Follow Us On

22

January

2025

Wednesday

ത്രോണോസിലെ സൂര്യന്‍

ത്രോണോസിലെ സൂര്യന്‍

റവ. ഡോ. പോളി മണിയാട്ട്

ലങ്കര കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും പ്രകടമാകുന്ന രഹസ്യാത്മകതയെ അത്ഭുതാദരവോടെ നോക്കിക്കാണുകയും അവയിലൂടെ പ്രകാശിതമാകുന്ന ദൈവശാസ്ത്രത്തെ സമ്യക്കായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ഫാ. സജി ജോര്‍ജ് ഇടനാട്ടുകിഴക്കേതില്‍ ഒഐസിയുടെ ‘ത്രോണോസിലെ സൂര്യന്‍.’ മലങ്കര കുര്‍ബാനയുടെ ദൈവശാസ്ത്രത്തെയും ആധ്യാത്മിക മാനങ്ങളെയും നിര്‍ണായകമായി സ്വാധീനിക്കുന്ന ബുക്‌റോ, തീക്കല്‍പ്പാറ എന്നീ പദപ്രയോഗങ്ങളെ ധ്യാനാത്മകമായി അപഗ്രഥിച്ച്, ദൈവികരഹസ്യത്തിന്റെ ആഘോഷത്തെ അയാളപ്പെടുത്താന്‍ ഈ പദങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് പുസ്തകത്തിലുള്ളത്. ഈ പദപ്രയോഗങ്ങളെല്ലാം രക്ഷകനായ മിശിഹായുടെ രക്ഷാകര്‍മത്തിലേക്ക് വിരല്‍ചൂണ്ടുന്നവയായതിനാല്‍ വിശുദ്ധ കുര്‍ബാനയുടെ രക്ഷാകര മാനത്തെക്കുറിച്ചുള്ള പഠനമാണിതെന്നു പറയാം. മിശിഹാ തന്നെയാണ് ബുക്‌റോ (ആദ്യജാതന്‍) യും തീക്കല്‍പ്പാറയും തീക്കട്ടയും. വിശുദ്ധ കുര്‍ബാനയുടെ രക്ഷാകരമാനത്തിലേക്ക് സൂചന നല്‍കുന്നതിനൊപ്പംതന്നെ കുര്‍ബാനയുടെ സ്വര്‍ഗീയ മാനത്തെയും വ്യക്തമായി അവതരിപ്പിക്കുന്നവയാണ് ഈ പദങ്ങള്‍.

നമ്മുടെ കുര്‍ബാനയര്‍പ്പണങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകണമെങ്കില്‍ കുര്‍ബാനയെ അനിവാര്യമായും സ്വര്‍ഗീയാരാധനയിലുള്ള പങ്കുചേരലായി (എസ്‌സി, 8) കാണണമെന്ന് ഗ്രന്ഥകര്‍ത്താവ് ഊന്നിപ്പറയുന്നു. തന്മൂലമാണ് ബലിപീഠത്തിലെ ബലിവസ്തു എന്നതിനെക്കാള്‍ സ്വര്‍ഗീയ സിംഹാസനത്തിലെ സൂര്യന്‍ ആയി മിശിഹായെ കാണാന്‍ ഗ്രന്ഥകര്‍ത്താവ് താല്‍പര്യപ്പെടുന്നത്. തീക്കല്‍പ്പാറ, തീക്കട്ട എന്നീ പ്രയോഗങ്ങള്‍ ഒരേ സമയംതന്നെ മിശിഹായുടെ രക്ഷാകര്‍മത്തിലേക്കും സ്വര്‍ഗീയ മഹത്വത്തിലേക്കും വിരല്‍ചൂണ്ടുന്നതാണ്.

തീക്കല്‍പ്പാറ എന്ന ഒരു ആശയത്തെ കേന്ദ്രീകരിച്ചാണ് സജിയച്ചന്റെ കുര്‍ബാനധ്യാനം മുഴുവന്‍ മുന്നേറുന്നതെന്നു പറയാം. കുര്‍ബാനയിലെ പ്രാര്‍ത്ഥനതന്നെയാണ് വിപുലമായ ധ്യാനചിന്തകള്‍ക്കും ദൈവശാസ്ത്ര വിശകലനത്തിനും ഉറവിടമായിരിക്കുന്നത്.
ജീവജലത്തിന്റെ ഉറവിടം എന്ന നിലയിലാണ് വിശുദ്ധ ഗ്രന്ഥത്തിലും കുര്‍ബാനയിലും തീക്കല്‍പ്പാറ പ്രസക്തമായിരിക്കുന്നത്. സാറൂഗിലെ യാക്കോബ് ശ്ലീഹന്മാരെ ജീവജലത്തിന്റെ നദികളായി അവതരിപ്പിക്കുന്നുണ്ട്. മിശിഹായില്‍നിന്ന് ജീവജലം സ്വീകരിച്ച ശ്ലീഹന്മാര്‍ മറ്റുള്ളവര്‍ക്കായി ജീവജലത്തിന്റെ ഉറവിടങ്ങളാകുന്നു. ”ഏദനില്‍നിന്നൊഴുകുന്നത് നാല് നദികള്‍. അതിനു സമാനമായി ഭൂമിയുടെ നാല് അതിരുകളിലേക്കും ഒഴുകി ഭൂമിയെ നനക്കുന്ന നദികളാണ് പന്ത്രണ്ട് അപ്പസ്‌തോലന്മാര്‍. ഗോഗുല്‍ത്തായില്‍ പുറപ്പെട്ട ഉറവ സര്‍വലോകത്തിനുംവേണ്ടിയുള്ള ഉറവയാണ്.”
വിശ്വാസജീവിതത്തില്‍ ശിലയ്ക്കുള്ള വലിയ പ്രാധാന്യത്തെ ഗ്രന്ഥകര്‍ത്താവ് എടുത്തു കാണിക്കുന്നുണ്ട്. ദൈവംതന്നെയാണ് ഇസ്രായേല്‍ജനത്തിന് ഏറ്റവും ഉറപ്പുള്ള പാറ. ക്രിസ്തുവാകുന്ന ശില പ്രപഞ്ചത്തിന്റെ ജീവകേന്ദ്രമാണെന്ന് സ്ഥാപിക്കുന്നതിലൂടെ തീക്കല്‍പ്പാറയെ സൃഷ്ടപ്രപഞ്ചത്തിന്റെ കേന്ദ്രംതന്നെയായി ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു.

ഇസ്രായേല്‍ജനത്തെ സംബന്ധിച്ചിടത്തോളം ദൈവത്തെ കണ്ടുമുട്ടുന്ന ഇടമാണ് തീക്കല്‍പ്പാറ (പുറ. 17:6). കരിമ്പാറയില്‍നിന്ന് ദൈവം ഇസ്രായേല്‍ ജനത്തിനുവേണ്ടി ഒഴുക്കിയ ജലം (നിയമ. 8:15) മനുഷ്യകുലത്തിന് ജീവനുണ്ടാകാനായി കുരിശില്‍ മിശിഹാ ഒഴുക്കിയ രക്തജല പ്രവാഹത്തിന്റെ പ്രതിരൂപമാണ്. ഓരോ കുര്‍ബാനയര്‍പ്പണത്തിലും ജീവജലത്തിന്റെ നീരൊഴുക്കുണ്ട്. തീക്കല്‍പ്പാറയില്‍നിന്നു പുറപ്പെടുന്ന ആത്മീയ ജലധാരയിലേക്കാണ് കുര്‍ബാന ഏവരെയും ആനയിക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു. പെസഹാരഹസ്യത്തിലൂടെ യേശു നല്‍കുന്ന പരിശുദ്ധാത്മാവാണ് തീക്കല്‍പ്പാറ പുറപ്പെടുവിക്കുന്ന ജലം. തീക്കല്‍പ്പാറയില്‍നിന്ന് നീരുറവയും കുരിശില്‍നിന്ന് ജീവന്റെ ഉറവയും പുറപ്പെടുന്നുവെന്ന് വിശുദ്ധ അപ്രേം പ്രസ്താവിക്കുന്നു.

വിശുദ്ധ കുര്‍ബാനയോട് അഗാധമായ സ്‌നേഹം ജനിപ്പിക്കാന്‍ സജിയച്ചന്റെ ധ്യാനാത്മക പഠനത്തിന് കഴിയും എന്നതില്‍ സംശയമില്ല. ലിറ്റര്‍ജിയെ സ്ഥലകാലാതീതമായ ദൈവികരഹസ്യത്തിന്റെ ആഘോഷമായി കാണിച്ചുതരാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്.

വിശുദ്ധ കുര്‍ബാനയാണ് സഭയെ നിര്‍മിക്കുന്നതെന്ന് സഭ പഠിപ്പിക്കുന്നു (സഭൈക്യം, 15). കുര്‍ബാനയുടെ കേന്ദ്രമായ തീക്കല്‍പ്പാറയുടെ ചുറ്റുമാണ് സഭ രൂപംകൊള്ളുന്നതെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. തീക്കല്‍പ്പാറയുടെ സമീപമാണ് ഇസ്രായേല്‍ജനം ഒരുമിച്ച് കൂട്ടപ്പെട്ടത് (സംഖ്യ 20:10). പുതിയ ഇസ്രായേലായ സഭ മദ്ബഹായിലെ ത്രോണോസിലാണ് ഒരുമിച്ചു കൂട്ടപ്പെടുന്നത്. പിളര്‍ക്കപ്പെട്ട പാറയ്ക്കും പിളര്‍ക്കപ്പെട്ട കര്‍ത്താവിന്റെ പാര്‍ശ്വത്തിനുമിടയില്‍ സ്പഷ്ടമായ ദൈവശാസ്ത്രബന്ധമുണ്ടെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു.

തീക്കല്‍പ്പാറയും അഗ്നിയും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പഴയനിയമ തീക്കല്‍പ്പാറയില്‍നിന്നും പുതിയനിയമ തീക്കല്‍പ്പാറയായ കര്‍ത്താവിന്റെ പാര്‍ശ്വത്തില്‍നിന്നും ജീവജലം മാത്രമാണ് പുറപ്പെടുന്നത്.
തീക്കല്‍പ്പാറ എന്ന പ്രയോഗത്തിന് സമാന്തരമായി കുര്‍ബാനയില്‍ തീക്കട്ട എന്നു പ്രയോഗിച്ചിരിക്കുന്നതിലൂടെ തീക്കല്‍പ്പാറ എന്ന പദത്തിന്റെ ശരിയായ ദൈവശാസ്ത്ര സവിശേഷത വ്യക്തമാക്കുന്നുണ്ട്. തീ അഥവാ അഗ്നി പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. വിശുദ്ധ കുര്‍ബാനയെ തീക്കട്ടയെന്നു വിളിക്കുമ്പോഴും കുര്‍ബാനയിലൂടെ നല്‍കപ്പെടുന്ന പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.

വിശുദ്ധ കുര്‍ബാനയോട് അഗാധമായ സ്‌നേഹം ജനിപ്പിക്കാന്‍ സജിയച്ചന്റെ ധ്യാനാത്മക പഠനത്തിന് കഴിയും എന്നതില്‍ സംശയമില്ല. ലിറ്റര്‍ജിയെ സ്ഥലകാലാതീതമായ ദൈവികരഹസ്യത്തിന്റെ ആഘോഷമായി കാണിച്ചുതരാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. സഭാപിതാക്കന്മാര്‍ക്കുണ്ടായിരുന്ന ഇത്തരമൊരു കാഴ്ചപ്പാടിന്റെ ശൈലിയില്‍തന്നെയാണ് സജിയച്ചന്‍ ഈ പുസ്തകത്തിലുടനീളം സഞ്ചരിക്കുന്നതെന്ന് പറയാന്‍ സന്തോഷമുണ്ട്. ലിറ്റര്‍ജിയിലെ പ്രതീകങ്ങള്‍ക്കുള്ള സ്ഥലകാലാധീതമായ അര്‍ത്ഥങ്ങള്‍ ഈ പുസ്തകം കാണിച്ചുതരുന്നു.

ഗ്രന്ഥകര്‍ത്താവിന്റെ ആഴമേറിയ ധ്യാനാത്മക സമീപനം ഗ്രന്ഥത്തിലുടനീളം കാണാമെങ്കിലും വിശുദ്ധ ഗ്രന്ഥത്തെയും സഭാപിതാക്കന്മാരുടെ പഠനങ്ങളെയും വിശുദ്ധ കുര്‍ബാനയിലെയും യാമപ്രാര്‍ത്ഥനകളിലെ പ്രാര്‍ത്ഥനകളെയും സഭാപ്രബോധനങ്ങളെയും ധാരാളമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു.

തീക്കല്‍പ്പാറയില്‍നിന്നുള്ള മഹാവിരുന്നായി വിശുദ്ധ കുര്‍ബാനയെ അവതരിപ്പിച്ചിരിക്കുന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ക്രൂശിതനായ കര്‍ത്താവിന്റെ ബലിയില്‍ ത്രോണോസിലെ സൂര്യനെ കാണുക എന്നത് വിപ്ലവകരമായ ദൈവശാസ്ത്ര സമീപനമാണ്.
വിശുദ്ധ കുര്‍ബാനയെ ഒരു നദിയായി കാണാം. ഒരു മഹാസാഗരത്തിന്റെ ഭാഗമായും കാണാം. സജിയച്ചന്‍ വിശുദ്ധ കുര്‍ബാനയെ വിശ്വാസ മഹാരഹസ്യത്തിന്റെ സാഗരത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നത്. അവിടെ വിശുദ്ധ ഗ്രന്ഥവും സഭാപിതാക്കന്മാരും സഭാപ്രബോധനങ്ങളും സ്ഥലകാലാതീതമായി സമ്മേളിക്കുകയാണ്. സ്വര്‍ഗവും ഭൂമിയും സമ്മേളിക്കുന്ന ആ മഹാസാഗരത്തില്‍ അനര്‍ഘനിധികള്‍ കണ്ടെത്താന്‍ ശ്രമിച്ച ഗ്രന്ഥകാരന് ഹാര്‍ദവമായ അനുമോദനങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?