Follow Us On

04

November

2024

Monday

125-ാം വാർഷികം ആഘോഷിച്ച് ബറൂണ്ടിയയിലെ കത്തോലിക്കാ സഭാസമൂഹം

125-ാം വാർഷികം ആഘോഷിച്ച്  ബറൂണ്ടിയയിലെ കത്തോലിക്കാ സഭാസമൂഹം

ബറൂണ്ടി: പശ്ചിമാഫ്രിക്കൻ രാജ്യമായ ബറൂണ്ടിയിൽ സുവിശേഷമെത്തിയതിന്റ 125-ാം വാർഷികം അവിസ്മരണീയമാക്കി രാജ്യത്തെ കത്തോലിക്കാ സഭാസമൂഹം. കിഗാലി- റുവാണ്ട ആർച്ച്ബിഷപ്പ് കർദ്ദിനാൾ അന്റോയിൻ കമ്പണ്ടയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച, ആയിരങ്ങൾ പങ്കുചേർന്ന കൃതജ്ഞതാ ദിവ്യബലിയോടെയായിരുന്നു ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് സമാപനമായത്.

ഗിറ്റിക രൂപതയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ബുറുണ്ടിയിലെ എട്ട് രൂപതകളിലെ ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ ബുറുണ്ടിയൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള അനേകർ സന്നിഹിതരായിരുന്നു. ബുറുണ്ടിയിലെ ജനങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാർ നട്ടുപിടിപ്പിച്ച സുവിശേഷവത്കരണത്തിന്റെ വിത്തുകൾ ഫലം ചൂടിയതിന്റെ ആഹ്ലാദത്തിലാണ് സഭാനേതൃത്വം.

2022 ഒക്ടോബർ ഒന്നിന് ബുജുംബുരയിലെ മരിയൻ ദൈവാലയമായ മൗണ്ട് സിയോൺ ഗികുംഗുവിൽ, അന്നത്തെ ബുറുണ്ടി കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായിരുന്ന ബിഷപ്പ് ജോക്കിം ന്റഹോണ്ടറെയുടെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ‘നമ്മോട് പ്രഘോഷിച്ച സുവിശേഷത്തിലൂടെ നമുക്ക് ലഭിച്ച വിശ്വാസം, പ്രത്യാശ, എന്നിവയുടെ ദാനത്തിലൂടെ ആഭ്യന്തര സഭയെ കെട്ടിപ്പടുക്കുക’ എന്നതായിരുന്നു ജൂബിലി വർഷത്തിന്റെ പ്രമേയം. 1898ൽ ആദ്യ മിഷനറിമാർ ആരംഭിച്ച സുവിശേഷവൽക്കരണത്തിലൂടെ രാജ്യത്തിന് ലഭിച്ച നിരവധി കൃപകൾക്ക് വിശ്വാസീസമൂഹം ഒന്നടങ്കം ദൈവത്തിന് നന്ദി അർപ്പിച്ചു.

ബറൂണ്ടിയുടെ പ്രസിഡന്റ് എവാരിസ്റ്റെ എൻഡായിഷിമി മറ്റ് രാഷ്ട്രീയ, സൈനിക അധികാരികളോടൊപ്പം ദിവ്യബലിയിൽ സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് മുമ്പ് ബുറുണ്ടിയുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനും വിശിഷ്യാ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ സേവനങ്ങളിലൂടെ കത്തോലിക്കാ സഭ നൽകിയ സംഭാവനകൾക്ക് പ്രസിഡന്റ് എൻഡായിഷിമി നന്ദി പറഞ്ഞു. സർക്കാരും സഭയും തമ്മിലുള്ള മികച്ച ബന്ധവും രാജ്യത്തെ മറ്റ് മതവിഭാഗങ്ങളുമായുള്ള സൗഹാർദപരമായ സഹവാസവും അദ്ദേഹം എടുത്തുപറഞ്ഞു.

മിഷനറിമാരിലൂടെ ലഭ്യമായ ദൈവവചനത്താൽ നയിക്കപ്പെടാനും രൂപാന്തരപ്പെടാനും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?