ചു തുടങ്ങിയ പാപ്പ, കൈയിലെ അഞ്ച് വിരലുകളെ സദൃശ്യമാക്കി നൽകിയ സന്ദേശവും ശ്രദ്ധേയമായി. തങ്ങളുടെ കൈകൾ ഉയർത്തി വിരലുകളിലേക്ക് നോക്കാൻ ആവശ്യപ്പെട്ട പാപ്പ, അവയിൽ ഓരോന്നും പ്രാർത്ഥന, കൂട്ടായ്മ, സത്യസന്ധത, ക്ഷമ, സേവനം എന്നിങ്ങനെ ഭാവിയുടെ വ്യത്യസ്തമായ ചേരുവകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. തുടർന്ന്, ഓരോന്നും പാപ്പ വിശദീകരിച്ചു.

പ്രാർത്ഥനയാണ് നമ്മുടെ ജീവിതത്തെ നയിക്കുന്ന ശക്തിയും ഭാവിയുടെ അടിസ്ഥന ചേരുവയും. ഏറ്റവും അടുത്ത സുഹൃത്തിനോട് എന്നപോലെ ദൈവത്തോട് സംസാരിക്കണം. ഏറ്റവും അഗാധമായ രഹസ്യംപോലും അവിടുത്തോട് പങ്കുവെക്കണം. ഇത്തരത്തിൽ ഹൃദയംഗമമായ പ്രാർത്ഥനയാണ് ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത്. സമൂഹമോ കൂട്ടായ്മയോ ആയി നാം മാറണം. ഒറ്റപ്പെട്ടവരേയും ദുഃഖിതരേയും ചേർത്തുപിടിക്കണം. കൂടുതൽ ഒരുമയുള്ള ഒരു ലോകത്തെ യുവജനങ്ങളായ നിങ്ങൾ അതിനായി സ്വപ്നങ്ങൾ കാണണം.

സത്യസന്ധതയാണ് മൂന്നാമത്തെ വിരലിനെ പ്രതിനിധീകരിക്കുന്നത്. അഴിമതിയെ അഴിമതികൊണ്ടല്ല, സത്യസന്ധത കൊണ്ട് നേരിടണം. 15 വർഷം മുമ്പ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത് തടഞ്ഞതിനെപ്രതി ഡി.ആർ.സിയിലെ ഗോമ നഗരത്തിൽ കൊല്ലപ്പെട്ട ഫ്ലോറിബെർട്ട് ബ്വാന ചുയിയുടെ ജീവിതം ഉദാഹരിച്ചുകൊണ്ടാണ് പാപ്പ സത്യസന്ധതെയെ കുറിച്ച് വിവരിച്ചത്.

ക്ഷമയാണ് മറ്റൊന്ന്, എന്തെന്നാൽ ക്ഷമിക്കുകയെന്നാൽ പഴയത് മറക്കുക എന്നല്ല, മറിച്ച് അത് ആവർത്തിക്കരുത് എന്നാണ് അർത്ഥം. മാത്രമല്ല ക്ഷമയ്ക്ക് പുതുതായി ആരംഭിക്കുക എന്നുകൂടി ഒരുവശമുണ്ട്. അഞ്ചാമത്തെ വിരൽ സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ഒരുപക്ഷേ മറ്റുള്ളവരോടുള്ള നമ്മുടെ സത്പ്രവൃത്തികൾ സമുദ്രത്തിലെ ഒരുതുള്ളിയോളമേ ഉണ്ടാവൂ. പക്ഷേ അപ്രകാരം ചെറുതാകാനുള്ള തീരുമാനത്തെ ദൈവം മാനിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

പാപ്പയുടെയയും രാജ്യത്തെ പ്രമുഖ ദൈവാലയങ്ങളുടെയും ചിത്രങ്ങളും പേപ്പൽ പര്യടനത്തിന്റെ ലോഗോയും പതിപ്പിച്ച വെള്ള, നീല നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നിരവധി യുവജനങ്ങൾ സ്റ്റേഡിയത്തിൽ എത്തിയതും ആകർഷകമായി. നിരവധി ചിത്രങ്ങളും മറ്റും യുവജങ്ങൾ പാപ്പയ്ക്ക് സമ്മാനിക്കുകയും ചെയ്തു. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനചൊല്ലി ആശീർവദിച്ച് തിരികെ മടങ്ങിയ പാപ്പയെ കരഘോഷത്തോടെയാണ് യുവജനങ്ങൾ യാത്രയാക്കിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?