Follow Us On

21

December

2024

Saturday

ക്രിസ്തു ഞങ്ങളുടെ പ്രത്യാശ, ഇസ്ലാമിക തീവ്രവാദികൾക്ക്  ക്രൈസ്തവ വിശ്വാസത്തെ തൊടാനാവില്ല; ശ്രദ്ധേയമാകുന്നു നൈജീരിയൻ ബിഷപ്പിന്റെ സാക്ഷ്യം

ക്രിസ്തു ഞങ്ങളുടെ പ്രത്യാശ, ഇസ്ലാമിക തീവ്രവാദികൾക്ക്  ക്രൈസ്തവ വിശ്വാസത്തെ  തൊടാനാവില്ല; ശ്രദ്ധേയമാകുന്നു നൈജീരിയൻ ബിഷപ്പിന്റെ സാക്ഷ്യം

വാഷിംഗ്ടൺ ഡി.സി: ഇസ്ലാമിക തീവ്രവാദികളിൽനിന്ന് ഉൾപ്പെടെയുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ തുടർക്കഥയാകുമ്പോഴും നൈജീരിയൻ ക്രൈസ്തവരുടെ വിശ്വാസം സാക്ഷിക്കുന്ന നൈജീരിയൻ ബിഷപ്പിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. തങ്ങളുടെ പ്രത്യാശയും അഭയവും ക്രിസ്തുവാണെന്ന് ഏറ്റുപറയുന്നതിനൊപ്പം, ഇസ്ലാമിക തീവ്രവാദികൾക്ക് ക്രിസ്തീയ വിശ്വാസത്തെ തൊടാനാവില്ലെന്നും ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ സാക്ഷ്യപ്പെടുത്തുന്നു.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പതിവായ ബെന്യുവിലെ മാകുർഡി രൂപതാധ്യക്ഷനാണ് ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ. അമേരിക്കയിലെത്തിയ അദ്ദേഹം, നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ‘കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ക്രിസ്തീയ വിശ്വാസത്തിന്റെ വിത്താണ് രക്തസാക്ഷികളുടെ ചുടുനിണം. പീഡനങ്ങൾ എന്നത് കത്തോലിക്കാ വിശ്വാസജീവിതത്തിന്റെ ഭാഗംതന്നെയാണ്. അതിനാൽ പീഡനങ്ങളൊന്നും ഞങ്ങളുടെ വിശ്വാസത്തെ തളർത്തുന്നില്ല.’

ക്രൈസ്തവർക്കെതിരായ മതപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയ നൈജീരിയയിൽ നടക്കുന്നത് ഇസ്ലാമിക വത്ക്കരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമിക ഗോത്രവർഗമായ ഫുലാനികളും ഇസ്ലാമിക് സ്റ്റേറ്റിന്റെ പശ്ചിമാഫ്രിക്കൻ വിഭാഗവും ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങൾ പതിവാക്കുകയാണ്. നൈജീരിയ ഒരു ഇസ്ലാമിക രാഷ്ട്രമായിരിക്കണമെന്നാണ് 1989ലെ അബൂജ പ്രഖ്യാപനത്തിന്റെ സുപ്രധാന ഭാഗം. അതാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

’60 ലക്ഷത്തോളം ജനങ്ങളുള്ള ബെന്യു സംസ്ഥാനത്തെ ജനസംഖ്യയിൽ 99%വും ക്രൈസ്തവരാണ്. 2022ന്റെ തുടക്കം മുതൽ ബെന്യുവിലെ ക്രൈസ്തവർക്കെതിരെ 140ൽപ്പരം ആക്രമണങ്ങൾ നടന്നു. 591 പേർ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്തിൽ മാത്രം ഏതാണ്ട് 15 ലക്ഷംപേർ ഭവനരഹിതരായിട്ടുണ്ട്.’ ഇതിന് കൂട്ടുനിൽക്കുംവിധം ഭരണകൂടവും പൊലീസ് അധികാരികളും പ്രകടിപ്പിക്കുന്നു നിഷ്‌ക്രിയത്വത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു.

‘ക്ലേശകരമായ ഈ സംഭവങ്ങൾക്കു മുന്നിലും ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടുപോകുകയാണ് ഞങ്ങൾ. പ്രത്യാശയായി ഞങ്ങൾക്കൊപ്പം ദൈവമുണ്ട്. ഒരു നാൾ ആക്രമണ പരമ്പരകൾക്ക് അറുതി സംഭവിക്കും.ക്ലേശങ്ങളുടെ നടുവിൽ, മനുഷ്യന് അസാധ്യമാകുന്ന സമയങ്ങളിൽ നാം ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും,’ അദ്ദേഹം വിശ്വാസികളെ പ്രത്യാശാഭരിതരാക്കി.

വിശ്വാസം വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിലും ഏറ്റവും അധികം ആളുകൾ ദിവ്യബലിയിൽ പങ്കുകൊള്ളുന്ന രാജ്യം നൈജീരിയയാണെന്ന വസ്തുതയും അദ്ദേഹം ഓർമിപ്പിച്ചു. ‘സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ അപ്പോസ്തോലേറ്റി’ന്റെ പഠനം അനുസരിച്ച്, നൈജീരിയയിലെ 94% കത്തോലിക്കരും ആഴ്ചതോറും ദിവ്യബലിയിൽ പങ്കെടുക്കുന്നവരാണ്. ദുരിതങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയൻ ക്രൈസ്തവർക്കുവേണ്ടി യു.എസ് ജനതയുടെ ഇടപെടൽ അഭിമുഖത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തു അദ്ദേഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?