Follow Us On

18

October

2024

Friday

പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ലോകസമാധാനത്തിനുള്ള അഭ്യർത്ഥനകൾ പുതുക്കി ഫ്രാൻസിസ് പാപ്പ

പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ലോകസമാധാനത്തിനുള്ള അഭ്യർത്ഥനകൾ പുതുക്കി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയുടെ കരങ്ങളിലേയ്ക്ക് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഏൽപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഉക്രെയ്‌നിൽ നിന്നും ലോകമെമ്പാടുനിന്നുമുളള സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ പുതുക്കികൊണ്ട് പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ ആഞ്ചലൂസ് സന്ദേശം നല്കുകയായിരുന്നു പാപ്പ.

ലോകത്തിൽ യുദ്ധം ബാധിച്ച നിരവധി മേഖലകളുണ്ട്. ആയുധങ്ങളുടെ കടന്നുകയറ്റം സംഭാഷണത്തിനുള്ള ശ്രമങ്ങളെ മറയ്ക്കുകയാണ്. സമാധാനത്തിന്റെ ശക്തികൾക്കെതിരെ ബലപ്രയോഗം നടക്കുന്നു. എന്നാൽ നാം തളരരുത്. നമുക്ക് തുടർന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, കാരണം ദൈവമാണ് ചരിത്രത്തെ നയിക്കുന്നത്. നമ്മുടെ വാക്കുകൾ അവൻ കേൾക്കുന്നുവെന്നും പാപ്പ പറഞ്ഞു.

യേശുവിന്റെയും മറിയത്തിന്റെയും ജീവിതത്തിന്റെ സവിശേഷതയായ ‘രഹസ്യ’ത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. സേവനവും സ്തുതിയുമായിരുന്നു അവരുടെ ജീവിതത്തിന്റെ രഹസ്യം. സ്വർഗ്ഗത്തിന്റെ മഹത്വത്തിലേക്ക് അവൾ ശരീരത്തോടും ആത്മാവോടും കൂടി സ്വർഗാരോപണം ചെയ്തു. സുവിശേഷത്തിൽ മറിയം തന്റെ ബന്ധുവായ എലിസബത്തിനെ സഹായിക്കാൻ മലനാട്ടിലേക്ക് കയറുന്നതും നാം കാണുന്നു.

ദൈവവചനം എന്തായിരുന്നുവോ അവൾ അതുപോലെ ചെയ്തപ്പോൾ, അവളുടെ സ്വഭാവം എന്താണെന്ന് വെളിപ്പെട്ടു. അവളുടെ അയൽക്കാരനോടുള്ള സേവനവും ദൈവത്തെ സ്തുതിക്കുന്നതുമായിരുന്നു അത്. മേരിയുടെ ജീവിതം അവളുടെ പുത്രന്റെ ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നു. യേശുവും മേരിയും യാത്ര ചെയ്യുന്നത് ഒരേ വഴിയിലാണ്. ദൈവത്തെ മഹത്വപ്പെടുത്തുകയും സഹോദരങ്ങളെ സേവിക്കുകയും ചെയ്തുകൊണ്ട് മുകളിലേക്ക് കരേറ്റപ്പെട്ട ജീവിതങ്ങളാണ് ഇരുവരുടെയും, പാപ്പ തുടർന്നു.

നമ്മുടെ സഹോദരങ്ങളെ സേവിക്കാൻ തുനിയുമ്പോഴാണ് നാം ഉയരുന്നത്. സ്‌നേഹമാണ് ജീവിതത്തെ ഉയർത്തുന്നത്. അതേസമയം, മറ്റുള്ളവരെ സേവിക്കുന്നത് എളുപ്പമല്ല. എലിസബത്തിനൊപ്പം ദീർഘദൂരം യാത്ര ചെയ്ത മേരിയെപ്പോലെ, മറ്റുള്ളവരെ സേവിക്കുന്നതിൽ ക്ഷീണവും ക്ഷമയും വേവലാതികളും ഉൾപ്പെടുന്നുവെന്ന് നാം തിരിച്ചറിയണം. അത് മടുപ്പിക്കുന്നതാണെങ്കിലും മുകളിലേക്ക് കയറുകയാണ്, അത് സ്വർഗ്ഗം നേടാനുള്ള യാത്രയുമാണ്.

എന്നിരുന്നാലും, ദൈവത്തെ സ്തുതിക്കാതെയുള്ള സേവനം നിർഗുണമാണ്. സുവിശേഷത്തിലേക്ക് വീണ്ടും തിരിയുമ്പോൾ, തന്റെ നീണ്ട യാത്രയ്ക്ക് ശേഷം, മറിയ അവളുടെ ക്ഷീണത്തെക്കുറിച്ച് ചിന്തിച്ചില്ല. പകരം അവളുടെ ഹൃദയത്തിൽ നിന്ന് ആഹ്ലാദഗീതം ഉയർന്നു. കാരണം ദൈവത്തെ സ്‌നേഹിക്കുന്നവർ സ്തുതി അറിയുന്നുവെന്നതാതാണ് വസ്തുത.

മറിയത്തെപ്പോലെ ഞാനും ദൈവത്തിൽ ആനന്ദിക്കുന്നുണ്ടോ? അവനെ സ്തുതിച്ചതിന് ശേഷം, ഞാൻ കണ്ടുമുട്ടുന്ന ആളുകൾക്കിടയിൽ അവന്റെ സന്തോഷം പ്രചരിപ്പിക്കുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തണമെന്നും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പ്രാർത്ഥനയിലൂടെയും സേവനത്തിലൂടെയും ഓരോ ദിവസവും ഉയരങ്ങളിലേക്ക് കയറാൻ ഞങ്ങളെ സഹായിക്കണമേ എന്ന സ്വർഗാരോപിതയായ അമ്മയോടുള്ള പ്രാർത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?