Follow Us On

02

May

2024

Thursday

ഉയരരോഗങ്ങള്‍ കണ്ടുപിടിച്ച പ്രകൃതിസ്‌നേഹി

ഉയരരോഗങ്ങള്‍ കണ്ടുപിടിച്ച  പ്രകൃതിസ്‌നേഹി

ബിജു ഡാനിയേല്‍

ഉയരങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് അസുഖങ്ങളായും മാറുന്ന അനുഭവങ്ങളുണ്ട്. ഇപ്രകാരമുള്ള അസുഖങ്ങള്‍ ഇന്ന് അറിയപ്പെടുന്നത് അക്കോസ്റ്റാസ് രോഗങ്ങള്‍ (Acostas diseases) എന്നാണ്. ഇത്തരം രോഗങ്ങള്‍ കണ്ടുപിടിച്ചത് സ്പാനിഷ് ഈശോസഭാ വൈദികനായ ഫാ. ജോസ് ഡി അക്കോസ്റ്റ ആയതിനാലാണ് ഈ രോഗങ്ങള്‍ ഇപ്രകാരം അറിയപ്പെടുന്നത്. ഇദ്ദേഹം ലാറ്റിനമേരിക്കയിലെ പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു.

സ്‌പെയിനിലെ മെദീന ദെല്‍ കാമ്പോയിലായിരുന്നു ജനനം. സ്വാംപീ നദി സപാര്‍ഡിയേലിന്റെ ഇടതുതീരത്തുള്ള ലാ മോട്ടയെന്ന പഴയ കൊട്ടാരത്തിന്റെ സൂക്ഷിപ്പുകാരായിരുന്നു മാതാപിതാക്കള്‍. ഇവര്‍ക്ക് അഞ്ച് ആണ്‍മക്കളും. 1553-ല്‍ പതിമൂന്നാം വയസില്‍ അക്കോസ്റ്റ ഈശോസഭയില്‍ ചേര്‍ന്നു. പിന്നീട് നാലു സഹോദരന്മാരും ഇതേവഴിതന്നെ പിന്തുടര്‍ന്നു. സ്‌പെയിന്‍ വിടുന്നതിനുമുമ്പ് ജോസ് ഡി അക്കോസ്റ്റ ഒക്കാനയിലെ തിയോളജി പ്രഫസറായിരുന്നു. 1569-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലേക്ക് അദ്ദേഹം അയക്കപ്പെട്ടു.

32-ാം വയസിലാണ് അക്കോസ്റ്റ സ്‌പെയിന്‍ വിടുന്നത്. ലിമായില്‍ എത്തിയപ്പോള്‍ പെറുവിലെ വൈസ്‌റോയിയെ പെറുവിന്റെ ഉള്‍പ്രദേശങ്ങളുടെ ഭരണത്തില്‍ സഹായിക്കാനുള്ള കല്പന അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. ആന്‍ഡീസ് മലനിരകള്‍ കടന്നുവേണമായിരുന്നു അദ്ദേഹത്തിന് ഈ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍. സ്‌പെയിനില്‍നിന്നും കൂടെവന്ന പതിനഞ്ചോളം സഹചരന്മാരോടൊപ്പം ഹ്യൂറോചിരി പ്രൊവിന്‍സിലെ 14,000 അടി ഉയരമുള്ള പാരിയക്കാക്ക മലവഴികളിലൂടെയായിരുന്നു അവര്‍ക്ക് പോകേണ്ടിയിരുന്നത്. 100 കിലോമീറ്റര്‍ സഞ്ചരിച്ച് 18 ലീഗ് രാജ്യങ്ങളും കടന്നായിരുന്നു അവരുടെ യാത്ര. പ്രകൃതിരമണീയമായ വനദൃശ്യങ്ങളും സുന്ദര ഭൂപ്രദേശങ്ങളും അക്കോസ്റ്റയെ ഏറെ ആകര്‍ഷിച്ചു. എന്നാല്‍ കാലാവസ്ഥയും അന്തരീക്ഷ സ്ഥിതിയിലെ വ്യതിയാനങ്ങളും എല്ലാവരിലും വലിയ അസ്വാസ്ഥ്യങ്ങള്‍ ഉളവാക്കി. അസ്വസ്ഥതകള്‍ ഉളവാക്കുന്ന അന്തരീക്ഷഘടകങ്ങളിലുള്ള ഇത്തരം പ്രതലങ്ങളെ 1570-ല്‍ അദ്ദേഹം കണ്ടുപിടിച്ചിരുന്നു. ഉയരം കൂടുമ്പോഴുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് വിശദീകരിച്ച ആദ്യ വ്യക്തികളിലൊരാളായിരുന്നു ഫാ. അക്കോസ്റ്റ.

ട്രിറ്റിക്കാക്ക നദിയുടെ തീരത്തുള്ള ചെറുപട്ടണമായ ജൂലിയില്‍ ഈശോസഭക്കാരുടെ പ്രധാനകേന്ദ്രം സ്ഥിതിചെയ്തിരുന്നു. അവിടെ അവര്‍ ഒരു കോളജ് ആരംഭിച്ചു. പെറുവിലെ താമസസമയത്ത് ഭൂരിഭാഗസമയവും ജൂലിയിലായിരുന്നു അക്കോസ്റ്റ ചെലവഴിച്ചിരുന്നത്. 1577-ല്‍ ഇവിടെവച്ചാണ് അദ്ദേഹം ധൂമകേതുവിനെ വീക്ഷിച്ചത്. ചക്രവാളത്തില്‍നിന്നും പരമോന്നത ഭാഗങ്ങളിലേക്ക് പ്രവഹിക്കുന്ന അഗ്നിജ്വാലയുടെ ഗോളമായിട്ടാണ് ധൂമകേതുവിനെ അദ്ദേഹം കണ്ടത്. നാച്വറല്‍ ഹിസ്റ്ററി ഓഫ് ദി ഇന്‍ഡീസ് പോലുള്ള അനേകം പഠനഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ തയാറാക്കിയതും ഇവിടെവച്ചായിരുന്നു.

വൈസ്‌റോയി ടെലീഡോയുടെ കാലാവധി തീരാറായപ്പോഴേക്കും അക്കോസ്റ്റ പെറുവിന്റെ അധോഭാഗങ്ങളില്‍നിന്നും ലിമായിലേക്ക് വന്നിരുന്നു. അവിടെ ടെലീഡോ ആരംഭിച്ച ലീമായിലെ സെന്റ് മാര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രവിഭാഗം അധിപനായും പ്രഭാഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഫാ. അക്കോസ്റ്റ ധാരാളം കോളജുകള്‍ ആരംഭിച്ചു. പ്രൊവിന്‍സിന്റെ എല്ലാ ദിശകളിലും സഞ്ചരിച്ചും ആള്‍ക്കാരുമായി സംവദിച്ചും നിരന്തരം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ആ പ്രദേശങ്ങളെക്കുറിച്ച് അഗാധമായ അവബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. ലിമ മൂന്നാം കൗണ്‍സിലിന്റെ 1582-ലെ സെഷനില്‍ ചരിത്രകാരനടുത്ത പ്രാവീണ്യം ഫാ. അക്കോസ്റ്റ പ്രകടമാക്കി. ലിമായിലെ മൂന്നാം കൗണ്‍സില്‍ കഴിഞ്ഞ ഉടനെ തന്റെ 15 വര്‍ഷത്തെ രചനാരേഖകളും കയ്യെഴുത്തുപ്രതികളുമായി അദ്ദേഹം മെക്‌സിക്കോയിലേക്ക് യാത്രയായി. പോകുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം സംസ്‌കാരം, മതം, പ്രകൃതിദത്ത വിഭവങ്ങള്‍ എന്നിവയുടെ അറിവുകളും അവ തെളിയിക്കാനാവശ്യമായ വസ്തുക്കളും അദ്ദേഹം ശേഖരിച്ചിരുന്നു.

1585-ല്‍ ഫിലിപ്പ് രണ്ടാമന്‍ രാജാവിന്റെ ക്ഷണപ്രകാരം ഫാ. ജോസ് ഡി അക്കോസ്റ്റ സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. ഇത് അലോണ്‍ഡോ സാന്‍ഖെസിന്റെ ചൈന കീഴടക്കല്‍ ദൗത്യത്തെ പരാജയപ്പെടുത്താനായിട്ടായിരുന്നു. സ്‌പെയിനില്‍ റോമന്‍ കോളജിലെ ദൈവശാസ്ത്രപീഠത്തിന്റെ സാരഥ്യവും വല്ലഡോളിഡിലെ ഈശോസഭക്കാരുടെ കോളജുകളുടെ നേതൃത്വവും മറ്റു പ്രധാന ഉത്തരവാദിത്വങ്ങളോടൊപ്പം ഫാ. അക്കോസ്റ്റ വഹിച്ചിരുന്നു. അറുപതാമത്തെ വയസില്‍ മരിക്കുന്നതുവരെ സാലമാന്‍ക കോളജിന്റെ റെക്ടറുമായിരുന്നു.

1567 മുതല്‍ 1583 വരെയുള്ള കാലഘട്ടത്തിലെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലുകളുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയതു കൂടാതെ ദൈവശാസ്ത്രമേഖലയിലെ അറിയപ്പെടുന്ന രചയിതാവുമായിരുന്നു ഫാ. അക്കോസ്റ്റ. അദ്ദേഹത്തിന്റെ പ്രകൃതിപഠനരേഖകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അതില്‍ മുഖ്യമായത് ‘പ്രകൃതിപരവും ധാര്‍മികമായവയുടെയും ചരിത്രം’ (Historia Natuaraly Moral) എന്ന ഗ്രന്ഥമാണ്. ഇന്‍ക, ആസ്‌ടെക് വംശീയരുടെ ശൈലികളും ചരിത്രവും കൂടാതെ അവരുടെ ജീവിതസാഹചര്യങ്ങളിലെ കാറ്റ്, നദികള്‍, അരുവികള്‍, തിരകള്‍, ചെടികള്‍, മൃഗങ്ങള്‍ എന്നിവയുടെ വിവരണങ്ങളും ധാതുലവണങ്ങളുടെ വൈവിധ്യങ്ങളും ഈ ഗ്രന്ഥത്തില്‍ ഫാ. അക്കോസ്റ്റ രേഖപ്പെടുത്തിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?