Follow Us On

16

January

2025

Thursday

ഏറ്റവും സന്തോഷമുള്ള പെണ്‍കുട്ടി

ഏറ്റവും സന്തോഷമുള്ള  പെണ്‍കുട്ടി

 തെരേസ ജോസഫ്

വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പലപ്പോഴും വീണുപോകുന്ന യുവജനങ്ങള്‍ക്ക് മാതൃകയാണ് ദൈവദാസിയായ ക്ലെയര്‍ ഡി കാസ്റ്റല്‍ബാജ. 1953 ല്‍ ഫ്രാന്‍സില്‍ ജനിച്ച ക്ലെയര്‍ കേവലം 21 വര്‍ഷക്കാലം മാത്രമാണ് ഈ ഭൂമിയില്‍ ജീവിച്ചത്. വളരെ സാധാരണമെന്ന് വിശേഷപ്പിക്കാവുന്ന ജീവിതത്തിലെ അസാധാരണമായ ചില നന്മകളാണ് ക്ലെയറിന്റെ നാമകരണനടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ കാരണമായത്.

ഫ്രാന്‍സിലെ ഗ്രാമീണമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ക്ലെയര്‍. പാചകത്തിലും ചിത്രകലയിലും നീന്തലിലുമൊക്കെ ചെറുപ്പത്തില്‍ തന്നെ ക്ലെയര്‍ പ്രാവീണ്യം നേടി. അന്ധയായ മൂത്ത സഹോദരി ആനിയുമായി സംസാരിക്കുന്നതിനായി ഏഴാമത്തെ വയസില്‍ അവള്‍ ബ്രെയ്‌ലി അഭ്യസിച്ചു. ആറാമത്തെ വയസില്‍ ദിവ്യകാരുണ്യസ്വീകരണത്തിനായി ഒരുങ്ങുന്ന സമയത്ത് ക്ലെയര്‍ അമ്മയോട് ഇപ്രകാരം പറഞ്ഞു: ”വലിയ ആളുകള്‍ എത്ര ഭാഗ്യവാന്‍മാരാണ്. എല്ലാ പാപങ്ങളെക്കുറിച്ചും അവര്‍ക്ക് അറിയാവുന്നത് കൊണ്ട് അവര്‍ക്ക് അത് ചെയ്യാതിരുന്നാല്‍ മതിയല്ലോ. എനിക്കും എല്ലാ പാപങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നെങ്കില്‍, ഞാന്‍ ഒരു പാപവും ഒരിക്കലും ചെയ്യില്ല. കാരണം, ഞാന്‍ ഒരിക്കലും ഈശോയെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.”

എങ്കിലും വിശുദ്ധിക്ക് വേണ്ടി ഏറെ ആഗ്രഹിച്ച ക്ലെയറിന്റെ വിശുദ്ധിയിലേക്കുള്ള പ്രയാണം ഒരിക്കലും സുഗമമായിരുന്നില്ല. 13-ാമത്തെ വയസില്‍ ഒരു സഹപാഠിയോടുള്ള അനിഷ്ടം ക്ലെയറിന് എത്ര ശ്രമിച്ചിട്ടും അതിജീവിക്കാന്‍ സാധിച്ചില്ല. എങ്കിലും തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് ആ പെണ്‍കുട്ടിയെ സ്‌നേഹിക്കുവാന്‍ ക്ലെയര്‍ പരിശ്രമിച്ചു. നിരവധി തവണ രോഗബാധിതയായി ആശുപത്രിയില്‍ കിടക്കേണ്ടി വന്നെങ്കിലും നട്ടെല്ലിന് നടത്തിയ ഒരു ഓപ്പറേഷനോടെ ക്ലെയര്‍ പരിപൂര്‍ണമായി സുഖപ്പെട്ടു. ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രി വിട്ടിറങ്ങിയ ക്ലെയര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഹൈസ്‌കൂള്‍ പാസായി.
കലയിലും ചിത്രരചനയിലും തത്പരയായിരുന്നതിനാല്‍ തുടര്‍പഠനത്തിനായി ഈ മേഖലയാണ് ക്ലെയര്‍ തിരഞ്ഞെടുത്തത്. കലാസൃഷ്ടികളുടെ പുനരുദ്ധാരണമായിരുന്നു ക്ലെയര്‍ തിരഞ്ഞെടുത്ത പഠനവിഷയം.

റോമിലെ പ്രശസ്തമായ സെന്‍ട്രല്‍ റിസ്റ്റൊറേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ക്ലെയറിന് പ്രവേശനം ലഭിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയ ക്ലെയര്‍ ഒരു മാസത്തിനുള്ളില്‍ തന്നെ 12 – 13 നൂറ്റാണ്ട് കാലഘട്ടത്തില്‍ നിര്‍മിച്ച ക്രിസ്തുവിന്റെ രൂപത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ക്രിസ്തുവിന്റെ രൂപത്തിന്റെ പുനരുദ്ധാരണം ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ക്ലെയറിനെ സഹായിച്ചു.

എന്നാല്‍ ക്ലെയര്‍ ജീവിച്ചിരുന്ന സാഹചര്യങ്ങള്‍ വിശുദ്ധമായ ജീവിതം നയിക്കുന്നതിന് അനുയോജ്യമായിരുന്നില്ല. ശരീരത്തിന്റെ വിശുദ്ധിക്കോ ദൈവികനിയമങ്ങള്‍ക്കോ യാതൊരു വിലയും നല്‍കാത്തവരായിരുന്നു ക്ലെയറിന്റെ പല സഹപാഠികളും. പാപത്തിലേക്കുള്ള തന്റെ ചായ്‌വിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ക്ലെയര്‍ ഇവരില്‍ നിന്ന് അകലം പാലിച്ചു. ആ നാളുകളില്‍ വീട്ടിലേക്ക് അയച്ച കത്തുകളിലൊന്നില്‍ ക്ലെയര്‍ ഇപ്രകാരം എഴുതി: ”എന്റെ ചുറ്റുമുള്ളവരെ കാണുമ്പോള്‍ അവരെപ്പോലെ ചെയ്യുന്നതില്‍ വലിയ കുഴപ്പമില്ല എന്നെനിക്ക് തോന്നും. പക്ഷേ അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കും, ധൈര്യത്തിനായി. വിവാഹം വരെ ചാരിത്ര്യശുദ്ധി കാത്തു സൂക്ഷിക്കുന്ന ഹീറോയിസത്തിനായി.”

ഇത്തരത്തിലുള്ള ജീവിതം നയിക്കുന്നതിലെ മറ്റൊരു വെല്ലുവിളി ക്ലെയര്‍ മറ്റൊരു കത്തില്‍ കുറിച്ചു: ”ആദ്യമൊക്കെ എല്ലാവരും എന്നെ കാണുമ്പോള്‍ എങ്ങനെയാണ് എപ്പോഴും ഇങ്ങനെ സന്തോഷവതിയായി ഇരിക്കാന്‍ സാധിക്കുന്നതെന്ന് ചോദിക്കുമായിരുന്നു. ഇപ്പോള്‍ ആരും അങ്ങനെ ചോദിക്കുന്നില്ല. എപ്പോഴും സന്തോഷിക്കുന്ന പ്രകൃതം വീണ്ടെടുക്കാനായില്ലെങ്കില്‍ എന്റെ ജീവിതം സാക്ഷ്യമല്ലാതായി മാറും. ഇത് ഒരു തരത്തിലുള്ള രക്തസാക്ഷിത്വമാണ്.”
ശുദ്ധതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ സാധിച്ചെങ്കിലും ക്രമേണ ക്ലെയറിന് പഠനത്തോടുള്ള താത്പര്യവും ശ്രദ്ധയും കുറഞ്ഞു തുടങ്ങി. കൂടുതല്‍ സമയവും സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്നതിലായി ക്ലെയറിന്റെ താത്പര്യം.

ആത്മീയതയില്‍നിന്ന് വഴുതി മാറിയ ക്ലെയറിന്റെ ജീവിതം ഉപരിപ്ലവമായി മാറി. വിശുദ്ധിക്കുവേണ്ടി തീക്ഷ്ണമായി ആഗ്രഹിച്ചിരുന്ന ആ പഴയ ക്ലെയര്‍ തന്നെയോ ഇതെന്ന് അത്ഭുതപ്പെടുന്ന രീതിയില്‍ അവളുടെ സ്വഭാവം മാറിമറിഞ്ഞു. ക്ലയറിന്റെ വഴിതെറ്റിയ പോക്ക് അറിഞ്ഞ് ഒരുദിവസം അവളുടെ അങ്കിള്‍ അവളെ കാണാന്‍ വന്നു. ”നിന്റെ പ്രായമായ മാതാപിതാക്കളുടെ കാര്യമോര്‍ത്ത് എനിക്ക് വിഷമമുണ്ട്. പ്രത്യേകിച്ചും അപ്പന്റെ കാര്യമോര്‍ത്ത്. നീയിവിടെ ജീവിതം പാഴാക്കി കളയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരാണ് തോല്‍ക്കുന്നത്.” അങ്കിള്‍ ഇത് പറഞ്ഞുതീര്‍ന്നതും ”ഞാനിവിടെ ജീവിതം ആസ്വദിക്കുകയാണ്” എന്ന് ആക്രോശിച്ച് ക്ലെയര്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി.

പഠനത്തിലും വിശ്വാസത്തിലും പുറകോട്ടുപോയെങ്കിലും ഞായറാഴ്ച ദൈവാലയത്തില്‍ പോകുന്നത് അവള്‍ മുടക്കിയില്ല. മാത്രമല്ല വീട്ടിലേക്ക് അയക്കുന്ന കത്തുകളില്‍ ജീവിതത്തിന്റെ അപ്പോഴത്തെ അവസ്ഥ സത്യസന്ധമായി വിവരിച്ചിരുന്നു. അവളുടെ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് മനസിലാക്കിയ മാതാപിതാക്കളുടെ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥനക്ക് പതിയെ ഫലം കണ്ടുതുടങ്ങി. ക്ലെയറിന്റെ രണ്ട് സൗഹൃദങ്ങളായിരുന്നു വാസ്തവത്തില്‍ ക്ലെയറിന്റെ ജീവിതത്തിലെ പ്രശ്‌നം. ആ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും പതിയെ ക്ലെയര്‍ സാധാരണ ജീവിതത്തിലേക്ക് തിരിയെ വരുകയും ചെയ്തു. വീണ്ടും ക്ലെയര്‍ പഠനത്തില്‍ മുന്‍നിരയിലെത്തി.

1974 ക്ലെയര്‍ ലൂര്‍ദിലേക്ക് തീര്‍ത്ഥാടനം നടത്തി. ഇത് കഴിഞ്ഞ ഉടനെ തന്നെ വിശുദ്ധ നാട്ടിലേക്കും തീര്‍ത്ഥാടനം നടത്താന്‍ അവസരം ലഭിച്ചു. വിശുദ്ധ നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ക്ലെയര്‍ ഇപ്രകാരം കുറിച്ചു: ”വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനം നടത്തിയ വ്യക്തിക്ക് ഒരിക്കലും പഴയ ജീവിതം തുടരാനാവില്ല.” തന്റെ തെറ്റുകളെക്കുറിച്ച് അനുതപിച്ച ക്ലെയര്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ ഇങ്ങനെ എഴുതി: ”നിങ്ങള്‍ എനിക്ക് വേണ്ടി കൂടുതലായി പ്രാര്‍ത്ഥിക്കണം. മാനസാന്തരത്തിന്റെ ജീവിതത്തില്‍ നിലനില്‍ക്കുക എത്രയോ പ്രയാസമുള്ള കാര്യമാണെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.” വിദേശത്തും മറ്റും പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കളുടെ മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി ജാഗ്രതയോടെ പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യം ക്ലെയറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

വിശുദ്ധ നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ക്ലെയറിനെ അസീസിയിലേക്ക് തുടര്‍പഠനത്തിനായി അയച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ലോവര്‍ ബസിലിക്കയിലെ ചുവര്‍ ചിത്രങ്ങളുടെ പുനരുദ്ധാരണമായിരുന്നു ക്ലെയറില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം. അവിടെ ക്ലെയറിന്റെ പേരിന് കാരണഭൂതയായ വിശുദ്ധ ക്ലാരയുടെ ചിത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ ക്ലെയറിന് അവസരം ലഭിച്ചു. ചിത്രത്തിന്റെ ചുവട്ടിലുള്ള എഴുത്ത് മാഞ്ഞുപോയിരുന്നതിനാല്‍ അതിലെ വാക്കുകള്‍ മനസിലാക്കാന്‍ കഴിയാത്ത വിധം അവ്യക്തമായിരുന്നു. ഒരു അള്‍ട്രാവയലറ്റ് ലാമ്പിന്റെ സഹായത്തോടെ ‘സാംഗ്താ ക്ലാര’ – വിശുദ്ധ ക്ലാര എന്നാണ് ആ എഴുത്തെന്ന് ക്ലെയര്‍ കണ്ടെത്തി. ആ കാലത്ത് മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ ക്ലെയര്‍ ഇങ്ങനെ കുറിച്ചു: ”ഈ തലമുറയിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയായിരിക്കുന്നതിന് വേണ്ടിയാണ് ദൈവം എന്നെ വിളിച്ചതെന്ന് തോന്നുന്നു.”

അവിടംകൊണ്ടും തീര്‍ന്നില്ല. 1974 ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയ ക്ലെയര്‍ അലൗകികമായ ദൈവിക സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പിയിരുന്നു. അവള്‍ അമ്മയോട് ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ഇപ്പോള്‍ എത്ര സന്തോഷവതിയാണെന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ഇപ്പോള്‍ മരിച്ചാല്‍ ഞാന്‍ നേരെ സ്വര്‍ഗത്തിലേക്ക് പോകും.” ആ വാക്കുകള്‍ പ്രവചന സ്വഭാവമുള്ളതായിരുന്നു. റോമിലേക്ക് മടങ്ങുന്നതിന് മുമ്പ് ശക്തമായ തലവേദന ക്ലെയറിനെ പിടികൂടി. മെനിന്‍ജോ എന്‍സിഫാലിറ്റിസ് എന്ന രോഗമാണ് ക്ലെയറിനെ ബാധിച്ചിരിക്കുന്നതെന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. തലവേദന തുടങ്ങി മൂന്നാഴ്ചകള്‍ക്ക് ശേഷം ജനുവരി 22ന് ആ പെണ്‍കുട്ടി ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. സന്തോഷത്തിന്റെയും വിശുദ്ധിയുടെയും അപ്പസ്‌തോലയായി മാറിയ ക്ലെയറിന്റെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കുപോലും ദൈവികസാന്നിധ്യം അനുഭവിക്കാന്‍ സാധിച്ചു.

അന്നുമുതല്‍ അനേകര്‍ ക്ലെയറിന്റെ മധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നു. അഞ്ച് പ്രായമായ സന്യാസിനിമാര്‍ മാത്രം അവശേഷിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തിലേക്ക് ക്ലെയറിന്റെ പ്രത്യേക മാധ്യസ്ഥത്താല്‍ അഞ്ച് അംഗങ്ങള്‍ കൂടെ ആ വര്‍ഷം കൂട്ടിച്ചേര്‍ക്കപ്പെട്ടു. തങ്ങളുടെ നിയോഗം ഏറ്റെടുത്ത ദൈദാസി ക്ലെയറിന്റെ നാമകരണനടപടികള്‍ ഈ സന്യാസിനികളാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുനാള്‍ ദൈവവിശ്വാസം നഷ്ടപ്പെട്ട് ഞായറാഴ്ച ദിവ്യബലി പോലും വേണ്ടെന്നുവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ച ക്ലെയറിന്റെ ജീവിതം ഒരു കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയോ ജീവിതത്തിലെ മോശം നാളുകളോ അല്ല ജീവിതത്തെ നിര്‍വചിക്കുന്നത്. തിരിച്ചുവരാനും ദൈവസ്‌നേഹം അനുഭവിക്കാനും ഇപ്പോഴും അവസരമുണ്ട്, സമയം കഴിഞ്ഞിട്ടില്ല. സന്തോഷത്തിന്റെ യഥാര്‍ത്ഥ ഉറവിടമായ യേശുവിലേക്ക് മടങ്ങിവരാന്‍ ഇനിയും വൈകരുത്, മരണാസന്നരാകുംവരെ കാത്തിരിക്കുകയുമരുത്. നിത്യതയിലേക്കുള്ള വിളി എപ്പോഴെത്തുമെന്ന് ആര്‍ക്കും നിശ്ചയമില്ലല്ലോ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?