വത്തിക്കാന്‍ സിറ്റി:പ്രശ്‌നബാധിത മേഖലകളിൽ നിന്നുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്പത്താറ് രാജ്യങ്ങളിൽ നിന്നുള്ള 6000 കുഞ്ഞുങ്ങളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. വരുന്ന നവംബർ ആറാം തീയതിയാണ് ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെ താൻ സന്ദര്‍ശിക്കുകയെന്ന് ഫ്രാൻസിസ് പാപ്പ തന്നെയാണ് വെളിപ്പെടുത്തിയത്. സംസ്കാരങ്ങൾക്കും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘നമുക്ക് ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പഠിക്കാം’ എന്നതാണ് കൂടിക്കാഴ്ചയുടെ മുദ്രാവാക്യം. ഫ്രാൻസിസ്കൻ സമൂഹവും, സെന്റ് എജിഡിയോ കൂട്ടായ്മയും സംയുക്തമായാണ് കുട്ടികളെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വത്തിക്കാനിലെത്തിക്കുന്നത്. അഭയാർത്ഥികളായി എത്തിയ കുട്ടികളും, അഭയാർത്ഥികളുടെ കുഞ്ഞുങ്ങളും സംഘത്തോടൊപ്പമുണ്ടാകും. വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രാർത്ഥനയ്ക്കായി ഒന്നിക്കുന്ന കുട്ടികളുടെ സംഘം തുടർന്ന് പോൾ ആറാമൻ ഹാളിൽ വച്ച് ഫ്രാൻസിസ് പാപ്പയെ കണ്ടുമുട്ടും.
വിയറ്റ്നാം, ഓസ്ട്രേലിയ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പാപ്പയോട് പങ്കുവെയ്ക്കും. ഇസ്രായേലിൽ നിന്നും, പാലസ്തീനിൽ നിന്നുമുള്ള കുട്ടികളും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ സമാധാനത്തിൽ ഊന്നിയുള്ള പ്രബോധനങ്ങൾ പാപ്പായിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് . പോൾ ആറാമൻ ഹാളിന് അരികിലുള്ള മുറിയിൽ പ്രശ്നബാധിത മേഖലകളില്‍ നിന്നെത്തുന്ന കുട്ടികൾ യുദ്ധത്തിനെതിരെ ശബ്ദമുയർത്തുന്നതിന്റെ പ്രതീകാത്മക പ്രദർശനവും നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *