Follow Us On

15

January

2025

Wednesday

‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു

‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു

താമരശേരി: കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു. തെയ്യപ്പാറയില്‍ എട്ടേക്കര്‍ സ്ഥലത്ത് ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജൈവകൃഷിരീതിയാണ് പിന്തുടരുന്നത്. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയ്‌ക്കൊപ്പം വിഷരഹിത പച്ചക്കറി കൃഷിയും ഇവിടെ നടത്തുന്നു. വിവിധ പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. മീന്‍ വളര്‍ത്താന്‍ രണ്ടരലക്ഷം ലിറ്റര്‍ വെള്ളമുള്ള കുളവും നിര്‍മിച്ചിട്ടുണ്ട്.

കാര്‍ഷിക നഴ്‌സറി
കാര്‍ഷിക നഴ്‌സറികള്‍ പൊതുവേ വാണിജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ഗുണമേന്മയില്ലാത്ത തൈകളും നടീല്‍വസ്തുക്കളും നല്‍കി കര്‍ഷകരെ കബളിപ്പിക്കാറുണ്ട്. ഇതിനൊരു പരിഹാരമായാണ് വിപുലമായ കാര്‍ഷിക നഴ്‌സറിയും വിത്തുബാങ്കും ഇന്‍ഫാമിന്റെ അഗ്രിഫാമില്‍ തുടങ്ങിയത്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങി 150-ലേറെ ഫലവൃക്ഷങ്ങളുടെ തൈകള്‍ ഈ നഴ്‌സറിയിലുണ്ട്. സഹായ വിലയ്ക്ക് ഇവിടെനിന്ന് തൈകള്‍ നല്‍കിവരുന്നു. ആവശ്യാനുസരണം തൈകള്‍ എത്തിച്ചുകൊടുക്കാനും പദ്ധതിയുണ്ട്.

ചക്കഗ്രാമം
ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ചക്കയുടെയും ചക്കയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും വിപണനസാധ്യത കണക്കിലെടുത്ത് ഇന്‍ഫാം ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് ചക്കഗ്രാമം. തെയ്യപ്പാറയിലെ ഫാമില്‍ മൂവായിരം പ്ലാവുകളാണ് കൃഷി ചെയ്തിട്ടുള്ളത്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, ജാക്ക് 33 കുരുവില്ലാ ചക്ക, അരക്കില്ലാ വരിക്ക, ടെന്‍സൂര്യാ സിന്ധൂര്‍, കമ്പോടിയന്‍ ജാക്ക് എന്നീ ഹൈബ്രിഡ് ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ചക്കയുപയോഗിച്ച് ആഭ്യന്തര അന്താരാഷ്ട്ര തലത്തില്‍ വിപണന സാധ്യതയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു.

ജൈവവളം
ആയുര്‍വേദ ഔഷധശാലകളില്‍നിന്നും ലഭിക്കുന്ന 350-ലേറെ ഔഷധസസ്യങ്ങളുടെ വേസ്റ്റ്, ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, കടല്‍പായല്‍ എന്നിവയടങ്ങിയ ജൈവവളങ്ങള്‍ നിര്‍മിച്ച് മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയും ഇവിടെ നടപ്പാക്കിവരുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി കാര്‍ഷിക സംഘടനകള്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

സഹകരണസംഘം
സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നബാര്‍ഡ് വഴി സഹകരണ മേഖലയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് താമരശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇന്‍ഫാമിന് അനുമതി ലഭിച്ച സഹകരണ സംഘത്തിന് കോഴിക്കോട് ജില്ലയാണ് ഇപ്പോള്‍ പ്രവര്‍ത്തനപരിധി നിശ്ചയിച്ചിരിക്കുന്നത്.

പിന്നീട് മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഫാം ടൂറിസം, പെല്ലറ്റ് ഫാക്ടറി, ഡയറി ഫാം തുടങ്ങിയ സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്‍ഫാം ലക്ഷ്യമിടുന്നുണ്ട്. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ ‘കര്‍ഷകരക്ഷ’ എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ പദ്ധതികളിലൂടെ നടപ്പാക്കുന്നത്. ഫാ. ജോസ് പെണ്ണാപറമ്പില്‍, അഗസ്റ്റിന്‍ പുളിക്കണ്ടത്തില്‍, ജോണ്‍ കുന്നത്തേട്ട്, ബ്രോണി നമ്പ്യാപറമ്പില്‍, മാര്‍ട്ടിന്‍ തെങ്ങുംതോട്ടത്തില്‍ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റി നേതൃത്വം നല്‍കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?