തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും
വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം വത്തിക്കാനിലെ അവന്റൈൻ കുന്ന് പാപ്പയുടെ വിഭുതി തിരുനാൾ തിരുക്കർമങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുന്നു. വത്തിക്കാനിൽ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റർ അകലെയുള്ള അവന്റൈൻ കുന്നിലെ ബെനഡിക്ടൈൻ ആശ്രമത്തിന്റെ ഭാഗമായ സെന്റ് ആൻസെലം ദൈവാലയം, സാൻ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാർ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്. എന്നാൽ,മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021ലും ഫ്രാൻസിസ് പാപ്പയുടെ അനാരോഗ്യംമൂലം 2022ലും വിഭൂതി തിരുക്കർമങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുകയായിരുന്നു.
വിഭൂതി ബുധനാഴ്ചയായ ഫെബ്രുവരി 22ന് അവന്റൈൻ കുന്നിൽ ഫ്രാൻസിസ് പാപ്പ ദിവ്യബലി അർപ്പിക്കുന്ന കാര്യം വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്. വത്തിക്കാൻ സമയം വൈകീട്ട് 4.30നാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. ബെനഡിക്ടൈൻ ആശ്രമത്തിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം ഒരു വിളിപ്പാട് അകലെയുള്ള സെന്റ് സബീനാ ബസിലിക്കയിൽ എത്തുന്നതോടെയാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. പ്രദക്ഷിണത്തിന്റെ അന്ത്യത്തിൽ സാൻ സബീനാ ബസിലിക്കയിൽ നടത്തപ്പെടുന്ന ഭസ്മാശീർവാദം, ഭസ്മം പൂശൽ എന്നീ കർമങ്ങൾക്കുശേഷം 5.00നാകും പേപ്പൽ ദിവ്യബലി.
റോമിലെ അവന്റൈൻ കുന്നിനും അവിടെ സ്ഥിതിചെയ്യുന്ന സാൻ സബീനാ ബസിലിക്കയ്ക്കും പുരാതനമായ ബെനഡിക്ടൈൻ ആശ്രമത്തിനും വലിയനോമ്പുമായി എന്താണ് ബന്ധം എന്നാവും ചിന്തിക്കുന്നതല്ലേ? ബന്ധമുണ്ട്, റോമിലെ അവന്റൈൻ കുന്നിൽ വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ വിഭൂതി തിരുനാളിൽ പാപ്പ കാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇടക്കാലത്തുവെച്ച് നിന്നുപോയ ഈ പതിവ് 1960ൽ വിശുദ്ധ ജോൺ 23-ാമൻ പാപ്പ പുനസ്ഥാപിക്കുകയായിരുന്നു.
നഗരത്തിലെ പ്രധാന ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുക, അവിടെ ദിവ്യബലിയിൽ പങ്കുചേരുക എന്നിവ പുരാതന റോമാ നഗരത്തിൽ നിലവിലിരുന്ന തപസ് (നോമ്പ്) അനുഷ്ഠാനത്തിന്റെ ഭാഗമാണ്. അതിൽ പ്രഥമവും പ്രധാനവുമാണ് അവന്റൈൻ കുന്നിലെ സെന്റ് സബീനാ ബസിലിക്കാ സന്ദർശനം. ഈ പുരാതന പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് വിശുദ്ധ പത്രോസിന്റെ പിൻഗാമി എല്ലാവർഷവും അവന്റൈൻ കുന്നിലെത്തുന്നത്. റോമിലെ ഏറ്റവും പുരാതനമായ ബെനഡിക്ടൈൻ സന്യാസ സമൂഹത്തിന്റെ കേന്ദ്രംകൂടിയാണ് അവന്റൈൻ കുന്നിലെ ആശ്രമം.
Leave a Comment
Your email address will not be published. Required fields are marked with *