നൈജീരിയ: ക്രൈസ്തവപീഡനങ്ങളും ഭീകരാക്രമണങ്ങളും തുടർക്കഥയാകുന്ന നൈജീരിയയിലെ ഒരുസംസ്ഥാനത്തുമാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 346പേർ. മനുഷ്യാവകാശ സംഘടനയായ ഗിഡിയോൺ ആന്റ് ഫൺമി പാറമല്ലം പീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റുവിലെ എട്ട് പ്രാദേശിക സർക്കാർ മേഖലകളിൽ നിന്നായി ഇത്രയധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ജൂലൈ 8 ശനിയാഴ്ച വരെ മാംഗുവിൽ മാത്രം തുടർച്ചയായ അക്രമാസക്തമായ ആക്രമണങ്ങളിൽ 200ലധികം ജീവനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023 ഏപ്രിൽ 17നും ജൂലൈ 10നും ഇടയിലെ അക്രമസംഭങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള കണക്കാണ് സംഘടന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കൊലപ്പെട്ടവരുടെ കണക്കിന് പുറമേ ഈ പ്രദേശങ്ങളിൽ നിന്ന് 18751 പേർ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും 14 ക്യാമ്പുകളിലായി അവർ താമസിക്കുകയാണെന്നും ഫൗണ്ടേഷന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. ഗിഡിയോൺ പാറമല്ലം വ്യക്തമാക്കി.
നേഷൻസ് ലോക്കൽ ചർച്ച് കൗൺസിലുകളിലെ ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ നേതൃത്വത്തിൽ 14 ഐഡിപി ക്യാമ്പുകൾ(ഇന്റേണലി ഡിസ്‌പ്ലേസ്ഡ് പീപ്പിൾ) പ്രവർത്തിക്കുന്നുണ്ട്. അതിൽ 2,081 വിധവകളും അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 6,066 അനാഥകുട്ടികളുമുണ്ട്. മൊത്തം 6,603 കുടുംബങ്ങളെ ഈ അക്രമണങ്ങൾ ബാധിച്ചിരിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ നിരന്തരമായ അക്രമങ്ങളെയും കൊലപാതകങ്ങളെയും അടിയന്തിരമായി പരിഗണിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമ്പോൾ, ഫെഡറൽ ഗവൺമെന്റിന്റെ കഴിവില്ലായ്മയും മനുഷ്യത്വമില്ലായ്മയും തുടരുന്നുവെന്നുമാത്രമല്ല, മറ്റുവഴി നോക്കാൻ നിർദ്ദേശിച്ചതായും പാറമല്ലം പറഞ്ഞു. രാജ്യവ്യാപകമായ തീവ്രവാദത്തിന് അടിത്തറ പാകുകയാണ് ഈ ഭരണകൂടം. ഒരു രാജ്യവും പ്രാദേശികവൽക്കരിക്കുകയോ തങ്ങളുടെ പൗരന്മാരുടെമേൽ ഭീകരപ്രവർത്തനങ്ങൾ അനുവദിക്കുകയോ ചെയ്യരുത്.
ഈ ആക്രമണങ്ങൾക്ക് പിന്നിലെ പ്രചോദനം എന്തായാലും, നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നു എന്നതാണ് വസ്തുത. ഈ അക്രമങ്ങളുടെ ഭാരം സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കാലേബ് മുഫ്ത്വാങ്ങിന്റെയോ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെയോ ചുമലിൽ മാത്രം ഒതുങ്ങുന്നതല്ല. വാസ്തവത്തിൽ, എല്ലാ നൈജീരിയക്കാരുടെയും ചുമലിലാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *