Follow Us On

22

January

2025

Wednesday

‘ശാന്ത’യായ മിഷനറി

‘ശാന്ത’യായ മിഷനറി

ഇ.എം. പോള്‍

കെനിയന്‍ സ്വദേശിനിയായ കാതറിന്‍ നെറോണ എന്ന റിട്ടയേര്‍ഡ് അധ്യാപികക്ക് മറവിരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരു മുറിയില്‍ പൂട്ടിയിടേണ്ട അവസ്ഥയിലാണ് സിസ്റ്റര്‍ ശാന്തമ്മ ഡിഎച്ച്എം അവരുടെ പക്കലെത്തിയത്. എല്ലാവരോടും ബഹളംവയ്ക്കുകയും അക്രമസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന കാതറിനെ മിഷനറി സന്യാസിനിയായ സിസ്റ്റര്‍ ശാന്തമ്മയുടെ സാന്നിധ്യം ഏറെ സ്വാധീനിച്ചു. സിസ്റ്റര്‍ അടുത്തെത്തിയാല്‍ അവര്‍ ശാന്തയാകും. വളരെ സൗമ്യതയോടും സ്‌നേഹത്തോടുംകൂടെ സിസ്റ്ററിനോട് സംസാരിക്കും. സിസ്റ്ററിനെ സ്വീകരിക്കാനും സല്‍ക്കരിക്കാനും വലിയ ഉത്സാഹം കാണിക്കും.

കാതറിനപ്പോലെ തന്നെ സിസ്റ്റര്‍ ശാന്തമ്മയുടെ സ്‌നേഹവും പരിചരണവും ഒരിക്കലനുഭവിച്ച ഏവര്‍ക്കും സിസ്റ്ററിനെ പിരിയുന്നത് വലിയ സങ്കടമായിരുന്നു.
സിസ്റ്റര്‍ ശാന്തമ്മ താന്‍ ഇടപെടുന്നവരുടെ ഇടയില്‍ ചെലുത്തുന്ന സ്വാധീനം സഭാധികാരികള്‍ പോലും നേരിട്ട് മനസിലാക്കിയിട്ടുള്ള കാര്യമാണ്. ആഫ്രിക്കന്‍ മിഷനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സിസ്റ്റര്‍ ശാന്തമ്മ നാട്ടിലേക്ക് പോന്ന ശേഷം ആഫ്രിക്കയിലെത്തിയ ഡിഎച്ച്എം സഭയുടെ അസിസ്റ്റന്റ് ജനറലിനോട്, സിസ്റ്റര്‍ ശാന്തമ്മയെ മിഷനിലേക്ക് തിരിച്ചയക്കണമെന്ന് അവിടെയുള്ള വൈദികരും ജനങ്ങളും ഒന്നടങ്കം ആവശ്യപ്പെട്ടു. സിസ്റ്റര്‍ മടങ്ങിയെത്താനിടയില്ലെന്ന് അറിഞ്ഞപ്പോള്‍ വൈദികരുള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവരെ തിരിച്ചയക്കണമെന്ന് അപേക്ഷിച്ചത്. ക്രിസ്തുവിന്റെ മുഖം പേറുന്ന ഒരു യഥാര്‍ത്ഥ മിഷനറിയെന്ന നിലയില്‍ ശാന്തമ്മ സിസ്റ്റര്‍ അവര്‍ എല്ലാവരുടെയും സ്വന്തമായിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയുടെ മകള്‍
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്ന പരേതരായ ആലക്കളത്തില്‍ സി.ജെ വര്‍ക്കി-റോസമ്മ ദമ്പതികള്‍ക്ക് പതിനൊന്ന് മക്കളാണ്. ഇതില്‍ മൂന്നാമത്തെ മകളാണ് സിസ്റ്റര്‍ ശാന്തമ്മ ജോര്‍ജ് ഡിഎച്ച്എം. പരേതയായ സിസ്റ്റര്‍ സീന ജോര്‍ജ് എസ്‌സി സന്യാസ ദൈവവിളി സ്വീകരിച്ച സഹോദരിയാണ്. മക്കളുടെ വിശ്വാസരൂപീകരണത്തില്‍ നല്ല ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള പ്രാധാന്യം മനസിലാക്കിയിരുന്നതുകൊണ്ട് ശാന്തമ്മയുടെ വീട്ടില്‍ അവ വരുത്തിയിരുന്നു. താന്‍ സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കുന്നതിന് നിമിത്തമായിത്തീര്‍ന്നത് ഈ പ്രസിദ്ധീകരണങ്ങളായിരുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു.

അപ്പന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യത്തിന്റെ സ്വാധീനവും ഒരു മിഷനറിയാകണമെന്നുള്ള ആഗ്രഹത്തിന് ബലമേകി. എന്നിരുന്നാലും തന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രചോദനകേന്ദ്രം യോഹന്നാന്റെ സുവിശേഷം 14:6 വചനമാണെന്ന് സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു, ”വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല.”

”എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ”(1 തിമോത്തി 2:4). എല്ലാവരും യേശുവിനെ അറിയുക എന്നത് രക്ഷയ്ക്ക് അനിവാര്യമാണ്. അതിനാല്‍ ഒരു മിഷനറിയായി കഴിയുന്നത്ര ആളുകളെ യേശുവിലേക്ക് നയിക്കാന്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു സിസ്റ്റര്‍ ശാന്തമ്മ. മിഷനറിയാകാനുള്ള മോഹം ഉള്ളിലൊതുക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സിസ്റ്റര്‍, തൃശൂര്‍ വിമല കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷമാണ് ഇക്കാര്യം വീട്ടില്‍ അറിയിച്ചത്. വീട്ടുകാരുടെ അനുമതി ലഭിച്ചതോടെ ‘ഡോട്ടേഴ്‌സ് ഓഫ് ദി ഹാര്‍ട്ട് ഓഫ് മേരി'(ഡിഎച്ച്എം) എന്ന കോണ്‍ഗ്രിഗേഷനില്‍ അംഗമായിരുന്ന അപ്പന്റെ ഇളയ പെങ്ങളുടെ കൂടെപോയി ആ കോണ്‍ഗ്രിഗേഷനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതോടെ അതില്‍ ചേരാന്‍ തീരുമാനിച്ചു, 1976-ല്‍. ബിരുദധാരിണിയായിരുന്നതുകൊണ്ട് 1979-ല്‍ തന്നെ സന്യാസിനിയായി.

ഫ്രഞ്ച് വിപ്ലവകാലത്ത് ക്രിസ്ത്യാനികളെ പ്രത്യേകിച്ച് സഭാവസ്ത്രധാരികളെ വ്യാപകമായി കൊന്നൊടുക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ തങ്ങളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ബാഹ്യ അടയാളങ്ങളോ വേഷഭൂഷാതികളോ ഇല്ലാതെ സാധാരണവേഷം ധരിച്ച് സേവനം ചെയ്യുന്നതിനായി രൂപംകൊടുത്ത സന്യാസസമൂഹമാണ് ഡിഎച്ച്എം. ഇന്ന് അവര്‍ സേവനം ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രാദേശിക സമൂഹത്തിന്റെ വേഷമാണ് ധരിക്കുന്നത്. ഫാ. പീറ്റര്‍ ജോസഫ് ഡിക്ലോറിവ്, മരിയ അഡലയ്ഡ് ഡിഡൂസ എന്നിവര്‍ ചേര്‍ന്ന് 1791-ലാണ് ഡിഎച്ച്എം സന്യാസസമൂഹം സ്ഥാപിച്ചത്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളില്‍ സഭ പ്രവര്‍ത്തിക്കുന്നു.

 

ആഫ്രിക്കയില്‍എത്തിയ ഡിഎച്ച്എം സഭയുടെ അസിസ്റ്റന്റ് ജനറലിനോട്, സിസ്റ്റര്‍ ശാന്തമ്മയെ മിഷനിലേക്ക് തിരിച്ചയയ്ക്കണമെന്ന് അവിടെയുള്ള വൈദികരും ജനങ്ങളും ഒന്നടങ്കം ആവശ്യപ്പെട്ടു. സിസ്റ്റര്‍ മടങ്ങിയെത്താനിടയില്ലെന്ന് അറിഞ്ഞപ്പോള്‍ വൈദികരുള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവരെ തിരിച്ചയക്കണമെന്ന് അപേക്ഷിച്ചത്.

 

കര്‍മരംഗത്ത്

മുംബൈ നിര്‍മലാ നികേതനിലായിരുന്നു പരിശീലനമെങ്കിലും നവ സന്യാസിനിയുടെ ആദ്യകര്‍മരംഗം കേരളമായിരുന്നു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമലാലയം എന്ന സാമൂഹ്യസേവന ഭവനത്തില്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. ഈ പരിചയവുമായി പിന്നീട് തിരുവനന്തപുരം അടിമലത്തുറയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. മത്സ്യത്തൊഴിലാളികള്‍, കുഷ്ഠരോഗികള്‍ തുടങ്ങി അധഃസ്ഥിതരുടെ ഇടയില്‍ മൂന്നുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസമുള്‍പ്പെടെ ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും സഹായമെത്തിക്കാന്‍ ഇക്കാലത്ത് ശ്രദ്ധിച്ചു. അതോടൊപ്പം സിസ്റ്റര്‍മാര്‍ ചെയ്ത സേവനങ്ങള്‍ തുടരുന്നതിന് പ്രദേശത്തുനിന്ന് ഏതാനും പേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനും ഇവര്‍ ശ്രദ്ധിക്കുന്നു. അവരെ ചുമതലയേല്‍പ്പിച്ചശേഷമാണ് ഡിഎച്ച്എം സിസ്റ്റേഴ്‌സ് പ്രവര്‍ത്തനരംഗത്തുനിന്ന് പിന്മാറുന്നത്.

ഒരു വര്‍ഷത്തെ ദൈവശാസ്ത്രപഠനത്തിന് ഡല്‍ഹിയിലേക്കായിരുന്നു തിരുവനന്തപുരത്തുനിന്ന് പോയത്. ദൈവശാസ്ത്രപഠനം പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി സോഷ്യല്‍ സര്‍വീസ് സെന്ററിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. ചേരികളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ഇവരുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം, യുവജനശാക്തീകരണം തുടങ്ങിയ രംഗങ്ങളിലായിരുന്നു അവിടെ പ്രവര്‍ത്തനം. തുടര്‍ന്ന് കര്‍മരംഗം ഗുജറാത്തിലായിരുന്നു. ഡിഎച്ച്എം ഹൗസിന്റെ ഡയറക്ടറായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. സാധുക്കളുടെ സാമ്പത്തിക, സാമൂഹിക പുരോഗതിക്ക് ഊന്നല്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇക്കാലയളവില്‍ നിയമപഠനം നടത്തി ബിരുദവും നേടി. സാധുക്കള്‍ക്ക് സൗജന്യനിയമസഹായം നല്‍കുക, നിയമബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളും സിസ്റ്ററിന്റെ ശുശ്രൂഷയുടെ ഭാഗമായി.

1999-ല്‍ ഉണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ഒഡീഷയില്‍, വിപുലമായ കര്‍മപദ്ധതികളിലൂടെ ഡിഎച്ച്എം സഭ, സിസ്റ്റര്‍ ശാന്തമ്മയുടെ നേതൃത്വതതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. ലൂതറൈന്‍ വേള്‍ഡ് സര്‍വീസ് എന്ന എന്‍ജിഒയുമായി സഹകരിച്ച് കോടിക്കണക്കിന് രൂപമുടക്കി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചത് എടുത്തുപറയേണ്ട കാര്യമാണ്. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അഭയം തേടാന്‍ കഴിയുന്ന സുരക്ഷിത കേന്ദ്രങ്ങളായി അവ നിലകൊള്ളുന്നു. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിവന്ന സിസ്റ്റര്‍ ശാന്തമ്മ മൂന്നു വര്‍ഷക്കാലം താമരശേരി രൂപതയില്‍ പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍പരിശീലനം, നിയമബോധവല്‍ക്കരണം തുടങ്ങിയ ശുശ്രൂഷകള്‍ക്കായിരുന്നു ഇവിടെയും ഊന്നല്‍ നല്‍കിയത്.

ആഫ്രിക്കയിലേക്ക്
2006-ല്‍ ആഫ്രിക്കയിലെ കെനിയയിലെത്തിയതോടെ സിസ്റ്റര്‍ ശാന്തമ്മയുടെ മിഷന്‍ ശുശ്രൂഷയുടെ വേറൊരു ഘട്ടം ആരംഭിക്കുകയായിരുന്നു. പ്രാഥമിക പരിശീലനം നേടിയ ശേഷം അവിടുത്തെ ബിഷപ് സഭയുടെ ഔദ്യോഗിക മിഷനറിയായി പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരമുദ്രയായി കുരിശടയാളം മുദ്രണം ചെയ്ത ഒരു ഷാള്‍ (ഊറാറ) നല്‍കിയതോടെയാണ് ശുശ്രൂഷ ആരംഭിച്ചത്.

കിടപ്പുരോഗികളെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ഒരുക്കുക, വിശുദ്ധ കുര്‍ബാന വീടുകളില്‍ കൊണ്ടുപോയി കൊടുക്കുക, മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുക, ഭവനസന്ദര്‍ശനം നടത്തുക, ഗ്രാമങ്ങളില്‍ വിശുദ്ധബലിയര്‍പ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുക, ആളുകളെ വീട്ടില്‍ പോയിക്കണ്ട് വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിക്കുക, അവിവാഹിതരായ ദമ്പതികളുടെ വിവാഹം ഔദ്യോഗികമായി നടത്തുവാന്‍ ഒരുക്കുക, വിവാഹം എന്ന കൂദാശയെക്കുറിച്ച് പഠിപ്പിക്കുക, കുഞ്ഞുങ്ങള്‍ക്ക് മതബോധനം നല്‍കുക തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍. ഇക്കാര്യങ്ങളിലൊക്കെ നേരിട്ട പ്രധാന വെല്ലുവിളി ഭാഷയായിരുന്നു. പലര്‍ക്കും ഇംഗ്ലീഷ് അറിയാമെങ്കിലും അറിയാത്തവരെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ അവരുടെ സങ്കീര്‍ണമായ പ്രാദേശിക ഭാഷ പഠിക്കുക ആവശ്യമായി വന്നു. സാഹസികമായ ഈ ഭാഷാപഠനം ഈശോയോടുള്ള സ്‌നേഹത്തെപ്രതിയായതുകൊണ്ട് പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ അത്ര ബുദ്ധിമുട്ടില്ലാതെ നടത്താന്‍ കഴിഞ്ഞുവെന്ന് സിസ്റ്റര്‍ പറയുന്നു.

അനേകം ദമ്പതിമാരെ വിവാഹമെന്ന കൂദാശയെക്കുറിച്ച് പഠിപ്പിച്ച് കൂദാശാപരമായി വിവാഹം നടത്തി എന്നത് വലിയ ചാരിതാര്‍ത്ഥ്യം നല്‍കിയ ഒരു പ്രവര്‍ത്തനമായി സിസ്റ്റര്‍ ശാന്തമ്മ കാണുന്നു. ഒമ്പതുവര്‍ഷക്കാലം ഇവിടെ ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ ശാന്തമ്മ, ഇതോടൊപ്പംതന്നെ പത്തോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയി വിശ്വാസപ്രബോധനവും പരിശീലനവും നല്‍കി.

വീണ്ടും നാട്ടിലേക്ക്
ആഫ്രിക്കയില്‍ 2015 വരെ പ്രവര്‍ത്തിച്ചശേഷം നാട്ടിലേക്ക് മടങ്ങിവന്നു. മേഘാലയ, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിലായിരുന്നു പിന്നീടുള്ള ശുശ്രൂഷ. കുട്ടികളുടെ വിദ്യാഭ്യാസം, ഭിന്നശേഷിക്കാരുടെ പരിപാലനം, ദുരുപയോഗിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുടെ പുനരധിവാസം തുടങ്ങിയ മേഖലകളിലായിരുന്നു ഇവിടെ സേവനം ചെയ്തത്. ഇത്തരം ശുശ്രൂഷ ചെയ്ത സ്ഥലങ്ങളിലൊക്കെ ത്തന്നെ സിസ്റ്റര്‍മാര്‍ ചെയ്ത ജോലി തുടരാന്‍ കുറെ ആളുകളെ പരിശീലിപ്പിച്ച് ചുമതലപ്പെടുത്തിയിട്ടാണ് ഇവര്‍ പിന്‍മാറുക. പോണ്ടിച്ചേരിക്കടുത്ത്, തമിഴ്‌നാട്ടിലെ കടലൂരിലാണ് ഇപ്പോള്‍ സിസ്റ്റര്‍ സേവനം ചെയ്യുന്നത്.
തങ്ങള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നുമില്ലെങ്കിലും സേവനശുശ്രൂഷകളിലൂടെ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ചാനലുകളായിത്തീര്‍ന്നുകൊണ്ട് അവിടുത്തെ നിസ്വാര്‍ത്ഥ സ്‌നേഹം പങ്കുവയ്ക്കാന്‍ കഴിയുന്നുവെന്നതില്‍ ഇവര്‍ സന്തുഷ്ടരാണ്. ഇതിലൂടെ അനേകര്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ ഇടയായിയെന്നത് തങ്ങള്‍ക്ക് മതിയായ പ്രതിഫലമായി ഇവര്‍ കാണുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?