വത്തിക്കാൻ : റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥത വഹിക്കുന്നതിനായി ഫ്രാൻസിസ് പാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കർദിനാൾ മത്തേയോ സുപ്പി ബീജിങ്ങിലേക്ക് യാത്ര തിരിച്ചു. മനുഷ്യത്വപരമായ ചുവടുവയ്പുകളിലൂടെ സമാധാനത്തിനായുള്ള പാതകൾ കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ യാത്രയുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ അഞ്ഞൂറ്ററുപത്താറാം ദിവസമാണ് ബീജിംഗിലേക്കുള്ള കർദിനാളിന്റെ യാത്ര.
വത്തിക്കാൻ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും,യുദ്ധത്തെത്തുടർന്ന് റഷ്യയിൽ അകപ്പെട്ടുപോയ ഇരുപതിനായിരത്തോളം വരുന്ന യുക്രേനിയൻ കുഞ്ഞുങ്ങളെ മടക്കിക്കൊണ്ടുവരുന്നതിനും റഷ്യൻ സൈന്യം തടവിലാക്കിയിട്ടുള്ള യുക്രയിൻ സൈനികരുടെ മോചനവുമാണ് ‘മനുഷ്യത്വപരമായ ചുവടുവയ്പു’എന്നതിലൂടെ വത്തിക്കാൻ അർത്ഥമാക്കുന്നതെന്നാണ് നയതന്ത്ര നിരീക്ഷകരുടെ കണക്കുകൂട്ടൽ. സൈനികരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി കർദിനാൾ സുപ്പി മുൻപ് നടത്തിയ ചർച്ചകൾ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയിരുന്നു.
ഇറ്റാലിയൻ കർദിനാൾ ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവർ ആരൊക്കെയാണെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടില്ല.എന്നിരുന്നാലും, അദ്ദേഹത്തെ മാർപാപ്പയുടെ ദൂതനായി സ്വീകരിക്കാൻ ചൈനീസ് അധികാരികൾ സമ്മതിച്ചു എന്നത് ശ്രദ്ധേയമാണ്, ചൈനയും വത്തിക്കാനുമായി നയതന്ത്രബന്ധം നിലവിലില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇരു രാജയങ്ങളും തമ്മിൽ വിദേശ കാര്യാ മന്ത്രി തലത്തിൽ അവസാന കൂടിക്കാഴ്ച നടന്നത് 2020ൽ മ്യുണിച്ചിൽ വച്ചായിരുന്നു.
ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുടെ കഴിഞ്ഞയാഴ്ചത്തെ ബീജിംഗ് സന്ദർശനത്തിനു ശേഷമാണ് കർദിനാളിന്റെ സന്ദർശനത്തിന് ചൈന സമ്മതം മൂളിയത്.മാർപാപ്പയുടെ പ്രധിനിധിയായ കർദ്ദിനാൾ സുപ്പിയുടെ ശ്രമങ്ങളോട് ഇറ്റലിക്ക് അനുകൂലനിലപാടാണുള്ളത്, കാരണം അത് സമാധാനത്തിനുള്ള ഒരു ദൗത്യമാണ്. ഞങ്ങൾ സമാധാനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, സമാധാനം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
മെയ് 20 ന് ഫ്രാൻസിസ് പാപ്പാ തുടക്കമിട്ട സമാധാന ദൗത്യത്തിന്റെ നാലാമത്തെ ഘട്ടമാണിത്. സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുക, അതിനുള്ള വഴി തുറക്കാൻ കഴിയുന്ന ഒരു കാലാവസ്ഥ സൃഷ്ടിക്കുക എന്നിവയാണ് ആ സമയത്ത് വത്തിക്കാൻ ദൗത്യത്തെക്കുറിച്ചു പറഞ്ഞത്.
തന്റെ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണിൽ കീവ് സന്ദർശിച്ച കാർഡിനാൾ സുപ്പി, ഉക്രേനിയൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിയെയും യുക്രൈനിലെ കത്തോലിക്കാ ഓർത്തഡോക്സ് സഭാ നേതൃത്വങ്ങളെയും കണ്ട് ചർച്ച നടത്തുകയുണ്ടായി. തുടർന്ന് മോസ്കോയിലെത്തിയ അദ്ദേഹം പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നയതന്ത്ര ഉപദേഷ്ടാവ് യൂറി ഉഷാക്കോവിനെ സന്ദർശിച്ചു.റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കർദിനാളിന്റെ മൂന്നാമത്തെ യാത്ര അമേരിക്കയിലേക്കായിരുന്നു.പ്രസിഡന്റ് ജോ ബൈഡനെയും മുതിർന്ന അമേരിക്കൻ ഭരണകർത്താക്കളെയും സഭാനേതൃത്വത്തെയും സന്ദർശിച്ച അദ്ദേഹം സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ഒന്നിച്ചു് പരിശ്രമിക്കണമെന്നു ഓർമ്മിപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *