Follow Us On

23

November

2024

Saturday

ദൈവത്തിന്റെ ബലഹീനത

''നമുക്ക് ദൈവത്തിൽ അധികം താൽപ്പര്യമില്ലായിരിക്കാം. അവിടുത്തോട് ആദരവുമില്ലായിരിക്കാം. പക്ഷേ, ദൈവത്തിന് നമ്മിൽ വലിയ താൽപ്പര്യമാണ്.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 13

ദൈവത്തിന്റെ ബലഹീനത

”കരുണാസമ്പന്നനായ ഒരു ദൈവപിതാവിനെ കുറിച്ചുള്ള വെളിപാടില്ലാതിരുന്നെങ്കിൽ നമ്മുടെ സംസ്‌ക്കാരവും കലയും നാഗരികതയുമൊക്കെ എങ്ങനെയിരുന്നേനെ എന്നു ചിന്തിച്ചിട്ടുണ്ടോ? യേശുവിലൂടെ നമുക്ക് വെളിപ്പെട്ടു കിട്ടിയത് ദൈവത്തിന്റെ മുഖം മാത്രമല്ല, അവിടുത്തെ ഹൃദയവുമാണ്, കരുണാർദ്രഹൃദയം. മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള ബന്ധംപോലെയാണ് പല കാര്യങ്ങളിലും ദൈവവുമായുള്ള നമ്മുടെ ബന്ധം. ആദ്യനാളുകളിൽ, കുഞ്ഞ് മാതാപിതാക്കളെ ഏറെ ആശ്രയിക്കുന്നു. പിന്നെ, അവൻ സ്വന്തം ഇഷ്ടാനുഷ്ടങ്ങൾ സ്ഥാപിക്കാൻ തുടങ്ങുന്നു. നല്ല വിധത്തിൽ അതു വളർത്താൻ പക്വമായ ബന്ധത്തിലേക്കും സത്യസന്ധമായ സ്‌നേഹത്തിലേക്കും വളരുന്നു. ചിലപ്പോൾ തീർത്തും മോശമായ ബന്ധത്തിലേക്കും. നമ്മുടെ ഭാഗ്യത്തിന്, ദൈവം ഒരിക്കലും വിശ്വസ്തതയിൽ വീഴ്ച വരുത്തുന്നില്ല. നാം ദൈവത്തിൽനിന്നും അകന്നാലും ജീവിതം പാഴാക്കിയാലും, അവിടുന്ന് സ്നേഹത്തോടെ നമ്മെ പിന്തുടരുന്നു.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 14 മാർച്ച് 2010)

മാപ്പു നൽകലാണ് ദൈവത്തിന്റെ ബലഹീനത. എന്നു തോന്നുന്നു. സ്വയം ക്രൂശിക്കാതെ ഇന്നോളം ആരും ആർക്കും മാപ്പു നൽകിയിട്ടില്ല. സ്വയം ബലഹീനനാകുന്ന പ്രവൃത്തിയല്ലേ മാപ്പ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ എഴുതിയത്, ‘അവൻ ബലഹീനതയിൽ ക്രൂശിക്കപ്പെട്ടു,’ (2 കൊറിന്തോസ് 13:4). ദൈവത്തിന്റെ ചങ്കിൽ മാനവരാശിയുമായി ബന്ധപ്പെട്ടു സൂക്ഷിക്കുന്ന കനൽ എന്താണെന്ന് നാമറിയുന്നത് ക്രിസ്തുവിന്റെ പീഢാസഹനത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ്.

ഒരു വശത്ത് അവനെ ‘ക്രൂശിക്കൂ’ എന്ന ജനം ആക്രോശിക്കുമ്പോൾ, മറുവശത്ത് ‘അബ്ബാ, അവരോടു പൊറുക്കൂ’ എന്നു പുത്രൻ നിലവിക്കുന്നു. ആരെ കേൾക്കണം? പുത്രന്റെ നിലവിളിയിൽ അബ്ബാ ബലഹീനനാകുന്നതു കാണുക! പുത്രന്റെ പ്രാർത്ഥന നിഷേധിക്കാൻ പിതാവിനാകില്ലല്ലോ. അവർ ഒന്നല്ലേ. പുത്രന്റെ പീഢിതരെപ്പോലും രക്ഷിക്കാതിരിക്കാൻ തരമില്ലാത്ത ദൈവത്തിന്റെ ബലഹീനത! വിശുദ്ധ പൗലോസ് ഇതു ധ്യാനിക്കുന്നുണ്ട്: ‘ദൈവത്തിന്റെ ബലഹീനത മനുഷ്യശക്തിയേക്കാൾ ശക്തമാണ്,’ (1 കൊറിന്തോസ് 1:25).

‘അബ്ബാ, ഇവരോടു പൊറുക്കണമെ’ എന്ന മൂന്നു വാക്കിന് പീഢിപ്പിക്കുന്നവരുടെ കുന്തത്തേക്കാൾ മൂർച്ചയുണ്ട്, ഉപദ്രവിക്കുന്നവരുടെ ആക്രോശത്തേക്കാൾ ആഴമുണ്ട്, വേട്ടക്കാരുടെ നിലപാടുകളെക്കാൾ വീര്യമുണ്ട്- അന്നും ഇന്നും എന്നും.

പുത്രനെ ക്രൂശിച്ചവർപ്പോലും സ്വർഗത്തിൽ പിതാവിന്റെ മടിയിൽ ഇരിക്കുന്നതു നാം കാണാതിരിക്കുമോ? കാണും, നാമവരെ. ആ നിലവിളിക്കുത്തരമല്ലേ പെന്തക്കുസ്തയിൽ മാനസാന്തരത്തിന്റെ വലിയ ശക്തി ജെറുസലേമിൽ ഇറങ്ങിയത്. ദിവസങ്ങൾക്കു മുമ്പ് രക്ഷകനെ വേട്ടയാടിയവരിൽ പലരെയും നാം കാണും, അവിടെ. മക്കളുടെ നിലവിളിയിൽ എല്ലാം പൊടുന്നനെ മറക്കുന്ന അപ്പനാണ് നമ്മുടെ ദൈവം.

നമുക്ക് ദൈവത്തിൽ അധികം താൽപ്പര്യമില്ലായിരിക്കാം. അവിടുത്തോട് ആദരവുമില്ലായിരിക്കാം. പക്ഷേ, ദൈവത്തിന് നമ്മിൽ വലിയ താൽപ്പര്യമാണ്. ആ ദൈവത്തോട് കുറച്ചുകൂടി കരുണ കാണിക്കരുതോ! അവിടുന്ന് സ്വർഗവീടിന്റെ പടിവാതിക്കൽ കാത്തുനിൽപ്പുണ്ട്. വേഗം ചെല്ല്!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?