Follow Us On

09

December

2024

Monday

അങ്കണവാടികളില്‍നിന്നല്ലേ തുടങ്ങേണ്ടത്?

അങ്കണവാടികളില്‍നിന്നല്ലേ  തുടങ്ങേണ്ടത്?

ജോസഫ് മൂലയില്‍

വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കുഞ്ഞുങ്ങള്‍ പിച്ചവച്ചുതുടങ്ങുന്നത് അങ്കണവാടികളില്‍നിന്നാണ്. പ്രത്യേകിച്ച് രാജ്യത്തെ ഗ്രാമീണ മേഖലകളിലെ. നഗരങ്ങളിലേക്കു വരുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും അവിടെയും അങ്കണവാടികള്‍ക്ക് പ്രത്യേകമായ ഇടമുണ്ട്. മൂന്നു വയസുമുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് അങ്കണവാടികള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക-സമൂഹിക വളര്‍ച്ചക്ക് അടിത്തറ ഇടുകയാണ് അങ്കണവാടികളുടെ പ്രധാന ദൗത്യം.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഗുജറാത്ത് ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യരായി പരിഗണിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അങ്കണവാടികളിലെ അധ്യാപികയെ ടീച്ചര്‍ എന്നു എല്ലാവരും വിളിക്കുമ്പോഴും ഗവണ്‍മെന്റ് രേഖകളില്‍ ആ തസ്തികയുടെ പേര് വര്‍ക്കര്‍ എന്നാണ്. സഹായിയായി കൂടെയുള്ളത് ഹെല്‍പ്പറും. കേരളത്തിലെ ഇപ്പോഴത്തെ അവരുടെ ശമ്പള സ്‌കെയില്‍ യഥാക്രമം 12,000, 8000 എന്നിങ്ങനെയാണ്. വളരെ കുറവാണെന്നു ചുരുക്കം. അങ്കണവാടികള്‍ ഓരോ പ്രദേശത്തെയും സാമൂഹ്യക്ഷേമ പദ്ധതികളുടെ ഏകോപന കേന്ദ്രംകൂടിയാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങി കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളുടെ നടത്തിപ്പുകേന്ദ്രമാണ്.

സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍
ഒരു കുഞ്ഞിനെ ഏറ്റവും കരുതലോടെ കരുതേണ്ട സമയമാണ് അഞ്ചു വയസുവരെയുള്ള കാലം. ഈ സമയത്ത് ലഭിക്കുന്ന അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കുമൊക്കെ അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം മുതല്‍ അവരുടെ ഭാവി സ്വപ്‌നങ്ങള്‍ക്കു വരെ അടിത്തറപാകുന്ന സമയമാണ് അങ്കണവാടി പ്രായം. ഈ കാലത്ത് കുട്ടികളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് അധ്യാപകര്‍. അതുകൊണ്ട് അങ്കണവാടികളില്‍ മികച്ച അധ്യാപകര്‍ ഉണ്ടാകണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് ആനുപാതികമായുള്ള മാറ്റങ്ങള്‍ കുട്ടികളിലും സംഭവിക്കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെ ലോകത്ത് പിച്ചവച്ച് വളരുന്ന കുട്ടികളുടെ മാനസിക വളര്‍ച്ചക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മൂന്നുവയസുകാരനെ കൈകാര്യം ചെയ്യുന്ന വിധത്തില്‍ ഇപ്പോള്‍ കണ്ടാല്‍ ആ കുഞ്ഞിന്റെ വളര്‍ച്ച മുരടിച്ചുപോകും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ മാനസികഭാവങ്ങള്‍ ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് പരിശീനലം നല്‍കുവാനും കഴിയുന്നവര്‍ ഈ രംഗത്തേക്ക് എത്തണം.

അങ്കണവാടി കാലത്ത് കുഞ്ഞുങ്ങളെ ഏറ്റവും പ്രൊഫഷണലായി സമീപിക്കണം. കുഞ്ഞുങ്ങളുടെ ടാലന്റുകള്‍ മനസിലാക്കാന്‍ കഴിവുള്ളവരായിരിക്കണം അവിടെയുള്ളവര്‍. ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊഫഷണല്‍ പരിശീലനത്തോടൊപ്പം മികച്ച വേതനവും നല്‍കണം. ഇത്രയും കുറഞ്ഞ പ്രതിഫലം നല്‍കുമ്പോള്‍ അവരുടെ പ്രവര്‍ത്തനത്തെയും അതു ബാധിക്കും. മറ്റെന്തെങ്കിലുമൊക്കെ ജോലികൂടി ചെയ്താലേ ജീവിക്കാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടെങ്കില്‍ ആ മേഖലയുടെ നിലവാരത്തകര്‍ച്ചക്കത് ഇടയാക്കുമെന്നതില്‍ സംശയമില്ല. മതിയായ പ്രതിഫലം ലഭിച്ചില്ലെങ്കില്‍ എത്രപേര്‍ക്ക് ആത്മാര്‍ത്ഥമായി ജോലിചെയ്യാന്‍ കഴിയും?

പുതിയ കഥകള്‍ വേണം
അങ്കണവാടി അധ്യാപികയെ വര്‍ക്കര്‍ എന്നു സംബോധന ചെയ്യുന്നിടത്തു തുടങ്ങുന്നു ആ മേഖലയോടുള്ള അവഗണന. കോളജ് അധ്യാപകരെക്കാളും കഠിനാധ്വാനം ചെയ്യുന്നവരാണ് അങ്കണവാടിയിലെ അധ്യാപികയും ഹെല്‍പ്പറും. തിരിച്ചറിവില്ലാത്ത ഒരേ പ്രായത്തിലുള്ള 20-30 കുഞ്ഞുങ്ങളെ ഒരു അധ്യാപിക നോക്കുമ്പോള്‍ അവര്‍ എടുക്കുന്ന റിസ്‌ക് ചെറുതല്ല. കുട്ടികളുടെ പ്രാഥമിക കാര്യങ്ങള്‍ക്കുവരെ അവരെ സഹായിക്കണം. ഓടിക്കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞിന് വീണ് പരിക്കുപറ്റിയാല്‍ രക്ഷിതാവിന്റെ മുഖഭാവം മാറും. ഇന്റര്‍നെറ്റിന്റെയും ഏഐയുടെമൊക്കെ കാലം വന്നപ്പോള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ജോലി വളരെ എളുപ്പമാക്കിമാറ്റിയിട്ടുണ്ട്. പഴയകാലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സംശയനിവാരണത്തിന് അധ്യാപകര്‍ക്ക് എത്ര പുസ്തകങ്ങള്‍ റഫര്‍ ചെയ്യണമായിരുന്നു? ലൈബ്രറികളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഗൂഗിള്‍ പറഞ്ഞുതരുന്ന കാലമാണ്.
അതേസമയം അങ്കണവാടിയിലെ ജീവനക്കാരുടെ ജോലി ഭാരം കൂടുകയാണ് ചെയ്തിരിക്കുന്നത്. എന്തിനു പറയുന്നു പഴയ കാലത്തെ ‘കരിയിലും മണ്ണാങ്കട്ടയും ചന്തക്കുപോയ’ വിധത്തിലുള്ള കഥകളൊന്നും ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ അടുത്ത് ചിലവാകില്ല. അവര്‍ ടിവിയില്‍ മികവുറ്റ കാര്‍ട്ടൂണുകള്‍ കണ്ടാണ് വളരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപനം എളുപ്പമാകുമ്പോഴും അങ്കണവാടിയിലെ ജീവനക്കാരുടെ ജോലി ഭാരം വര്‍ധിക്കുകയാണ്. എന്നാല്‍ അവര്‍ക്കു കിട്ടുന്ന പ്രതിഫലമോ വളരെ തുച്ഛം.

കുഞ്ഞുങ്ങളെ ഗൗരവത്തിലെടുക്കാം
മികവുള്ളവര്‍ ഒരു മേഖലയിലേക്ക് വരണമെങ്കില്‍ സേവന വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാകണം. മറ്റൊരു ജോലിയും കിട്ടാത്തവരെ കാത്തിരിക്കുന്ന ഒന്നായി പ്രീപ്രൈമറിതലം മാറരുത്. പുതിയ തലമുറയെ രൂപപ്പെടുത്തി എടുക്കേണ്ടവര്‍ അതിനനുസരിച്ച് മികവുള്ളവരല്ലെങ്കില്‍ അതിന്റെ നഷ്ടം സമൂഹത്തിനാണ്. ഉദാഹരണത്തിന്, ഒളിമ്പിക്‌സ് പോലുള്ള കായിക ഉത്സവങ്ങള്‍ സമാപിക്കുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് നോക്കി വിലപിക്കാറുണ്ട്. പേരുപോലും കേട്ടിട്ടില്ലാത്ത കൊച്ചുരാജ്യങ്ങള്‍ മെഡലുകളുമായി മടങ്ങുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണം, വിദേശ രാജ്യങ്ങളില്‍ കായിക മേഖലയിലേക്ക് ഒരാളെ കണ്ടെത്തുന്നത് പലപ്പോഴും നാലോ-അഞ്ചോ വയസ് ഉള്ളപ്പോഴാണ്. അവിടെനിന്നും തുടങ്ങുന്ന കഠിന പരിശീലനമാണ് അവരെ മെഡലുകളില്‍ മുത്തമിടാന്‍ പ്രാപ്തരാക്കുന്നത്.

ഗവണ്‍മെന്റ് മേഖലയില്‍ ആകര്‍ഷകരമായ സേവന-വേതന വ്യവസ്ഥകള്‍ നല്‍കുമ്പോള്‍ ഈ മേഖലയില്‍ ഉള്ളവരോടു ചിറ്റമ്മനയം പുലര്‍ത്തുന്നത് സ്വഭാവികയുടെ നീതിയുടെ ലംഘനമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ ശമ്പളം തീരുമാനിച്ചപ്പോള്‍ ഉണ്ടായിരുന്ന സാചര്യവും ഇപ്പോഴത്തെ അവസ്ഥയും തമ്മില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മറ്റുജോലി സാധ്യതകള്‍ ഇല്ലാത്തതുകൊണ്ടാണ് കഴിവുള്ള അനേകം സ്ത്രീകള്‍ ഈ രംഗത്തേക്ക് എത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികവുള്ളവര്‍ ആ മേഖലയിലേക്ക് വരണമെങ്കില്‍ അവരുടെ പ്രതിഫലവും മികച്ചതാകണം. ജോലിക്കനുസരിച്ച് പ്രതിഫലം നല്‍കിയില്ലെങ്കില്‍ അംഗന്‍വാടികളുടെ തകര്‍ച്ചക്ക് വഴിയൊരുക്കും.

കോളജ് അധ്യാപന രംഗം ഏറ്റവും ആകര്‍ഷകരമായ ഒന്നാണ്. അതുപോലെ അങ്കണവാടികളിലേക്കും മികവുള്ളവര്‍ വരണം. ആദ്യംതന്നെ അവരുടെ തസ്തികളുടെ പേരുകള്‍ പുനഃനാമകരണം ചെയ്യണം. കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് ആനയിക്കുന്നവരെ ടീച്ചര്‍ എന്നു അതിസംബോധന ചെയ്യുന്നതല്ലേ കൂടുതല്‍ നല്ലത്. ഉന്നത വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുമ്പോഴും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് വേണ്ട വിധത്തിലുള്ള പരിഗണനകള്‍ കൊടുക്കുന്നില്ല എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കതിരില്‍ വളംവയ്ക്കുന്ന സമീപനമാണ് പലപ്പോഴും ഇവിടെ ഉണ്ടാകുന്നത്. അതിന്റെ ഗൗരവം സമൂഹത്തിനും ബോധ്യമാകുന്നില്ലെന്നുവേണം കരുതാന്‍. കൊച്ചുകുട്ടികളെ എങ്ങനെയെങ്കിലും നോക്കിയാല്‍ മതിയെന്ന ചിന്ത വളരെ അപരിഷ്‌കൃതമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?