Follow Us On

11

May

2025

Sunday

യൂണിയന്‍ നേതാവായിരുന്ന കന്യാസ്ത്രീ

യൂണിയന്‍ നേതാവായിരുന്ന കന്യാസ്ത്രീ

ജയിംസ് ഇടയോടി, മുംബൈ

മുംബൈയില്‍ ബിഎസ്ഡബ്ലിയുവിന് പഠിക്കുമ്പോഴാണ് സിസ്റ്റര്‍ ദീപ്തി ഫ്രാങ്കല്‍ അവിടെയുള്ള സമ്പന്ന ഭവനങ്ങളില്‍ വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളെ പരിചയപ്പെടുന്നത്. സമയക്ലിപ്തത ഇല്ലാത്ത അവരുടെ ജോലിക്ക് മതിയായ വേതനവും ഇല്ലായിരുന്നു. നിശബ്ദരാക്കപ്പെട്ട അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പലരുടെയും സങ്കടങ്ങള്‍ അറിഞ്ഞപ്പോള്‍ സിസ്റ്റര്‍ ദീപ്തിയുടെ ഉറക്കം നഷ്ടപ്പെട്ടു. അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചപ്പോഴാണ് ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിന് യൂണിയന്‍ ആരംഭിക്കണമെന്ന തോന്നല്‍ ഉണ്ടായത്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കാന്‍ സിസ്റ്ററിന് ചെറുപ്പംമുതല്‍ പ്രത്യേകമായ കഴിവ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മകള്‍ വക്കീലാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹവും. എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. മുംബൈയിലെ പ്രശസ്തമായ നിര്‍മ്മലാ നികേതന്‍ കോളജ് ഓഫ് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു സിസ്റ്റര്‍ ദീപ്തി പഠിച്ചിരുന്നത്. അവിടുത്തെ അധ്യാപികയും തന്റെ ഗൈഡുമായിരുന്ന സിസ്റ്റര്‍ പാറ്റ്‌സി ഖാന്‍ ഡിഎച്ച്എമ്മിനോട് മനസില്‍ തോന്നിയ ചിന്ത ദീപ്തി പങ്കുവച്ചു.

ഇതൊരു ഈസി ടാസ്‌കോ
”കൗതുകത്തോടെ അവര്‍ എന്നെ കുറെ നേരം നോക്കി നിന്നു. എന്നിട്ട് ചോദിച്ചു, ഇതൊരു ഈസി ടാസ്‌ക് ആണെന്ന് കരുതുന്നുവോ? എന്റെ ധൈര്യം കണ്ട് സിസ്റ്റര്‍ എനിക്ക് അനുവാദം തന്നു. മൂന്ന് മാസം ഞാന്‍ നോക്കട്ടെ എന്നിട്ട് പറ്റുന്നില്ലെങ്കില്‍ എനിക്ക് ആരേലും കൂട്ടിന് തന്നാല്‍ മതി, ഞാന്‍ പറഞ്ഞു.” സിസ്റ്റര്‍ ദീപ്തി ആ സംഭവം ഓര്‍ത്തെടുത്തു. കേവലം 22 വയസായിരുന്നു അന്ന് സിസ്റ്ററിന്റെ പ്രായം. മുംബൈയിലെ അതിസമ്പന്നരും സെലിബ്രെറ്റികളും താമസിക്കുന്ന മലബാര്‍ ഹില്‍ എന്ന സ്ഥലമായിരുന്നു സിസ്റ്റര്‍ പാറ്റ്‌സി ഖാന്‍ നിര്‍ദേശിച്ചത്. എങ്ങനെ തുടങ്ങുമെന്നതിനെക്കുറിച്ച് വ്യക്തമായൊരു പ്ലാന്‍ ഉണ്ടായിരുന്നില്ല. അവിടുത്തെ സെന്റ് എലിസബത്ത് ഹോസ്പിറ്റലിന്റെ ചാപ്പലില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു.

ഇതിനിടയില്‍ സഹായിയായി ഒരു അധ്യാപികയെ കിട്ടി. തീവ്രപരിശ്രമം വിജയം കണ്ടു. നിസാര വേതനത്തിന് വീട്ടുജോലി ചെയ്യുന്ന നൂറുകണക്കിന് സ്ത്രീ-പുരുഷന്‍ന്മാരായ ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിനെ സംഘടിപ്പിച്ചു. പഠനത്തിന്റെയും സംഘടനാ പ്രവര്‍ത്തനങ്ങളുടെയും തിരക്കിനിടയില്‍ 1992-ല്‍ ബിഎസ്ഡബ്ലിയുവിന്റെ ഫൈനല്‍ പരീക്ഷയുടെ ഫലം വന്നു. സില്‍വര്‍ മെഡലിസ്റ്റ് ആയി വിജയം. മുംബൈയിലെ നിര്‍മ്മലാ നികേതന്‍ കോളജ് ഓഫ് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ ഇപ്പോഴും ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിന്റെ യൂണിയന്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍ഗനൈസേഷന്റെ സ്ഥാപകയെന്ന നിലയില്‍ സിസ്റ്റര്‍ ദീപ്തിയുടെ പേരും കൈയൊപ്പും ആ സ്ഥാപനത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
കോഴിക്കോട്, ചാപ്പന്‍തോട്ടം, ശ്രാങ്കല്‍ തറവാട്ടില്‍ പരേതനായ ദേവസ്യാ-അന്നമ്മ ദമ്പതികളുടെ എട്ട് മക്കളില്‍ മൂന്നാമത്തെ മകളായ മറിയാമ്മ 1984-ലാണ് അസംപ്ഷന്‍ സിസ്റ്റേഴ്‌സിന്റെ കോഴിക്കോടുള്ള മഠത്തില്‍ ചേര്‍ന്നത്. 1985-ല്‍ പൂനയിലെ വാഗോളി പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് അയക്കപ്പെട്ടു. 1987-ല്‍ സിസ്റ്റര്‍ ദീപ്തി ഫ്രാങ്കല്‍ എന്ന പേര് സ്വീകരിച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തി.

കാട്ടുപാതകളിലൂടെ നടന്ന ദിനങ്ങള്‍
തുടര്‍ന്ന് കമ്മ്യൂണിറ്റി പരിശീലനത്തിന് എത്തിയത് ഇപ്പോഴത്തെ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഡാല്‍ട്ടണ്‍ഗഞ്ച് രൂപതയിലുള്ള ചീറോപ്പാട്ട് എന്ന സ്ഥലത്തായിരുന്നു. ഇത്രയും പരിതാപകരമായ രീതിയില്‍ മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്ന് മനസിലായത് അവിടെ എത്തിയപ്പോഴാണ്. വന്യമൃഗങ്ങളും ഇഴജന്തുക്കളും അട്ടകളും നിറഞ്ഞ കാട്ടുപാതകളിലൂടെ മൂന്നു മണിക്കൂറോളം നടന്നുവേണമായിരുന്നു അവിടേക്ക് എത്താന്‍. അസൗകര്യങ്ങളുടെ നടുവില്‍ ജീവിച്ച ഒരുവര്‍ഷം സിസ്റ്ററിലെ മിഷനറി കൂടുതല്‍ കരുത്തു പ്രാപിച്ചു. തുടര്‍ന്നായിരുന്നു അധികാരികള്‍ മുംബൈയിലേക്ക് പഠനത്തിന് അയച്ചത്. പഠനകാലയളവില്‍ത്തന്നെ ദൈവം പുതിയ വഴികളിലൂടെ സിസ്റ്ററിന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടു.

രണ്ടു വര്‍ഷത്തെ ദൈവശാസ്ത്രപഠനത്തിനുശേഷം 1995-ല്‍ നിത്യവ്രതവാഗ്ദനം കഴിഞ്ഞ് പാറ്റ്‌നയില്‍ അസി. നോവീസ് മിസ്റ്റ്രസായി നിയമിച്ചു. ആ സേവനത്തിന് ശേഷം മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം എന്ന സ്ഥലത്തിനടുത്ത് തേള്‍പ്പാറയില്‍ മാനന്തവാടി രൂപതയുടെ കീഴിലുള്ള സോഷ്യല്‍ സര്‍വീസ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സിസ്റ്റര്‍ നിയോഗിക്കപ്പെട്ടു. അക്കാലത്ത് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടത്തിയ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനിടയില്‍ റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് ബാധിച്ചു. ശാരീരികപ്രശ്‌നങ്ങളും ചികിത്സയുമായി അഞ്ചു വര്‍ഷം.

ഔഷധനിര്‍മാണം
വടക്കന്‍ മഹാരാഷ്ട്രയിലെ പ്രധാന നഗരമായ നാസിക്കില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള അമ്പാട്ട എന്ന ആദിവാസി-ഗോത്ര മേഖലയിലെ മിഷനിലേക്ക് 2001-ല്‍ നിയമനം ലഭിച്ചു. സ്ത്രീകള്‍ക്കായി സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പലവിധ പ്രൊജക്ടുകള്‍ നടപ്പിലാക്കി. വനത്തിലെ പച്ചിലകള്‍ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ആദിവാസികളെ പഠിപ്പിച്ചു.
വില്ലേജ് ഡവലപ്പ്‌മെന്റിന്റെ ഭാഗമായി എസ്എച്ച്ജി പദ്ധതിയില്‍ യുവജനങ്ങളെ ഉള്‍പ്പെടുത്തി കൂണ്‍കൃഷി, സോപ്പുഫാക്ടറി, മെഴുകുതിരി നിര്‍മ്മാണം, എരുമവളര്‍ത്തല്‍ തുടങ്ങിയ പ്രൊജക്ടുകള്‍ ഗവണ്‍മെന്റില്‍നിന്നും നേടിയെടുത്തു. ദുര്‍ഘടങ്ങളായ മലമ്പ്രദേശമെന്ന നിലയിലും ഗ്രാമങ്ങള്‍ തമ്മിലുള്ള അകലംകൊണ്ടും യാത്രകള്‍ ജീവന്‍ മരണപ്പോരാട്ടമായിരുന്നു. സുര്‍ഗാനാ താലൂക്കിലെ വികസനത്തിന്റെ കഥകള്‍ നാടെങ്ങും മുഴങ്ങി. സിസ്റ്റര്‍ ദീപ്തിയുടെ വികസന നേട്ടങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളായി.

കടലോരജനതയുടെ സ്വപ്‌നങ്ങള്‍
മഹാരാഷ്ട്രയുടെ തീരദേശ-ആദിവാസി മേഖലയായ രാജോഡിയിലേക്കായിരുന്നു അടുത്ത നിയോഗം. സിസ്റ്റര്‍ ദീപ്തിയുടെ നേതൃത്വത്തില്‍ 2006-ല്‍ ജീവാള അസംപ്ഷന്‍ സോഷ്യല്‍ സെന്റര്‍ സ്ഥാപിച്ചു. സിസ്റ്റര്‍ ദീപ്തി ഡയറക്ടര്‍ ആയി ചുമതലയേറ്റു. മുംബൈ മഹാനഗരത്തിന്റ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ വസായ് താലൂക്കിലാണ് കടലോരഗ്രാമമായ രാജോഡി. 30-ലേറെ ആദിവാസി വില്ലേജുകള്‍ ഇവിടെയുണ്ട്. വളരെ പിന്നാക്കാവസ്ഥയിലാണ് ഇപ്പോഴും ആ ഗ്രാമങ്ങള്‍. മിക്ക വില്ലേജുകളിലും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചു. ഒന്നര ലക്ഷം രൂപവരെ ലോണ്‍ കൊടുക്കാന്‍ തക്കവിധം അവ സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു.

മനസില്‍നിന്നും മായാത്ത കാഴ്ച
ഒരിക്കല്‍ ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി രാജോഡിയിലുള്ള ഒരു വീട്ടില്‍ ചെന്നു. വീട് എന്ന് പറയാന്‍ കഴിയില്ല. പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ വലിച്ച് കെട്ടിയും തൂക്കിയിട്ടും മറച്ചിരിക്കുന്ന സ്ഥലം. എന്നെ കുടിലിന്റെ അകത്തേക്ക് കയറാന്‍ ആദ്യം അനുവദിച്ചില്ല. അല്പസമയത്തിനുശേഷം അകത്തു കയറിയപ്പോള്‍ അവിടെ കണ്ട കാഴ്ച്ച അതിദയനീയമായിരുന്നു. കാല് തടിച്ച് വീര്‍ത്ത് പുഴുക്കള്‍ അരിക്കുന്ന ഒരു മനുഷ്യന്‍. വല്ലാത്ത ദുര്‍ഗന്ധവും. എന്തുപറ്റി എന്ന ചോദ്യത്തിന് ശബ്ദമിടറിക്കൊണ്ട് ഭാര്യ പറഞ്ഞു. കടലില്‍ പോയപ്പോള്‍ സംഭവിച്ചതാണ്. അന്ന് ഡോക്ടറെ കാണിച്ചിരുന്നു. പക്ഷേ മാറിയില്ല. പണം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയതാണെന്ന് അവരുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.
”ഒരു ഓട്ടോ വിളിച്ച് ഞാനും പിങ്കി എന്ന ജീവാളയിലെ ഒരു സ്റ്റാഫുംകൂടി നിരവധി ആശുപത്രികള്‍ കയറി ഇറങ്ങി. അവസാനം വസായ് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശനം ലഭിച്ചു. അവിടെ കുറെക്കാലം ചികിത്സ നടത്തി. ഉണങ്ങാത്ത വ്രണത്തിന്റെ വേദനകളുമായി ഇന്നും അയാള്‍ ജീവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കുറവുമൂലം അന്നന്നത്തെ ആഹാരത്തെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ ഇവര്‍ക്കറിയില്ല”; സിസ്റ്റര്‍ ദീപ്തി പറയുന്നു.

പ്രത്യാശ പകര്‍ന്ന കാലം
രാജോഡിയിലെ വില്ലേജുകളുടെ വികസനം എന്ന ലക്ഷ്യവുമായി പോകുന്നതിനിടയില്‍ 2010-ല്‍ അനുഭവപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ഗൗരവമായി എടുത്തില്ല. ബ്രെസ്റ്റ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. പ്രാര്‍ത്ഥനയില്‍നിന്നു ലഭിച്ച കരുത്തോടെ സിസ്റ്റര്‍ രോഗത്തെ നേരിട്ടു. ഓപ്പറേഷന്‍, റേഡിയേഷനുകള്‍, കീമോ തുടങ്ങിയ ചികിത്സകള്‍ നടത്തി. ദൈവം ജീവിതത്തെ ചിന്തേരിട്ട് രൂപപ്പെടുത്തിയ ദിനങ്ങളെന്നാണ് സിസ്റ്റര്‍ ദീപ്തി ആ കാലത്തെ വിശേഷിപ്പിക്കുന്നത്.

കാന്‍സറിന്റെ വേദനകളില്‍ മരവിച്ച് കഴിയാനുള്ളതല്ല ജീവിതം എന്ന ബോധ്യത്തോടെ ആ സമയത്ത് കൗണ്‍സിലിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നേടി. കൂടാതെ ഫോര്‍മേറ്റീവ് സ്പിരിച്ച്വാലിറ്റിയില്‍ പരിശീലനവും നേടി. നിരവധി പേരെ പ്രത്യാശയിലേക്ക് നയിക്കാന്‍ ആ കാലത്ത് ദൈവം സിസ്റ്ററിനെ ഉപയോഗിച്ചു. സിസ്റ്റര്‍ ദീപ്തിയുടെ രോഗാവസ്ഥയെ തുടര്‍ന്ന് 2010-ല്‍ ജീവാള അസംപ്ഷന്‍ സോഷ്യല്‍ സെന്ററിന്റെ ചുമതല സിസ്റ്റര്‍ അല്‍ഫി പുലിക്കോട്ടിലിനായി. ഈ കാലത്ത് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറി.

2017-ല്‍ സിസ്റ്റര്‍ ദീപ്തി രാജോഡിയില്‍ മടങ്ങിയെത്തി. 2018-ല്‍ ജീവാള സോഷ്യല്‍ സെന്ററിന്റെ ഡയറക്ടറായി സിസ്റ്റര്‍ നിയോഗിക്കപ്പെട്ടു. അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ ജസ്റ്റിസ് ആന്റ് പീസ് ഇന്റഗ്രിറ്റി കമ്മീഷന്റെ ഏഷ്യന്‍ പ്രതിനിധികൂടിയാണ് സിസ്റ്റര്‍ ദീപ്തി. 2019-മുതല്‍ ഈ ചുമതല വഹിക്കുന്നു. ഒരിടവേളക്ക് ശേഷം ഏതാനും മാസങ്ങള്‍ക്കുമുമ്പ് കാന്‍സര്‍ വീണ്ടും സിസ്റ്ററിനെ കീഴടക്കി. ചികിത്സാ ആവശ്യത്തിനായി കോഴിക്കോട് മലാപ്പറമ്പിലുള്ള മഠത്തിലാണ് ഇപ്പോള്‍ സിസ്റ്റര്‍ ദീപ്തി.

ഒന്നിലും പ്രതികരിക്കാതെ മിണ്ടാപ്രാണികളെപ്പോലെ പണിയെടുത്ത് ജീവിച്ചിരുന്ന ആദിവാസി സ്ത്രീകള്‍ ഇപ്പോള്‍ സംസാരിക്കാനുള്ള ധൈര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം തീരുമാനങ്ങളെടുക്കാനും അഭിപ്രായങ്ങള്‍ പറയാനും അവര്‍ക്കിപ്പോള്‍ ഭയമില്ല. അതിന്റെ പിന്നില്‍ സിസ്റ്റര്‍ ദീപ്തിയുടെയും മറ്റ് സിസ്റ്റേഴ്‌സിന്റെയും പ്രവര്‍ത്തനങ്ങളാണ്.

ധാരാളം സ്ത്രീകള്‍ ഗ്രാമം വിട്ട് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കു പോകാനും ആരംഭിച്ചിരിക്കുന്നു. സ്വന്തം സമ്പാദ്യത്തില്‍നിന്ന് സ്‌കൂട്ടര്‍ വാങ്ങി വീട്ടുജോലിക്കുപോകുന്നവരുമുണ്ട്. സ്വന്തമായി ബാങ്ക് ഇടപാടുകള്‍ നടത്തുന്നവരും കുറവല്ല. വില്ലേജുകളില്‍ ആളുകള്‍ സ്വയംപര്യാപ്തതയിലേക്ക് ഉണര്‍ന്നു കഴിഞ്ഞു. അസംപ്ഷന്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള ജീവാള അസംപ്ഷന്‍ സോഷ്യല്‍ സെന്റര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ജനസമൂഹത്തെ തട്ടിയുണര്‍ത്തി, മരണതുല്യമായ ജീവിതത്തില്‍നിന്ന് പ്രത്യാശയുടെ നിറവിലേക്ക് നയിച്ചു.

പ്രാര്‍ത്ഥനയും ചികിത്സയുംകൊണ്ട് വീണ്ടും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് സിസ്റ്റര്‍ ദീപ്തി. സിസ്റ്റര്‍ കാന്‍സര്‍ രോഗിയാണെന്ന് കാണുന്ന ആര്‍ക്കും തോന്നില്ല. തന്നെ കാണാന്‍ എത്തുന്നവരുടെ വേദനകളെ അലിയിച്ചു കളയാന്‍ സിസ്റ്റര്‍ ദീപ്തിക്ക് പ്രത്യേകമായൊരു സിദ്ധിയുണ്ട്. ദൈവത്തിന്റെ കരംപിടിച്ച് വേദനകളെ പുഞ്ചിരിയോടെ എതിരേറ്റപ്പോള്‍ അവിടുന്ന് നല്‍കിയ പ്രത്യേകമായ കൃപയായിരിക്കാമത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?