Follow Us On

27

April

2024

Saturday

സത്യസന്ധത കുറവാക്കി മാറ്റരുത്‌

സത്യസന്ധത  കുറവാക്കി മാറ്റരുത്‌

 ജോസഫ് മൂലയില്‍

കാലഹരണപ്പെട്ടതും അനാവശ്യവുമെന്ന് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കണ്ടെത്തിയ 116 നിയമങ്ങള്‍ കേരള സര്‍ക്കാര്‍ റദ്ദാക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനുള്ള കരടുബില്ലില്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിയമവകുപ്പ് അഭിപ്രായം തേടിയിരിക്കുകയാണ്. കാലത്തിന് അനുസരിച്ച് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഗവണ്‍മെന്റ് ഓഫീസുകളുടെ മുഖഛായയിലും പ്രവര്‍ത്തന രീതികളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ തടസമാകുന്നത് പലപ്പോഴും ഇത്തരം നിയമങ്ങളാണ്.

മനഃസാക്ഷിയില്ലാത്ത നിയമങ്ങളെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില കയ്‌പ്പേറിയ അനുഭവങ്ങളാണ് അവരെ അത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഈ സേവനം ലഭിക്കാന്‍ അര്‍ഹത ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വ്യക്തമാണെങ്കിലും നിയമത്തിലെ നൂലാമാലകള്‍ പലപ്പോഴും പ്രശ്‌നക്കാരനായി മാറാറുണ്ട്. ഇതോടൊപ്പം മറ്റൊന്നുകൂടിയുണ്ട്. ഏതു നിയമവും വളച്ചൊടിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും നമ്മുടെ രാജ്യത്തെ പതിവു കാഴ്ചകളാണ്. നിയമങ്ങള്‍ റദ്ദാക്കുന്നതിനൊപ്പം കാലത്തിനനുസരിച്ച് ചില നിയമങ്ങളില്‍ പൊളിച്ചെഴുത്തലുകളും അനിവാര്യമാണ്.

ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന
വജ്രായുധം

ഗവണ്‍മെന്റ്ഉദ്യോഗസ്ഥന്മാര്‍ ഏറ്റവും കൂടുതല്‍ വളച്ചൊടിക്കുന്ന നിയമമാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നത്. നീതിനിഷേധിക്കപ്പെടുന്നത് ചോദ്യംചെയ്താല്‍ അവരുടെ വീഴ്ചമറയ്ക്കാനും യഥാര്‍ത്ഥ പ്രശ്‌നം ചര്‍ച്ചയാകാതിരിക്കാനും അധികാരികള്‍ പുറത്തെടുക്കുന്ന വജ്രായുധമാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന വകുപ്പ്. ജാമ്യമില്ലാ കുറ്റമായതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവന്നവരും ധാരാളമാണ്. ഈ നിയമത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്ന രാഷ്ട്രീയ നേതാക്കന്മാരും കുറവല്ല. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ സമരങ്ങളില്‍ പങ്കെടുത്തപ്പോള്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കേസില്‍ പലരും പ്രതികളാക്കപ്പെട്ടിട്ടുണ്ട്.

ആ നിയമം റദ്ദാക്കണമെന്നല്ല പറയുന്നത് മറിച്ച്, രാഷ്ട്രീയ പ്രേരണയും വ്യക്തിവിദ്വേഷവുംകൊണ്ട് ആര്‍ക്കെതിരെയും എടുത്തുപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉദ്യോഗസ്ഥന്മാരുടെ കൈകളില്‍ അതു ഏല്പിച്ചുകൊടുക്കരുത്. ഏതൊരു സമൂഹത്തിന്റെയും സുഗമമായ മുന്നേറ്റത്തിന് നിയമങ്ങള്‍ ആവശ്യമാണ്. ജനങ്ങളെ ശത്രുപക്ഷത്തുനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാകരുത് നിയമങ്ങള്‍. എത്ര നല്ല നിയമങ്ങളാണെങ്കിലും അതു നടപ്പിലാക്കുന്നവര്‍ നീതിമാന്മാരല്ലെങ്കില്‍ നീതി അന്യമാകും. നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ പഴുതുകള്‍ അവശേഷിപ്പിക്കാതിരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ദിവസ വരുമാനം 74-ലോ?

കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുന്നതിനൊപ്പം മനുഷ്യരെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരണം. ദാരിദ്ര്യരേഖയ്ക്ക് താഴെയെന്ന് ഒരു കുടുംബം പരിഗണിക്കപ്പെടണമെങ്കില്‍ നിയമമനുസരിച്ച് കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാനം 27,000-ല്‍ കവിയാന്‍ പാടില്ല. അതായതു ആ കുടുംബത്തിന്റെ ദിവസവരുമാനം 74 രൂപയില്‍ കൂടരുത്. 74-ന്റെ സ്ഥാനത്ത് ദിവസം 150 രൂപ ലഭിച്ചാല്‍ ഒരു കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ലെന്നത് വ്യക്തമല്ലേ? എന്നു കരുതി ദിവസവും 500 രൂപ വരുമാനമുള്ള ഒരു കുടുംബം ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്നു പറയാനും കഴിയില്ല. പണപ്പെരുപ്പം രൂപയുടെ മൂല്യത്തെ ഏറെ കുറച്ചിട്ടുണ്ട്. 50 വര്‍ഷം മുമ്പ് പ്രതിദിനം 50 രൂപ വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഒരു കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാമായിരുന്നു. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ ദിവസം 500 രൂപ വരുമാനം ഉണ്ടെങ്കിലും ജീവിക്കാന്‍ അതുമതിയാവില്ല.

വിദ്യാര്‍ത്ഥികള്‍ക്കുള്ള പല സ്‌കോളര്‍ഷിപ്പുകളും ലഭിക്കുന്നതിന് കുടുംബത്തിന്റെ വാര്‍ഷിക വരുമാനം നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷമാണ്. ചില മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഗവണ്‍മെന്റ് ചികിത്സാ ആനുകൂല്യം നല്‍കുന്നുണ്ട്. അതിനുള്ള വരുമാനപരിധിയും ഏതാണ്ടു സമാനമാണ്. നിലവില്‍ കൂലിപ്പണിക്കുപോലും ഏറ്റവും കുറഞ്ഞ കൂലി 500 രൂപയായിരിക്കുമ്പോള്‍ മാസത്തില്‍ 20 ദിവസം പണി ചെയ്താലും അവരുടെ വരുമാനം ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്ന വരുമാന പരിധിയിലും വളരെ കൂടുതലാണ്. എന്നു കരുതി അവരെയൊന്നും സാമ്പത്തികമായി ഉയര്‍ന്നവരുടെ പട്ടികയില്‍ പെടുത്താനുമാകില്ല. ഗവണ്‍മെന്റ് നല്‍കുന്ന മിക്ക ആനുകൂല്യങ്ങളുടെ കാര്യത്തിലും ശാസ്ത്രീയതയില്ലാത്ത വരുമാനമാണ് നിശ്ചയിച്ചിരിക്കുന്നത്.

അശാസ്ത്രീയ നിയമങ്ങള്‍

വരുമാനം കൃത്യമായി പറഞ്ഞാല്‍ ചെറിയ സ്‌കോളര്‍ഷിപ്പുമുതല്‍ ചികിത്സാ ആനൂകൂല്യങ്ങള്‍വരെ നിഷേധിക്കപ്പെടാം. വാര്‍ഷിക വരുമാനം ഒരു ലക്ഷമെന്നത് തുച്ഛമായ സംഖ്യയാണ്. ദിവസവും 278 രൂപ വരുമാനം ഉണ്ടെങ്കില്‍ വാര്‍ഷിക വരുമാനം ഒരു ലക്ഷമാകും. മനുഷ്യരെ അസത്യം പറയാന്‍ പ്രേരിപ്പിക്കുന്നത് നിയമങ്ങളിലെ അശാസ്ത്രീയതയാണ്. ആനുകൂല്യങ്ങള്‍ക്കുള്ള വരുമാനപരിധി കാലാനുസൃതമായി ഉയര്‍ത്തിയില്ലെങ്കില്‍ നിവൃത്തികേടുകൊണ്ടാണെങ്കിലും അസത്യം പറയാന്‍ പലരും നിര്‍ബന്ധിക്കപ്പെടും. സത്യസന്ധതയുള്ളവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം നിയമങ്ങള്‍ സൃഷ്ടിക്കരുത്. ഇങ്ങനെയൊക്കെ കളവുപറഞ്ഞുതുടങ്ങിയാല്‍ പിന്നീട് താല്ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി സത്യത്തിന്റെ വഴികളില്‍നിന്നും ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്താലും കുഴപ്പമില്ലെന്ന ചിന്താഗതിയിലേക്കു സമൂഹം മാറും.

ഗവണ്‍മെന്റുകള്‍ നടപ്പിലാക്കുന്ന പല ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും ലക്ഷ്യം കാണാതെ പോകുന്നതിന്റെ പ്രധാന കാരണം അഴിമതിയാണ്. നീതിബോധമുള്ള സമൂഹത്തിലെ നിയമങ്ങള്‍ ലക്ഷ്യത്തിലെ ത്തുകയുള്ളൂ. നിയമങ്ങള്‍ സമൂഹത്തിന്റെ സത്യസന്ധത തകര്‍ക്കുന്നവയാകരുത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ സത്യസന്ധതയും നീതിബോധവും നിലനില്ക്കുന്നതിനായി പ്രായോഗിക സമീപനത്തോടെ നിയമങ്ങളില്‍ പൊളിച്ചെഴുത്തലുകള്‍ അനിവാര്യമായിമാറിയിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?