Follow Us On

22

February

2025

Saturday

നൈജീരിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് 16 കത്തോലിക്കാ വൈദീകർ, ആക്രമണത്തിന് ഇരയായത് 53 വൈദീകർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

നൈജീരിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് 16 കത്തോലിക്കാ വൈദീകർ, ആക്രമണത്തിന് ഇരയായത് 53 വൈദീകർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

കടൂണ: കത്തോലിക്കാ വൈദീകരെ തട്ടികൊണ്ടുപോകുന്നതിനും കൊലപ്പെടുത്തുന്നതിനും സ്ഥിരംവേദിയായി മാറുകയാണ് ആഫ്രിക്കൻ രാജ്യമായ നൈജീരിയ. കഴിഞ്ഞ 17വർഷത്തിനുള്ളിൽ 16 വൈദികർ കൊലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇക്കാലയളവിൽ 53 വൈദികർ തട്ടികൊണ്ടുപോകലിനും 12 വൈദികർ അതിക്രൂര ആക്രമണത്തിനും ഇരയായിട്ടുമുണ്ട്. നടുക്കുന്ന ഈ കണക്കുകൾ നൈജീരിയൻ കത്തോലിക്കാ മെത്രാൻ സമിതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ‘ഫീദെസ്’ ആണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ഇതിൽ ഭൂരിഭാഗം വൈദികരും റോഡിൽ വെച്ചോ ദൈവാലയത്തിൽ നിന്നോ തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. ദിവ്യബലി അർപ്പണം ഉൾപ്പെടെയുള്ള അജപാലന ശുശ്രൂഷയ്ക്ക് പോകുമ്പോഴോ അത് പൂർത്തിയാക്കി മടങ്ങുമ്പോഴോ തട്ടിക്കൊണ്ടുപോകപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. വൈദീകർ മാത്രമല്ല, വിദേശികളും വ്യവസായികളും രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ തട്ടികൊണ്ടുപോകലിന് ഇരയാകുന്നുണ്ട്.

കത്തോലിക്കാ വൈദികർക്കും വിശ്വാസികൾക്കും നേർക്കുള്ള അതിക്രമങ്ങൾ നൈജീരിയയിൽ വ്യാപകമാകുകയാണ്. എല്ലാ സംഭവങ്ങൾക്ക് പിന്നിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണോ സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്ന ക്രിമിനൽ സംഘങ്ങളാണോ എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കാരണം തീവ്രവാദികളും കൊള്ളക്കാരും സമാനമായ രീതിയിലാണ് തട്ടികൊണ്ടുപോകുന്നത്. ഇരുകൂട്ടരും ഗ്രാമങ്ങൾ അക്രമിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്യാറുണ്ട്.

നൈജീരിയയിൽ 2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31വരെയുള്ള 10 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 4020 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധപീഡനങ്ങളെ കുറിച്ച് പഠിക്കുന്ന ‘ഇന്റർ സൊസൈറ്റി’ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ടത് ഈയിടെയാണ്. ഇക്കാലത്തിനിടെ 2315 ക്രൈസ്തവരെ ബന്ധികളായി തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?