Follow Us On

24

July

2024

Wednesday

മരണാനന്തരം നേരിട്ടു കാണാം

മരണാനന്തരം  നേരിട്ടു കാണാം

 ജെയ്‌മോന്‍ കുമരകം

വില്‍ക്കുന്നവനും വാങ്ങുന്നവനും ഉപയോഗമില്ല. എന്നാല്‍ ഉപയോഗിക്കുന്നവന്‍ അറിയുന്നുമില്ലെന്ന് ശവപ്പെട്ടിയെക്കുറിച്ചൊരു പഴമൊഴിയുണ്ട്. ആയിരക്കണക്കിന് മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്താലും സ്വന്തം മരണം കാണാന്‍ ആര്‍ക്കും ഭാഗ്യമില്ലെന്ന് സാരം.
അങ്ങനെ പറയാന്‍ വരട്ടെ. സൗത്ത് കൊറിയയിലെ ജനങ്ങളോട് മാത്രം ഇങ്ങനെ പറയരുത്. കാരണം സ്വന്തം മരണത്തെ അവര്‍ ഒരുക്കത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.

2012ലാണ് സൗത്ത് കൊറിയയില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ ഈ വിധം ശവപ്പെട്ടിയില്‍ക്കിടന്ന് സ്വന്തം മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കാളിയായിരിക്കുന്നു.
ഇങ്ങനെ ശവപ്പെട്ടിയില്‍കിടന്ന് സ്വന്തം മൃതസംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മരണത്തെപ്പറ്റിയും ജീവിതത്തെപറ്റിയും കൂടുതല്‍ ചിന്തിക്കുന്നു എന്നാണ് അനുഭവസാക്ഷ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.

ഒരുവശത്ത് ജീവന്റെ വില മനസിലാക്കാന്‍ സഹായിക്കുന്നു. മറുവശത്ത് അത് നല്ല മരണത്തിനായി ആളുകളെ ഒരുക്കുകയും ചെയ്യുന്നു.
ഒരുലക്ഷം ആളുകള്‍ക്ക് പതിനൊന്ന് പേര്‍ എന്ന കണക്കില്‍ ലോകത്ത് ആത്മഹത്യ നടക്കുമ്പോള്‍ സൗത്ത് കൊറിയയില്‍ ഇത് ഒരുലക്ഷത്തില്‍ ഇരുപത് എന്ന തോതിലാണ്. അതായത് സൗത്ത് കൊറിയയിലെ ആത്മഹത്യാനിരക്ക് ലോകശരാശരിയുടെ ഇരട്ടിയോളം വരുന്നുണ്ട്. എന്നാല്‍ ഇങ്ങനെ സ്വന്തം മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ പല മാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ജീവിതം കൂടുതല്‍ വിലമതിക്കുന്നു. അവര്‍ ക്ഷമ കൊടുക്കുവാനും സ്വീകരിക്കുവാനും തയാറാകുന്നു. അതിനാല്‍ ആത്മഹത്യാനിരക്ക് കുറയുവാനും ഇത് കാരണമാകുന്നുണ്ട്.

സ്വന്തം ജീവന്റെ വില മനസിലാക്കാനും തങ്ങള്‍ ജീവനൊടുക്കിയാല്‍ വേദനിക്കുന്നവര്‍ ഉണ്ടാകും എന്ന് തിരിച്ചറിയുവാനും ഈ അനുഭവം ആളുകളെ സഹായിക്കുന്നു. മരണത്തിന് വേണ്ടി കൂടുതല്‍ ഒരുങ്ങാനും കൂടുതല്‍ നല്ല ജീവിതം നയിക്കുവാനും ഈ മൃതസംസ്‌കാര ശുശ്രൂഷകള്‍ സഹായിക്കുന്നു എന്നത് നല്ല കാര്യം തന്നെ.
കഷായത്തില്‍ പോലും വിഷം കലക്കി മനുഷ്യനെ കൊല്ലുന്ന കാലത്ത് മരണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മളിലുമുണ്ടാകട്ടെ. അത് നമ്മെ ദൈവത്തിലേക്ക് കുറെക്കൂടി ചേര്‍ത്തുനിര്‍ത്തും.

വേറിട്ട വഴിയിലൂടെ
യുവജനങ്ങളെ ആത്മീയാനുഭവത്തിലേക്ക് നയിക്കാനുള്ള വികാരിയച്ചന്റെ ആഗ്രഹം ഒരുനാടിന് മൊത്തം അനുഗ്രഹമായിമാറി. വേദനിക്കുവരെ കാണുമ്പോള്‍ നമ്മളെത്രയോ ഭാഗ്യവാന്മാര്‍ എന്ന തിരിച്ചറിവ് ഇടവകയിലെ യുവജനങ്ങളില്‍ സൃഷ്ടിക്കുകയായിരുന്നു അച്ചന്റെ ലക്ഷ്യം. ഉപദേശത്തേക്കാളുപരി പ്രവൃത്തികളിലൂടെ ബോധ്യമായാല്‍ സഹോദരങ്ങളോട് അലിവും പരസ്‌നേഹവും യുവജനങ്ങളില്‍ നിറയ്ക്കാനാവുമെന്ന അച്ചന്റെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല.
ചങ്ങനാശേരി അതിരൂപതയിലെ പൊടിപാറ ദൈവാലയത്തിലെ യുവജനങ്ങളാണ് വികാരിയച്ചനായ ഫാ. സോണി മുണ്ടുനടയ്ക്കലിനൊപ്പം കുടമാളൂര്‍ അടുത്തുള്ള സംപ്രീതി എന്ന ഭവനത്തിലേക്ക് യാത്രയായത്. മാനസിക വൈകല്യം അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായിരുന്നു സംപ്രീതിയില്‍.

അവരോടൊപ്പം ഇടവകയിലെ യുവജനങ്ങള്‍ ആടിപ്പാടി…..
13 വര്‍ഷം മുമ്പ് തുടക്കമിട്ട സംപ്രീതിയില്‍ ഇന്ന് 20 യുവാക്കളാണുള്ളത്. ബുദ്ധി വികാസം പ്രാപിക്കാത്തതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ടവരോ പ്രായോഗികമായ കാരണത്താല്‍ സ്വഭവനത്തില്‍ സംരക്ഷിക്കാന്‍ സാധിക്കാത്തവരോ ആയ ദൈവത്തിന്റെ മാലാഖമാരെ സംരക്ഷിക്കുന്ന ഇടമാണിത്. ലോകം മുമ്പോട്ട് ഓടുമ്പോള്‍ ഒപ്പം കുതിക്കാനാവാതെ കിതച്ചുപോകുന്ന ഒരുപറ്റം പാവങ്ങള്‍. ഇവര്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ ഗെയിമുകളും നൃത്തപരിശീലന ക്ലാസുകളുമെല്ലാം ഇവിടെ നടത്തുന്നു. ഇവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഏറെ മനോഹരം.
ഇങ്ങനെയുളളവര്‍ നമ്മുടെ നാട്ടിലുമുണ്ടാകാം. അവരെ കാണാനും അത്തരം കൂട്ടായ്മകളുടെ നന്മകള്‍ തിരിച്ചറിയാനും നമ്മുടെ യുവജനങ്ങള്‍ക്കും അവസരം ഉണ്ടാകട്ടെ…..പുതിയ തലമുറ ദൈവാലയത്തോട് അടുപ്പമുള്ളവരായി മാറാനും സാധാരണ ജനത്തിന്റെ നൊമ്പരങ്ങള്‍ തിരിച്ചറിയാനും എല്ലാ ദൈവാലയധികൃതരും ഇത്തരം വഴികളും തിരയട്ടെ.

കടബാധ്യത മാറാന്‍ പത്തുകല്‍പ്പനകള്‍
കടബാധ്യത വര്‍ധിക്കുന്നു, ജീവിക്കാന്‍ നിവൃത്തിയില്ല.. ഒരുപാട് പേര്‍ പറയുന്നൊരു പരാതിയാണിത്. കടം വര്‍ധിച്ച് പുറത്തിറങ്ങാന്‍ പറ്റാതെ കുടുംബത്തോടൊപ്പം ജീവനൊടുക്കിയവരെക്കുറിച്ചും നാടുവിട്ടവരെക്കുറിച്ചുമെല്ലാം മാധ്യമങ്ങളിലിപ്പോള്‍ ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. കടബാധ്യത ഉണ്ടാകാതെ കുടുംബങ്ങളെ സംരക്ഷിക്കാനുതകുന്ന പത്തു കല്‍പ്പനകള്‍ നല്‍കുകയാണ് തലശേരി രൂപതയിലെ സിഫാം കൗണ്‍സലിംഗ് സെന്ററിലെ ഫാ. ഡോ. സെബാന്‍ ചെരിപുറത്ത്.
11 വയസ് മുതലുള്ള കുടുംബാംഗങ്ങള്‍ എല്ലാവരും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കടങ്ങളെക്കുറിച്ചും വരവ് ചെലവുകളെക്കുറിച്ചും അറിഞ്ഞിരിക്കണം.
പലിശ കടങ്ങള്‍ ഒഴിവാക്കുന്നതിനു മുന്‍ഗണന കൊടുക്കണം. ഇതിനായി പലിശ ഇല്ലാതെ വായ്പ തരുന്ന സുഹൃത്തുക്കള്‍ ബന്ധുമിത്രങ്ങള്‍ എന്നിവരുടെ സഹായം തേടുക.
കുടുംബങ്ങള്‍ എല്ലാ ദിവസവും ഒരുമിച്ചിരുന്നു വരവ് ചിലവ് പറയുകയും എഴുതി വയ്ക്കുകയും ചെയ്യണം.
കടം വീടുന്നതുവരെ അനാവശ്യ യാത്രകള്‍, സമ്മാനങ്ങള്‍ കൊടുക്കുന്നത്, ദുര്‍ചെലവുകള്‍ ഇവ ഒഴിവാക്കുക, നിങ്ങളില്‍ നിന്ന് ആരെങ്കിലും വായ്പ മേടിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ വാങ്ങുക.
നിങ്ങള്‍ മാത്രമല്ല അനേകം കുടുംബങ്ങള്‍ കടബാധ്യതയിലൂടെ കടന്ന് പോകുന്നുണ്ട്. തീര്‍ച്ചയായും അത് പരിഹരിക്കപ്പെടും എന്നോര്‍ക്കുക.
കുടുംബാംഗങ്ങള്‍ ഒരുമിച്ചു ആലോചിച്ചു മാത്രം പുതിയ തീരുമാനങ്ങള്‍ എടുക്കുക (ഉദാ: കടബാധ്യത തീര്‍ക്കാ ന്‍ പുതിയ ബിസിനസ് തുടങ്ങുന്നത് )
താരതമ്യം ചെയ്തു ഒന്നും വാങ്ങാതിരിക്കുക. ഉദാഹരണത്തിന് അയല്പക്കത്തെ വീട്ടുകാര്‍ കാര്‍ മേടിച്ചു, നമുക്കും ഒരെണ്ണം വേണം.
വിലകുറവ് കണ്ടതിനാലോ, പിന്നീട് ആവശ്യമായി വരുമെന്നതിന്നാലോ സാധന സാമഗ്രികള്‍ വാങ്ങിച്ചു കൂട്ടാതിരിക്കുക.
വലിയ കടബാധ്യത ഉള്ളപ്പോള്‍ വീണ്ടും കടമെടുത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനേക്കാള്‍ നല്ലത് ഉറപ്പുള്ള വരുമാനങ്ങളെ ആശ്രയിക്കുന്നതാണ്.
കടബാധ്യതയെക്കുറിച്ച് പഴിചാരലുകളും കുറ്റപ്പെടുത്തലുകളും ഒന്നിനും ഉപകരിക്കുന്നില്ല. അതിനാല്‍ ഇനി എന്തുചെയ്യാം എന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു ആലോചിക്കുക.
കൊങ്കണ്‍ വഴി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തുരങ്കത്തില്‍ കയറാറുണ്ടല്ലോ. അപ്പോള്‍ ഒരു അസ്വസ്ഥത എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ കുറച്ചു കഴിയുമ്പോള്‍ തുരങ്കത്തില്‍ നിന്ന് ട്രെയിന്‍ പുറത്തു കടക്കും. ആ സമയത്ത് ജനല്‍ തുറന്നിടുമ്പോള്‍ ഈ അസ്വസ്ഥത മാറും.
ഇതുപോലെ കടബാധ്യത ഉള്ളപ്പോള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അനുവര്‍ത്തിക്കുക. അധികം താമസിയാതെ നമ്മള്‍ കടബാധ്യതയില്‍ നിന്ന് പുറത്തുകടക്കും എന്ന ചിന്ത പ്രത്യാശ പകരുന്നതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?