Follow Us On

02

May

2024

Thursday

അസീസി ഭവനം അത്ഭുതങ്ങളുടെ ഒരിടം…

അസീസി ഭവനം അത്ഭുതങ്ങളുടെ ഒരിടം…

‘ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തില്‍…’ ബ്രദര്‍ ജോയ് അസീസിയെ ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്ന കോളര്‍ ട്യൂണാണിത്. കോട്ടപ്പുറം രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ഡിവൈന്‍ മേഴ്‌സി (എഫ്എംഡിഎം) എന്ന സന്യാസ സഭയുടെ സ്ഥാപകനായ ബ്രദര്‍ ജോയിയുടെ ജീവിതത്തെ അടയാളപ്പെടുത്താന്‍ ഇതിനെക്കാള്‍ അര്‍ത്ഥവത്തായ വരികള്‍ വേറെയുണ്ടാവില്ല. ‘ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം,’ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈശോ ഈ വാക്കുകള്‍ പറഞ്ഞത് കടലില്‍ മീന്‍ പിടിക്കാന്‍ വഞ്ചി തുഴഞ്ഞു നടന്ന ശിഷ്യന്മാരോടാണെങ്കില്‍ 1980-ന്റെ തുടക്കത്തില്‍ ഈശോ ഇങ്ങനെ വിളിച്ചത് എറണാകുളം ജില്ലയിലെ കുറുമ്പത്തുരുത്ത് ഗ്രാമത്തില്‍ കായലിലൂടെ ചാരായത്തിന്റെ ടിന്നുകളുമായി വഞ്ചി തുഴഞ്ഞു നടന്ന ജോയി പുതിയവീട്ടില്‍ എന്ന 21-കാരനോടായിരുന്നു.
അവിടെ തുടങ്ങുന്നു ജോയി എന്ന ചാരായ കച്ചവടക്കാരനില്‍നിന്നും ബ്രദര്‍ ജോയി അസീസി എന്ന സുവിശേഷപ്രവര്‍ത്തകനിലേക്കും പുത്തന്‍വേലിക്കര അസീസി ഭവന്‍ എന്ന പ്രാര്‍ത്ഥനാലയത്തിലേക്കുമുള്ള യാത്ര.

പരിശുദ്ധാത്മാവിന്റെ ഇടപെടല്‍
ജോയിയുടെ ബാല്യവും കൗമാരവുമെല്ലാം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പുതിയവീട്ടില്‍ ഔസോ-അന്നം ദമ്പതികളുടെ 11 മക്കളില്‍ ഒമ്പതാമനായാണ് ജനനം. അക്കാലങ്ങളില്‍ ജന്മനാട്ടില്‍ പല കുടുംബങ്ങളിലും നിലനിന്നിരുന്ന വ്യാജചാരായ നിര്‍മാണവും വില്പനയും ചെറുപ്പത്തില്‍തന്നെ ജോയിയെയും ആ മേഖലയിലേക്ക് ആകര്‍ഷിച്ചു. അതിന്റെ ഭാഗമായി മദ്യപാനശീലവും ജീവിതത്തിന്റെ ഭാഗമായി. വയസ് ഇരുപതുകളിലേക്ക് കടന്നപ്പോഴേക്കും ജോയിയുടെ ജീവിതത്തില്‍ എന്തൊക്കെയോ കുറവുകളുള്ളതായും സമൂഹത്തില്‍ അവഗണിക്കപ്പെടുന്നതുമായ തോന്നല്‍ ശക്തമായി. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ ആദ്യ ഇടപെടലായിരുന്നുവെന്ന് ഇന്ന് മനസിലാക്കുന്നുവെന്ന് ജോയി ബ്രദര്‍ പറയുന്നു.

1984-ല്‍ ഇരുപത്തിയൊന്നാം വയസില്‍ ഇടവക ദൈവാലയമായ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി ദൈവാലയത്തില്‍ നടന്ന പോപ്പുലര്‍ മിഷന്‍ ധ്യാനം ബ്രദര്‍ ജോയിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ധ്യാനം കൂടിയ ബ്രദര്‍ ജോയി ആ വര്‍ഷംതന്നെ കടുത്തുരുത്തി എസ്‌വിഡി ധ്യാനകേന്ദ്രത്തില്‍ ജീവിതനവീകരണ ധ്യാനത്തില്‍ പങ്കെടുത്തു. അതോടെ ബ്രദ ര്‍ ഒരു പുതിയ മനുഷ്യനായി മാറി. മദ്യപാനവും മദ്യക്കച്ചവടവും പൂര്‍ണമായി നിര്‍ത്തി. ഹൃദയം മനുഷ്യാത്മാക്കളോടുള്ള ആര്‍ദ്രതയാല്‍ നിറഞ്ഞു. പതിയെ പതിയെ മറ്റുള്ളവരോട് വചനം പങ്കുവയ്ക്കാന്‍ ആരംഭിച്ചു.

വചനപ്രഘോഷകന്റെ ഉദയം
21 വയസുകാരന്റെ വചനം കേള്‍ക്കാന്‍ പ്രായമായവര്‍വരെ തയാറാകാന്‍ തുടങ്ങി. തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ സായാഹ്നവചനപ്രഘോഷണം ആരംഭിച്ചു. നൂറും ഇരുന്നൂറും ആളുകള്‍ വചനസന്ദേശം കേള്‍ക്കാന്‍ എത്തിത്തുടങ്ങി. അസീസി ജോയി എന്ന വചനപ്രഘോഷകന്റെ ഉദയമായിരുന്നു അത്. ഇവന്‍ ഇന്നാളുവരെ ചാരായക്കച്ചവടം നടത്തിയവനല്ലേ, ഇവന് തലയ്ക്ക് വട്ടായോ എന്ന് തുടക്കത്തില്‍ പരിഹസിച്ചവര്‍ പലരും പില്‍ക്കാലത്ത് ജോയ് ബ്രദറിനൊപ്പം ആത്മീയശുശ്രൂഷയില്‍ പങ്കാളികളായതും രസകരമായ ഓര്‍മകള്‍. പ്രാഥമിക വിദ്യാഭ്യാസംപോലും നേടിയിട്ടില്ലാത്ത ജോയ് ബ്രദര്‍ വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ന് വചനം പങ്കുവയ്ക്കുന്നു.

തന്റെ നിയോഗം ആലംബഹീനര്‍ക്ക് അഭയം നല്‍കുക എന്നതാണെന്ന ചിന്ത ഇടയ്‌ക്കെപ്പോഴോ ബ്രദറിന്റെ മനസിലേക്ക് കടന്നുവന്നു. മനസില്‍ ആശയമുണ്ട്, പക്ഷേ എങ്ങനെ നടപ്പാക്കും എന്ന് യാതൊരു രൂപവുമില്ല. വചനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന മേരി മൈക്കിള്‍, മേരി പൈലി, സീന എന്നീ സഹോദരിമാരോടൊപ്പം എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയിലുള്ള മാനാഞ്ചേരിക്കുന്നിലെത്തി. കുറുനരികളുടെയും മറ്റും വിഹാരകേന്ദ്രമായിരുന്ന മൊട്ടക്കുന്നായിരുന്നു അത്. അവിടെ പലരുടെയും സഹായത്തോടെ അരഏക്കര്‍ ഭൂമി വാങ്ങി ചെറിയൊരു ഷെഡിന്റെ പണി ആരംഭിച്ചു.
ഭിത്തി പകുതി കെട്ടിയപ്പോഴേക്കും കൈയിലുണ്ടായിരുന്ന പൈസ തീര്‍ന്നു. മുന്നോട്ട് എങ്ങനെ നീങ്ങുമെന്നറിയാത്ത സാഹചര്യത്തില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാര്‍ ആകെ അസ്വസ്ഥരായി.

എങ്കിലും അനിശ്ചിതത്വത്തിന്റെ ആ നാളുകള്‍ സഹോദരിമാരുമായി യേശുവിലുള്ള മാനസിക ഐക്യം ദൃഢമാകുന്നതിന് നിമിത്തമായി. അവരുടെ പിന്തുണ ബ്രദര്‍ ജോയിയുടെ ആത്മീയയാത്രയില്‍ പകരംവയ്ക്കാനാവാത്ത പ്രചോദനമായിരുന്നു.

 

അവിശ്വസനീയ വളര്‍ച്ച
പിന്നീട് ആ കൂട്ടായ്മയ്ക്കുമേലുള്ള ദൈവത്തിന്റെ ഇടപെടല്‍ അവിശ്വസനീയമായിരുന്നു. ഫ്രാന്‍സിസ് അസീസിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി അവിടെ ഉയര്‍ന്ന ഭവനത്തിന് അസീസി ഭവനം എന്നു പേരിട്ടു. ഏകദിന ധ്യാനങ്ങളും താമസിച്ചുള്ള ധ്യാനങ്ങളും ആരംഭിച്ചു. തുടക്കത്തില്‍ എട്ടോളം പേരുമായി അഗതിമന്ദിരം ആരംഭിച്ചു. ഇന്ന് നൂറോളം മാനസിക രോഗികളെയും ആലംബഹീനരെയും പരിപാലിക്കുന്ന അമ്മമാരുടെ ഭവനവും പുരുഷന്മാരുടെ ശുശ്രൂഷയ്ക്കായി മറ്റൊരു ഭവനവും പ്രവര്‍ത്തിക്കുന്നു. നൂറിലധികംപേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന 11,000 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു അഗതിമന്ദിരം തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരില്‍ പൂര്‍ത്തിയായിരിക്കുന്നു. ഇവിടെയെല്ലാം വരുന്നവരെ തികച്ചും സൗജന്യമായാണ് താമസിപ്പിക്കുന്നത്. ആരോരുമില്ലാതെ അലഞ്ഞു തിരിയുന്ന മാനസിക രോഗികളെയും മറ്റും പോലീസും സാമൂഹ്യപ്രവര്‍ത്തകരും ഇവിടെ എത്തിക്കാറുണ്ട്. എല്ലാവരെയും സന്തോഷത്തോടെ സ്വീകരിച്ച് സ്‌നേഹത്തോടെ പരിചരിക്കുന്നു. സുമനസുകളുടെ സഹായത്തോടെ ഓരോ ദിനവും മുന്നോട്ടുപോകുന്നു.

അനേകരുടെ ആശ്രയകേന്ദ്രം
കേരളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളിലൊന്നായ അസീസി ഭവനില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന അസീസി ബൈബിള്‍ കണ്‍വന്‍ഷന് ഫാ.മാത്യു നായ്ക്കംപറമ്പില്‍, ഫാ. ഡൊമിനിക് വാളമനാല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡേവിസ് പട്ടത്ത്, ഫാ. ജോയ് ചെമ്പകശേരി തുടങ്ങിയ കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ ധ്യാനഗുരുക്കന്മാര്‍ പലപ്പോഴായി നേതൃത്വം വഹിച്ചിട്ടുണ്ട്. ഇതുവരെ അസീസി ഭവനില്‍ 32 വര്‍ഷം വാര്‍ഷിക കണ്‍വെന്‍ഷനുകള്‍ നടന്നിട്ടുണ്ട്. മദ്യപാനത്തിനും ജഡികാസക്തികളിലും മുഴുകിയിരുന്ന അനേകര്‍ക്ക് യേശുവിന്റെ മാര്‍ഗം തെളിച്ചു കൊടുക്കുന്നതിനും കുടുംബസമാധാനം ലഭിക്കുന്നതിനും അസീസി ഭവന്റെ ആത്മീയ ശുശ്രൂഷകള്‍ കാരണമായി. അസീസി ഭവനോടുചേര്‍ന്ന് ഒരേക്കറോളം സ്ഥലത്ത് വിശ്വാസികള്‍ക്ക് ധ്യാനിക്കുവാനായി കുരിശിന്റെ വഴിയും കൊന്തഗ്രാമവും ഒരുക്കിയിട്ടുണ്ട്. അനാഥരായ 12 കുട്ടികളെ അസീസി ഭവനം എടുത്തുവളര്‍ത്തിയിട്ടുണ്ട്. എംബിബിഎസ്, നഴ്‌സിങ്ങ് തുടങ്ങി വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ അവര്‍ പലരും വിവാഹം കഴിഞ്ഞ് നല്ല നിലയില്‍ കുടുംബജീവിതം നയിക്കുന്നു.

എഫ്എംഡിഎം സന്യാസിനി സഭ
2016 ഒക്‌ടോബര്‍ നാലിനാണ് ജോയ് ബ്രദര്‍ കോട്ടപ്പുറം രൂപതയ്ക്ക് കീഴില്‍ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ഡിവൈന്‍ മേഴ്‌സി (എഫ്എംഡിഎം) എന്ന പേരില്‍ സന്യാസിനി സഭ സ്ഥാപിക്കുന്നത്. ഇന്ന് സഭയില്‍ ആറ് സിസ്റ്റേഴ്‌സുണ്ട്. ആദ്യകാലത്ത് കൂടെയുണ്ടായിരുന്ന മേരി പൈലി രണ്ടുവര്‍ഷംമുമ്പ് ദൈവസന്നിധിയിലേക്ക് യാത്രയായി. സിസ്റ്റേഴ്‌സിന്റെ പരിശീലനത്തിനായുള്ള മഠത്തിന്റെ പണിയും പൂര്‍ത്തിയായിക്കഴിഞ്ഞു. മഠത്തിന്റെ നിര്‍മാണസമയത്ത് സമ്പത്തും മറ്റ് കാര്യങ്ങളും അത്ഭുതകരമായി കൂട്ടിച്ചേര്‍ക്കപ്പെട്ട നിരവധി ദൈവാനുഭവങ്ങള്‍ ഇവര്‍ക്കുണ്ട്. നാടുമുഴുവന്‍ വെള്ളത്തിനടിയിലായ 2018-ലെ വെള്ളപ്പൊക്കക്കാലത്ത് കുന്നിന്‍മുകളിലെ അസീസി ഭവനം നാട്ടുകാരുടെ മുഴുവന്‍ ആശ്രയമായിരുന്നു. പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അന്ന് അസീസി ഭവനിലായിരുന്നു.

അസീസി ഭവന്റെ യാത്രയ്ക്ക് പ്രാര്‍ത്ഥനകൊണ്ടും പ്രവര്‍ത്തനംകൊണ്ടും പിന്തുണകൊണ്ടും ഊര്‍ജം പകര്‍ന്ന ഒത്തിരിപ്പേരുണ്ട്. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവ് അസീസി ഭവന് നല്‍കിയ പിന്തുണയും പ്രാര്‍ത്ഥനയും അതേ രീതിയില്‍ ഇപ്പോഴത്തെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും തുടരുന്നു. അസീസി ഭവനിലെ മുഴുവന്‍സമയ ആത്മീയ ശുശ്രൂഷകള്‍ക്കായി ഫാ. ഷൈജന്‍ പനക്കലിനെ പിതാവ് നിയോഗിച്ചിട്ടുണ്ട്. ഓഫീസ് കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ബ്രദര്‍ ഗബ്രിയേല്‍ മുഴുവന്‍ സമയവുമുണ്ട്. സമൂഹത്തിനും സമുദായത്തിനും നല്‍കിയ സേവനങ്ങളെ മാനിച്ച് നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ജോയ് ബ്രദറിനെ തേടിയെത്തി. കേരള കത്തോലിക്കാ ബിഷപ് കൗണ്‍സില്‍ മൂന്നുതവണ ആദരിച്ചു. മനുഷ്യസ്‌നേഹി പുരസ്‌കാരവും കെഎല്‍സിഎ പ്രതിഭാപുരസ്‌കാരവും പ്രളയകാലത്ത് നാടിന് നല്‍കിയ സേവനങ്ങളെ മാനിച്ച് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവും ബ്രദറിന് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലതുമാത്രം. പുരസ്‌കാരങ്ങളെക്കാള്‍ ജോയ് ബ്രദറിനെ സന്തോഷിപ്പിക്കുന്നത് അസീസി ഭവനിലെ അന്തേവാസികളുടെ ചിരിക്കുന്ന മുഖമാണ്.

ജോയ് ബ്രദറിന്റെ ഓരോ ദിനവും ഒരോ ദൈവാനുഭവമാണ്. ഒന്നുമില്ലായ്മയില്‍നിന്നും ഇത്രയും വളര്‍ത്തി ദൈനംദിനം കൈപിടിച്ചു നടത്തുന്ന ദൈവാനുഭവം. 21-കാരന്‍ ചാരായക്കച്ചവടക്കാരനില്‍നിന്നും 66-കാരന്‍ അസീസി ജോയിയിലേക്ക് കൈപിടിച്ചു നടത്തിയ ദൈവാനുഭവം. ഒരു നാടിനെ മൊത്തം ആത്മീയതയിലേക്ക് കൈപിടിച്ചു നടത്താന്‍ ദൈവം കൂടെ നടന്ന ദൈവാനുഭവം. ഇവിടെയാണ് ഈ കുറിയ മനുഷ്യന്‍ വ്യത്യസ്തനാകുന്നത്. ഇനിയും ഒരുപിടി മനുഷ്യാത്മാക്കളെക്കൂടി രക്ഷയുടെ തുരത്തിലേക്ക് നയിക്കാനുള്ള ഉറച്ച നിശ്ചയവുമായി ജോയ് ബ്രദറിന്റെ സുവിശേഷവഞ്ചി മുന്നോട്ടുള്ള പ്രയാണം തുടരുന്നു. ഫോണ്‍: 9446276294.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?