Follow Us On

15

January

2025

Wednesday

മോണ്‍. യൂജിന്‍ പെരേരയ്ക്ക് എതിരെ കലാപാഹ്വാനത്തിന് കേസെടുത്തത് അപലപനീയം

മോണ്‍. യൂജിന്‍ പെരേരയ്ക്ക് എതിരെ കലാപാഹ്വാനത്തിന് കേസെടുത്തത് അപലപനീയം

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തിരുവനന്തപുരം അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. മുതലപ്പൊഴിയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് അവിടെ തടിച്ചുകൂടിയ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും പ്രതിഷേധവും വികാര പ്രകടനവും സ്വാഭാവികമാണ്. നാല് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയും അതില്‍ ഒരാളുടെ മൃതദേഹം മത്സ്യത്തൊഴിലാളികള്‍ തന്നെ കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ  മന്ത്രിമാരോട് തങ്ങളുടെ തീവ്രവികാരം മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുകയായിരുന്നു.

എല്ലാവര്‍ഷവും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്ന മുതലപ്പൊഴി അഴിമുഖത്ത് സ്വീകരിക്കേണ്ട സത്വര നടപടികളെകുറിച്ച് വര്‍ഷങ്ങളായി പരാതിപ്പെടുകയും അതിന് ഫലപ്രദമായ ഒരു പരിഹാരവും നാളിതുവരെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധവും റോഡ് ഉപരോധവും അവിടെ നടന്നത്. ജീവനും ജീവസന്ധാരണ മാര്‍ഗങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വികാരങ്ങള്‍ മനസിലാക്കി പ്രശ്‌നപരിഹാരത്തിന് സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കലാപാഹ്വാന പുകമറസൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു പാഴ്ശ്രമമായിട്ടേ ഇതിനെ കാണാനാവൂ. തീരദേശജനതയുടെ നിരവധി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മോണ്‍. യൂജിന്‍ പെരേരയുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനുള്ള ഇത്തരം കുത്സിത തന്ത്രങ്ങളെ അതിരൂപത ശക്തമായി അപലപിക്കുകയും മോണ്‍. യൂജിന്‍ പെരേരയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുകയുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?