Follow Us On

18

April

2024

Thursday

സെന്റ് പാട്രിക്: ഐറിഷ് ജനതയുടെ ഹീറോയായി മാറിയ രക്ഷാധികാരി!

ഫാ. ബെന്‍ സി.എം.ഐ

സെന്റ് പാട്രിക്: ഐറിഷ് ജനതയുടെ ഹീറോയായി മാറിയ രക്ഷാധികാരി!

വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനം (മാർച്ച് 17) അയർലൻഡിന് സെന്റ് പാട്രിക് ഡേയാണ്. ഐറിഷ് ജനത അദ്ദേഹത്തെ അത്രമേൽ വണങ്ങാനുള്ള കാരണം എന്താവും; എന്തുകൊണ്ടാവും അവർ അദ്ദേഹത്തെ രാജ്യത്തിന്റെ രക്ഷാധികാരിയായി അവരോധിച്ചത്? അയർലൻഡിനെ ക്രിസ്തുവിനു നേടിക്കൊടുത്ത വിശുദ്ധ പാട്രിക്കിന്റെ ജീവിതം അത്ഭുതത്തോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല.

അന്നാണ് ഡബ്ലീന എന്ന സ്ഥലത്ത് പാട്രിക് എത്തിച്ചേര്‍ന്നത്. ഒരു പ്രവചനംപോലെ പാട്രിക് എന്ന ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞു, ഈ ദേശം ലോകോത്തര ശ്രദ്ധ നേടുന്ന സ്ഥലമായി മാറും. നൂറുകണക്കിന് ദൈവസങ്കല്പങ്ങളും ആചാരങ്ങളും പുലര്‍ത്തിയിരുന്ന ഡബ്ലീന അന്ന് കാട്ടുജാതിക്കാരായ മനുഷ്യരുടെ വാസസ്ഥലവുമായിരുന്നു. അത്, നാളുകള്‍ക്കുശേഷം അയർലൻഡിന്റെ മാത്രമല്ല, ക്രിസ്തീയ വിശ്വാസത്തിന്റെ ഉന്നത നഗരിയായ ഡബ്ലിന്‍ ആയി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ലോകത്തിന്റെ ചരിത്രം മാറുന്നത് ചരിത്രത്തിന്റെ നായകനായ ദൈവം നിയോഗിക്കുന്നവര്‍ നടത്തുന്ന ചില കാല്‍വയ്പുകളിലൂടെയാണ്. അത്തരം ഒരു നിയോഗം ഒരു ദേശത്തിനായി ഏറ്റെടുത്തു എന്നതാണ് പാട്രിക് എന്ന ചെറുപ്പക്കാരനെ ജന്മദേശം വിടാനും അപരിചിതദേശമായ അയര്‍ലണ്ടിലേക്ക് നീങ്ങാനും അനുവദിച്ചത്. ഓരോ ആണ്ടിലെയും മാര്‍ച്ച് 17 പാട്രിക്കിന്റെ ദിവസമാണ്.

അയർലൻഡ്‌ എങ്ങനെ ‘വിശുദ്ധരുടെയും പണ്ഡിതരുടെയും ദേശ’മെന്ന് പ്രകീര്‍ത്തിക്കാന്‍ ഇടവന്നു എന്ന് പരിശോധിക്കുമ്പോള്‍ പാട്രിക്കിനെ മറക്കാനാവില്ല, ആര്‍ക്കും. സ്‌കോട്‌ലണ്ടിലെ സാധാരണ കുടുംബത്തിലാണ് ജനനം. പതിനാറാം വയസിലാണ് പാട്രിക്കിന്റെ ജീവിതഗതിയെ ഒന്നടങ്കം മാറ്റിയ ആ സംഭവം നടന്നത്. കടല്‍ക്കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് പാട്രിക്കും ഒരുപറ്റം മനുഷ്യരും കാട്ടുജാതിക്കാരുടെ പിടിയിലായി.

രക്ഷപെടാന്‍ ഒരു വഴിയുമില്ല. നിലവിളിയും പ്രാര്‍ത്ഥനയുമായി കുടുംബത്തോടൊപ്പം ഒരു ദേശം മുഴുവന്‍ കാത്തുനിന്നു. ഒന്നോ രണ്ടോ ദിവസങ്ങളല്ല, നീണ്ട എട്ടു വര്‍ഷക്കാലം. അങ്ങനെയിരിക്കെ പാട്രിക്കിനൊരു സ്വപ്‌നമുണ്ടായി. ഏതാനും മൈലുകള്‍ക്കപ്പുറം തന്നെയും കാത്ത് ഒരു വഞ്ചി കിടക്കുന്നുണ്ടെന്ന്. ദൈവവഴികള്‍ എന്നും തേടിയിരുന്ന പാട്രിക് മറ്റൊന്നും ചിന്തിച്ചില്ല. കൂട്ടത്തിലുള്ളവരുമായി യാത്ര തിരിച്ചു. യാത്ര എങ്ങും എത്താതെ പകച്ചു നില്‍ക്കുമ്പോള്‍ ഒരു ശബ്ദം വീണ്ടുമവന്‍ കേട്ടു: ‘മുന്നോട്ട് നടന്ന് രക്ഷപെട്ടുകൊള്ളുക. ഒരു വഞ്ചി കാത്തു കിടക്കുന്നുണ്ട്.’

ഏതാനും ദിവസങ്ങള്‍ക്കകം സ്വദേശമായ സ്‌കോട്ട്‌ലണ്ടിലെത്തി. മിടുക്കനായ ഈ ചെറുപ്പക്കാരന്‍ ഫ്രാന്‍സിലും മറ്റുമായി ഉന്നത പഠനം നടത്തി. വൈദികനായി, മെത്രാനായി. അഞ്ചാം നൂറ്റാണ്ടിലെ ആദ്യകാല സഭയെ നയിച്ച് മുന്നോട്ടുപോകുന്നതിനിടയില്‍, താന്‍ ദിവസങ്ങള്‍ എണ്ണിയും കണ്ണീരും വേദനയുമായി കഴിഞ്ഞ അയർലൻഡിലെ കാട്ടിലെ വാസത്തെക്കുറിച്ച് അയാള്‍ ഓര്‍ത്തു.

ക്രിസ്തുവിനെ അറിയാതെ മനുഷ്യരെ ബലി ചെയ്തും തെറ്റായ മാര്‍ഗങ്ങളില്‍ നടക്കുകയും ചെയ്യുന്ന ആ മനുഷ്യരെക്കുറിച്ചുള്ള ചിന്ത മെത്രാനായ പാട്രിക്കിനെ അസ്വസ്ഥമാക്കി. ഞാന്‍ വൈദികനായതും മെത്രാനായതും സ്വസ്ഥമായി വിശ്രമിക്കാനാണോ? അതോ ക്രിസ്തുവിന്റെ മഹത്വമേറിയ പ്രകാശം കിട്ടാത്ത ജനതകള്‍ക്കായി ജീവിതം വ്യയം ചെയ്യാനോ?

വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവരക്ഷാര്‍ത്ഥം കാട്ടിലൂടെ ഓടിപ്പോരുമ്പോള്‍ ഉള്ളില്‍ തിരമാലപോലെ അലയടിച്ച ആ ശബ്ദം അന്നും അദ്ദേഹത്തിന്റെ കാതുകളില്‍ മുഴങ്ങാന്‍ തുടങ്ങി: പാട്രിക്, അയർലൻഡിലെ ജനത്തെ ഓര്‍ക്കണം. നീ ഇവിടേക്ക് തിരിച്ചുവരണം.’ ദൈവനിയോഗം സ്വീകരിക്കുന്നവരൊക്കെ ചില പ്രത്യേക കുരിശുകള്‍ പേറുന്നുണ്ട്. ആന്തരികമായ ചില ശബ്ദങ്ങളുടെ പുറകെയും ഉള്‍ക്കാഴ്ചകളുടെ പുറകെയും ഇറങ്ങിത്തിരിച്ചതിന്റെ നോവുകള്‍.

അതവര്‍ ചുമന്നേ മതിയാകൂ. പാട്രിക് ഒന്നും ചിന്തിച്ചില്ല. ഭവനത്തെയും പ്രിയപ്പെട്ടവരെയും ഒക്കെ മാറ്റിവച്ചു. ഒരു കരിയര്‍ തേടുന്നതുപോലെയല്ലല്ലോ ഒരു നിയോഗത്തെ ചേര്‍ത്തുവയ്ക്കുന്നതും അതിനായി ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതും. പാട്രിക്കിന്റെ യാത്രയാണ് അയര്‍ലണ്ടില്‍ കുരിശു നാട്ടപ്പെടാന്‍ കാരണമായത്.

ദൈവനിയോഗത്തിനായി ഇറങ്ങിയ ഈ മഹാപുരുഷന്റെ കൂട്ടത്തില്‍ എപ്പോഴും ദൈവം ഉണ്ടായിരുന്നു എന്നതിന് ഏറെ അടയാളങ്ങളുണ്ട്. നൂറുകണക്കിന് മരിച്ച മനുഷ്യരെ ഇദ്ദേഹം ഉയിര്‍പ്പിച്ചിട്ടുണ്ട്, ക്രിസ്തുനാമത്തില്‍. അതില്‍ 39 എണ്ണം സഭ അംഗീകരിച്ചിട്ടുള്ളതാണ്. ഡബ്ലീനയില്‍ എത്തിയ പാട്രിക്കിന് ആ ദേശത്തെക്കുറിച്ചുള്ള പ്രവചനം പൂര്‍ത്തീകരിക്കാന്‍ കിട്ടിയ അവസരം ഏറെ പ്രസിദ്ധമാണ്. രാജകുമാരി ഡബ്ലീനയും രാജാവ് അല്‍ഫിമൂസും വിജാതീയ ദൈവങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചു പോന്നിരുന്ന കാലം.

അവരുടെ ഏകമകന്‍ മരിച്ചു. മകനെ അടക്കാനുള്ള പൂജാവിധികള്‍ ചെയ്യുന്നതിനിടെ ഏമകളും മരിച്ചു. തകര്‍ന്നു കഴിയുന്ന ആ കുടുംബത്തിലേക്ക് പാട്രിക്കിനെ അവര്‍ ക്ഷണിച്ചു. പാട്രിക് ക്രിസ്തുവിനെ അവര്‍ക്ക് പരിചയപ്പെടുത്തി. അവര്‍ അവിടുത്തെ സ്വീകരിച്ചു. മരിച്ച രണ്ടുമക്കളെയും തിരുവചനംകൊണ്ട് പാട്രിക് ഉയിര്‍പ്പിച്ചു. ഇത് നാട്ടിലാകെ ചര്‍ച്ചാവിഷയമായി. പാട്രിക്കിനെ ആ സിറ്റിയുടെ പേട്രണ്‍ ആക്കി. രാജകുമാരി ഡബ്ലീനയുടെ കാലശേഷം ആ നഗരം ഡബ്ലിന്‍ എന്നറിയപ്പെടുകയും ചെയ്തു. ഇന്നത് അയർലൻഡിന്റെ തലസ്ഥാനമാണ്.

ഒരുപാട് മിഷനറിമാരെ ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഇത്. ജനസാന്ദ്രത വളരെ കുറവെങ്കിലും വിശുദ്ധരെയും പണ്ഡിതരെയും വാര്‍ത്തെടുക്കുന്നതില്‍ ഈ രാജ്യത്തിന്റെ സംഭാവന വളരെ വലുതാണ്. എന്നും ഐറിഷ് ജനതയുടെ അഭിമാനമാണ് സെന്റ് പാട്രിക്. അതുകൊണ്ടുതന്നെയാകണം ദേശീയ എയര്‍ലൈയന്‍സ് ആയ ‘എയര്‍ ലിങ്കസി’ല്‍ മൂന്നിലയുടെ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. ത്രിത്വ ദൈവത്തെ പഠിപ്പിക്കാന്‍ പാട്രിക് ഉപയോഗിച്ചിരുന്ന ഇലയുടെ ചിത്രമാണത്.

ആത്മീയ യാത്രയില്‍ സുരക്ഷിതത്വം തേടുന്നവര്‍ക്ക് പാട്രിക് ഒരു വെല്ലുവിളിയാണ്. സാഹസികമായി ചരിക്കാനുള്ള വെല്ലുവിളി. ഈ മാര്‍ച്ച് 17നും നാം വിശുദ്ധനെ സ്മരിക്കുമ്പോൾ പ്രാര്‍ത്ഥന ഇതാകട്ടെ: സാഹസികമായി വിശ്വാസയാത്രയില്‍ മുന്നേറാനും ജീവിതനിയോഗത്തിന്റെ കുരിശുകളെ പരാതി കൂടാതെ സ്വീകരിക്കാനും കൃപ നല്‍കണേ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?