Follow Us On

28

April

2024

Sunday

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കു മുന്നിലും ക്രിസ്തുവിശ്വാസം  പ്രഘോഷിച്ച വൈദീകൻ ഇടയ പദവിയിലേക്ക്

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കു മുന്നിലും ക്രിസ്തുവിശ്വാസം  പ്രഘോഷിച്ച വൈദീകൻ ഇടയ പദവിയിലേക്ക്

ദമാസ്‌ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണിക്കു മുന്നിലും ക്രിസ്തുവിനെ ഉപേക്ഷിക്കാൻ തയാറാകാതെ സധൈര്യം നിലയുറപ്പിച്ച വൈദീകൻ സിറിയയിലെ ഹോംസ് അതിരൂപതയുടെ അധ്യക്ഷ പദവിയിലേക്ക്. ഏഴു വർഷംമുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ബന്ധിയാക്കുകയും അഞ്ച് മാസത്തിനുശേഷം രക്ഷപ്പെടുകയും ചെയ്ത ഫാ. ജാക്വസ് മൗറാദാണ് ഹോംസിലെ ആർച്ച്ബിഷപ്പായി നിയമിതനാകുന്നത്. സിറിയൻ മെത്രാൻ സിനഡിന്റെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതോടെയാണ് 54 വയസുകാരനായ ഇദ്ദേഹം ഇടയ ദൗത്യത്തിലേക്ക് ഉയർത്തപ്പെടുന്നത്.

ഖാര്യതയ്ൻ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന മാർ ഏലിയൻ ആശ്രമത്തിൽ സേവനം ചെയ്യവേ 2015 മേയ് 21നാണ് ഫാ. ജാക്വിസിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ബന്ധനകാലത്ത് ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയായ ഇദ്ദേഹം നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ഇസ്ലാം മതം സ്വീകരിച്ചാൽ രക്ഷപ്പെടാമായിരുന്നെങ്കിലും ക്രിസ്തുവിശ്വാസം വെടിയാൻ അദ്ദേഹം തയാറായിരുന്നില്ല. ഒടുവിൽ ഒരു മുസ്ലീം യുവാവിന്റെ സഹായത്തോടെ ഫാ. ജാക്വിസ് രക്ഷപ്പെടുകയായിരുന്നു.

സിറിയയിലെ ആലപ്പോയിൽ ജനിച്ച ഇദ്ദേഹം 1993 ഓഗസ്റ്റ് 28നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2000ലാണ് മാർ ഏലിയൻ ആശ്രമത്തിൽ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടത്. ഇസ്ലാം മതസ്ഥരുമായുള്ള സംവാദത്തിനായി പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടശേഷം ഇറ്റലിയിലും ഇറാഖിലും ഏറെനാൾ ചെലവഴിച്ച ഇദ്ദേഹം 2020ലാണ് സിറിയയിൽ മടങ്ങിയെത്തിയത്. റോമൻ കത്തോലിക്കാ സഭാകൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളിൽ ഒന്നായ സിറിയൻ കത്തോലിക്കാ സഭയിൽ മിഡിൽ ഈസ്റ്റിലും മറ്റുമായി 175,000ൽപ്പരം വിശ്വാസികളുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?