റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ
രക്ഷാചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് അബ്രാഹത്തിന്റെയും മോശയുടെയുംപോലെ അതുല്യമാണ്. വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ യൗസേപ്പിതാവിനെ ‘സാര്‍വത്രിക സഭയുടെ സംരക്ഷകന്‍’ ആയി പ്രഖ്യാപിച്ചു. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ‘തൊഴിലാളികളുടെ മധ്യസ്ഥ’നായി പ്രഖ്യാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ യൗസേപ്പിതാവിനെ രക്ഷകന്റെ കാവല്‍ക്കാരനായി കണ്ട് ‘റിഡംപ്‌ടോറിസ് കുസ്റ്റോസ്’ എന്ന അപ്പോസ്‌തോലിക പ്രബോധനം എഴുതി. വിശുദ്ധ യൗസേപ്പിതാവ് സാര്‍വത്രികമായ നല്‍മരണത്തിന്റെ മധ്യസ്ഥനായി വിളിക്കപ്പെടുന്നു. 2020-ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി സഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ഭൂമിയിലെ യേശുവിന്റെ പിതാവായ ജോസഫ് നേരിട്ട് നമ്മോട് സംസാരിച്ചിട്ടില്ല. മറിച്ച് ‘പുത്രനിലൂടെ സംസാരിച്ചു’ (ഹെബ്രാ. 1,2). സുവിശേഷങ്ങളില്‍ ജോസഫ് ഉച്ചരിച്ച ഒരു വാക്കുപോലുമില്ല. ജോസഫിന്റെ വാക്ചാതുര്യം സംസാരത്തിലല്ല, പ്രവൃത്തിയിലായിരുന്നു. പ്രവൃത്തികള്‍ വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു എന്നാണല്ലോ പറയുന്നത്. യേശുവിനെ നസ്രത്തിലെ യേശു എന്നു വിളിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ അവന്റെ ഉത്ഭവത്തെക്കുറിച്ച് മാത്രമല്ല അതു സൂചിപ്പിക്കുന്നത്. മറിച്ച് അവതാരമായ വചനത്തിന്റെ വിത്ത് അത്തരത്തിലുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ വീണുവെന്നും അത് പഠിപ്പിക്കുന്നു.
സ്‌നേഹത്തിന്റെ ജീവിതം
വിശുദ്ധ പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സ്‌നേഹത്തിന് മനോഹരമായ നിര്‍വചനം നല്‍കുന്നതുപോലെ, ജോസഫിനെക്കുറിച്ച് നമുക്കും പറയാം: ജോസഫ് അസൂയപ്പെടുന്നില്ല, പൊങ്ങച്ചക്കാരനല്ല, ഒരിക്കലും സ്വന്തം താല്‍പര്യം അന്വേഷിക്കുന്നില്ല, അഹങ്കാരം നിറഞ്ഞവനല്ല, അവന്‍ സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു, സകലത്തെയും അതിജീവിക്കുന്നു (1 കോറി. 13:4-7).
ജോസഫിന്റെ ജീവിതം സ്‌നേഹത്തിന്റെ ജീവിതമാണ്. 2009 മാര്‍ച്ചുമാസത്തില്‍ കാമറൂണ്‍ സന്ദര്‍ശിച്ച വേളയില്‍ പോപ്പ് ബനഡിക്ട് പതിനാറാമന്‍ വിശുദ്ധ ജോസഫിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അതിമനോഹരങ്ങളായിരുന്നു. പാപ്പ പറഞ്ഞു: ”ആരെയും സ്വന്തമാക്കി വയ്ക്കാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് ജോസഫ് നമുക്ക് കാണിച്ചുതരുന്നു.” വളരെ ലളിതമായ വാക്കുകള്‍. എന്നാല്‍, ആഴത്തിലുള്ള അര്‍ത്ഥം അതിലുണ്ട്. വിശുദ്ധ യൗസേപ്പ് തന്റെ ഭാര്യ മേരിയെയും മകനായ യേശുവിനെയും സ്വന്തമാക്കിവയ്ക്കാതെ സ്‌നേഹിച്ചു എന്നത് വളരെ സത്യമാണ്.
മേരി ജോസഫിന്റെ ഭാര്യയാണോ എന്ന ചോദ്യത്തിന് ഉത്തരം, തീര്‍ച്ചയായും അവള്‍ ഭാര്യയാണ്. കാരണം യഹൂദപാരമ്പര്യമനുസരിച്ച് അവര്‍ വിവാഹിതരായിരുന്നു. പക്ഷേ അവള്‍ ഈ ലോകത്തിലെ മറ്റേതൊരു ഭാര്യയെയുംപോലെ ആയിരുന്നില്ല. അവള്‍ക്കൊരു പ്രത്യേക ദൗത്യം ഉണ്ടായിരുന്നു. ദൈവപുത്രനായ യേശുവിന്റെ അമ്മയാകാന്‍ അവള്‍ വിളിക്കപ്പെട്ടു. ജോസഫ് തന്റെ ഭാര്യയായ മറിയത്തെ കൈവശമാക്കുന്നില്ല. ജോസഫിന്റെ വിളി മേരിയെ സംരക്ഷിക്കുക, പരിപാലിക്കുക, എല്ലാറ്റിനുമുപരിയായി അവളെ ഭാര്യയായി സ്‌നേഹിക്കുക എന്നതായിരുന്നു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ അന്നദാതാവായിരുന്നു അദ്ദേഹം.
യൗസേപ്പിതാവ് സ്‌നേഹവും അര്‍പ്പണബോധവുമുള്ളമുള്ള ഒരു അസാധാരണ ഭര്‍ത്താവായിരുന്നു. യേശുവിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. യേശു അവന്റെ മകനാണ്. പക്ഷേ അവന്‍ അവന്റെ ജൈവികപുത്രനല്ല, ജോസഫ് അവന് ജന്മം നല്‍കിയില്ല, പക്ഷേ അവന്‍ ഈ ഭൂമിയില്‍ യേശുവിന്റെ പിതാവാണ്. യേശു തച്ചനായ ജോസഫിന്റെ മകന്‍ എന്നാണ് അറിയപ്പെടുന്നത്. ജോസഫ് ത്യജിച്ചത് ഒരു കുഞ്ഞിനെ ജനിപ്പിക്കാനുള്ള അവന്റെ അവകാശവും അതുമായി ബന്ധപ്പെട്ട എല്ലാ സന്തോഷങ്ങളുമാണ്. അവന്‍ ദൈവത്തിന് അര്‍പ്പിക്കുന്നത് ഒരു പുരുഷനാകാവുന്ന ഏറ്റവും വലിയ സമ്മാനമാണ്. പുരോഹിതര്‍ക്കും സന്യസ്തര്‍ക്കും അതുകൊണ്ടാണ് ജോസഫ് ഒരു ഉത്തമ മാതൃകയാകുന്നത്.
പഴയനിയമത്തിലെ ജോസഫ്
പ്രസിദ്ധമായൊരു ലാറ്റിന്‍ വാക്കുണ്ട്. ഹലേ മറ ഷീലെുവ. അതായത് ജോസഫിലേക്ക് പോകുക. ഉല്‍പത്തി പുസ്തകത്തില്‍നിന്നാണ് നമുക്കിത് ലഭിക്കുന്നത്. അവിടെ മറ്റൊരു ജോസഫിനെ നാം കാണുന്നുണ്ട്, യാക്കോബിന്റെ മകനായ ജോസഫ്. പഴയ നിയമത്തിലെ ജോസഫിനും പുതിയ നിയമത്തിലെ ജോസഫിനും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. അവര്‍ രണ്ടുപേരും സ്വപ്‌നങ്ങളിലൂടെ ദൈവവുമായി ആശയവിനിമയം നടത്തി. സാധാരണയായി ആളുകള്‍ രാത്രിയില്‍ സ്വപ്‌നങ്ങള്‍ കാണും. അവര്‍ എഴുന്നേല്ക്കുമ്പോള്‍ അത് അവസാനിക്കും.
പഴയനിയമത്തിലെ ജോസഫ് യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനായിരുന്നു. അവന് പന്ത്രണ്ട് വയസുള്ളപ്പോള്‍ അവനോടുള്ള പിതൃപ്രീതി അവന്റെ സഹോദന്മാരുടെ അസൂയയെ പ്രകോപിപ്പിച്ചു. ആദ്യം അവര്‍ അവനെ കൊല്ലാന്‍ ആലോചിച്ചു. പക്ഷേ അവസാനം അവനെ ഒരു കെണിയില്‍ വീഴ്ത്തി ഈജിപ്തിലേക്കു പോകുന്ന വ്യാപാരികളുടെ ഒരു സംഘത്തിന് അവനെ വില്‍ക്കുകയും ഫറവോന്റെ കാവല്‍ക്കാരനായ പൊത്തിഫറിന്റെ അടിമയായിത്തീരുകയും ചെയ്തു. ജോസഫിനെ വശീകരിക്കുന്നതില്‍ പരാജയപ്പെട്ട പൊത്തിഫറിന്റെ ഭാര്യയുടെ ദുരുദ്ദേശം നിമിത്തം ജയില്‍വാസം അനുഭവിച്ചു (ഉല്‍പത്തി 39).
ഫറവോന്റെ ദാസന്റെയും ജയിലില്‍ കിടന്നിരുന്ന അപ്പക്കാരന്റെയും സ്വപ്‌നങ്ങളെ ജോസഫ് വ്യാഖ്യാനിച്ചു. അത് പിന്നീട് യാഥാര്‍ത്ഥ്യമായി. ഇക്കാരണത്താല്‍ സ്വന്തം സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാന്‍ ഫറവോ അവനെ വിളിച്ചു. ജോസഫ് പ്രവചിച്ചതുപോലെ എല്ലാം സംഭവിച്ചപ്പോള്‍ ഫറവോ അവനെ ഈജിപ്തിന്റെ അധിപനായി നിയമിച്ചു.
ഏഴ് സവിശേഷതകള്‍
സിയേനയിലെ വിശുദ്ധ ബര്‍ണാഡ് എഴുതുന്നു. ‘പഴയനിയമത്തിലെ ജോസഫ് ധാന്യം തനിക്കുവേണ്ടി സൂക്ഷിച്ചില്ല. മറിച്ച് എല്ലാ ആളുകള്‍ക്കും ഭക്ഷണം നല്‍കി.’ പുതിയ നിയമത്തിലെ ജോസഫും നമ്മെ പോറ്റുന്നു. കാരണം അവന്‍ സ്വര്‍ഗത്തില്‍നിന്ന് ജീവനുള്ള അപ്പം (യേശു) ലോകത്തിനുവേണ്ടി നല്‍കുന്നു. രണ്ട് ജോസഫുമാരുടെയും സാദൃശ്യത്തെ വിശുദ്ധ ബര്‍ണാഡ് ഇങ്ങനെ സംഗ്രഹിക്കുന്നു. വിശുദ്ധ ജോസഫ് ഈജിപ്തുകാര്‍ക്ക് ശാരീരിക ജീവിതത്തിന്റെ അപ്പം മാത്രമല്ല നല്‍കിയത്. സ്വര്‍ഗീയജീവന്‍ നിലനിര്‍ത്തുന്ന സ്വര്‍ഗത്തില്‍നിന്നുള്ള അപ്പംതന്നെയാണ്.
പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ പറയുന്നു: ”നിത്യജീവന്റെ അപ്പമായി നാം ഭക്ഷിക്കേണ്ട യേശുവിനെ പിതാവ് എന്ന നിലയില്‍ പോഷിപ്പിക്കുകയും പഠിപ്പിക്കുകയും പരിചരിക്കുകയും ചെയ്തത് വിശുദ്ധ ജോസഫാണ്.” പുരോഹിതന്‍ അള്‍ത്താരയില്‍ കൂദാശ ചെയ്യപ്പെട്ട അപ്പമെടുത്ത് ആരാധനയ്ക്കായി ഉയര്‍ത്തുമ്പോള്‍ ആദ്യമായി യേശുവാകുന്ന ആ അപ്പത്തെ ഉയര്‍ത്തിയത് വിശുദ്ധ യൗസേപ്പിതാവാണെന്ന് ഓര്‍ക്കാം. യേശുവിനെ ഒരേസമയം ആദരവോടും വാത്സല്യത്തോടുംകൂടെ കൈകളില്‍ എടുത്തു വളര്‍ത്തിയ ജോസഫ് ബലിപീഠത്തിലേക്ക് നീങ്ങുന്ന പുരോഹിതര്‍ക്ക് ഉത്തമ മാതൃകയാണ്.
ഫ്രാന്‍സിസ് പാപ്പ തന്റെ ഒരു പ്രസംഗത്തില്‍ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ശക്തമായ മധ്യസ്ഥതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ഒരു പ്രശ്‌നം പരിഹരിക്കേണ്ടിവരുമ്പോള്‍, തന്റെ നിയോഗം ഒരു കടലാസില്‍ എഴുതി ഉറങ്ങുന്ന സെന്റ് ജോസഫിന്റെ പ്രതിമയ്ക്ക് കീഴില്‍ സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൗസേപ്പിതാവ് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പയ്ക്ക് ഉറപ്പുണ്ട്. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് കൂടുതല്‍ അറിയാനും യൗസേപ്പിതാവിനോടുള്ള ഭക്തി സഭയില്‍ പ്രചരിപ്പിക്കാനുമുള്ളൊരു പ്രത്യേക വര്‍ഷമായിരുന്നു 2020.
വിശുദ്ധ ജോസഫിന്റെ ഏഴ് സ്വഭാവസവിശേഷത ഫ്രാന്‍സിസ് പാപ്പ അവതരിപ്പിക്കുന്നുണ്ട്. സ്‌നേഹമയിയായ പിതാവ്, ആര്‍ദ്രഹൃദയമുള്ള പിതാവ്, അനുസരണയുള്ള പിതാവ്, സ്വീകരിക്കുന്ന പിതാവ്, ക്രിയാത്മകധൈര്യശാലിയായ പിതാവ്, അധ്വാനിക്കുന്ന പിതാവ്, നിഴലായി നില്‍ക്കുന്ന പിതാവ് എന്നിങ്ങനെയാണവ. തനിക്കു ലഭിച്ച ഉത്തരവാദിത്വങ്ങള്‍ ദുരുപയോഗം ചെയ്യാതെ തീവ്രമായ സ്‌നേഹത്തിലും പരിത്യാഗത്തിലും ജീവിച്ച വിശുദ്ധ ജോസഫ് നമുക്ക് മാതൃകയാകട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *