Follow Us On

23

April

2024

Tuesday

ഫ്രാൻസിസ് പാപ്പയ്ക്ക് 10 വയസ്! അടുത്തറിയാം ഫ്രാൻസിസ് പാപ്പയുടെ ഏഴ് ജനപ്രിയ നടപടികൾ!

ഫ്രാൻസിസ് പാപ്പയ്ക്ക് 10 വയസ്! അടുത്തറിയാം ഫ്രാൻസിസ് പാപ്പയുടെ ഏഴ് ജനപ്രിയ  നടപടികൾ!

ഫ്രാൻസിസ് പാപ്പയെ ലോകത്തിന് പ്രിയങ്കരനാക്കിയത് അദ്ദേഹം സ്വീകരിച്ച സമാനതകളില്ലാത്ത ചില നിലപാടുകളാണ്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഫ്രാൻസിസ് പാപ്പ 10-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അതിൽ മാധ്യമശ്രദ്ധ വളരേയേറെ പിടിച്ചുപറ്റിയ, പേപ്പസിയുടെ ആദ്യ നാളുകളിൽതന്നെ കൈക്കൊണ്ട ഏഴ് നടപടികൾ പങ്കുവെക്കുകയാണിവിടെ…

കൊട്ടാരം വേണ്ട; ബുള്ളറ്റ് പ്രൂഫ് മൊബീലും

പ്രാർത്ഥന അഭ്യർത്ഥിച്ച് വിശ്വാസികൾക്കുമുമ്പിൽ തലകുനിച്ചപ്പോൾ മാത്രമല്ല, ഫ്രാൻസിസ് പാപ്പ കൈക്കൊണ്ട ആദ്യ തീരുമാന് അറിഞ്ഞപ്പോഴും ലോകം അമ്പരന്നു: പാപ്പയ്ക്ക് താമസിക്കാൻ വത്തിക്കാൻ കൊട്ടാരം വേണ്ട; പൊതുദർശനവേളയിൽ സഞ്ചരിക്കാൻ വെടിയുണ്ടയെ തോൽപ്പിക്കുന്ന പാപ്പാമൊബീലും ആവശ്യമില്ല. ഫ്രാൻസിസ് പാപ്പയെ ലോകം മുഴുവൻ ശ്രദ്ധിക്കാനുള്ള കാരണങ്ങളിലൊന്നായാണ് ഇതിനെ മാധ്യമങ്ങൾ നിരീക്ഷിച്ചത്.

വത്തിക്കാൻ കൊട്ടാരത്തിന് ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന വത്തിക്കാനിലെ അതിഥിമന്ദിരമായ സാന്താ മാർത്താഭവനത്തിലാണ് പാപ്പയുടെ താമസം. പൊതുസന്ദർശനം തുറന്ന ജീപ്പിലും. 1981ൽ അലി ആഗ്ക നടത്തിയ കൊലപാതകശ്രമംവരെ ജോൺപോൾ രണ്ടാമൻ പാപ്പ തുറന്ന ജീപ്പാണ് ഉപയോഗിച്ചിരുന്നത്. ബുള്ളറ്റ് പ്രൂഫ് പാപ്പാമൊബീൽ ഉപയോഗത്തിന് അധികം പഴക്കമില്ലെങ്കിലും വത്തിക്കാൻ കൊട്ടാരം വസതിയായി ഉപയോഗിക്കുന്ന പേപ്പൽ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

അഞ്ചുനില സാന്താമാർത്ത മന്ദിരമാണു വത്തിക്കാനിലെ അതിഥിമന്ദിരം. രണ്ടു മുറികളുള്ള 105 സ്യൂട്ടുകളും 26 സിംഗിൾ റൂമുകളുമാണ് ഇവിടെയുള്ളത്. പകുതിയോളം മുറികളിൽ സ്ഥിരം താമസക്കാരാണ്. സിറ്റിംഗ് റൂം, കിടപ്പുമുറി, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളാണ് സ്യൂട്ടുകളിലുള്ളത്. ടെലിഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവയുമുണ്ട്. യോഗം ചേരുന്നതിനു വിശാലമായ ഹാൾ, പൊതു ഭോജനശാല, ചാപ്പലുകൾ എന്നിവയും മന്ദിരത്തിന്റെ സവിശേഷതയാണ്.

’12 ശിഷ്യ’രിൽ രണ്ട് വനിതകൾ!

പെസഹാ ആചരണവുമായി ബന്ധപ്പെട്ട കാലുകഴുകൽ ശുശ്രൂഷയായിരുന്നു മാധ്യമങ്ങൾ ചർച്ചചെയ്ത ഫ്രാൻസിസ് പാപ്പയുടെ മറ്റൊരു പൊതുപരിപാടി. പരമ്പരാഗതമായ ആചാരങ്ങളെ മറികടന്നായിരുന്നല്ലോ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള കാലുകഴുകൽ ശുശ്രൂഷ. ശുശ്രൂഷയ്ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ കാസൽ മർമോ ദുർഗുണ പരിഹാര പാഠശാല പാപ്പ തിരഞ്ഞെടുത്തു എന്നതുമാത്രമല്ല, കാലുകഴുകാൻ തിരഞ്ഞെടുത്ത 12 പേരിൽ രണ്ടു വനിതകൾ ഉൾപ്പെട്ടു എന്നതും ശ്രദ്ധേയമായി.

സ്ത്രീകളിൽ ഒരാൾ സെർബിയൻ മുസ്ലീം തടവുകാരിയും മറ്റൊരാൾ ഇറ്റാലിയൻ കത്തോലിക്കാ യുവതിയുമായിരുന്നു. റോമൻ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഇത്. ക്രിസ്തു 12 ശിഷ്യൻമാർക്ക് കാലുകഴുകിയതിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യഗണത്തിൽ സ്ത്രീകൾ ഇല്ലാതിരുന്നതിനാൽ ഇവരെ ഉൾപ്പെടുത്തുക പതിവില്ലായിരുന്നു. ഇതിനാണ് ഫ്രാൻസിസ് പാപ്പ മാറ്റം വരുത്തിയത്. അർജന്റീനയിലെ ബുവനസ് ഐരിസിൽ ആർച്ച്ബിഷപ്പായിരിക്കുമ്പോഴും പെസഹാശുശ്രൂഷയ്ക്ക് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത് ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു.

മാറ്റത്തിനൊരുങ്ങി വത്തിക്കാൻ കൂരിയ

സമൂഹത്തിലെ സ്വജനപക്ഷപാതത്തിനും ധൂർത്തിനും അഴിമതിക്കുമെതിരെ ശബ്ദമുയർത്തുന്ന ഫ്രാൻസിസ് പാപ്പയിൽനിന്നുണ്ടായ ഏറ്റവും ശ്രദ്ധേയമായ നടപടി^ വത്തിക്കാൻ കൂരിയ നവീകരിക്കാനായി എട്ടംഗ കർദിനാൾ സമിതിയെ നിയമിച്ച ഫ്രാൻസിസ് പാപ്പയുടെ തീരുമാനത്തെ അപ്രകാരമാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. (പിന്നീട് ഇതിലേക്ക് ഒരു കർദിനാളെകൂടി കൂട്ടിച്ചേർത്ത് ഒൻപതംഗ ഉപദേശക സമിതിയാക്കി മാറ്റി) കാലാനുസൃതമായ മാറ്റങ്ങൾ നടക്കാത്തതിനാലാവണം കൂരിയയുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും അക്കാലത്ത് ഉയർന്നിരുന്നു.

ഇവ പരിഹരിക്കാനും തന്റെ പുതിയ ഭരണശൈലിക്ക് ഒത്തവിധം ഒരു ടീമിനെ വാർത്തെടുക്കാനും മാറ്റങ്ങൾ അനിവാര്യമാണെന്ന ബോധ്യമാകാം പാപ്പയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഏതായാലും സഭയിൽ ഒരു പുത്തനുണർവിന്റെ കേളികൊട്ടാ യാണ് ഈ തീരുമാനം വിലയിരുത്തപ്പെട്ടത്.

ധൂർത്ത് വെച്ചുപൊറുപ്പിക്കില്ല; ബിഷപ്പ് സസ്പെൻഷനിൽ

ഫ്രാൻസിസ് പാപ്പയുടെ പേപ്പസിയുടെ ആദ്യ നാളുകളിൽത്തന്നെ അതുവരെ കേൾക്കാത്ത ഒരു വാർത്തയും ലോകം ശ്രവിച്ചു: ആർഭാട ജീവിതം നയിച്ച ഒരു രൂപതാധ്യക്ഷനെ പാപ്പ സസ്പെൻഡ് ചെയ്തു. ജർമനിയിലെ ലിംബുർഗ് രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാൻസ് പീറ്ററിനായിരുന്നു ആ ദുര്യോഗം. അരമന പുനർനിർമാണമാണ് ഇതിന് കാരണമായത്. 42.7 മില്യൺ ഡോളറാണ് അതിനായി അദ്ദേഹം ചെലവിട്ടത്. ചാപ്പൽ നിർമിക്കാനും കോൺഫറൻസ് മേശയ്ക്കും വേറെയും കോടികൾ. അതിലേറെ കാശുപൊടിച്ചായിരുന്നു ബാത്ത് റൂം നിർമാണം. 4,95000 ഡോളർ!

സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നെങ്കിലും മറ്റ് യാതൊരു സ്വഭാവദൂഷ്യവുമില്ലാതിരുന്നിട്ടും, ലോകത്തിന് വിപരീതസാക്ഷ്യം നൽകിയ 53വയസുകാരൻ ബിഷപ്പിനെ ഔദ്യോഗിക ചുമതലകളിൽനിന്ന് പുറത്താക്കാൻ പാപ്പ രണ്ടാമതൊന്ന് ആലോചിച്ചില്ല എന്നതാണ് ശ്രദ്ധേയം. ദാരിദ്ര്യാരൂപിയിൽ ജീവിക്കാനും ധൂർത്തിനെതിരെ ശബ്ദമുയർത്താനുംമാത്രമല്ല, ആഢംബരജീവിതം നയിക്കുന്ന സഭാധികൃതർക്കെതിരെ നടപടി കൈക്കൊള്ളാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് തെളിയിക്കുകയായിരുന്നു പാപ്പ. സഭ ദരിദ്രർക്കുവേണ്ടിയാകണമെന്നു മാത്രമല്ല സഭതന്നെ ദരിദ്രയാകണമെന്നാണല്ലോ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം!

മനുഷ്യരെല്ലാം അഭയാർത്ഥികൾ

അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും കരുണാപൂർവം പെരുമാറണമെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾക്ക് മാധ്യമശ്രദ്ധ നേടിക്കൊടുത്ത ഒന്നായിരുന്ന ലംബേദൂസ് ദ്വീപിൽ നടത്തിയ സന്ദർശനം. സർവം നഷ്ടമായി അതിജീവനത്തിനായി കേഴുന്ന അഭയാർത്ഥികളോടുള്ള പാപ്പയുടെ കരുതൽ വെളിപ്പെടുത്തുന്നതായിരുന്നു യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ ഇടത്താവളമായ ഈ ഇറ്റാലിയൻ ദ്വീപ് സന്ദർശനം. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം പാപ്പ റോമിനു പുറത്തേക്കു നടത്തുന്ന ആദ്യത്തെ സന്ദർശനവുമായിരുന്നു ഇത്.

മുൻകാലത്ത് ഇറ്റലിയിൽനിന്ന് അർജന്റീനയിലേക്ക് കുടിയിറങ്ങിയ ഒരു കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് പാപ്പ, മനുഷ്യരെല്ലാം അഭയാർത്ഥികളാണെന്ന സത്യം പറയാതെപറഞ്ഞു അതിലൂടെ. കടുത്ത ദാരിദ്ര്യവും പട്ടിണിയുംമൂലം യൂറോപ്പിലേക്കു കടക്കാൻ ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നും ദിനംപ്രതി നിരവധി അഭയാർഥികളാണു ബോട്ടുകളിലും ചെറിയ കപ്പലുകളിലും ലംബേദൂസയിലെത്തുന്നത്.

ദ്വീപിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ബോട്ടുമുങ്ങി മരിച്ച ആയിരങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചായിരുന്നു പാപ്പയുടെ സന്ദർശനം ആരംഭിച്ചത്. 20 വർഷത്തിനുള്ളിൽ 20,000 അഭയാർഥികൾ ബോട്ടുമുങ്ങി ഇവിടെ മരിച്ചിട്ടുണ്ടെന്നാണു അനൗദ്യോഗിക കണക്ക്.

ലോകം മാതൃകയാക്കേണ്ട ആശ്ലേഷവും കരുണാവർഷവും

സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പൊതുസന്ദർശനവേളയിൽ, വിശ്വാസികൾക്കിടയിലേക്കിറങ്ങാനും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പ കാട്ടുന്ന താൽപ്പര്യം മുമ്പേ പ്രശസ്തമാണ്. എന്നാൽ, ഈ താൽപ്പര്യത്തിന്റെ സത്യസന്ധത ലോകത്തോട് പ്രഖ്യാപിക്കുന്നതായിരുന്നു പാപ്പാ പദവിയിൽ ഒരുവർഷം പൂർത്തിയാക്കുംമുമ്പേ നടന്ന ‘വിനിഷ്യോ സംഭവം’.

റിവ വിനിഷ്യോ എന്ന ഇറ്റാലിയൻ യുവാവിനെ ആരും മറന്നിട്ടുണ്ടാവില്ല. ശരീരമാസകലം നിറഞ്ഞുനിൽക്കുന്ന മുഴകളാൽ രണ്ടാമതൊന്നുകൂടി നോക്കാൻ പലരും ഭയന്നിരുന്ന വിനിഷ്യോ റിവയെ പാപ്പ ചുംബിക്കുന്ന ഫോട്ടോയും വീഡിയോയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. ലോകമെമ്പാടുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ആ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സൗന്ദര്യത്തിനുപിന്നാലെ പായുന്ന ലോകത്തിനുള്ള പാപ്പയുടെ ശക്തമായ താക്കീതായാണ് ക്രൈസ്തവചൈതന്യമുള്ള ചില മാധ്യമങ്ങൾ സംഭവത്തെ ചൂണ്ടിക്കാട്ടിയത്.

സംസാരത്തിലും പ്രവൃത്തിയും എപ്പോളും സഹാനുഭൂതി പ്രകടിപ്പിക്കുന്ന ഫ്രാൻസിസ്‌കോ ക്രിസ്തീയ മനോഭാവം എന്തായിരിക്കണമെന്ന് ലോകത്തെ ഓർമിപ്പിക്കാൻ പാപ്പ ആഹ്വാനംചെയ്ത കരുണാവർഷം ഇതിന്റെ തുടർച്ചയായിരുന്നു. വർഷാചരണത്തിൽ കരുണ അസ്തമിക്കരുതെന്ന് ഓർമിപ്പിക്കും വിധമുള്ള പേപ്പൽ ഇടപെടലുകൾ ഇന്നും തുടരുന്നുണ്ട് പാപ്പ. തെരുവോരത്തെ വികലാംഗനായ ബാലന് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ജ്ഞാനസ്നാനം നൽകിയതും വിമാനത്തിൽവച്ച് വിവാഹം പരികർമം ചെയ്തതുമെല്ലാം അതിന് ഉദാഹരണങ്ങളത്രേ.

വിശുദ്ധി പണംകൊണ്ട് അളക്കരുത്

നാമകരണ നടപടിക്രമങ്ങൾക്ക് വേണ്ടിവരുന്ന ‘ഭീമമായ’ ചെലവുകൾക്കു പാപ്പ പരിധിയേർപ്പെടുത്തുത്താൻ തീരുമാനിച്ചതായിരുന്നു മറ്റൊന്ന്. പാപ്പയുടെ ചെലവുചുരുക്കൽ നടപടികൾ വിശുദ്ധരിലേക്കും വ്യാപിക്കുന്നുവെന്ന മുഖവുരയോടെയാണ് മാധ്യമങ്ങൾ, ഈ നടപടി റിപ്പോർട്ട്ചെയ്തത്. വത്തിക്കാൻ ഏർപ്പെടുത്തിയ ചെലവിന്റെ പരിധിയിൽനിന്ന് പോസ്റ്റുലേറ്റർമാർ പ്രവർത്തിക്കേണ്ടിവരും.

ഇതേക്കുറിച്ചു രൂപതകൾക്കും സന്യാസസവിശുദ്ധനായി പ്രഖ്യാപിക്കപ്പെടേണ്ടയാൾ ജീവിച്ചിരുന്നപ്പോൾ നടത്തിയ സേവനങ്ങളുടെ തെളിവുകളും മറ്റും ശേഖരിക്കുകയെന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. വിവിധ തലങ്ങളിൽ നടക്കുന്ന തെളിവുശേഖരണത്തിനും മറ്റുമായി വളരെയേറെ പണം ചെലവാക്കേണ്ടി വരും. ഇതു താങ്ങാൻ ശേഷിയില്ലാത്തവരുടെ വിശുദ്ധ പദവിക്ക് കാലതാമസം നേരിടേണ്ടിവരുന്നത് അനീതിയാണെന്നാണു വത്തിക്കാൻ നിലപാട്. കൂടുതൽ പണം മുടക്കാൻ ശേഷിയുള്ളവർ പിന്തുണയ്ക്കുന്ന കേസുകൾക്ക് കൂടുതൽ പരിഗണന കിട്ടുന്നുവെന്ന ആരോപണം ശക്തവുമായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?