Follow Us On

21

January

2025

Tuesday

മരണഭീതിയുടെ നടുവിലും ക്രിസ്തുവിനെ ചേർത്തുപിടിച്ച് ബുർക്കിനാഫാസോയിലെ ക്രിസ്തീയസമൂഹം

മരണഭീതിയുടെ നടുവിലും ക്രിസ്തുവിനെ ചേർത്തുപിടിച്ച് ബുർക്കിനാഫാസോയിലെ ക്രിസ്തീയസമൂഹം

ഔഗാഡൗഗൗ: ക്രിസ്തുവിശ്വാസത്തിന്റെ പേരിൽ ബുർക്കിനാഫാസോയിൽ ആക്രമണങ്ങൾ വ്യാപിക്കുമ്പോഴും ക്രിസ്തുവിനെ ചേർത്തുപിടിച്ച് വിശ്വാസത്തിൽ മുന്നേറുകയാണ് അവിടത്തെ ക്രൈസ്തവ സമൂഹം. ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ കൊല്ലപ്പെടാനുള്ള സാധ്യത ശക്തമാകുമ്പോഴും അതൊന്നും തങ്ങളെ ക്രിസ്തുവിൽനിന്ന് തങ്ങളെ അകറ്റുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മിഷനറി ഫീൽഡ് ബ്രദേഴ്‌സിന്റെ പ്രിയോർ ജനറൽ ഫാ. ദർ പിയറി റൗംബ.

രാഷ്ട്രീയ സംഘട്ടനങ്ങളും പട്ടാള അട്ടിമറികളും മൂലം തകർക്കപ്പെട്ട പശ്ചിമാഫ്രിക്കൻ രാജ്യത്ത് അൽ ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും ഹീനമായ പ്രവർത്തനങ്ങൾ മൂലം ക്രൈസ്തവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’നോട് അദ്ദേഹം വെളിപ്പെടുത്തി.

മറ്റൊരു പ്രഭാതം കൂടി കാണാൻ അവശേഷിക്കുമോ എന്നുപോലും തങ്ങൾക്കുറപ്പില്ല. തങ്ങളുടെ പ്രിയപ്പെട്ടവരിൽ പലരും ശിരഛേദം ചെയ്യപ്പെടുന്നതും ബലാത്സംഗത്തിനിരയാക്കപ്പെടുന്നതും ലൈംഗിക അടിമകളായി വിൽക്കപ്പെടുന്നതും നോക്കിനിൽക്കേണ്ട അവസ്ഥയാണിവിടെയുള്ളത്. നിരവധി പേർ കൊല്ലപ്പെടുകയും അനേകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. തീവ്രവാദികൾ ജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ കന്നുകാലികളുൾപ്പടെയുള്ള ജീവിത മാർഗങ്ങൾ കടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നു.

‘ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങളും ശക്തമാണ്. അതിനു തയാറാകാത്തവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നു. ഇതിനിടയിൽ ആഹാരവും വെള്ളവുമില്ലാതെയും അനേകർ മരണമടയുന്നു. ഞങ്ങൾക്ക് ഉത്തരവാദിത്തമുള്ള ഒരു ഇടവകയിലെ ഒരു കൂട്ടം സ്ത്രീകൾ തീവ്രവാദികളേർപ്പെടുത്തിയ ഉപരോധം തകർക്കാൻ ശ്രമിച്ചു. എന്നാൽ, അവരിൽ പലരും ബലാത്സംഗം ചെയ്യപ്പെട്ടു, ചിലരെ ലൈംഗിക അടിമകളായി മാറ്റി. പുറംലോകം അറിയാത്ത യഥാർത്ഥ ദുരന്തങ്ങളാണിവ,’ഫാ. പിയറി പറയുന്നു.

ഇങ്ങനെ അക്രമണത്തിന് ഇരയാക്കപ്പെട്ടവർക്ക് ആത്മീയവും മാനസികവുമായ പിന്തുണ നൽകാനുള്ള പദ്ധതികൾ ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. അതേസമയം, തീവ്രവാദികളെ ഭയന്ന് വിശ്വാസം ഉപേക്ഷിച്ചു പോയവർ വിശ്വാസത്തിലേക്ക് മടങ്ങുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ക്രൈസ്തവർ ദൈവാലയങ്ങളിൽ സമ്മേളിക്കുന്നത് തീവ്രവാദികൾ തടയുമ്പോൾ, മതബോധന ക്ലാസുകളിലൂടെയും മറ്റും വിശ്വാസജ്വാല പുനരുജ്ജീവിപ്പിക്കാൻ വിശ്വാസികൾ അവരുടെ ഭവനങ്ങളിൽ ഒത്തുചേരുകയാണ്. പീഡനങ്ങൾ വർദ്ധിക്കുംതോറും ക്രിസ്തുവുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴപ്പെടുന്നതിന്റെ തെളിവായാണ് ഇതിനെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?