Follow Us On

22

January

2025

Wednesday

ജപമാലയില്‍ പൊതിയുന്ന പെയിന്റിംഗുകള്‍

ജപമാലയില്‍ പൊതിയുന്ന പെയിന്റിംഗുകള്‍

ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ദേശീയതലത്തില്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പെയ്ന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ജോര്‍ജ് ചെന്നക്കാടനാണ്. പ്രിയപ്പെട്ട ഒരാള്‍ക്ക് സമ്മാനിക്കുന്നതിനായി വരച്ച  വിശുദ്ധ മദര്‍ തെരേസയുടെ പെയ്ന്റിംഗിനാണ് ആ അംഗീകാരം തേടിയെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സിനി ഒരു പുണ്യമുഹൂര്‍ത്തത്തിന് സമ്മാനിക്കുന്നതിനായി 1,000 കൊന്തകള്‍ കെട്ടുന്നതിന്റെ തിരക്കിലാണ്.

ജോസഫ് മൈക്കിള്‍

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കണമെന്നായിരുന്നു ജോര്‍ജിന്റെ ആഗ്രഹം. കളരിയില്‍ പോകുമ്പോള്‍ മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്ന അവന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ത്തന്നെ ചിത്രരചനക്ക് ധാരാളം സമ്മാനങ്ങളും സ്വന്തമാക്കിയിരുന്നു. സിഎല്‍സി, സൊഡാലിന്റി തുടങ്ങിയ ആത്മീയ സംഘടനകള്‍ നടത്തിയിരുന്ന മത്സരങ്ങളില്‍ മിക്കപ്പോഴും സമ്മാനം ജോര്‍ജിനായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ സ്വപ്‌നം ചിത്രകാരന്‍ ആകുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹം അതിന് അനുകൂലമായിരുന്നില്ല. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ വാക്കുകള്‍ അനുസരിച്ചപ്പോള്‍ അവന്റെ സ്വപ്‌നത്തിനൊപ്പം ദൈവവും സഞ്ചരിക്കുന്ന അനുഭവമായിരുന്നു പിന്നീട് ഉണ്ടായത്.
മകന്റെ കലാവാസനയോട് എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ടല്ല മാതാപിതാക്കള്‍ അവന്റെ ആഗ്രഹത്തെ അനുകൂലിക്കാതിരുന്നത്. സാമ്പത്തിക ഞെരുക്കത്തിലൂടെയായിരുന്നു കുടുംബം കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ജോലി ലഭിക്കുന്ന കോഴ്‌സ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ചിത്രകല പഠിക്കുന്നവരുടെ സാധ്യതകള്‍ അക്കാലത്ത് വളരെ പരിമിതമായിരുന്നു. ജോലി ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് ആഗ്രഹമനുസരിച്ച് വരയ്ക്കാന്‍ ദൈവം അവസരം തരുമെന്നൊക്കെ മാതാപിതാക്കള്‍ ആശ്വസിപ്പിച്ചു. അങ്ങനെയാണ് പോളിടെക്‌നിക്കില്‍ (മെക്കാനിക്കല്‍) ചേര്‍ന്നത്. പഠനത്തില്‍ മിടുക്കനായിരുന്ന അവന്റെ മനസില്‍ അങ്ങനെയെങ്കില്‍ എഞ്ചിനീയറിംഗ് മതിയെന്നൊരു ആഗ്രഹം അക്കാലത്ത് ഉടലെടുത്തിയിരുന്നു. പക്ഷേ, വീട്ടിലെ സാമ്പത്തികാവസ്ഥ അതിനും അനുവദിച്ചില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം അതിനുള്ള സാഹചര്യവും ദൈവം ഒരുക്കിക്കൊടുത്തു.1997-2002 ല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഈവനിംഗ് ബാച്ചില്‍ ചേര്‍ന്ന് എഞ്ചിനീയറിംഗ് പാസായി. ഇപ്പോള്‍ ചിത്രകാരന്‍ എന്ന നിലയിലുള്ള അംഗീകാരവും തേടിയെത്തിയിരിക്കുന്നു.

തോമാശ്ലീഹയുടെ അപൂര്‍വ ചിത്രം
അങ്കമാലിയിലെ ചെന്നക്കാടന്‍ വീട്ടിലേക്ക് കയറിയാല്‍ ആരെയും ആകര്‍ഷിക്കുന്ന ചിത്രങ്ങളും പെയിന്റിംഗുകളുംകൊണ്ട് വീടിന്റെ ഭിത്തികള്‍ മനോഹരമാക്കിയിരിക്കുകയാണ്. സ്വീകരണമുറിയില്‍ മാത്രമല്ല എല്ലാ മുറികളുടെയും ചുവരുകളില്‍ ഒരു ചിത്രകാരന്റെ കരവിരുത് നിറഞ്ഞുനില്ക്കുന്നു. ജര്‍മ്മന്‍ ചിത്രകാരനായ കരവാജിയോ 1400-കളില്‍ വരച്ച യേശുവിന്റെ തിരുവിലാവില്‍ കൈവച്ച് നില്‍ക്കുന്ന തോമാശ്ലീഹയുടെ അപൂര്‍വ ചിത്രം അതേരീതിയില്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത് ആരെയും ആകര്‍ഷിക്കും. പാരീസിലെ ആര്‍സില്‍ വിശുദ്ധ അമ്മത്രേസ്യയുടെ ദൈവാലയത്തില്‍ കല്‍ത്തൂണില്‍ കെട്ടപ്പെട്ട യേശുവിന്റെ വ്യത്യസ്തമായ സ്റ്റാച്ചുവുണ്ട്. അതും മനോഹരമായ മറ്റൊരു പെയിന്റിംഗായി ഭിത്തിയില്‍ ഇടംപിടിച്ചിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പിലേക്ക് ഒരു തീര്‍ത്ഥാടനയാത്രയിലാണ് ആ സ്റ്റാച്ചുനേരില്‍ കണ്ടത്. തിരിച്ചെത്തിയപ്പോള്‍ അതു പെയിന്റിംഗായി രൂപംപ്രാപിക്കുകയായിരുന്നു.

യേശുവിന്റെ തിരുമുഖം തുടയ്ക്കുന്ന വെറോനിക്ക ആരെയും ആകര്‍ഷിക്കുന്ന മറ്റൊരു പെയിന്റിംഗാണ്. ഇന്റര്‍നെറ്റില്‍ ആ ചിത്രം കണ്ടപ്പോള്‍ വരയ്ക്കണമെന്നു തോന്നി. വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് ഒരുങ്ങിയിരിക്കുകയായിരുന്നു അപ്പോള്‍. ക്യാന്‍വാസില്‍ തീര്‍ത്ത പെയ്ന്റിംഗുമായിട്ടാണ് വിശുദ്ധനാട്ടിലേക്ക് പോയത്. അവിടെവച്ച് ടീം ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് ആ പെയിന്റിംഗ് ആളുകളെ സ്വാധീനിക്കുന്നതെന്ന് ജോര്‍ജ് പറയുന്നു. മൊണാലിസയുടെ ഒറിജിനല്‍ രൂപത്തില്‍തന്നെയുള്ള പെയിന്റിംഗാണ് മറ്റൊരു ആകര്‍ഷക ചിത്രം. വിശുദ്ധ പാദ്രേപിയോ, ഗാന്ധിജി, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരുടെ ചിത്രങ്ങളും ഉണ്ട്. കൂടാതെ പലവിധത്തിലുള്ള ചെറുതും വലുതുമായ സീനറികളുമുണ്ട്.

ലക്ഷദ്വീപിലെ കാഴ്ചകള്‍
ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടിസിഐഎല്‍, ബിബിഎന്‍എല്‍, ഡിഒടി എന്നീ അഞ്ച് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായി ദേശീയതലത്തില്‍ നടത്തിയ പെയ്ന്റിംഗ് മത്സരത്തിലാണ് ജോര്‍ജ് ചെന്നക്കാടന്‍ ഒന്നാമത് എത്തിയത്. അങ്കമാലി സ്വദേശിയായ ജോര്‍ജ് അങ്കമാലി ബിഎസ്എന്‍എല്‍-ലെ ജൂണിയര്‍ ടെലികോം ഓഫീസറാണ്. മത്സരത്തിലേക്ക് ഒരാള്‍ക്ക് അഞ്ച് ചിത്രങ്ങള്‍ വീതം അയക്കാമായിരുന്നു. അങ്ങനെ ലഭിച്ച 60,000 ചിത്രങ്ങളില്‍നിന്നാണ് ജോര്‍ജിന്റെ ്‌പെയ്ന്റിംഗ് ഒന്നാം സ്ഥാനം നേടിയത്. മകന്റെ വിവാഹം ഉറപ്പിക്കുന്നതിനായി ചെന്നൈയില്‍ പോയപ്പോള്‍ ഭാവി മരുമകള്‍ക്ക് സമ്മാനിക്കുന്നതിനായി വരച്ച പെയ്ന്റിംഗ് ആണിത്. വിശുദ്ധ മദര്‍ തെരേസയുടെ ചിത്രത്തിന് സമ്മാനം ലഭിച്ചതാണ് തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്ന് ജോര്‍ജ് പറയുന്നു.

പോളിടെക്‌നിക്കില്‍നിന്നും ഡിപ്ലോമ പൂര്‍ത്തിയാക്കി അധികം കഴിയുന്നതിനുമുമ്പ് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോര്‍ജിന് ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ലക്ഷദ്വീപില്‍ ആയിരുന്നു. അവിടെവച്ച് ജോര്‍ജിന്റെ പഴയ സ്വപ്‌നത്തിന് വീണ്ടും ചിറകുകള്‍ മുളയ്ക്കാന്‍ തുടങ്ങി. അവിടെ കണ്ട വ്യത്യസ്തമായ ലോകവും കാഴ്ചകളുമൊക്കെ ചിത്രങ്ങളും പെയിന്റിംഗുകളുമായി മാറി. അധികവും ഓയില്‍ പെയിന്റിംഗ് ആയിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം 1992-ല്‍ തിരിച്ച് എറണാകുളത്തേക്കു മാറ്റംകിട്ടി. ജീവിതത്തിന്റെ മറ്റുപലതിരക്കുകള്‍മൂലം പെയിന്റിംഗും ചിത്രരചനയ്ക്കുമൊക്കെ അവധി നല്‍കി. ഇതിനിടയില്‍ അങ്കമാലി ടെല്‍ക്കിലെ ജീവനക്കാരി സിനിയുമായുള്ള വിവാഹവും നടന്നു.

യുവജനസമ്മേളനത്തിലേക്ക്
രണ്ടാമത് പെയിന്റിംഗ് ആരംഭിച്ചത് എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു. ഇടുക്കി ജില്ലയിലെ കുമളിക്കടുത്തുള്ള അണക്കരയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഒറ്റയ്ക്കായപ്പോള്‍ പണ്ടെങ്ങോ മറന്ന സ്വപ്‌നത്തിന് വീണ്ടും ജീവന്‍വച്ചു. ആ സമയത്താണ് അക്രലിക് പെയിന്റിംഗിലേക്ക് മാറിയത്. ദിവസവും മിനിമം ഒരു മണിക്കൂറെങ്കിലും പെയിന്റിംഗിന് മാറ്റിവയ്ക്കും. അതു രണ്ടും മൂന്നും മണിക്കൂറുകള്‍വരെ നീളാം. ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഭക്തിഗാനങ്ങള്‍ കേട്ടാണ് വരയ്ക്കുന്നത്. ഓരോ ചിത്രത്തിനും അനുയോജ്യമായ ഗാനങ്ങള്‍ കേള്‍ക്കും. ആ പാട്ടുകള്‍ മനസിനും ശരീരത്തിനും പ്രത്യേക ഊര്‍ജം പകരുമെന്നാണ് ജോര്‍ജിന്റെ അനുഭവം.

ഭാര്യ സിനി ജോര്‍ജ് എഴുത്തുകാരികൂടിയാണ്. ‘ജോസഫ് കുപ്പര്‍ത്തീനോ പറക്കും വിശുദ്ധന്‍’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ജപമാല കെട്ടുന്നതിനാണ് സിനി തന്റെ വിശ്രമസമയം മാറ്റിവയ്ക്കുന്നത്. ഒരിക്കലൊരു ശുശ്രൂഷാ സ്ഥാപനത്തില്‍വച്ചാണ് കൊന്ത കെട്ടുന്നത് എങ്ങനെയാണെന്നു മനസിലായത്. പ്രാര്‍ത്ഥിച്ചാണ് കൊന്തകള്‍ കെട്ടുന്നത്. എല്ലാ കൊന്തകള്‍ക്കും നിയോഗമുണ്ട്. ഈ കൊന്ത കൊണ്ടുപോകുന്ന ആള്‍, കൊന്ത ചൊല്ലുമ്പോള്‍ സമര്‍പ്പിക്കുന്ന നിയോഗംകൂടി ദൈവമേ സ്വീകരിക്കണമേ എന്നൊരു പ്രാര്‍ത്ഥനയും നടത്തും.

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പങ്കെടുത്ത 2011 -ലെ സ്‌പെയിനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുടുംബ സുഹൃത്തായ വൈദികന്‍ പോയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ യുവജനങ്ങള്‍ക്ക് നല്‍കുന്നതിനായി സിനി കെട്ടിയ 50 കൊന്തകളും ആ വൈദികന്‍ കൊണ്ടുപോയി. ഈ കൊന്ത കൊണ്ടുപോകുന്ന എല്ലാ സ്ഥലത്തേക്കും ഞങ്ങളെയും കൊണ്ടുപോകണമെന്നൊരു പ്രാര്‍ത്ഥന നടത്തിയാണ് കൊന്ത കൊടുത്തുവിട്ടത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ യൂറോപ്യന്‍ തീര്‍ത്ഥാടനത്തിന് അപ്രതീക്ഷമായി ഒരു അവസരം ലഭിച്ചു. അങ്ങനെ ആ പ്രാര്‍ത്ഥനയും യാഥാര്‍ത്ഥ്യമായി.

തിരുപ്പട്ട ദിനത്തിലെ സമ്മാനം
ഇപ്പോള്‍ വലിയൊരു നിയോഗത്തിനുവേണ്ടി 1000 കൊന്തകള്‍ കെട്ടുന്നതിന്റെ തിരക്കിലാണ് സിനി. സെമിനാരിയില്‍ പഠിക്കുന്ന ഒരു വൈദിക വിദ്യാര്‍ത്ഥിയുടെ തിരുപ്പട്ടദിനത്തില്‍ സമ്മാനിക്കുന്നതിനാണ് കൊന്തകള്‍. കൂട്ടുകാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അങ്ങനെയൊരു ഉത്തരവാദിത്വം ഏറ്റെടുത്തത്. സഹപ്രവര്‍ത്തകയുടെ കൂട്ടുകാരിയുടെ മകനാണ് ആ സെമിനാരി വിദ്യാര്‍ത്ഥി. ഒരു കൊന്ത കെട്ടാന്‍ ഒരു മണിക്കൂര്‍ എങ്കിലും വേണ്ടിവരും. ജോലിയും വീട്ടിലെ മറ്റ് ഉത്തരവാദിത്വങ്ങളും ഉള്ളതുകൊണ്ടുതന്നെ ആവശ്യം പറഞ്ഞപ്പോള്‍ ആദ്യം നിരസിക്കുകയായിരുന്നു. പകരം 1000 കൊന്ത വാങ്ങിനല്‍കാമെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് വേണ്ടത് പ്രാര്‍ത്ഥനയുടെ സുഗന്ധമുള്ള കൊന്തകളായിരുന്നു. ഇക്കാര്യം അറിഞ്ഞ് ഭര്‍ത്താവ് ജോര്‍ജ് ഒരു ദിവസം പറഞ്ഞു, നമ്മള്‍ പഠിച്ചിട്ടുള്ള വിദ്യകള്‍, നമ്മളോടു ഒരാള്‍ ആവശ്യപ്പെട്ടാല്‍ അതു നിഷേധിക്കാന്‍ പാടില്ല. നമുക്ക് അറിയാമെങ്കില്‍ ചെയ്തുകൊടുക്കണം.

ജോര്‍ജിന് അതിനൊരു മറുപടിയുണ്ട്. ഓരോരുത്തരെയും നമ്മുടെ അടുത്തേക്ക് അയക്കുന്നത് ദൈവമാണ്. നമ്മെ വിശ്വസിച്ചാണ് ദൈവം അവരെ അയക്കുന്നത്. സിനി ആ ഉത്തരവാദിത്വം ഏറ്റെടുത്തു. 1000 എന്ന സംഖ്യ ആകുമോ എന്നറിയില്ല, സാധിക്കുന്നിടത്തോളം ചെയ്തുതരാം എന്ന വ്യവസ്ഥയില്‍. എന്നാല്‍, രണ്ടു മാസംകൊണ്ടുതന്നെ 150 കൊന്ത കെട്ടിക്കഴിഞ്ഞു. നാല് വര്‍ഷത്തെ സമയമാണ് അവര്‍ പറഞ്ഞതെങ്കിലും ഒരു വര്‍ഷംകൊണ്ട് ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സിനി പറയുന്നു. 30 കൊന്തകള്‍ വീതം ചെറിയ ബോക്‌സുകളിലാക്കി നല്‍കുകയാണ് ചെയ്യുന്നത്.

വൈദിക വിദ്യാര്‍ത്ഥിയുടെ അമ്മ ഇതറിഞ്ഞു നന്ദിപറയാന്‍ വിളിച്ചു. ഈ കൊന്തകള്‍ പ്രാര്‍ത്ഥിച്ചാണ് ഞാന്‍ കെട്ടുന്നത്. എന്നാല്‍, ഓരോ കൊന്തയും ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയിട്ടുവേണം നിങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കാന്‍ എന്നൊരു നിര്‍ദ്ദേശം സിനി മുമ്പോട്ടുവച്ചു. അവര്‍ക്കത് സ്വീകാര്യമായിരുന്നു. അപ്പനും അമ്മയും മകളും അടങ്ങുന്ന ആ കുടുംബം ഓരോ കൊന്തയും മാറിമാറി ചൊല്ലുന്നുണ്ട്. അവരുടെ ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുമുമ്പ് അരമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുണ്ട്. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ ഇരുന്നാണ് ആ കുടുംബം പ്രാര്‍ത്ഥിക്കുന്നത്. തുടര്‍ന്ന് ഓരോ ബോക്‌സും മകന് കൈമാറുകയാണ്. സെമിനാരിക്കാരനും ഓരോ കൊന്തയും ഒരു പ്രാവശ്യം പ്രാര്‍ത്ഥിച്ചതിനുശേഷമാണ് ബോക്‌സില്‍ തിരികെ വയ്ക്കുന്നത്. അങ്ങനെ വൈദിക പട്ടത്തിനു സമ്മാനിക്കുന്നതിനുവേണ്ടി തയാറാക്കിക്കൊണ്ടിരിക്കുന്ന കൊന്തകള്‍ക്ക് നാല് ജപമാലകളുടെ പുണ്യം ഇപ്പോള്‍ത്തന്നെ ലഭിച്ചുകഴിഞ്ഞു. ഓരോ കൊന്ത കെട്ടുമ്പോഴും ആ കൊന്തയിലെ ഒരു മണിയുടെ പുണ്യം തനിക്കു നല്‍കണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടെന്ന് സിനി പറയുന്നു. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചെന്നൈ ബ്രാഞ്ചില്‍ ജോലിചെയ്യുന്ന ആല്‍ബര്‍ട്ട് സി. ജോര്‍ജാണ് ഏക മകന്‍. മരുമകള്‍ റീമ ചെന്നൈയില്‍ത്തന്നെ അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത തിരുക്കുടുംബത്തിന്റെ ചിരിക്കുന്ന പെയിന്റിംഗിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഓരോ കൊന്തയിലെയും ഒരു മണിയുടെയെങ്കിലും അനുഗ്രഹം സുകൃതംപോലെ ആ പെയിന്റിംഗുകളെ പൊതിയുന്നുണ്ടാകാം.

ഓര്‍മയിലെ കളര്‍ ബോക്‌സ്
ഒരുപാട് ആഗ്രഹിച്ചിട്ടും ലഭിക്കാതെപോയ വാട്ടര്‍ കളര്‍ ബോക്‌സിന്റെ ഓര്‍മ ജോര്‍ജിന്റെ മനസില്‍ ഇപ്പോഴുമുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് ഒരു സ്റ്റേഷനറി കട നിര്‍ത്തുന്ന കാര്യം അറിഞ്ഞത്. പകുതി വിലയ്ക്ക് വാട്ടര്‍ കളര്‍ബോക്‌സ് ലഭിക്കും. വാട്ടര്‍ കളര്‍ ബോക്‌സൊക്കെ വലിയ ആഢംബരമായി കണ്ടിരുന്ന കാലമായിരുന്നത്. ഒന്നേകാല്‍ രൂപയായിരുന്നു അതിന് വേണ്ടിയിരുന്നത്. വലിയ ആഹ്ലാദത്തോടെയാണ് വീട്ടിലെത്തി അപ്പന്റെ അടുത്ത് കാര്യം അവതരിപ്പിച്ചത്. കളര്‍ ബോക്‌സ് സ്വന്തമാകുന്നതിന്റെ സന്തോഷം മുഴുവന്‍ അഞ്ചാം ക്ലാസുകാരന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ അതുപോലും വാങ്ങാന്‍ കഴിയുമായിരുന്നില്ല. മോന്‍ നന്നായി പഠിക്കാന്‍ പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും അതു കിട്ടാതെപോയതില്‍ വലിയ സങ്കടമായി. അതുപോലും തന്റെ മകന് വാങ്ങിക്കൊടുക്കാന്‍ കഴിയാത്തതില്‍ വേദനിക്കുന്ന ഒരു പിതാവിന്റെ മനസ് അന്നു കാണാന്‍ കഴിയുമായിരുന്നില്ലെങ്കിലും ഇപ്പോള്‍ അതേക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ പിതാവിന്റെ സങ്കടപ്പെട്ട മനസിനെ ഓര്‍ത്ത് ദുഃഖം തോന്നുന്നുണ്ടെന്ന് ജോര്‍ജ് പറയുന്നു.

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത തിരുക്കുടുംബത്തിന്റെ ചിരിക്കുന്ന പെയിന്റിംഗിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. തന്റെ പെയിന്റുംഗുകള്‍ ആകര്‍ഷകമാകുന്നതിന്റെ പിന്നില്‍ നിത്യതയിലേക്ക് യാത്രയായ മാതാപിതാക്കളുടെ അനുഗ്രഹവും ഭാര്യ സിനിയുടെ കൊന്തകെട്ടലുകളുമാണെന്ന് ജോര്‍ജിന് നിശ്ചയമുണ്ട്. അതെ, ഓരോ കൊന്തയിലെയും ഒരു മണിയുടെയെങ്കിലും അനുഗ്രഹം സുകൃതംപോലെ ആ പെയിന്റിംഗുകളെ പൊതിയുന്നുണ്ടാകാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?