വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ ഹമാസ് നടത്തിയ അക്രമണത്തെ മനുഷ്യത്വരഹിതം എന്നുവിശേഷിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിൻ, ഇരു പക്ഷവും സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവരണമെന്നും ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിന് തങ്ങൾ തയ്യാറാണെന്നും അറിയിച്ചു. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന വൈഷമ്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, ബന്ധികളാക്കപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു. യുക്തി വീണ്ടെടുക്കുകയും അന്ധമായ വെറുപ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വത്തിക്കാനിലെ ഇസ്രായേൽ എംബസിയിലെത്തി ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സുമായി കൂടിക്കാഴ്ച നടത്തിയ കാർദിനാൾ അക്രമത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇസ്രയേലിലും,പലസ്തീനിലും പ്രത്യേകമായി ഗാസയിലുമുള്ള സാധാരണജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കർദിനാളിന്റെ സന്ദർശനത്തെയും യുദ്ധത്തോടുള്ള വത്തിക്കാന്റെ നിലപാടിനെയും അംബാസിഡർ സ്വാഗതം ചെയ്തു. ഇറ്റലിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത കർദിനാൾ യുദ്ധത്തെക്കുറിച്ചുള്ള തന്റെ ഖേദവും ആശങ്കയും അവിടെയെല്ലാം പങ്കുവച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *