Follow Us On

03

May

2024

Friday

തോല്‍ക്കാന്‍ പഠിക്കുക

തോല്‍ക്കാന്‍ പഠിക്കുക

ജെയ്‌മോന്‍ കുമരകം

പരീക്ഷയില്‍ ഫിസിക്‌സിന് തോല്‍ക്കുമോ എന്ന് ഭയന്ന് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് ഇന്നും നമ്മുടെ ഓര്‍മ്മയിലുണ്ടാകും. വീട്ടുകാരെ മാത്രമല്ല ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അത്. എന്നാല്‍ റിസല്‍ട്ടുവന്നപ്പോള്‍ ആ കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. എന്നാല്‍ മരണത്തിലേക്ക് ആ കുട്ടിയെ തള്ളിയിടാന്‍ മാത്രമുള്ള മാനസികസമ്മര്‍ദ്ദത്തിലാക്കിയത് ആരായിരിക്കും?

കുട്ടികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമേറുന്നുവെന്നും മാനസിക വൈകല്യം വര്‍ധിക്കുന്നുവെന്നും അടുത്ത കാലത്ത് ധാരാളം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിന് പ്രധാന കാരണം, മാതാപിതാക്കളുടെ കടുത്ത മത്സരമനോഭാവങ്ങളാണ്. വളരെയേറെ പ്രയത്‌നിച്ചാലും അതൊന്നും ‘പോരാ..പോരാ…’ എന്ന നിലപാടും കുട്ടികളോട് സ്വീകരിക്കുന്ന കാര്‍ക്കശ്യ മനോഭാവവും ഇളം മനസുകളെ ഉത്കണ്ഠാകുലമാക്കുന്നു. മാതാപിതാക്കളുടെ അഭീഷ്ടത്തിനൊത്ത് തങ്ങള്‍ക്ക് ഉയരാനാവുമോ എന്ന ടെന്‍ഷന്‍ മക്കളെ വീര്‍പ്പുമുട്ടിക്കുന്നു. കുഞ്ഞുമനസുകളില്‍ മത്‌സരബുദ്ധിയുടെ മരുന്ന് ഇഞ്ചക്ട് ചെയ്ത് പോരാടാനുള്ള കൊത്തുകോഴികളായി മക്കളെ രൂപപ്പെടുത്തുന്നു.

കാനഡയിലുള്ള സ്‌നേഹിതന്‍ പറഞ്ഞത് അവിടെയും കുട്ടികള്‍ക്കിടയില്‍ നടത്തുന്ന മത്സരങ്ങളെക്കുറിച്ചാണ്. പക്ഷേ ഇവിടെ ഒന്നാമതെത്തുന്നവര്‍ക്കല്ല സമ്മാനം. പങ്കെടുക്കുന്ന എല്ലാവര്‍ക്കുമുണ്ട്. എല്ലാവരെയും തോല്പിച്ച് എനിക്ക് ഒന്നാമനാകണം എന്ന ആഗ്രഹമല്ല ഇവിടുത്തെ സ്‌കൂളുകളില്‍നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്. തന്നെക്കാളും താഴ്ന്നവരെയും ഒന്നാമതെത്തിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്.

ഏതാനും വര്‍ഷം മുമ്പ് രണ്ട് കുട്ടികളുടെ പരാജയത്തിലൂടെ നൂറു ശതമാനം വിജയം നഷ്ടപ്പെട്ടപ്പോള്‍ ഒരു പ്രമുഖ സ്‌കൂളിലെ പ്രിന്‍സിപ്പലിന് ആദ്യം എല്ലാവരെയും പോലെ ഇച്ഛാഭംഗം തോന്നി. ഒരു പതിറ്റാണ്ടിലേറെയായി ആ സ്‌കൂള്‍ നൂറ് ശതമാനം വിജയത്തില്‍ നിന്നും തെല്ലും പിന്നോട്ട് പോയിട്ടില്ല. എന്നാല്‍ പതിവില്ലാത്തത് ഇപ്പോള്‍ സംഭവിച്ചതില്‍ എല്ലാ അധ്യാപകരും മനോവിഷമത്തിലായിരുന്നു. പ്രിന്‍സിപ്പല്‍ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് ഇങ്ങനെയാണ് പറഞ്ഞത്..”കുറേ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയം മാത്രമാണ് നമുക്കെന്നും ലഭിക്കാറുള്ളതെന്ന് നാം അഹങ്കരിച്ചു. അതുകൊണ്ട് തന്നെ ഈ പരാജയം ഏറ്റവും മധുരമുള്ളതായി കാണണം. ജീവിതത്തില്‍ വിജയം മാത്രമല്ല, പരാജയങ്ങളും ഉണ്ടാകുമെന്ന് നമുക്ക് കുട്ടികളെ ഇനി ധൈര്യമായി പഠിപ്പിക്കാന്‍ കഴിയും.” പ്രത്യാശ നിറഞ്ഞ ആ വാക്കുകള്‍ ടീച്ചേഴ്‌സിന്റെ മാനസികഭാരത്തെ എത്രയധികമായി ലഘൂകരിച്ചിട്ടുണ്ടാകും.

മത്സരങ്ങള്‍ വിജയിക്കാന്‍ മാത്രം രൂപപ്പെടുത്തിയിട്ടുള്ളതാണ് എന്ന ബോധ്യമാണ് നമ്മുടെ പുതിയ തലമുറക്ക് ഇന്നുള്ളത്. പരാജയപ്പെടുന്നവന്‍ സമൂഹത്തില്‍ നിര്‍ഗുണനാണ് എന്ന തെറ്റിധാരണയുമുണ്ട്. പരാജയപ്പെടുന്നവരോട് സമൂഹം കാട്ടുന്ന അവഗണനയും ഉപേക്ഷയും വിജയം മാത്രമാണ് നേട്ടമെന്ന ചിന്ത എല്ലാവരിലും വളര്‍ത്തിയിരിക്കുന്നു. ഇങ്ങനെ വിജയത്തിന്റെ മൂശയില്‍ മാത്രം രൂപപ്പെടുത്തുന്നതുകൊണ്ടാണ് ജീവിതത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന തോല്‍വികളെ നേരിടാന്‍ കഴിയാതെ പലരും പിന്തിരിയുന്നത്. വിജയവും പരാജയവും നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പരാജയങ്ങളെ ഒരിക്കലും ഭയപ്പെടേണ്ടി വരുമായിരുന്നില്ല.

കഴുത പഠിപ്പിച്ച പാഠം
വളരെയേറെ പ്രാര്‍ത്ഥിക്കുകയും ഇടവകജനത്തിനായി സ്വയം ഉരുകിത്തീരുകയും ചെയ്‌തൊരു വിശുദ്ധ വൈദികനായിരുന്നു ഫാ. എമിലിന്‍ ടര്‍ഡിഫ്. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ജനം ഏറെ ഇഷ്ടപ്പെട്ടു. പ്രാര്‍ത്ഥനയിലൂടെയും അച്ചന്റെ ഉത്തമ മാതൃകയിലൂടെയും അവരെല്ലാം ആത്മീയതയില്‍ ബഹുദൂരം മുന്നേറി. മുടങ്ങാതെ അവര്‍ കൂദാശകളില്‍ സജീവമായി. ആ സമയത്താണ് തൊട്ടടുത്ത ഇടവകയിലെ വികാരിയച്ചന്‍ ശാരീരികക്ഷീണം മൂലം മൂന്നുമാസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നത്. ആ വൈദികന്റെ ഇടവകസമൂഹമാകട്ടെ എല്ലാത്തരം തിന്മകളുടെയും വിളനിലമായിരുന്നു. മൂന്നുമാസത്തേക്ക് ഈ ഇടവകയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഫാ. എമിലിനോട് ബിഷപ് നിര്‍ദേശിച്ചു.

ഇഷ്ടമില്ലാതിരുന്നിട്ടും ബിഷപ്പിനെ അനുസരിച്ച് അദേഹം ആ ഇടവകയിലേക്ക് പോയി. കഠിനമായ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അച്ചന്‍ ഇടവകജനത്തെ ക്രിസ്തുവിലേക്ക് നയിച്ചു. മെഡിക്കല്‍ ലീവൊക്കെ കഴിഞ്ഞ് ആ ഇടവകയിലെ വികാരിയച്ചന്‍ തിരിച്ചെത്തിയതോടെ പഴയ ഇടവകയിലേക്ക് മടങ്ങിക്കൊളളാന്‍ ഫാ. എമിലിനോട് ബിഷപ് നിര്‍ദേശിച്ചു. എന്നാല്‍ ജനത്തിനുണ്ടായ മാനസാന്തരം കണ്ട് സന്തുഷ്ടനായ മെത്രാന്‍ ഈ ഇടവകയില്‍ തുടരാന്‍ തന്നെ അനുവദിക്കുമെന്നാണ് എമിലിന്‍ അച്ചന്‍ പ്രതീക്ഷിച്ചത്. അധാര്‍മികതയില്‍ മുങ്ങിക്കുളിച്ച് കിടന്നൊരു ഇടവകയെ കഠിനാധ്വാനത്തിലൂടെ ആത്മീയമായി ഉയര്‍ത്തിയിട്ടും രൂപതാധ്യക്ഷനോ സഹവൈദികരോ ഒരു വാക്കുപോലും തന്നോട് പറഞ്ഞില്ലല്ലോ എന്ന നൊമ്പരം അദേഹത്തെ വല്ലാതെ തളര്‍ത്തി. വിജനമായ ബസ് സ്റ്റോപ്പിലിരിക്കുമ്പോള്‍ തന്റെ ദൈവവിളിയെക്കുറിച്ച് പോലും അദേഹത്തിന് സംശയമായി.

അങ്ങനെ മാനസികമായി തളര്‍ന്ന് നില്‍ക്കുമ്പോള്‍, റോഡിന് എതിര്‍വശത്ത് ഒരു കഴുത ഒറ്റയ്ക്ക് നില്‍ക്കുന്നത് അച്ചന്‍ കണ്ടു. ഈ കഴുത സംസാരിക്കുന്നതു പോലെ അച്ചന് തോന്നി. കഴുത ചിരിച്ചുകൊണ്ട് പറഞ്ഞു. ”അച്ചാ, അങ്ങേക്കെന്താണിത്ര വിഷമം? ഇതേ അവസ്ഥയിലൂടെ ഒരിക്കല്‍ ഞാനും കടന്നുപോയതാണ്. ഒരു ദിവസം ഞാന്‍ ക്രിസ്തുവിനെ പുറത്തുകയറ്റി ജറുസലേമിലേക്ക് പോയത് എന്റെ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ആഹാ എത്ര രസകരമായിരുന്നു. കുട്ടികളുടെ ബാന്റ് മേളം. വഴിയായ വഴിയെല്ലാം പൂക്കളും തുണികളും. മുതിര്‍ന്നവര്‍ പാട്ടുപാടുന്നു. ഇതെല്ലാം എനിക്കുവേണ്ടിയാണെന്നോര്‍ത്തപ്പോള്‍ എനിക്കുണ്ടായ ആഹ്ലാദം പറയാനാവില്ല. ജറുസലേം ദൈവാലയത്തിലേക്ക് ക്രിസ്തു കയറിപ്പോയി. ഞാന്‍ ഒറ്റക്ക് തിരിച്ചുപോന്നു.

തിരിച്ചുവരുമ്പോള്‍ വഴിയിലൊന്നും ആരുമില്ല. എനിക്ക് കരച്ചില്‍ വന്നു. ഇങ്ങനെ മനുഷ്യരെല്ലാം മാറിപ്പോയല്ലോ എന്ന് ഓര്‍ത്ത് ഞാനുറക്കെ കരഞ്ഞുതുടങ്ങി. അപ്പോള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി. ജറുസലേമിലേക്ക് പോയപ്പോള്‍ എന്റെ പുറത്തിരുന്നത് ക്രിസ്തുവായിരുന്നു. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ ക്രിസ്തു ഉണ്ടായിരുന്നില്ല. ജനം ബഹുമാനിച്ചത് എന്നെയല്ല എന്റെ പുറത്തിരുന്ന ക്രിസ്തുവിനെയാണ്. യേശുവില്ലാത്തപ്പോള്‍ ഞാന്‍ വെറുമൊരു മൃഗം മാത്രം. ക്രിസ്തുവുള്ളപ്പോള്‍ ഞാന്‍ ബഹുമാനിക്കപ്പെടുന്നു. അതോടെ എന്റെ സങ്കടമെല്ലാം പമ്പകടന്നു. അച്ചന്റെ കാര്യവും ഇങ്ങനെ തന്നെ. അസന്മാര്‍ഗികതയില്‍ മുഴുകിയ ദേശത്ത് അച്ചന്‍ യേശുവിനെ കൊടുത്തു. അവരുടെ ജീവിതം മാറി, കുടുംബങ്ങള്‍ നവീകരിക്കപ്പെട്ടു. അവര്‍ അതിന്റെ സന്തോഷത്തിലാണ്. അവിടം കൊണ്ടു അച്ചന്റെ ജോലി തീര്‍ന്നു. ഇനി അടുത്ത സ്ഥലത്തേക്ക് പോവുക, അവിടെ ക്രിസ്തുവിനെ കൊടുക്കുക.”

ഇത്രയും പറഞ്ഞശേഷം കഴുത നടന്നുപോയി. അച്ചന്‍ സ്തബ്ധനായി അങ്ങനെ കുറെ നേരം നിന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ കഴുതയൊന്നും സംസാരിച്ചില്ല. സംസാരിച്ചതത്രയും ദൈവമായിരുന്നു. ഏതായാലും വ്യക്തമായൊരു ഉള്‍ക്കാഴ്ച ലഭിച്ചതോടെ ഫാ. എമിലിന്റെ എല്ലാ സങ്കടവും മാറി.
ആത്മീയ ജീവിതം നയിക്കുന്നവരെല്ലാം നേരിടുന്ന പ്രതിസന്ധി തന്നെയാണിത്. എല്ലാത്തിലുമിപ്പോള്‍ മാന്ദ്യം.. കൊറോണക്കാലത്തെ കടുത്ത ശൂന്യതക്കുശേഷം ആളുകള്‍ പഴയതുപോലെ ധ്യാനകേന്ദ്രങ്ങളിലെത്തുന്നില്ല, ദൈവാലയങ്ങളിലും സജീവത്വമില്ല. പ്രാര്‍ത്ഥനകളിലും ആത്മീയാനുഷ്ഠാനങ്ങളിലും മുന്നില്‍ നിന്നവരൊക്കെയും പിന്നിലേക്ക് പോയിരിക്കുന്നു. അവരൊക്കെ ഇതിനുമുമ്പുവരെ എത്രയോ സജീവമായിരുന്നു. എത്രയോ ഭൗതികമായ അനുഗ്രഹങ്ങളാണ് അവരൊക്കെയും ഇതുവഴി സ്വന്തമാക്കിയത്. ഇങ്ങനെ ചിന്തിച്ചാല്‍ നമ്മളും എമിലിന്‍ അച്ചനെപ്പോലെ ദുഃഖിതരാകും. ക്രിസ്തു ഒപ്പമില്ലാത്തപ്പോഴാണ് ഈ അവസ്ഥ. ദൈവം കൂടെയുള്ളപ്പോള്‍ നാം ശക്തരായി മാറുന്നു. ദൈവം കൂടെ ഉള്ളവരായി നമുക്ക് മുന്നേറാം,..

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?