Follow Us On

23

November

2024

Saturday

കാൽവരിയിലെ ബലിത്തറ

''ക്രിസ്തു ബലിയായത് അവനെ തേടുന്നവർക്ക് വേണ്ടി മാത്രമല്ല, അവനെ തള്ളിപ്പറയുന്നവർക്കും വേണ്ടി കൂടിയാണ്.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 48

കാൽവരിയിലെ ബലിത്തറ

”ദൈവം മനുഷ്യമുഖം സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ മുഖം സ്നേഹമാണ്. ഇരുട്ടിൽ തപ്പിത്തടയാൻ ദൈവം നമ്മെ അനുവദിക്കുന്നില്ല. അവിടുന്ന് മനുഷ്യനായി സ്വയം വെളിപ്പെടുത്തി. വളരെ വലുതായ അവിടുത്തേക്ക് തീരെ ചെറുതാകാൻ കഴിയും. മനുഷ്യരാശിയുടെ കഷ്ടപ്പാടുകൾ ദൈവത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരാൻ നമുക്കുവേണ്ടിതന്നെ കുരിശിൽ തറയ്ക്കാൻ അനുവദിക്കുംവിധം അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും വ്യാധികളാൽ മതങ്ങളും യുക്തിവാദ ചിന്തകളും ദൈവത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു. ഇവിടെ, നമ്മുടെ ദൈവസങ്കൽപ്പത്തെ വ്യക്തമായി പ്രഖ്യാപിക്കേണ്ടതും ദൈവത്തിന്റെ മാനുഷികമുഖം ബോധ്യത്തോടെ പങ്കുവെക്കേണ്ടതും ആവശ്യമാണ്!”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി, 12 സെപ്റ്റംബർ, 2006)

സ്നേഹം മരണം ആവശ്യപ്പെടുന്നു. നിങ്ങൾ സ്നേഹിക്കുന്നവയ്ക്കായി മരിക്കാതെ തരമില്ല. സ്വന്തം ഇഷ്ടത്തെ ബലിചെയ്ത് മറ്റൊരാളുടെ ഇഷ്ടത്തിനായി നമ്മെത്തന്നെ അർപ്പിക്കുന്ന മരണമാണിത്. നഷ്ടപ്പെടാതെ ഇഷ്ടപ്പെടാനാകില്ല. പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ പുത്രൻ മരിക്കുന്നു. മനുഷ്യരോടുള്ള സ്നേഹം മതിമറന്നപ്പോൾ അവർക്കുമേലുള്ള യാതന സ്വയം ഏറ്റുവാങ്ങുന്നു.

രണ്ടു കുന്നുകൾക്കിടയിൽ ക്രിസ്തുവിന്റെ ജീവിതം വായിച്ചെടുക്കാനാകും; അഷ്ടഭാഗ്യങ്ങൾ പ്രസംഗിച്ച മല, അതു ജീവിച്ചശേഷം സപ്തവാക്യങ്ങളുടെ മല. സപ്തവാക്യങ്ങൾ കേൾക്കാൻ ഏറെ അടുത്തുണ്ടായിരുന്നത് ഒരുപറ്റം സ്ത്രീകളും യോഹന്നാനും. അവരേക്കാളധികം അടുത്തു രണ്ട് കള്ളന്മാർ. ആ പ്രഭാഷണത്തിന്റെ ആദ്യവചനംതന്നെ ഒരു കള്ളനെ മാനസാന്തരത്തിലേക്ക് വഴിനടത്തി. പറുദീസയിൽ രക്ഷകനൊപ്പം ആദ്യം കയറാൻ ആ കള്ളന് അവസരമുണ്ടായി.

എന്നാൽ, രണ്ടാമത്തെ കള്ളനോ? ഒരു വചനവും അവനിൽ സ്വാധീനിക്കാത്തതുപോലെ. സ്വയം വിധിച്ചും മറ്റുള്ളവരെ പഴിപറഞ്ഞും ജീവിതത്തിന്റെ കൽത്തുറങ്കിൽ തന്നെത്തന്നെ അടച്ചുപൂട്ടിയവൻ. രക്ഷകൻ കാത്തുനിൽക്കുമ്പോഴും സ്വയം രക്ഷകനായി കഴിയുന്നവനാണ് അവൻ. എന്നിട്ടും കാൽവരിയിലെ ബലിപീഠത്തിൽ മൂന്നു പേരുടെയും രക്തം കൂട്ടിക്കലർന്നാണ് കിടന്നത്. ആസ്തികനെയും നാസ്തികനെയും ഒരുമിച്ചു പുൽകാൻ ആയിരിക്കുമോ അവിടുന്ന് ഇത്തരമൊരു അവസരമൊരുക്കിയത്.

ക്രിസ്തു ബലിയായത് അവനെ തേടുന്നവർക്ക് വേണ്ടി മാത്രമല്ല, അവനെ തള്ളിപ്പറയുന്നവർക്കും വേണ്ടി കൂടിയാണ്. സത്യത്തെ ഒരാൾ നിരാകരിച്ചാലും സത്യം വേട്ടപ്പട്ടിക്കുസമാനം അയാൾക്ക് പുറകെയുണ്ട്. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രപഞ്ചത്തിന്റെ മാറിലല്ല ആദ്യബലിയുടെ രക്തം ഒഴുക്കപ്പെട്ടത്. ഇന്നും അൾത്താരകളിൽ ഈ അനുസ്മരണം തുടരുന്നു.

പാപപരിഹാരത്തിന്റെ മഹാരഹസ്യത്തെ മനസിലാക്കാനുള്ള പ്രധാനതടസം മനുഷ്യനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്നു ബെനഡിക്ട് പാപ്പ പറയുന്നുണ്ട്. മനുഷ്യനെന്നാൽ ഒറ്റപ്പെട്ട തുരുത്താണെന്ന് നാം കരുതുന്നു. എന്നാൽ, അങ്ങനെയല്ല. നാമെല്ലാം പരസ്പരം ഇഴചേർന്നു നെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ബലിക്ക് സകലരെയും ശുദ്ധിചെയ്യാനാകും.

ഡാവിഞ്ചിയുടെ അന്ത്യത്താഴചിത്രം പ്രസിദ്ധമാണ്. അന്ത്യത്താഴത്തിന്റെ ഏതുഭാഗം ചിത്രീകരിക്കണമെന്നത് ചിന്തനീയമായിരുന്നു- ആ സന്ധ്യയിലെ സംഭാഷണത്തിന്റെ ഏതുഭാഗം പകർത്തണം? ‘സത്യം സത്യമായി നിങ്ങളോടു പറഞ്ഞു; നിങ്ങളിലൊരുവൻ എന്നെ ഒറ്റുകൊടുക്കും’ (യോഹ.13:21). ഇതുപറയുമ്പോൾ ‘അതു ഞാനാണോ’ എന്നു പരസ്പരം ചോദിക്കുന്ന ഭാഗമാണ് ചിത്രമായി അടയാളപ്പെടുത്തിയത്.

യൂദാസും ചോദിച്ചു, ‘അതു ഞാനാണോ! സ്നേഹത്തെ ഒറ്റുകൊടുക്കുന്നവൻ ഞാനാണോ?’ ആ രാത്രിയിൽ അവൻ ക്രിസ്തുവിനെ ഒറ്റുകൊടുത്തു. പത്രോസിന്റെ എടുത്തുചാട്ടത്തെയല്ല ഭയപ്പെടേണ്ടത്, മറിച്ച്, യൂദാസിന്റെ സ്നേഹമെന്നു തോന്നിക്കുന്ന ചെയ്തികളെയാണ്. എന്നിട്ടും സ്നേഹിതാ എന്നവാക്കാണ് ക്രിസ്തു അവനായി കരുതിവെച്ചത്. സ്നേഹമെന്നാൽ മരണമെന്നർത്ഥം. സ്നേഹിക്കുന്നവൻ നിരന്തരം മരിക്കുകയാണ്. അതിന്നും തുടരുന്നു. കാൽവരിയിൽ മാത്രമല്ല നമ്മിലും. ക്രിസ്തുവിനൊപ്പം സ്നേഹത്തിൽ മരിക്കാമിന്ന്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?