Follow Us On

04

May

2024

Saturday

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കരുത്

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കരുത്

കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്ര മണങ്ങളും അപകടമരണങ്ങളും വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന്    കെസിബിസി ജാഗ്രത കമ്മീഷന്‍. സിപിഎം   സെക്രട്ടറി എം വി ഗോവിന്ദനും തുടര്‍ന്ന് ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള പല  നേതാക്കന്മാരും  കത്തോലിക്കാ സഭയ്ക്കും ദേവാലയങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നത് സഭാനേതൃത്വത്തിനെതിരായ ആസൂത്രിത നിലപാടിന്റെ ഭാഗമാണോ എന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയിലും ന്യൂനപക്ഷ പീഡനങ്ങളിലും പീഡിതരായവരുടെ  പക്ഷം ചേരുന്നതായി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ  നിലപാടുകളുടെ വൈരുധ്യവും പൊള്ളത്തരവുമാണ് കേരളത്തിലെ വിവിധ സംഭവങ്ങളില്‍ പ്രകടമാകുന്നതെന്ന് ജാഗ്രതാ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇരുപതു വര്‍ഷം മുമ്പ് ഫിഷിംഗ് ഹാര്‍ബര്‍ പണി ആരംഭിച്ചതോടെയാണ് മുതലപ്പൊഴി അപകട മേഖലയായി മാറിയത്. ഇതിനകം എഴുപതോളം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഇക്കാലയളവിനുള്ളില്‍ ശാശ്വതമായ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

മുതലപ്പൊഴിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്കായി സമരരംഗത്തു ള്ളവര്‍ക്കെതിരെ  രജിസ്റ്റര്‍ ചെയ്ത കേസുകള്‍  പിന്‍വലിക്കണമെന്നും ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?