കൊച്ചി: മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആര്‍എ ല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്ന വിധം അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം ‘ഷോ’ ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
ലത്തീന്‍ കത്തോലിക്ക സഭാ നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും ജനങ്ങള്‍ക്കുവേണ്ടി പ്രതികരിക്കുന്നവരെ അന്യായമായ വിധം കേസുകള്‍ എടുത്ത് ഭയപ്പെടുത്താനും നിശബ്ദരാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലത്തീന്‍ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് കെആര്‍എല്‍സിസി നോക്കികാണുന്നതെന്ന് ബിഷപ് ചക്കാലക്കല്‍ പറഞ്ഞു.
ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരെ കെഎല്‍ സിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധ വാരം ആചരിക്കും. രൂപതകളിലും ഇടവകകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ 16 ന് എല്ലാ സംഘടനകളും സംയുക്തമായി പ്രതികരണ സംഗമങ്ങള്‍ നടത്തും.
Leave a Comment
Your email address will not be published. Required fields are marked with *