വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ നടക്കുന്ന സിനഡിൽ, ഗാസ – ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം, ലൈംഗിക സത്വവുമായി ബന്ധപ്പെട്ട ചിന്തകൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായെന്ന് വത്തിക്കാനിലെ വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റ് ഡോ.പൗളോ റുഫീനി, സെക്രെട്ടറി ഷൈല പിരെസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിനഡിൽ നിരവധി തവണ ചർച്ചകൾ ഉണ്ടായതായി ഡോ. റുഫീനി പറഞ്ഞു. വിശ്വാസികൾ എന്ന നിലയിൽ, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടയാളങ്ങളായി മാറാനുള്ള ക്രൈസ്തവരുടെയും ഉത്തരവാദിത്വതേക്കുറിച്ചു സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു. സംഘർഷങ്ങളാൽ തളർന്ന രാജ്യങ്ങളുടെയും, ചില പൗരസ്ത്യസഭകളിൽ നിലനിൽക്കുന്ന ബുദ്ധിമുട്ടുകളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനായുള്ള ആഹ്വാനവുമുണ്ടായി. പാവപ്പെട്ടവരുടെ പക്ഷം ചേരുന്ന, എളിയ ഒരു സഭ എന്ന ആശയം ചർച്ചക്ക് വന്നപ്പോൾ, പാവപ്പെട്ടവർക്ക് അവഗണിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുന്നവരുടെയും രണ്ടാം തരക്കാരായി ചിലയിടങ്ങളിലെങ്കിലും കരുതപ്പെടുന്ന സ്ത്രീകളുടെയും സന്യസ്‌തരുടെയും മുഖം കൂടിയുണ്ടെന്ന് സിനഡിൽ അഭിപ്രായമുയർന്നു. എല്ലാത്തരം ചൂഷണങ്ങളിൽനിന്നും ഇവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് ഷൈല പിരെസ് വിശദീകരിച്ചു.
ലൈംഗിക അതിക്രമങ്ങൾ മൂലം സഭയുടെ വിശ്വസ്‌തത പലയിടങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം സിനഡിൽ ചർച്ചാവിഷയമായി. ഇത്തരം ദൂഷ്യങ്ങൾ സഭയിൽനിന്നും പൂർണ്ണമായി നീക്കിക്കളയേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്യപ്പെട്ട സിനഡിൽ അതിക്രമത്തിനിരയായവരോടുള്ള സഭയുടെ സമീപനത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെട്ടെന്ന് ഡോ. റുഫീനി പറഞ്ഞു.സുവിശേഷത്തോടും സഭാ പ്രബോധനങ്ങളോടും വിശ്വസ്‌തത പാലിച്ചുകൊണ്ടുതന്നെ, ലൈംഗികസത്വം സംബന്ധിച്ച വിഷയങ്ങൾ ഉത്തരവാദിത്വത്തോടും അതേസമയം അപര സ്വീകാര്യതയോടും കൂടി കൈകാര്യം ചെയ്യപ്പെടണമെന്ന അഭിപ്രായം സിനഡിൽ ഉയർന്നു. ഇതുസംബന്ധിച്ച കൂടുതൽ വിചിന്തനത്തിന്റെ ആവശ്യത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്തകൾ ഉണ്ടായെന്ന് അറിയിച്ച അദ്ദേഹം, സിനഡിൽ ഈ വിഷയം സംബന്ധച്ച് അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും, ആശയങ്ങളുടെ പങ്കുവയ്ക്കൽ മാത്രമാണ് നടന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ അവരെ സ്വീകരിക്കുകയും സമൂഹത്തോട് ചേർന്ന് പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന മെത്രാൻ സമിതികളുടെ സഹായം മറ്റു രാജ്യങ്ങളിലും ലഭ്യമാക്കണമെന്ന് പലരും ആവശ്യപ്പെട്ടതായും, കുടിയേറ്റക്കാരും അഭയാർത്ഥികളും അവർ വന്നുചേരുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെട്ടെന്നും ഡോ. റൂഫിനി പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *