മാത്യു സൈമണ്‍
ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശ രംഗത്ത് മറക്കാനവാത്ത സംഭാവനകള്‍ നല്‍കിയ നാല് കന്യാസ്ത്രീകളുണ്ട്. വത്തിക്കാനിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ചൈല്‍ഡ് മേരി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ എമിലിയ പൊന്‍സോണി, സിസ്റ്റര്‍ റെജീന കൊളംബോ, സിസ്റ്റര്‍ കോണ്‍സെറ്റ ഫിനാര്‍ഡി, സിസ്റ്റര്‍ ലൂജിയ പാന്‍സേരി എന്നിവരാണവര്‍. ലോകത്ത് ആദ്യമായി നിര്‍മ്മിച്ച നക്ഷത്ര അറ്റ്‌ലസിന്റെ നിര്‍മ്മാണത്തില്‍ നല്‍കിയ സംഭാവനകളാണ് ജ്യോതിശാസ്ത്ര ലോകത്ത് അവരെ അവിസ്മരണീയരാക്കിയത്. ഈ ആകാശ ഭൂപടത്തിന്റെ നിര്‍മ്മാണത്തിനായി രാത്രിയില്‍ തെളിയുന്ന 4,81,215 നക്ഷത്രങ്ങളെയാണ് ഇവര്‍ കണ്ടെത്തി എണ്ണിതിട്ടപ്പെടുത്തിയത്.
സംഭവം നടക്കുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. 1887 ല്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള 56 പ്രമുഖ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനായി പാരീസില്‍ ഒത്തുകൂടി. ലോകത്ത് ആദ്യമായി രാത്രിയിലെ ആകാശത്തിന്റെ യഥാര്‍ത്ഥമായ ഒരു ആഗോള ഫോട്ടോഗ്രാഫിക് ഭൂപടം അഥവാ നക്ഷത്ര അറ്റ്‌ലസും നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ആസ്‌ട്രോഗ്രാഫിക കാറ്റലോഗും നിര്‍മ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. രാത്രി ആകാശത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ സഹായിക്കുന്ന ഈ മാപ്പ് നാവികര്‍ക്കും യാത്രക്കാര്‍ക്കും ഒരു സഹായമായി മാറും. അക്കാലത്ത് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്ര സംരംഭങ്ങളിലൊന്നായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥാപനങ്ങള്‍ക്കിടയില്‍ ഇതിന്റെ പ്രവര്‍ത്തനം വിഭജിച്ചു നല്‍കി. ഓരോ സ്ഥാപനത്തിനും മാപ്പ് ചെയ്യാനും തരംതിരിക്കാനും ആകാശത്തിന്റെ ഒരു പ്രത്യേക മേഖലവീതം നല്‍കി.
ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അനുവാദം നല്‍കിയതോടെ 1774 ല്‍ ആരംഭിച്ച ജ്യോതിശാസ്ത്ര ഗവേഷണവിദ്യാഭ്യാസ സ്ഥാപനമായ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ബര്‍ണബൈറ്റ് സഭാംഗമായ ഫാ. ഫ്രാന്‍സെസ്‌കോ ഡെന്‍സയായിരുന്നു ഈ പദ്ധതിയുടെ തലവന്‍. 1894 ല്‍ ഫാ. ഡെന്‍സ മരണമടഞ്ഞു. 1906 ല്‍ പയസ് പത്താമന്‍ മാര്‍പാപ്പ വാഷിംഗ്ടണ്‍ ഡി.സിയിലെ ജോര്‍ജ ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ നിരീക്ഷണാലയത്തിന്റെ തലവനായിരുന്ന ജെസ്യൂട്ട് വൈദികനായ ഫാ. ജോണ്‍ ഹേഗനെ വത്തിക്കാന്റെ പദ്ധതിയുടെ പുതിയ തലവനായി നിയമിച്ചു.
ആരും ഏറ്റെടുക്കാത്ത ഉത്തരവാദിത്വം
ഫാ. ഹേഗന് ജ്യോതിശാസ്ത്രത്തില്‍ വിപുലമായ അനുഭവജ്ഞാനം ഉണ്ടായിരുന്നെങ്കിലും, ജ്യോതിശാസ്ത്ര കാറ്റലോഗിന് ആവശ്യമായ സങ്കീര്‍ണവും സൂക്ഷ്മവുമായ അളവുകളും കണക്കുകൂട്ടലുകളും അദ്ദേഹത്തിന് വഴങ്ങുന്നതായിരുന്നില്ല. അതിനാല്‍ ഈ ഉത്തരവാദിത്വം ആരെ ഏല്‍പ്പിക്കുമെന്ന അന്വേഷണം ആരംഭിച്ചു. ജ്യോതിശാസ്ത്രജ്ഞരുടെ ഒരു നീണ്ട നിരയെ തന്നെ ഇതിനായി സമീപിച്ചെങ്കിലും അസാധാരണ ക്ഷമയും ശ്രദ്ധയും സഹിഷ്ണുതയോടെയും നടത്തേണ്ട ഡാറ്റാ കൈമാറ്റവും കഠിനാധ്വാനവും ഉള്‍പ്പെട്ടിരുന്ന ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറായില്ല.
അവസാന പോംവഴിയായി വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി കന്യാസ്ത്രീമഠങ്ങളോട് നല്ല കാഴ്ചശക്തിയും ക്ഷമയും സൂക്ഷ്മമായ ജോലികള്‍ ചെയ്യുന്നതിനുള്ള കഴിവുമുള്ള രണ്ട് സന്യാസിനിമാരെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഉപവിപ്രവൃത്തികളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ജോലി ചെയ്യാന്‍ കന്യാസ്ത്രീകളെ വിട്ടുനല്‍കാന്‍ ഒരു കോണ്‍വെന്റും ആദ്യം തയാറായില്ല. എന്നിരുന്നാലും, സിസ്റ്റേഴ്‌സ് ഓഫ് ഹോളി ചൈല്‍ഡ് മേരി സന്യാസിനി സഭയുടെ മദര്‍ സുപ്പീരിയര്‍ മദര്‍ ആഞ്ചല ഗെസി അഭ്യര്‍ത്ഥന അംഗീകരിച്ചു. മദര്‍ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലേക്ക് അയച്ചു. പിന്നീട് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ രണ്ടുപേരെക്കൂടി അയച്ചു. അവരാണ് സിസ്റ്റര്‍ എമിലിയ പൊന്‍സോണി, സിസ്റ്റര്‍ റെജീന കൊളംബോ, സിസ്റ്റര്‍ കോണ്‍സെറ്റ ഫിനാര്‍ഡി, സിസ്റ്റര്‍ ലൂജിയ പാന്‍സേരി എന്നിവര്‍.
ജ്യോതിശാസ്ത്ര ചരിത്ര ഗ്രന്ഥങ്ങളില്‍ കന്യാസ്ത്രീകള്‍ മാപ്പിങ്ങ് നടത്തുന്ന ഫോട്ടോകള്‍ സൂക്ഷിച്ചിരുന്നുവെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ അവരുടെ നേട്ടങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്.
അവര്‍ക്കായി അനുവദിച്ച ആകാശത്തിന്റെ ഭാഗത്തുള്ള പതിനായിരക്കണക്കിന് നക്ഷത്രങ്ങളുടെ ചലനങ്ങളും സ്ഥാനങ്ങളും കൃത്യമായി രേഖപ്പെടുത്താന്‍ നാല് കന്യാസ്ത്രീകള്‍ക്കും രാത്രിയിലെ ഉറക്കം ത്യാഗം ചെയ്തുള്ള കഠിനാധ്വാനവും ക്ഷമയും ആവശ്യമായിരുന്നു. അവരുടെ പ്രവര്‍ത്തനരീതി ഇങ്ങനെയായിരുന്നു: രാത്രിയില്‍ ആകാശത്തിന്റെ ഒരു ഭാഗത്തിന്റെ പ്ലേറ്റ്ഗ്ലാസ് ഫോട്ടോയെടുക്കും. അതിനു കീഴില്‍ പ്രകാശം പരത്തുന്ന ഒരു ചെരിഞ്ഞ പ്രതലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോസ്‌കോപ്പിന് മുന്നില്‍ രണ്ടുപേര്‍ ഇരിക്കും. പ്ലേറ്റുകള്‍ക്ക് മുകളില്‍ അക്കമിട്ട ഗ്രിഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ നക്ഷത്രത്തിന്റെയും സ്ഥാനം ഗ്രാഫില്‍ അളന്ന് ഇവര്‍ ഉറക്കെ വായിക്കുകയും മറ്റ് രണ്ടുപേര്‍ ഒരു ലെഡ്ജറില്‍ കോര്‍ഡിനേറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൂടാതെ കടലാസിലെ ചിത്രങ്ങളുടെ വിപുലീകരിച്ച പതിപ്പുകളും അവര്‍ പരിശോധിക്കും.
നീണ്ട 11 വര്‍ഷക്കാലം രാത്രി ഉറക്കമില്ലാതെ നാല് കന്യാസ്ത്രീകള്‍ തുടര്‍ച്ചയായി ഈ ജോലി ചെയ്ത് അവര്‍ക്ക് അനുവദിച്ച ആകാശത്തിന്റെ ഭാഗത്തിന്റെ മാപ്പിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. 1910 മുതല്‍ 1921 വരെ നൂറുകണക്കിന് ഗ്ലാസ് പ്ലേറ്റുകളില്‍ നിന്ന് 481215 നക്ഷത്രങ്ങളുടെ തെളിച്ചവും സ്ഥാനവും കന്യാസ്ത്രീകള്‍ സര്‍വേ നടത്തി രേഖപ്പെടുത്തി.
അര്‍ഹിക്കുന്ന അംഗീകാരം
1920 ല്‍, ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ, സിസ്റ്റേഴസിന്റെ 11 വര്‍ഷത്തെ കഠിനാധ്വാനത്തെ ആദരിച്ചുകൊണ്ട് അഭിനന്ദന സമ്മേളനംപോലും സംഘടിപ്പിച്ചു. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ അവരുടെ ശാസ്ത്രീയ സംഭാവനകള്‍ക്ക് വെള്ളി മെഡല്‍ നല്‍കി ആദരിച്ചു. എന്നാല്‍ പിന്നീട് ഇവരെപ്പറ്റി അധികമാരും പറഞ്ഞു കേട്ടിട്ടില്ല. ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ കന്യാസ്ത്രീകള്‍ മാപ്പിങ്ങ് നടത്തുന്ന ഫോട്ടോകള്‍ സൂക്ഷിച്ചിരുന്നുവെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ അവരുടെ നേട്ടങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാല്‍ 2016ല്‍ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.സാബിനോ മാഫിയോ, ആര്‍ക്കൈവുകള്‍ക്കായി പേപ്പറുകള്‍ ക്രമീകരിക്കുന്നതിനിടെ അവരുടെ പേരുകള്‍ കണ്ടെത്തുകയും വര്‍ഷങ്ങള്‍ നീണ്ട അവരുടെകഠിനാധ്വാനം ഒടുവില്‍ അംഗീകരിക്കപ്പെടുകയുമായിരുന്നു.
1962ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ നക്ഷത്ര അറ്റ്‌ലസ് പദ്ധതി അവസാനിപ്പിച്ചുവെങ്കിലും പദ്ധതിയുടെ ഫലമായി 5 ദശലക്ഷം നക്ഷത്രങ്ങളുള്‍പ്പെട്ട 254 വാല്യങ്ങളുള്ള ഒരു ആസ്‌ട്രോഗ്രാഫിക് കാറ്റലോഗ് നര്‍മിതമായി. 20 നിരീക്ഷണാലയങ്ങളിലായി ആകാശത്തിന്റെ 22,000ലധികം ഗ്ലാസ് ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ നിന്നാണ് ഇതെല്ലാം സൃഷ്ടിച്ചത്. ഇന്നും ഉപയോഗിക്കുന്ന നക്ഷത്ര റഫറന്‍സുകളുടെ അടിസ്ഥാനമായി ഈ കാറ്റലോഗ് മാറി.
സിസ്റ്റേഴ്‌സ് അന്ന് ഉപയോഗിച്ചിരുന്ന മാപ്പിംഗ് ടെക്‌നിക്കുകള്‍ ടെലിസ്‌കോപ്പിക് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം വഴി കാലഹരണപ്പെട്ടെങ്കിലും, ഒരു നൂറ്റാണ്ട് മുമ്പ് രേഖപ്പെടുത്തിയ നക്ഷത്ര സ്ഥാനങ്ങളെ ഇപ്പോഴത്തെ ഉപഗ്രഹ സ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളുടെ നക്ഷത്രചലനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നുവെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ചത്തിന്റെ ക്രമീകരണം മനസിലാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. അതിനാല്‍തന്നെ ഈ നാലു സിസ്റ്റേഴ്‌സ് നല്കിയ സംഭാവന വിലമതിക്കാനാകാത്തവയാണ്. ശാസ്ത്രത്തിന്റെയും മനുഷ്യജീവിതത്തിന്റെ നന്മയ്ക്കുമായി ഇത്തരം ഉദ്യമത്തിന്റെ ഭാഗമാകാന്‍ പൂര്‍ണമായി സഹകരിച്ച മാര്‍പാപ്പമാരുള്‍പ്പെടുന്ന സഭാനേതൃത്വവും എക്കാലവും ആദരം അര്‍ഹിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *