Follow Us On

15

January

2025

Wednesday

ഏകീകൃത സിവില്‍കോഡ് പ്രായോഗികമോ?

ഏകീകൃത സിവില്‍കോഡ് പ്രായോഗികമോ?

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍
(ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്)

ഒരു ഇടവേളക്കുശേഷം ഏകീകൃത സിവില്‍ കോഡ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഏകീകൃത സിവില്‍ കോഡ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇന്ത്യയുടെ ഭരണഘടന രൂപീകൃതമായ 1950നും മുമ്പ് മുതല്‍ അത് ആരംഭിക്കുന്നു. വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയവ സംബന്ധിച്ച നിയമപരമായ നടപടിക്രമങ്ങള്‍ക്കും മത സംബന്ധമായി നിലവിലുണ്ടായിരുന്ന നടപ്പുരീതികള്‍ക്കും നിയമങ്ങള്‍ക്കും ബദലായി ഏകീകൃത നിയമം ആവശ്യമോ എന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ പല ഘട്ടങ്ങളിലായി ഭരണഘടനാ ശില്‍പ്പികള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഏകീകൃത വ്യക്തിനിയമം എന്ന ആശയം നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ് അവര്‍ ചെയ്തത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം, ഏകീകൃത സിവില്‍ കോഡ് സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാവുന്നതാണ്. എന്നാല്‍, 73 വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറ്റവും ചെറിയ ഇന്ത്യന്‍ സംസ്ഥാനമായ ഗോവ ഒഴികെ മറ്റെവിടെയും ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തിലില്ല.

ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഇപ്പോഴും തുടരുന്ന അസമത്വം, അനീതികള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഏകീകൃത വ്യക്തിനിയമം അനിവാര്യമാണ് എന്ന വാദഗതി സമീപകാലങ്ങളിലായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഏകീകൃത വ്യക്തി നിയമം നിലവില്‍ വരുന്നത് മറ്റൊരു സമുദായത്തിനും ദോഷകരമല്ല എന്ന പ്രാഥമിക വിലയിരുത്തലുകള്‍ ഉണ്ടായിരുന്നതിനാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ക്രൈസ്തവരുള്‍പ്പെടെ കേരളസമൂഹം പൊതുവെ ഇത്തരമൊരു ആശയത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, 2018 ല്‍ ഇരുപത്തൊന്നാമത് കേന്ദ്ര നിയമ കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രകാരം ഇന്ത്യയുടെ വിശാലമായ സാംസ്‌കാരിക – സാമൂഹിക പശ്ചാത്തലത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണ് എന്ന വിലയിരുത്തലാണുള്ളത്.

നിയമ കമ്മീഷന്റെ വിലയിരുത്തലുകള്‍

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബല്‍ബിര്‍സിംഗ് ചൗഹാന്റെ അധ്യക്ഷതയിലുള്ള ഇരുപത്തൊന്നാമത് നിയമ കമ്മീഷന്റെ കാലാവധി 2015-18 ആയിരുന്നു. കമ്മീഷന്‍ 2018-ല്‍ വിശദമായ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ അപ്രായോഗികമാണ് എന്ന നിലപാടാണ് അന്ന് നിയമ കമ്മീഷന്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ മത-സാംസ്‌കാരിക വൈവിധ്യങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവയും, വ്യത്യസ്ത സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ തുടങ്ങിയവയും കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തിരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിളുകള്‍ 25 മുതല്‍ 28 വരെ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ ഏകീകൃത സിവില്‍കോഡ് തടസമായേക്കാം എന്ന വിലയിരുത്തലാണ് ഇരുപത്തൊന്നാമത് നിയമ കമ്മീഷനുള്ളത്. സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളാണ് വ്യക്തിനിയമങ്ങളില്‍ പ്രധാന ആരോപണങ്ങള്‍ എന്ന് നിരീക്ഷിച്ച നിയമ കമ്മീഷന്‍ അവ പരിഹരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള വ്യക്തി നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയിലുള്ള തുല്യതയെക്കാള്‍, ഓരോ സമുദായത്തിനുള്ളിലെയും സ്ത്രീ-പുരുഷ സമത്വത്തിനാണ് നിയമ നിര്‍മാതാക്കള്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നുള്ള നിര്‍ദ്ദേശവും ഇരുപത്തൊന്നാമത് നിയമ കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്നു.

സാംസ്‌കാരിക വൈവിധ്യം

ഒട്ടനവധി സംസ്‌കാരങ്ങളും മത വിഭാഗങ്ങളും തങ്ങളുടേതായ പരമ്പരാഗത ശൈലികളും ആചാരങ്ങളും കാത്തുസൂക്ഷിച്ച് ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന ഒരു രാജ്യമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യം വളരെ വിശാലമാണ്. മതപരമായ അനുശാസനങ്ങള്‍ക്ക് വ്യക്തിജീവിത ത്തില്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഘട്ടങ്ങളിലും, സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും നിലനിര്‍ത്തേണ്ടതായുള്ള സാഹചര്യങ്ങളിലും വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ അതിന് അവസരമൊരുക്കുന്നു. വിവാഹവും വിവാഹ മോചനവുംപോലുള്ളവയ്ക്ക് രാഷ്ട്ര നിയമങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതുപോലെ തന്നെ, വിശ്വാസപരമായും അവ സുപ്രധാനമാണ്. കത്തോലിക്കാ സഭയുടെ നിലപാടുകള്‍ ഉദാഹരണമാണ്. സഭയുടെ പ്രബോധനങ്ങള്‍ പ്രകാരം വിവാഹബന്ധം അതിന്റെ കൗദാശിക സ്വഭാവത്താല്‍ സിവില്‍ നിയമത്തിന് മുന്നില്‍ എന്നതിനേക്കാള്‍ ഉറപ്പുള്ളതായാണ് പരിഗണിക്കപ്പെടുന്നത്.

അതിനാല്‍ത്തന്നെ വിവാഹമോചനം എന്നതിന്റെ നിര്‍വചനത്തിന് പോലും വ്യത്യാസമുണ്ട്. മതവിശ്വാസ സംബന്ധമായ ഇത്തരം നിലപാടുകളെ സൂക്ഷ്മമായി പരിഗണിക്കേണ്ട ഘട്ടങ്ങളില്‍ അതിനുള്ള സാധ്യത ഒരുക്കുന്നിടത്താണ് വ്യക്തിനിയമങ്ങളുടെ പ്രാധാന്യവും പ്രസക്തിയും കൂടുതല്‍ വ്യക്തമാകുന്നത്.
തങ്ങളുടെ പ്രത്യേകമായ സാംസ്‌കാരിക തനിമ സൂക്ഷിക്കുന്ന ഗോത്രവര്‍ഗങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരും ഇന്ത്യയില്‍ ജീവിക്കുന്നു. അവരവരുടെ സംസ്‌കാരവും രീതികളും തുടരുന്നതില്‍ വ്യക്തി നിയമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. അക്കാരണത്താലാണ്, സംസ്ഥാനങ്ങളുടെ പ്രത്യേകമായ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാക്കള്‍ സംസ്ഥാന ഭരണകൂടങ്ങളെ ഭരമേല്പിച്ചത്.

ഗോവയിലെ ഏകീകൃത സിവില്‍ കോഡ്

ഗോവയില്‍ മാത്രമാണ് ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നിലവിലുള്ളത്. 1869-ല്‍ ഗോവയില്‍ നടപ്പാക്കപ്പെട്ട പോര്‍ച്ചുഗീസ് സിവില്‍ കോഡിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്ന ഏകീകൃത സിവില്‍ കോഡ്. 1966-ല്‍ ആ നിയമത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തിയിരുന്നു. ഗോവന്‍ ഏകീകൃത സിവില്‍ കോഡ് പ്രകാരം, ഒരു സിവില്‍ അതോറിറ്റിയുടെ മുമ്പാകെ വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതുണ്ട്. മറ്റ് ഉടമ്പടികള്‍ ഇല്ലാത്തപക്ഷം വിവാഹമോചിതയാകുന്ന സ്ത്രീയ്ക്ക്, ഭര്‍ത്താവിന് പൈതൃകമായി ലഭിക്കുന്ന സ്വത്തില്‍ ഉള്‍പ്പെടെ എല്ലാ പൊതുസ്വത്തിലും തുല്യപങ്കിനുള്ള അവകാശമുണ്ട്. മാതാപിതാക്കള്‍ സ്വത്തിന്റെ പകുതിയെങ്കിലും നിര്‍ബന്ധമായും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മക്കള്‍ക്ക് ഭാഗം ചെയ്തുകൊടുക്കണമെന്നും നിയമം അനുശാസിക്കുന്നു.

ഗോവയിലെ ഏകീകൃത സിവില്‍ കോഡ് നിഷ്പക്ഷമല്ല. ഭാര്യയ്ക്ക് 25 വയസ് പൂര്‍ത്തിയായിട്ടും കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലോ, മുപ്പത് വയസ് പൂര്‍ത്തിയാകുന്നതുവരെയും ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലോ ഹൈന്ദവനായ
ഭര്‍ത്താവിന് മറ്റൊരു വിവാഹം കഴിക്കാന്‍ നിയമം അനുമതി നല്‍കുന്നു. മറ്റു മതസ്ഥര്‍ക്ക് ബഹുഭാര്യത്വംഅനുവദനീയമല്ല.

 

ഗോവയിലെ ഏകീകൃത സിവില്‍ കോഡ് തീര്‍ത്തും നിഷ്പക്ഷമല്ല. ഭാര്യയ്ക്ക് 25 വയസ് പൂര്‍ത്തിയായിട്ടും കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലോ, മുപ്പത് വയസ് പൂര്‍ത്തിയാകുന്നതുവരെയും ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലോ ഹൈന്ദവനായ ഭര്‍ത്താവിന് മറ്റൊരു വിവാഹം കഴിക്കാന്‍ നിയമം അനുമതി നല്‍കുന്നു. മറ്റു മതസ്ഥര്‍ക്ക് ബഹുഭാര്യത്വം അനുവദനീയമല്ല. കത്തോലിക്കാ സഭയില്‍ പെട്ടവര്‍ക്ക് പള്ളിയില്‍ വച്ച് നടത്തുന്ന വിവാഹം നിയമപരമായി സാധുവാണ്. എന്നാല്‍, മറ്റുള്ളവര്‍ ക്കെല്ലാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സ്ഥാപിച്ചാല്‍ മാത്രമേ ഹൈന്ദവനായ ഭര്‍ത്താവിന് വിവാഹമോചനം ലഭിക്കുകയുള്ളു. മറ്റു മതസ്ഥര്‍ക്ക് മറ്റു കാരണങ്ങളും ആകാം.

കേവലം 15 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കിയിട്ടുണ്ട് എന്നത് ഒരു മാതൃകയായി കാണാനാവില്ല. കൂടുതല്‍ വൈവിധ്യങ്ങളുള്ള വലിയ സംസ്ഥാനങ്ങളില്‍ ഇത്തരമൊരു നിയമം നടപ്പാക്കുമ്പോഴും ഇന്ത്യയെ മുഴുവന്‍ കണക്കിലെടുക്കുമ്പോഴും ഈ നിയമം നടപ്പാക്കാനൊരുങ്ങുന്നത് പല സമൂഹങ്ങളിലും ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

വ്യക്തിനിയമങ്ങളുടെ പ്രാധാന്യം

സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നതില്‍ വ്യക്തിനിയമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വ്യക്തി നിയമങ്ങള്‍ രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമാകുന്നില്ല എന്നുള്ള ഉറപ്പുവരുത്തലാണ് ആവശ്യം. വ്യക്തിനിയമങ്ങളില്‍ മത നിയമങ്ങള്‍ക്കുള്ള സ്വാധീനം ഒരുപക്ഷെ ചില ഉച്ചനീചത്വങ്ങള്‍ക്കും വിവേചനത്തിനും വഴിയൊരുക്കിയേക്കാം. കാലാനുസൃതമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ സമുദായ-മത നേതൃത്വങ്ങള്‍ തയാറാകണം.

ഇരുപത്തൊന്നാമത് നിയമ കമ്മീഷന്റെ നിരീക്ഷണങ്ങളെ തള്ളിക്കളഞ്ഞാണ് 22-ാമത് നിയമകമ്മീഷന്‍ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ അപ്രായോഗികമാണ് എന്ന നിലപാടാണ് 21-ാം നിയമ കമ്മീഷന്‍ സ്വീകരിച്ചത്.

 

ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിലെ വിവിധ വകുപ്പുകളില്‍ ഒന്നുംതന്നെ ഭരണഘടനയ്ക്ക് മുന്നിലോ, മറ്റു നിയമങ്ങള്‍ക്ക് മുന്നിലോ ചോദ്യം ചെയ്യപ്പെടാവുന്നതായില്ല. കാലാകാലങ്ങളില്‍ നിയമക്രമീകരണങ്ങള്‍ക്ക് ആ നിയമങ്ങള്‍ വിധേയമായിട്ടുള്ളതിനാലാണത്. അതേസമയം, നടപ്പാക്കിയേക്കാവുന്ന ഏകീകൃത സിവില്‍ കോഡിന്റെ യഥാര്‍ത്ഥ ചിത്രം (രൂപരേഖ) എന്താണ് എന്നുള്ളതിനെക്കുറിച്ചുള്ള അവ്യക്തത വസ്തുനിഷ്ഠമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ആത്യന്തികമായി ചില സമുദായ ങ്ങള്‍ക്കുള്ളില്‍ സംഭവിക്കേണ്ട മാറ്റങ്ങളാണ് ഏകീകൃത സിവില്‍കോഡ് പ്രത്യക്ഷത്തില്‍ ലക്ഷ്യംവയ്ക്കുന്നത്. 21-ാമത് നിയമ കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം യുക്തമാണ്. സമുദായങ്ങളുമായി ആഴമുള്ള ചര്‍ച്ചകള്‍ നടത്തി വ്യക്തി നിയമങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങളും പരിഷ്‌കരണങ്ങളും വരുത്തുക എന്നതാണ്. 21-ാമത് നിയമ കമ്മീഷന്റെ പഠനങ്ങളെയും നിരീക്ഷണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് 22-ാമത് നിയമ കമ്മീഷന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ഈ ജൂലൈ 20 ന് ആരംഭിക്കുന്ന ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ അവതരിപ്പിക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. സമീപകാലത്ത് ഏകീകൃത സിവില്‍ കോഡിന് അനുകൂലമായി പ്രധാനമന്ത്രി പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നതുകൂടി പരിഗണിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള സാധ്യത വര്‍ധിക്കുകയാണ്. മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കാനാവുന്ന ചില വിവേചനങ്ങളെ ചെറു ക്കാന്‍ എല്ലാ വ്യക്തി നിയമങ്ങളെയും ഇല്ലാതാക്കണോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?