കൊച്ചി: മണിപ്പൂരില്‍ രണ്ടു സ്ത്രീകള്‍ അത്യന്തം ഹീനമായ രീതിയില്‍ അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും സംഭവം ഭാരത മനഃസാക്ഷിയിലെ ഉണങ്ങാത്ത മുറിവാണെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍. ലോകരാജ്യങ്ങള്‍ക്കിടയില്‍ മണിപ്പൂരിലെ ലജ്ജാ വഹമായ കിരാത പ്രവര്‍ത്തനങ്ങളുടെ പരമ്പരയ്ക്ക് മുന്നില്‍ തലകുനിക്കുകയാണ് ഇന്ത്യന്‍ ജനത. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ മണിപ്പൂരില്‍ നടന്നുകഴിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഹൃദയ വേദനയായി മണിപ്പൂര്‍ തുടരുകയാണ്.
ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്ര വംശജര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷംമുതല്‍ പ്രതികാരബുദ്ധിയോടെ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങിയതും സമീപകാലത്തുണ്ടായ ഭരണഘടനാ വിരുദ്ധമായ ഹൈക്കോടതി കോടതി ഇടപെടലും അനുബന്ധ സര്‍ക്കാര്‍ നിലപാടുകളും വര്‍ഗീയ അന്ധത ബാധിച്ച ഒരു ഭരണകൂടത്തെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നതെന്ന് ജാഗ്രതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വര്‍ഗീയ ധ്രുവീകരണത്തെയും കലഹങ്ങളെയും അധികാരം നിലനിര്‍ത്തുന്നതിനായുള്ള കുറുക്കു വഴികളായി കാണുന്ന രാഷ്ട്രീയ- സാമുദായിക പ്രത്യയ ശാസ്ത്രങ്ങളെ ഈ രാജ്യത്തിലെ പ്രബുദ്ധ ജനത തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടനയ്ക്കും സംസ്‌കാരത്തിനും അതീതമായി രാജ്യത്ത് ഭിന്നതയുടെ മതിലുകള്‍ കെട്ടിയുയര്‍ത്തി കലഹങ്ങള്‍ സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താനുള്ള ജാഗ്രതയാണ് ജനങ്ങള്‍ പുലര്‍ത്തേണ്ടത്. സാമൂഹിക ഐക്യത്തിനും കൂട്ടായ്മക്കും വേണ്ടി ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ പൗരസമൂഹം മുന്നോട്ടിറങ്ങണമെന്ന് ജാഗ്രതാ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *