Follow Us On

22

December

2024

Sunday

സംവിധാനങ്ങളുടെ ഇരകള്‍

സംവിധാനങ്ങളുടെ ഇരകള്‍

ഫാ. മാത്യു ആശാരിപറമ്പില്‍

നാല് കോഴികളെ ഇടാവുന്ന ഒരു കൂട്ടില്‍ ഇരുപത് കോഴികളെ പാര്‍പ്പിച്ചാല്‍ അവ പരസ്പരം കൊത്തും, ആക്രമിക്കും. കോഴികളുടെ ഈ ആക്രമണരീതി സ്വാഭാവികശൈലിയല്ല, മറിച്ച് അപര്യാപ്ത സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നതിന്റെ ബാഹ്യസ്ഫുരണങ്ങളാണ്. പത്ത് പശുക്കളെ കെട്ടാവുന്ന തൊഴുത്തില്‍ നാല്‍പത് പശുക്കളെ അന്തിയുറങ്ങാന്‍ കെട്ടിയാല്‍ ഒന്നുപോലും ഉറങ്ങില്ല എന്നുമാത്രമല്ല, പരസ്പരം കുത്തിയും ആക്രമിച്ചും ചുറ്റുവട്ടങ്ങളെപ്പോലും അസ്വസ്ഥമാക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ പശുക്കളെ ആക്രമകാരികളാക്കുന്നത് അവയുടെ ജീവിതസാഹചര്യവും ആവാസസംവിധാനങ്ങളുമാണ്. തികച്ചും അപര്യാപ്തവും അരക്ഷിതവുമായ സാഹചര്യത്തില്‍ എല്ലാ ജീവികളും നിലനില്‍പിനായ പോരാട്ടത്തില്‍ അക്രമണകാരികളായി മാറിയേക്കാം.

കേരളത്തില്‍, റോഡുകളില്‍ പുതിയ ക്യാമറകള്‍വച്ച സാഹചര്യത്തിലാണ് ഈ ചിന്ത മനസില്‍ വളര്‍ന്നുവരുന്നത്. ചിലരൊക്കെ അശ്രദ്ധമായും അപക്വമായും വാഹനങ്ങള്‍ ഓടിച്ച് അപകടത്തില്‍പെട്ടു പോകാറുണ്ട്. എന്നാല്‍ മഹാഭൂരിപക്ഷം ഡ്രൈവര്‍മാരും ശ്രദ്ധയോടും കരുതലോടുംകൂടി വാഹനം ഓടിക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നവരുമാണ്. സുരക്ഷിതമായി വാഹനമോടിച്ച് വേഗത്തില്‍ പ്രിയപ്പെട്ടവരുടെ അടുത്തെത്തി സന്തോഷിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം… എന്നാല്‍ എന്തുകൊണ്ടാണ് ഇത്രമാത്രം അപകടങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നത്? റോഡുകളുടെ അപര്യാപ്തതയും ശോചനീയ നിലവാരവുമാണ് അപകടങ്ങള്‍ വര്‍ധിക്കുവാനുള്ള മുഖ്യകാരണം.

കേരളത്തില്‍ റോഡുകള്‍ ഏറെ നന്നായിട്ടുണ്ട് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ കുഴികളും കല്ലുകളും നിറഞ്ഞ്, അപായസൂചനകള്‍ സ്ഥാപിക്കാതെ, അശാസ്ത്രീയമായ വളവുകളും തിരിവുകളുമുള്ള, മറ്റ് അപര്യാപ്തമായ സംവിധാനങ്ങളും ചേര്‍ന്നാണ് റോഡില്‍ ആയിരങ്ങള്‍ ജീവന്‍ പൊലിയുവാന്‍ ഇടയാക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് പുതിയ വാഹനങ്ങളാണ് റോഡില്‍ ഇറങ്ങുന്നത്. എന്നാല്‍ അവയെ ഉള്‍ക്കൊള്ളാന്‍മാത്രം വിശാലതയോ ഗുണനിലവാരമോ ഇപ്പോഴുള്ള റോഡുകള്‍ക്കുണ്ടോ?

മാതൃകകള്‍ ഏറെ
ഈ ദിവസങ്ങളില്‍ മൈസൂര്‍-ബംഗളൂരു പുതിയ എക്‌സ്പ്രസ് ഹൈവേയിലൂടെ വാഹനമോടിച്ച് യാത്ര ചെയ്തു. ഏകദേശം 140 കിലോമീറ്റര്‍ ദൂരം പിന്നിടുവാന്‍ കഷ്ടി ഒന്നര മണിക്കൂര്‍ മാത്രമേ ആവശ്യമുള്ളൂ. ഓരോ ഭാഗത്തേക്കും മൂന്നുനിരവച്ച് ആറുവരിയാണ് മുഖ്യറോഡ്. ഇതിനുപുറമെ രണ്ട് വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലുള്ള സര്‍വീസ് റോഡ്. മൊത്തം പത്തുവരി റോഡ്. ലൈന്‍ കൃത്യമായി പാലിച്ച് ഏതു വേഗത്തില്‍ വേണമെങ്കിലും യാത്ര ചെയ്യാം. സൗകര്യപ്രദമായ റോഡുകളും ശാസ്ത്രീയമായ നിര്‍മാണരീതികളും യാത്രക്കാര്‍ക്കും ഓടിക്കുന്നവര്‍ക്കും നല്‍കുന്ന സംതൃപ്തി ഏറെ വലുതാണ്.

അമേരിക്കയില്‍ പോയപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അവിടുത്തെ റോഡുകളും യാത്രാസംവിധാനങ്ങളുമാണ്. നമ്മുടെ നാട്ടില്‍ കാണുന്ന ഓരോ വാഹനങ്ങള്‍മാത്രം കടന്നുപോകുന്ന റോഡുകള്‍ മുതല്‍ പന്ത്രണ്ടുനിര വാഹനങ്ങള്‍ ഒരു വശത്തേക്കും അത്രതന്നെ മറുവശത്തേക്കും യാത്ര ചെയ്യാവുന്ന വീതിയേറിയ ദേശീയ ഹൈവേകളും നമ്മെ അത്ഭുതപ്പെടുത്തും. ഇന്ത്യയുടെ അഞ്ചിരട്ടി വലുപ്പവും എന്നാല്‍ നാലിലൊന്നുമാത്രം ജനസംഖ്യയുമുള്ള ഒരു രാജ്യത്തിന്റെ ഗതാഗതസംവിധാനങ്ങള്‍ എത്ര സുന്ദരമാണ്. ഈ നാടിന്റെ പത്തിരട്ടി സൗകര്യങ്ങള്‍ റോഡുകളില്‍ അവര്‍ ഒരുക്കിയിരിക്കുന്നു. നിയമങ്ങള്‍ കര്‍ശനമായി ഓരോരുത്തരും പാലിക്കുന്നു.

നമ്മള്‍ കൊട്ടിഘോഷിക്കുന്ന നാഷണല്‍ ഹൈവേകള്‍പോലും നാലുവരിയോ ആറുവരിയോ മാത്രമേയുള്ളൂ… എന്നിട്ടും അന്താരാഷ്ട്ര നിലവാരമെന്ന് നാം ‘തള്ളിമറിക്കും.’ റോഡില്‍ എവിടെയെങ്കിലും യാത്രയ്ക്ക് വിഘാതമോ നിര്‍മാണപ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ കിലോമീറ്ററുകള്‍ക്ക് മുന്‍പുതന്നെ നമുക്ക് മുന്നറിയിപ്പ് നല്‍കും. ഏത് അപകടസാഹചര്യത്തെക്കുറിച്ചും നമ്മളെ ഓര്‍മപ്പെടുത്തും. റോഡിന്റെ നടുവില്‍ കുഴി എടുത്തിട്ട്, അപായസൂചനയുടെ ഒരു ബോര്‍ഡുപോലും വയ്ക്കാത്തതിനാല്‍ കുഴിയിലും വശങ്ങളിലും വീണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ നൂറുകണക്കിന് കഥകള്‍ ഓരോ വര്‍ഷവും ഇവിടെ നമ്മള്‍ കേള്‍ക്കുന്നു. അവിടെ സംഭവിച്ചാല്‍ കൊലക്കേസില്‍ ഉദ്യോഗസ്ഥന്‍ പ്രതിയാകും.

അമേരിക്കയില്‍ ഒരു വാഹനവും ലൈന്‍ തെറ്റിച്ച് വരില്ല. പക്ഷേ അപര്യാപ്തമായ സാഹചര്യത്തില്‍ ധൃതിയില്‍ എത്താന്‍ മനസ് തീരുമാനിച്ചാല്‍ എന്തു ലൈന്‍? മറ്റുള്ളവരുടെ സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സംസ്‌കാരം ഇവിടെ വളര്‍ന്നുവരാന്‍ ഏറെ സൂര്യാസ്തമയങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രാകൃതനിയമമാണ് എല്ലാവരെയും നിയന്ത്രിക്കുന്നത്. കുഴിയില്‍ വീണ് മരിച്ചവനും പൈപ്പിടാന്‍ എടുത്ത ഗര്‍ത്തങ്ങളില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ടവനും കേബിള്‍ കഴുത്തില്‍ കുടുങ്ങി ജീവിതം തീര്‍ന്നവനും ഹംമ്പുകളില്‍ തെറിച്ചുപോയവനുമൊക്കെ മരണമടഞ്ഞത് സംവിധാനങ്ങളുടെ ക്രൂരമായ ഭീകരതകൊണ്ടല്ലേ? തെറ്റായ സംവിധാനങ്ങളില്‍നിന്ന് രക്ഷപ്പെടുവാനുള്ള വെപ്രാളത്തില്‍ ചില നിയമങ്ങള്‍ തെറ്റിക്കാന്‍ ജനം നിര്‍ബന്ധിതരാകുകയാണ്.

കോടികള്‍ എവിടെ?
കോടിക്കണക്കിന് രൂപയാണ് റോഡുനികുതി എന്നുപറഞ്ഞ് വാഹനങ്ങളില്‍നിന്ന് ഓരോ വര്‍ഷവും ഈടാക്കുന്നത്. റോഡുകള്‍ യാത്രക്ക് സുഗമമാകുന്നതിനുവേണ്ടിയാണ് ഈ തുക സമാഹരിക്കുന്നത്. അതിന്റെ പത്തിലൊന്ന് തുകയെങ്കിലും റോഡില്‍ ചെലവഴിച്ചിരുന്നെങ്കില്‍ നമ്മുടെ റോഡുകള്‍ എത്രയോ സുന്ദരമാകുമായിരുന്നു! ഈ തുക സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്കായി മാറ്റിച്ചെലവഴിക്കുകയാണ്.

തികച്ചും അപര്യാപ്തവും അശാസ്ത്രീയവുമായ റോഡുകളില്‍ കുത്തിനിറഞ്ഞ് വാഹനങ്ങള്‍ ഓടുമ്പോള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കാന്‍ പറ്റുമോ? വികസിത സമൂഹങ്ങളിലെ നിയമവും ചട്ടങ്ങളും ഇവിടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പകുതി സംവിധാനങ്ങളെങ്കിലും ഇവിടെ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലും ഏറ്റവും തിരക്കേറിയതുമായ ബംഗളൂരു നഗരത്തിലും അമിതവേഗതക്ക് കേസ് എടുക്കാറില്ല. മറ്റ് നിയമലംഘനങ്ങള്‍ക്ക് അവര്‍ ശിക്ഷിക്കും. എന്നാല്‍ ഇവിടെ അമിതവേഗത കണ്ടുപിടിച്ച് ശിക്ഷിച്ച് പണം കവരാന്‍ ക്യാമറകളുമായി സര്‍ക്കാര്‍ കുത്തിയിരിക്കുന്നു.

കുഴികളില്‍ വീണും വഴികളില്‍ തെന്നിയും തട്ടിയും മുട്ടിയും നീങ്ങുന്നവന്‍ ഇടയ്ക്ക് ഇത്തിരി വേഗത കൂട്ടിപ്പോയാല്‍ കൊടുംപാതകമായി ശിക്ഷിക്കുന്നവര്‍ റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചുകൂടി ചിന്തിക്കണം. അശ്രദ്ധമായ ഡ്രൈവിങ്ങുമൂലം ഉണ്ടായ മരണങ്ങളെക്കാള്‍ റോഡില്‍ കൂടുതല്‍ ജീവന്‍ പൊലിഞ്ഞത് റോഡുകളുടെ ഭീകരമായ അപകട അവസ്ഥമൂലമാണ്. അനവധി വാഹനങ്ങളുമായി മന്ത്രിമാര്‍ ചീറിപ്പായുമ്പോള്‍ വഴിയില്‍ നില്‍ക്കുന്നവനും മാറ്റിനിര്‍ത്തുന്നവനും അവരെ പ്രാകുന്നുണ്ട്. അവരുടെ നിയമലംഘനങ്ങളൊന്നും കാണാത്ത ക്യാമറകള്‍ സാധാരണക്കാരനെ പിഴിയാന്‍ പുതിയ മിഴികള്‍ തുറക്കുന്നു. അപര്യാപ്തമായ സാഹചര്യങ്ങളില്‍ ഗതികേടിന്റെ ദുര്‍ബലതയില്‍ എല്ലാ നിയമങ്ങളും പാലിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. ആദ്യം പറഞ്ഞ ഉദാഹരണംപോലെ ശാന്തസ്വഭാവക്കാരായ പശുക്കള്‍, തൊഴുത്തിന്റെ അപര്യാപ്തതയിലും ഞെരുക്കത്തിലും ബന്ധനസ്ഥരായപ്പോഴാണ് അക്രമകാരികളായത്. മനുഷ്യരും ഇതേ അവസ്ഥയിലൂടെ കടന്നുപോയേക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?