Follow Us On

24

December

2024

Tuesday

ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം

ആത്മസംയമനവും പ്രത്യാശയും കൂടുതല്‍ വേണം

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ മറ്റൊരു മൂഡിലേക്ക് മാറുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും ത്യാഗവും അനുഷ്ഠിക്കുന്നു. നല്ല കുമ്പസാരം നടത്തുന്നു. ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളില്‍ പരമാവധി ആളുകള്‍ ദൈവാലയത്തില്‍ പോകുന്നു. മിക്കവാറും എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ഉപവസിക്കുന്നു, പരിത്യാഗപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നു, ദുര്‍ഘടമായ പാതകളിലൂടെ കുരിശിന്റെ വഴി നടത്തി പരിഹാരം ചെയ്യുന്നു. അങ്ങനെയുള്ള പലതരം പുണ്യ പ്രവൃത്തികളിലൂടെ പ്രത്യേക പ്രാര്‍ത്ഥനാ അരൂപിയിലേക്ക് വിശ്വാസികള്‍ പ്രവേശിക്കുന്നു.

എന്നാല്‍, നോമ്പ് ആരംഭിക്കുമ്പോള്‍ മുതല്‍ എല്ലാവരുംതന്നെ ഈസ്റ്ററിനുള്ള ആത്മീയ ഒരുക്കങ്ങള്‍ ആരംഭിക്കും. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക, എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുക, വ്യക്തിപരമായ പരിത്യാഗങ്ങള്‍ ചെയ്യുക, കൂടുതലായി പരോപകാര പ്രവൃത്തികളും ദാനധര്‍മങ്ങളും ചെയ്യുക തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ നോമ്പുകാലത്ത് ചില കുടുംബങ്ങള്‍ ഈസ്റ്ററിന് ഒരുങ്ങുന്നവിധം അറിഞ്ഞാല്‍ അതിശയവും ആദരവും തോന്നും.

അവര്‍ വെജിറ്റേറിയന്‍ ഭക്ഷണംമാത്രം കഴിക്കുന്നു, എല്ലാ ദിവസവും കുഞ്ഞുങ്ങള്‍ അടക്കം എല്ലാവരും ദിവ്യബലിയില്‍ പങ്കെടുക്കുന്നു, ദിവസവും കുടുംബപ്രാര്‍ത്ഥന ചൊല്ലുന്നു, വീട്ടില്‍ ദിവസവും കുരിശിന്റെ വഴിയും കരുണക്കൊന്തയും ചൊല്ലുന്നു, വെള്ളിയാഴ്ചകളില്‍ ഉപവസിക്കുന്നു…. അങ്ങനെ പലതും.
ഇങ്ങനെ ഉറച്ച ദൈവവവിശ്വാസത്തിലും പ്രാര്‍ത്ഥനയിലും മുന്നോട്ടുപോകുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേകമായ അനുഗ്രഹങ്ങള്‍ കിട്ടുന്നു. അവയില്‍ ചിലത്:
കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ കുറയുന്നു, കുടുംബത്തില്‍ സ്‌നേഹം വളരുന്നു, മക്കള്‍ പഠനത്തില്‍ മുന്നേറുന്നു, മക്കള്‍ വഴിതെറ്റി പോകുന്നില്ല, മക്കള്‍ക്ക് നല്ല ഭാവി ഉണ്ടാകുന്നു, മക്കള്‍ വളര്‍ന്നാലും ആ ദൈവികബന്ധം നിലനിര്‍ത്തുന്നു, ഇത്തരം കുടുംബങ്ങള്‍ പ്രതിസന്ധികളെ കൂടുതല്‍ എളുപ്പത്തില്‍ അതിജീവിക്കുന്നു. അവരുടെ മനസ് പതറുന്നില്ല.

സത്യം പറഞ്ഞാല്‍, ജീവിച്ചുപോകാന്‍ ഒരുപാട് ആത്മസംയമനവും ഒരുപാട് പ്രത്യാശയും ആവശ്യമുള്ള കാലഘട്ടമാണിത്. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍, തൊഴില്‍ മേഖലയിലും പഠനസ്ഥലത്തും പ്രശ്‌നങ്ങള്‍, ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍, കള്ളന്മാരും അക്രമികളും മനഃസാക്ഷി ഇല്ലാത്തവരുമായ മനുഷ്യര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. അതിനുപുറമേ പ്രതികൂല കാലാവസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ കിട്ടാത്ത പ്രശ്‌നങ്ങള്‍, മോശമായിക്കൊണ്ടിരിക്കുന്ന മതസൗഹാര്‍ദം…തുടങ്ങിയ വിഷയങ്ങള്‍. ഇവയ്ക്കിടയിലാണ് ജീവിതം. അതിനാല്‍ ടെന്‍ഷനടിക്കാനും ആത്മസംയമനം, പ്രത്യാശ എന്നിവ നഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങള്‍ വളരെയധികം. തന്മൂലം ഭയം, നിരാശ, ദുഃഖം, പരാതികള്‍, കടഭാരങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി പലതും ജനങ്ങള്‍ അനുഭവിക്കുന്നു.

ഇത്തരം പ്രതിസന്ധികള്‍ കൂടുമ്പോള്‍ ആളുകള്‍ പലവിധത്തിലാണ് അവയോട് പ്രതികരിക്കുന്നത്. ചിലര്‍ കോപാകുലരും അക്രമവാസന ഉള്ളവരും ആകും. ചിലര്‍ നിരാശക്ക് അടിമകളാകും. ചിലര്‍ ഭയത്തിന് അടിമപ്പെട്ട് പ്രത്യാശയില്ലാത്തവരാകും. ചിലര്‍ നിസംഗതയാല്‍ നിറയും. ചിലര്‍ ദൈവത്തോടും മനുഷ്യരോടും സാഹചര്യങ്ങളോടും വെറുപ്പുള്ളവരായി മാറും. ചിലര്‍ വഴക്കാളികളും അക്രമം കാണിക്കുന്നവരുമാകും. ചിലര്‍ ആത്മഹത്യയെപ്പറ്റി ചിന്തിച്ചു തുടങ്ങും. അവരില്‍ ചിലരൊക്കെ ആത്മഹത്യ ചെയ്യും.

ഇങ്ങനെയൊക്കെയുള്ള ഒരു കാലഘട്ടത്തിലാണ് ഈ വര്‍ഷത്തെ വലിയ ആഴ്ചയും ഈസ്റ്ററും. ഈ കാലഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനും സ്വസ്ഥതയോടെ മുന്നോട്ടുപോകാനും കൂടുതല്‍ ആത്മസംയമനവും പ്രത്യാശയും ആവശ്യമാണ്. ആത്മസംയമനവും പ്രത്യാശയുമാണ് പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനും സഹായിക്കുന്ന രണ്ട് പ്രധാനകാര്യങ്ങള്‍. പ്രതികൂലങ്ങളില്‍ പതറിപ്പോകാതിരിക്കാന്‍ ആത്മസംയമനം വേണം. മുന്നോട്ടുനോക്കുമ്പോള്‍ തോന്നുന്ന ഭയാശങ്കകളെയും ഉല്‍ക്കണ്ഠയെയും അതിജീവിക്കാന്‍ നല്ല പ്രത്യാശ വേണം.

ദൈവവിശ്വാസം ഇല്ലാത്തവരുടെയും ദൈവവിശ്വാസം കുറഞ്ഞവരുടെയും ദൈവവിശ്വാസം കൂടുതല്‍ ഉള്ളവരുടെയും ആത്മസംയമനത്തിന്റെയും പ്രത്യാശയുടെയും ലെവലില്‍ വ്യത്യാസമുണ്ട്. നല്ല ദൈവവിശ്വാസവും നല്ല പ്രാര്‍ത്ഥനയും ഉള്ളവരുടെ ആത്മസംയമനവും പ്രത്യാശയും വളരെ കൂടുതല്‍ ആയിരിക്കും. പല തരം അക്രമങ്ങളെപ്പറ്റിയും കൊലപാതകങ്ങളെപ്പറ്റിയും ആത്മഹത്യകളെപ്പറ്റിയുമെല്ലാം നാം കേള്‍ക്കുന്നുണ്ടല്ലോ. ജീവിതപങ്കാളിയെ കൊല്ലുന്നു, മക്കളെ കൊല്ലുന്നു. എന്നിട്ട് ആത്മഹത്യ ചെയ്യുന്നു. മാതാപിതാക്കളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നു. നിസാരകാര്യങ്ങള്‍ക്കുപോലും അടിപിടിയും കൊലപാതകങ്ങളും നടത്തുന്നു.

ആത്മസംയമനത്തിന്റെയും പ്രത്യാശയുടെയും ദൈവവിശ്വാസത്തിന്റെയും കുറവാണ് ഇവയുടെ കാരണങ്ങള്‍. അതിനാല്‍ ദൈവവിശ്വാസം, പ്രാര്‍ത്ഥന, ആത്മസംയമനം, പ്രത്യാശ എന്നിവ കുറയുമ്പോള്‍ വ്യക്തികളും കുടുംബങ്ങളും സമൂഹവും കൂടുതല്‍ തളരും. ആത്മഹത്യകളും കൊലപാതകങ്ങളും അക്രമങ്ങളും ലഹരി ഉപയോഗവും മറ്റ് അധാര്‍മിക പ്രവര്‍ത്തനങ്ങളും കൂടിവരും. അതിനാല്‍ നമ്മള്‍ ആത്മസംയമനം, പ്രത്യാശ, ദൈവവിശ്വാസം, പ്രാര്‍ത്ഥന എന്നിവയില്‍ വളരണം.
പെസഹാവ്യാഴം, ദുഃഖവെള്ളി എന്നീ ദിവസങ്ങളില്‍ യേശു അതികഠിനമായ ശാരീരിക മാനസിക പീഡകളിലൂടെ കടന്നുപോയി. ശരീരത്തിലും മനസിലും വലിയ മുറിവുണ്ടായി. പരാതി പറയാതെ, എതിര്‍ക്കാതെ, നിരാശപ്പെടാതെ അവിടുന്ന് അവയെല്ലാം സഹിച്ചു. അതിശ്രേഷ്ഠമായ ആത്മസംയമനമാണ് അവിടുന്നില്‍ പ്രകടമായത്. ദൈവം യേശു എന്ന മനുഷ്യനെ ശക്തിപ്പെടുത്തി. യേശു ആ സഹനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചു. മരിച്ച് മൂന്നാം ദിവസം അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റു.

പ്രശ്‌നങ്ങളും രോഗങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ആത്മസംയമനവും പ്രത്യാശയും ഉള്ളവരാകണം. കാരണം, എല്ലാ പ്രശ്‌നങ്ങള്‍ക്കും എല്ലാ സഹനങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ആത്മസംയമനവും പ്രത്യാശയും ഉള്ളവരായാല്‍ നമ്മളും പ്രശ്‌നങ്ങളെ അതിജീവിക്കും, യേശുവിനെപ്പോലെ വിജയിക്കും. ഇനി സമൂഹത്തില്‍ ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കട്ടെ, കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ, അടിപിടികള്‍ ഉണ്ടാകാതിരിക്കട്ടെ, കുടുംബകലഹങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.

എല്ലാവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?