ബത്തേരി: സ്വന്തമായി ഒരു വീട് എന്ന അനേകരുടെ സ്വപ്‌നത്തിന് നിറംപകരുകയാണ് ബത്തേരി രൂപത. ‘ബിഷപ് ഹൗസിംഗ് പ്രോജക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതിയിലൂടെ 200 വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങളില്‍ 60 പേര്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അഞ്ച് സെന്റ് സ്ഥലം നല്‍കി അതില്‍ വീടു നിര്‍മിച്ചുനല്‍കുന്നു എന്നൊരു പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. 25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തീയാകുന്നതോടെ, വാടകയ്ക്കും പുറമ്പോക്കുകളിലും താമസിച്ചിരുന്ന 200 കുടുംബങ്ങള്‍ സ്വന്തമായി വീടും സ്ഥലവും ഉള്ളവരായി മാറും. ബത്തേരി രൂപതയുടെ കീഴിലുള്ള മുഴുവന്‍ ഭവനരഹിതര്‍ക്കും 2025 ഓടെ വീട് ലഭ്യമാക്കുക എന്ന ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ്പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ തോമസിന്റെ ആഗ്രഹത്തില്‍നിന്നാണ് ഈ പദ്ധതിയുടെ പിറവി.
ബത്തേരി രൂപതയുടെ കീഴിലുള്ള വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, നീലഗിരി ജില്ലകളിലുള്ള 200 കുടുംബങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു കഴിഞ്ഞു. 650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരേ മാതൃകയിലുള്ള വീടുകളാണ് പണിയുന്നത്. 5 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 20 വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പലയിടത്തായി ആരംഭിച്ചു.
ബത്തേരി രൂപതയിലെ വിവിധ ഇടവക ദൈവാലയങ്ങളോടു ചേര്‍ന്നും അല്ലാതെയും പലയിടത്തായുള്ള ഭൂമിയാണ് സ്ഥലമില്ലാത്തവര്‍ക്ക് നല്‍കുന്നത്. ബത്തേരി കുപ്പാടി മൂന്നാംമൈലില്‍ പഴയ പള്ളിയോട് ചേര്‍ന്നുള്ള ഒന്നരയേക്കര്‍ സ്ഥലത്തില്‍ ഒരേക്കറും ഭവനപദ്ധതിക്കായി മാറ്റിവച്ചുകഴിഞ്ഞു. 10 പേര്‍ക്ക് 5 സെന്റ് വീതം ഇവിടെ പതിച്ചും നല്‍കി. ഇവിടെയുള്ള വീടുകളുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. സ്ഥലത്തിന് പുറമേ, ഒരു വീടിന് 7 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.
ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകകള്‍, സ്ഥാപനങ്ങള്‍, ഇടവകാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പദ്ധതിക്കു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ബിഷപ് ജോസഫ് മാര്‍ തോമസിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ ഗുരുദേവ കോളജിനടുത്ത് 10 കുടുംബങ്ങള്‍ക്കു വീടു പണിതു നല്‍കിയിരുന്നു. അമ്പലവയല്‍ പടിയിലും 10 കുടുംബങ്ങള്‍ക്കു വീടു നല്‍കി. ബിഷപ് തോമസ് മാര്‍ ജോസഫിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് ജൂലൈ മൂന്നിന് 10 പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായ നിധിയും ബിഷപ് കൈമാറിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *