Follow Us On

04

June

2023

Sunday

സീറോ മലബാര്‍ സഭയുടെ പരാജയ കാരണമെന്ത്?

സീറോ മലബാര്‍ സഭയുടെ  പരാജയ കാരണമെന്ത്?

കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)

അനിഷേധ്യമായിരുന്നു പൊതുസമൂഹത്തില്‍ സീറോ മലബാര്‍ സഭയുടെ ശബ്ദവും സാന്നിധ്യവും ഒരു കാലത്ത്. സഭാപിതാക്കന്മാരുടെ വാക്കുകള്‍ക്ക് പൊതുജനം കാതോര്‍ത്തിരുന്നു. സഭാതനയര്‍ രാജ്യത്തിന്റെതന്നെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യരംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കി. ദൈവവിളിയുടെ കലവറയായിരുന്നു സഭ ഒരു കാലത്ത്. സഭാംഗങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തും യേശുവിന്റെ സുവിശേഷത്തിന് സജീവസാക്ഷ്യം വഹിച്ചു.
എന്നാല്‍ ഇന്ന് സഭ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്നു. എന്നും എപ്പോഴും ദൈവസഹായം തേടേണ്ടവര്‍ പോലീസ് സംരക്ഷണത്തില്‍ ബലിയര്‍പ്പിക്കുന്നത് കണ്ട് വിശ്വാസികള്‍ തലതാഴ്ത്തുകയും അവിശ്വാസികള്‍ മൂക്കത്ത് വിരല്‍വയ്ക്കുകയും ചെയ്യുന്നു. ദൈവവിളികള്‍ നന്നേ കുറഞ്ഞു, പ്രത്യേകിച്ചും സന്യാസിനീ സമൂഹങ്ങളില്‍. യൂറോപ്പിന് സമാനമായ ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നു. സന്യാസിനീ സമൂഹങ്ങളില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയും യുവതികളുടെ സംഖ്യ കുറയുകയും ചെയ്തുകൊണ്ടിരിക്കുന്നു.

എന്താണ് ഈ അപചയത്തിന്റെ കാരണം? ഇതിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച ലഭിച്ചത് സഭയിലെതന്നെ ഏറ്റവും സീനിയറായ ബിഷപ്പുമാരിലൊരാളായ അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവുമായുള്ള ഒരു അഭിമുഖം വായിച്ചപ്പോഴാണ് (സണ്‍ഡേ ദീപിക, 2022 ഡിസംബര്‍ 25). സഭയുടെ പഴയകാല പ്രതാപത്തിന്റെ രഹസ്യം പിതാവ് അവിടെ അനാവരണം ചെയ്യുന്നുണ്ട്. അക്കാലത്തെക്കുറിച്ച് അഭിവന്ദ്യ പിതാവ് ഇപ്രകാരം ഓര്‍ക്കുന്നു: ”അപ്പച്ചന്മാരും അമ്മച്ചിമാരും പുലര്‍ച്ചെ രണ്ടിനും മൂന്നിനുമൊക്കെ ഉണര്‍ന്ന് പള്ളിയില്‍ ഉണര്‍ത്തുമണിയടിക്കുംവരെ മുട്ടില്‍നിന്ന് കുരിശുവരയും പ്രാര്‍ത്ഥനയും നടത്തും.” അന്ന് പ്രാര്‍ത്ഥന ഒരു ജീവിതശൈലിയായിരുന്നു. ശക്തികേന്ദ്രമായ സര്‍വ്വശക്തനോട് എപ്പോഴും ചേര്‍ന്നു നില്‍ക്കുവാന്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു. ”കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു” (സങ്കീ. 18:1) എന്ന സങ്കീര്‍ത്തകന്റെ ചിന്ത സഭയില്‍ മൊത്തം നിറഞ്ഞുനിന്നിരുന്നതുകൊണ്ടാണ് സാധാരണ അല്മായര്‍പോലും അര്‍ദ്ധരാത്രിയിലും ഉറക്കമെഴുന്നേറ്റ് ത്യാഗത്തോടെ പ്രാര്‍ത്ഥിച്ചിരുന്നത്.

അന്നും സഭയ്ക്ക് ശത്രുക്കളുണ്ടായിരുന്നു. പക്ഷേ അവരേക്കാള്‍ ശക്തനായ ദൈവത്തിലേക്ക് കണ്ണുകളുയര്‍ത്തുവാന്‍ സഭാപിതാക്കന്മാര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിരുന്നു. ”ശക്തന്മാരും ധീരന്മാരുമായിരിക്കുവിന്‍. അസീറിയാ രാജാവിനെയും അവന്റെ സൈന്യവ്യൂഹത്തെയും കണ്ട് ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. അവനോടുകൂടെയുള്ളവനെക്കാള്‍ ശക്തനായ ഒരുവന്‍ നമ്മോടുകൂടെയുണ്ട്. മാംസളമായ ഹസ്തമാണ് അവനോടൊത്തുള്ളത്. നമ്മോടുകൂടെയുള്ളത് നമ്മുടെ ദൈവമായ കര്‍ത്താവും. അവിടുന്ന് നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും” (2 ദിനവൃത്താന്തം 32:7-8). പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെടുന്ന ഇസ്രായേല്‍ നേതാക്കന്മാരുടെ ഈ മനോഭാവം അന്നുണ്ടായിരുന്നു. ദൈവത്തോട് എപ്പോഴും ചേര്‍ന്നുനില്‍ക്കുകയും ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുകയും ചെയ്ത സഭയെ ദൈവം സംരക്ഷിക്കുകയും ഉയര്‍ത്തുകയും ചെയ്തതില്‍ അത്ഭുതപ്പെടാനില്ല.
എന്നാല്‍ സമ്പത്തും അധികാരവും വര്‍ധിച്ചപ്പോള്‍ ദൈവം കേന്ദ്രസ്ഥാനത്തുനിന്നും സൈഡിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുന്നതിന് പകരം സമുദായബലത്തില്‍ ആശ്രയിക്കുവാനും അഹങ്കരിക്കുവാനും തുടങ്ങി. അതിനാല്‍ പ്രാര്‍ത്ഥന കുറഞ്ഞു, ഒരു നേര്‍ച്ചപോലെയായി.

വൈദ്യുതിയില്ലാതിരുന്ന പഴയകാലത്ത് മണ്ണെണ്ണ വിളക്കുമായി പള്ളിമുറിയില്‍നിന്ന് പള്ളിയില്‍പോയി രാത്രികാലങ്ങളില്‍ മണിക്കൂറുകളോളം കര്‍ത്താവിനെ ആരാധിച്ചിരുന്ന എത്രയോ വൈദികര്‍ സഭയുടെ സമ്പത്തായിരുന്നു. എന്നാല്‍ തിരക്കുകൂടിയപ്പോള്‍ പള്ളിമുറിയും പള്ളിയും തമ്മിലുള്ള അകലം വര്‍ധിച്ചു. പ്രവൃത്തിതന്നെ പ്രാര്‍ത്ഥനയാണെന്ന നവ ലിബറല്‍ ചിന്ത കടന്നുവന്നു. ദൈവത്തെ സൈഡിലേക്ക് മാറ്റിയപ്പോള്‍ സഭയും സൈഡിലേക്ക് മാറ്റപ്പെട്ടു.
ദൈവജനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് പണ്ട് സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നത്. സ്‌കൂളുകളും കോളജുകളും ഒക്കെ പടുത്തുയര്‍ത്തുവാന്‍ ദൈവജനം കൈമെയ് മറന്ന് സഭാധികാരികളുടെ കൂടെനിന്നു. കാരണം അത് അവരുടെ ആവശ്യമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍വേണ്ടി പല സ്ഥാപനങ്ങളും ആരംഭിക്കുന്ന സ്ഥിതി വന്നു. സ്ഥാപനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ സമര്‍പ്പിതരില്‍ ഭൂരിഭാഗവും അവിടെ തളച്ചിടപ്പെട്ടു. ഭവനസന്ദര്‍ശനത്തിനും രോഗികളെയും വൃദ്ധജനങ്ങളെയും കണ്ട് ആശ്വസിപ്പിക്കുവാനും എന്തിന് പ്രാര്‍ത്ഥിക്കുവാന്‍പോലും അവര്‍ക്ക് സമയം കിട്ടാതെയായി.

പണ്ടുകാലത്ത് ഭവനങ്ങളില്‍ സന്ദര്‍ശനത്തിന് ചെന്നിരുന്ന സിസ്റ്റേഴ്‌സിന്റെ വാക്കുകളും സ്‌നേഹപൂര്‍വമായ പെരുമാറ്റവുമാണ് കുട്ടികളെ സമര്‍പ്പിതജീവിതത്തിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം. ”സ്‌കൂളിലും കോളജിലും പഠിപ്പിക്കാനാണെങ്കില്‍ ഞാനെന്തിന് ഒരു വൈദികനോ സിസ്റ്ററോ ആകണം?” എന്ന് യുവാക്കള്‍ ഇന്ന് ചിന്തിക്കുവാന്‍ തുടങ്ങി. സമര്‍പ്പിതജീവിതം ചലഞ്ചിങ്ങ് അല്ലാതാകുമ്പോള്‍ ദൈവവിളി കുറയുന്നതില്‍ അത്ഭുതപ്പെടാനാവില്ലല്ലോ.
മാര്‍ഗമാകേണ്ടത് ലക്ഷ്യമായി എന്നതാണ് സഭയുടെ പരാജയത്തിന്റെ മറ്റൊരു കാരണം. ആരാധനാക്രമം ദൈവത്തെ ആരാധിക്കുവാന്‍വേണ്ടിയുള്ളതാണ്. പക്ഷേ അതുതന്നെ ഒരു ലക്ഷ്യമായി മാറിയപ്പോള്‍ സഭയുടെ അടിസ്ഥാനപ്രമാണമായ പരസ്‌നേഹത്തിന് മുറിവേറ്റു. ആരാധനാക്രമത്തിന്റെ പേരില്‍ വിശുദ്ധസ്ഥലത്ത് നടന്ന അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കിയ ഉതപ്പ് ചെറുതല്ല. അനേക യുവജനങ്ങളെ സഭയില്‍നിന്ന് അകറ്റുവാന്‍ അത് കാരണമായി.

ഇതെല്ലാം അപായസൂചനകളാണ്. റെഡ്‌ലൈറ്റ് കണ്ടാല്‍ വാഹനം സ്ലോ ഡൗണ്‍ ചെയ്യുകയോ നിര്‍ത്തുകയോ വേണം. അത് കണ്ടിട്ടും അവഗണിച്ച് വാഹനം മുന്നോട്ടെടുത്താല്‍ വലിയ അപകടമുണ്ടാകും. അതിനാല്‍ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന എല്ലാവരും – മുകളിലെ സഭാപിതാക്കന്മാര്‍ മുതല്‍ താഴെ തട്ടിലെ സഭയുടെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിന്റെ നാഥന്മാര്‍ വരെ – ആത്മപരിശോധന ചെയ്യേണ്ട സമയം വന്നിരിക്കുന്നു. പരസ്പരം പഴിചാരുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല.

വലിയ വരള്‍ച്ചയുടെ അനുഭവത്തിലൂടെയാണ് സീറോ മലബാര്‍ സഭ കടന്നുപോകുന്നത്. പക്ഷേ ഈ കൊടും വരള്‍ച്ച തന്നെ രക്ഷാകരമാക്കി മാറ്റുവാന്‍ സാധിക്കും, ഒരു വലിയ ആത്മമാരിക്കുവേണ്ടി കാത്തിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ സാധിച്ചാല്‍. പക്ഷേ അതിന് വിശ്വാസവീരരായ ഏലിയാ പ്രവാചകന്മാര്‍ സഭയിലുണ്ടാകണം, മറ്റെല്ലാം മറന്ന് ദൈവത്തെ മാത്രം ഏകാഗ്രമായി അന്വേഷിക്കുന്ന പ്രവാചകന്മാര്‍. ‘കാര്‍മല്‍ മലയുടെ മുകളില്‍ കയറി, മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരിക്കുവാന്‍’ തയാറാകുന്നവര്‍. മനുഷ്യകരത്തോളമുള്ള ഒരു ചെറിയ മേഘത്തുണ്ടിനായി കാത്തിരിക്കുന്നവര്‍. ”വലിയ മഴ ഇരമ്പുന്നു” എന്ന് പ്രവചിക്കുവാന്‍ കഴിവുള്ളവര്‍. അവര്‍ ഉദയം ചെയ്യട്ടെ. ലോകത്തിനും ആഗോളസഭയ്ക്കും അമൂല്യമായ സംഭാവനകള്‍ കഴിഞ്ഞ നാളുകളില്‍ നല്‍കിയ സീറോ മലബാര്‍ സഭയെ ദൈവം ഒരിക്കലും കൈവിടുകയില്ല. സഭയുടെ ഭാവി കഴിഞ്ഞതിനെക്കാള്‍ പ്രത്യാശാഭരിതമായിരിക്കും. പക്ഷേ അതിന്റെ താക്കോല്‍ സഭാധികാരികളുടെയും സഭാംഗങ്ങളുടെയും കൈയില്‍ത്തന്നെയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?