ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി ഗവണ്‍മെന്റ് അടിച്ചേല്‍പിച്ച മതപരിവര്‍ത്തന നിയമം പിന്‍വലിക്കുവാനുള്ള കര്‍ണാടക ഗവണ്‍മെന്റിന്റെ തീരുമാനത്തെ ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മക്കാഡോ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തിന് ക്രൈസ്തവ സമൂഹത്തിന്റെ പേരില്‍ നന്ദിയും സന്തോഷവും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
ബിജെപി ഗവണ്‍മെന്റ് ജനങ്ങളുടെ എല്ലാത്തരം പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധനനിയമം അടിച്ചേല്‍പിച്ചത്. കര്‍ണാടകയിലും ഇതരസംസ്ഥാനങ്ങളിലുമുള്ള മതപരിവര്‍ത്തന നിയമങ്ങള്‍ മൂലം ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. അത് മതങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും സംശയവും തെറ്റിദ്ധാരണകളും പരത്തിയിരുന്നുവെന്നും ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു.
മതപരിവര്‍ത്തനനിയമം പിന്‍വലിച്ചത് സഭയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും ഈ നിയമം ഒരു വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിന് എതിരും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനവുമാണെന്ന് ആര്‍ച്ചുബിഷപ് മക്കാഡോ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനുള്ള മഹത്തായ നടപടിയാണിതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. രാജ്യത്തെ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള കാല്‍വെപ്പാണ് ഈ നടപടിവഴി ഗവണ്‍മെന്റ് നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ആര്‍എസ്എസ് സ്ഥാപകനായ ബി. ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള അധ്യായം നീക്കുവാനും കര്‍ണാടക ഗവണ്‍മെന്റ് തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ പ്രൈവറ്റ് ഗവണ്‍മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം രാവിലെ വായിക്കണമെന്നും ഗവണ്‍മെന്റ് തീരുമാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *