Follow Us On

21

January

2025

Tuesday

ക്രൈസ്തവ വിരുദ്ധ പീഡനം തുടരുമ്പോഴും നൈജീരിയയിൽ പൗരോഹിത്യ വസന്തം; ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് ഈ വർഷം 16 നവവൈദീകർ

ക്രൈസ്തവ വിരുദ്ധ പീഡനം തുടരുമ്പോഴും നൈജീരിയയിൽ പൗരോഹിത്യ വസന്തം; ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് ഈ വർഷം 16 നവവൈദീകർ

നൈജീരിയ: ഇസ്ലാമിക തീവ്രവാദികളുടെ നിരന്തര ആക്രമണത്താൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഭൂമികയായി മാറുമ്പോഴും നൈജീരിയൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യവസന്തം. ഇക്കഴിഞ്ഞ ദിവസം ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് 16 നവവൈദികർ അഭിഷിക്തരാകുമ്പോൾ ആ ചരിത്രസത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്, ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചുവളരും!

ജൂലൈ എട്ടിന് മോസ്റ്റ് ഹോളി ട്രിനിറ്റി ബസിലിക്കയിൽ ആർച്ച്ബിഷപ്പ് വലേറിയൻ മഡുക ഒകെകെയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. നവവൈദീകരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അനേകരാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയത്. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ വർദ്ധിക്കുമ്പോഴും ദൈവവിളിയോട് സധൈര്യം പ്രത്യുത്തരിക്കുന്ന യുവസമൂഹത്തിന്റെ വിശ്വാസസാക്ഷ്യം ആഫ്രിക്കൻ സഭയുടെ ശോഭനമായ ഭാവി അടയാളപ്പെടുത്തുന്നു എന്നാണ് വിലയിരുത്തലുകൾ.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അഭംഗുരം തുടരുമ്പോഴും ഉയർന്ന ക്രിസ്ത്യൻ ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് നൈജീരിയ. 80 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള നൈജീരിയയിൽ ഒൻപത് സഭാ പ്രവശ്യകളിലായി 44 രൂപതകളും 29 ദശലക്ഷം കത്തോലിക്കരുമുണ്ട്. 2023ലെ ആദ്യ 100 ദിവസങ്ങൾക്കിടയിൽ മാത്രം നൈജീരിയയിൽ 1,041 ക്രൈസ്തവർ കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനയായ ‘ഇന്റർ സൊസൈറ്റി റൂൾ ഓഫ് ലോ’യുടെ റിപ്പോർട്ടുകൾ.

ഇതേ കാലയളവിൽ 2200ൽപ്പരം ക്രൈസ്തവരെ ജിഹാദികൾ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. ഇതേ കാലയളവിനുള്ളിൽ, വൈദികരും സന്യസ്തരും ഉൾപ്പെടെ കുറഞ്ഞത് 707 ക്രൈസ്തവർ ബന്ധികളാക്കപ്പെട്ടു. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യൻ സ്‌കൂളുകളും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ക്രിസ്തീയ വിശ്വാസം പിന്തുടർന്നതുകൊണ്ടുമാത്രം കഴിഞ്ഞ 14 വർഷത്തിനിടെ നൈജീരിയയിൽ 52,250 പേർ അരുംകൊലയ്ക്ക് ഇരയാക്കപ്പെട്ടെന്നും ഇന്റർസൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?