Follow Us On

18

April

2024

Thursday

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സഭൈക്യത്തെ കുറിച്ചും പരസ്പരം യോജിച്ച് ക്രിസ്തീയ സാക്ഷ്യം നൽകേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് രണ്ടുപേരും ചർച്ച നടത്തി. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം രണ്ട് സഭകളും തമ്മിൽ വർദ്ധിച്ചുവരുന്ന ബന്ധത്തിനും പരസ്പര സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ച ഫ്രാൻസിസ് പാപ്പ തങ്ങളുടെ മുൻഗാമികൾ തമ്മിലുള്ള ചരിത്രപരമായ സന്ദർശനങ്ങളും കൂടിക്കാഴ്ചകളുംഅനുസ്മരിച്ചു.

‘അങ്ങേയറ്റം പ്രിയപ്പെട്ടവനും ദീർഘനാളായി കാത്തിരിക്കുന്നതുമായ ഒരു സഹോദരൻ എന്ന നിലയിൽ അങ്ങ് സ്വന്തം ഭവനത്തിലേക്കാണ് എത്തിച്ചേർന്നിട്ടുള്ളത്,’ കാതോലിക്കാ ബാവയെ സ്വാഗതം ചെയ്യവേ പാപ്പ പറഞ്ഞു. അപ്പോസ്തലനായ തോമാശ്ല്‌ളീഹായാൽ അടിസ്ഥാനമിട്ട മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പാരമ്പരാഗത വിശ്വാസത്തെ എടുത്തുപറഞ്ഞ അദ്ദേഹം, കർത്താവും ദൈവവുമായി യേശുവിനെ അംഗീകരിക്കുന്ന വിശ്വാസത്തിൽ പങ്കാളികളാണ് രണ്ട് സഭകളുമെന്ന് ചൂണ്ടിക്കാണിച്ചു.

നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികത്തോട് അടുക്കുന്ന സാഹചര്യത്തിൽ ഇരു സഭാവിഭാഗങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന്റെ മേഖലകൾ ഉയർന്ന് വരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. വിശുദ്ധ തോമസിന്റെ വിശ്വാസം ക്രിസ്തുവിന്റെ ശരീരത്തിലെ മുറിവുകളുടെ അനുഭവത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണ്. ക്രിസ്തുവിന്റെ അനുയായികളായ നമുക്കിടയിൽ ചരിത്രത്തിലുടനീളം സംഭവിച്ച ഭിന്നതകൾ, സഭയായ ക്രിസ്തുവിന്റെ ശരീരത്തിൽ ഏൽപ്പിച്ച വേദനാജനകമായ മുറിവുകളാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ചരിത്രപരമായ ഭിന്നതകൾ ഉണ്ടാക്കിയ മുറിവുകൾഒന്നിച്ച് സുഖപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാപ്പ പറഞ്ഞു.

ഇരു വിശ്വാസ സംഹിതകളിലുമുള്ള അടിസ്ഥാനപരമായ ചില വ്യതാസങ്ങൾ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ഇടയാക്കരുത്. സിനഡാലിറ്റിയുടെ പ്രാധാന്യവും കത്തോലിക്കാ സഭയുടെ സിനഡൽ പ്രക്രിയയിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ സിനഡൽ അനുഭവത്തിന്റെ സംഭാവനയും എടുത്തുപറഞ്ഞ ഫ്രാൻസിസ് പാപ്പ, മലങ്കര ഓർത്തഡോക്‌സ് സഭയുടെ പഴക്കമുള്ള സിനഡൽ അനുഭവത്തിൽനിന്ന് തങ്ങൾക്ക് വളരെയധികം പഠിക്കാനുണ്ടെന്നും എടുത്തു പറഞ്ഞു.

തന്റെ മറുപടി പ്രസംഗത്തിൽ ഫ്രാൻസിസ് പാപ്പയുടെ ‘എല്ലാവരും സഹോദരങ്ങൾ’ എന്ന ചാക്രിക ലേഖനത്തെ പരാമർശിച്ച ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് മൂന്നാമൻ കത്തോലിക്കാ ബാവ, രണ്ട് സഭകൾ തമ്മിൽ കൂടുതൽ സഹകരണത്തിനും ധാരണയ്ക്കും ആഹ്വാനം നൽകി. തന്റെ ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പ പറയുന്നതു പോലെ നല്ല സമരിയക്കാരെന്ന നിലയിൽ സമീപത്തുള്ളവർക്കു മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാവരുടെയും മുറിവുകൾ വെച്ചുകെട്ടാൻ രണ്ട് സഭകളെന്ന നിലയിൽ നമുക്കുള്ള ഉത്തരവാദിത്വം കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു.

നല്ല സമരിയാക്കാരനെ അടയാളപ്പെടുത്തിയ അതേ സാഹോദര്യ മനോഭാവം ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ ക്രൈസ്തവ നേതാക്കൾക്കിടയിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വളർത്തേണ്ടതിനും പ്രചോദനമാകണം. തങ്ങളുടെ കൂടിക്കാഴ്ച നേതാക്കൾ തമ്മിലുള്ള സംവാദം മാത്രമല്ലെന്നും സമാധാനം, നീതി, പരസ്പര പരിചരണം, എല്ലാ മനുഷ്യരുടെയും അന്തസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഭകളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?