ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ്
ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നുവരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടന്‍ നില്‍ക്കുന്നത് കാണാന്‍ തന്നെ രസമായിരുന്നു.
ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയിലും അദ്ദേഹം അതൊക്കെ തുടര്‍ന്നുകൊണ്ടിരുന്നു. വീടടുത്താണ്, രണ്ടു മക്കള്‍. ഏതൊരു കുടുംബത്തെയും പോലെതന്നെ ഭാരം മുഴുവന്‍ വഹിക്കുന്ന വിയര്‍ക്കുന്ന ഒരപ്പന്‍. തന്റെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും പുഞ്ചിരി നഷ്ടമാക്കാതെ പറയാന്‍ ലൂയി ചേട്ടനു കഴിഞ്ഞു.
പതിവു രീതിയില്‍ ‘എല്ലാം ശരിയാകും’ എന്ന മനഃപാഠ ഉത്തരത്തില്‍ അവിടം വിടുമ്പോള്‍ തൊട്ടാണ് സെക്യൂരിറ്റി ചേട്ടന്‍മാരെ നിരീക്ഷിച്ചു തുടങ്ങുന്നത്. എന്റെ അപ്പന്റെ പ്രായമാണ് പലര്‍ക്കും. പ്രായത്തിന്റെ ആലസ്യമൊക്കെ ഉണ്ടായിട്ടുപോലും സ്വന്തമായി വിയര്‍പ്പൊഴുക്കുന്ന ചിലര്‍.
രാവിലെ മുതല്‍ ഒരു യൂണിഫോമിന്റെ പിന്‍ബലത്തില്‍ ആ ഇടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ അവരിങ്ങനെ നിലകൊള്ളുന്നു. സുരക്ഷിതത്വമാണവര്‍ തരുന്നത്. പ്രായത്തിന്റെ തളര്‍ച്ചകളുണ്ടെങ്കിലും അവര്‍ സെക്യൂരിറ്റികളാണ്. ഒന്ന് തള്ളിയാല്‍ ഇടറി വീഴുന്ന ദുര്‍ബലരാണതില്‍ പലരും, എങ്കിലും അവര്‍ സെക്യൂരിറ്റികളാണ്.
മാര്‍ച്ച് 19 ഔസേപ്പിതാവിന്റെ ഓര്‍മയാണ്. ജോസഫും അത്രമാത്രമല്ലേ ചെയ്തത്. സെക്യൂരിറ്റി ചേട്ടന്റെ പണി, തിരുക്കുടുംബത്തെ സുരക്ഷിതമാക്കി. ഒരശ്രദ്ധ കൊണ്ടുപോലും മറിയത്തിനും കുഞ്ഞിനും മങ്ങലുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അപ്പനാണവന്‍. നമ്മുടെ അപ്പന്‍മാരും ജോസഫിനെപ്പോലെ തന്നെ.
ജീവിതം സുരക്ഷിതമാക്കാന്‍ വെയിലു കൊള്ളുന്നവര്‍. എല്ലാ അപ്പന്‍മാര്‍ക്കും ജോസഫിന്റെ മുഖമാണ്. സംരക്ഷണത്തിന്റെ ചിറകുകള്‍ക്കിടയില്‍ അവര്‍ നമ്മെ ചേര്‍ത്തുപിടിക്കുന്നതിന്റെ ബലത്തിലാണ് ഓരോ കുടുംബവും നിലനില്‍ക്കുന്നത്.
നസ്രത്തിലെ ആ തച്ചനാണ് താരം. വിയര്‍പ്പിന്റെ, തൊഴിലിന്റെ ആത്മീയ ദൂരം അവനില്‍ നിന്ന് തുടങ്ങുകയാണ്. തിരുക്കുടുംബത്തിന് സുരക്ഷിതത്വം നല്‍കുക എന്നതായിരുന്നു ജോസഫിന്റെ വിളി. ഒരു സെക്യൂരിറ്റിയാവുക. അപ്പന്‍ ആലിപ്പഴം പോലാണെന്ന് വായിച്ചു കേട്ടിട്ടുണ്ട്. അമ്മയെന്ന മഴയില്‍ ഇടയ്‌ക്കൊക്കെ നമ്മള്‍ നനയാറുണ്ട്. പക്ഷെ അപ്പന്‍ ആലിപ്പഴംപ്പോലെ…..! വര്‍ഷത്തില്‍ ഒന്നോ രണ്ടോ.., അത്രയുള്ളു. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചില സ്വര്‍ഗീയ നിമിഷങ്ങള്‍ നല്‍കാന്‍ അപ്പന്‍മാര്‍ ഇടയ്‌ക്കൊക്കെ വരും….. സുവിശേഷത്തിലെ ജോസഫിനെപ്പോലെ, ആലിപ്പഴംപോലെ…!
പവിത്രമെന്ന സിനിമയില്‍ ഒരു സെക്യൂരിറ്റി ഉണ്ട്, ചേട്ടച്ഛന്‍. അച്ഛനല്ലാത്ത എന്നാല്‍ അച്ഛനാകേണ്ടി വരുന്ന ചേട്ടന്റെ കഥ. മീനാക്ഷിയെന്ന അനിയത്തികുട്ടിക്ക് അയാള്‍ സെക്യൂരിറ്റി ആയി മാറുകയാണ്. സ്വന്തം ജീവിതവും പ്രണയവും എല്ലാം ഉപേക്ഷിച്ച് അയാള്‍ അവള്‍ക്കുവേണ്ടി ജീവിക്കുകയാണ്. അവളുടെ കാവലാള്‍ ആയി മാറുകയാണ്. വല്ലാത്ത ഇഷ്ടവും വേദനയും തോന്നും പവിത്രം കാണുമ്പോള്‍.
ഈ സിനിമയില്‍ ഒരു ഇഷ്ട രംഗമുണ്ട്, മീനാക്ഷി എക്‌സ്‌കര്‍ഷന് പോകാന്‍ ചേട്ടച്ഛനോട് സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടാതെ പിണങ്ങി പോകുന്നതും, അതിന് ശേഷം മീനാക്ഷിയുടെ തലയില്‍ എണ്ണ പുരട്ടാനായി ചേട്ടച്ഛന്‍ വന്ന് മീനാക്ഷിയുടെ പിറകില്‍ ഇരിക്കുന്നതുമായ രംഗം..
‘അച്ഛനൊരു പഴഞ്ചന്‍ മട്ടുകാരനല്ലയോ, ഈ എകസ്‌കര്‍ഷന്റെയും കുന്തത്തിന്റെയും കാര്യം പറഞ്ഞാല്‍ അവിടെ പിടിക്കത്തില്ല, അപ്പൊ വായില്‍ തോന്നിയതൊക്കെ പറയും’ എന്നും പറഞ്ഞ് പാത്രത്തില്‍ നിന്നും കൈകളിലേക്ക് എണ്ണ പകര്‍ത്തി മീനാക്ഷിയുടെ മുടിയിഴകളില്‍ എണ്ണ മെല്ലെ തേയ്ക്കാനൊരുങ്ങുമ്പോള്‍ അവള്‍ നീരസം പ്രകടിപ്പിക്കുന്നു. അപ്പോള്‍ ‘ഈ എണ്ണ പുരട്ടി തരുന്നത് അച്ഛനല്ല, ചേട്ടനാ’ എന്ന് ചേട്ടച്ഛന്‍ പറഞ്ഞിട്ടും പിണക്കം മാറാതെ, എണ്ണ പുരട്ടാന്‍ സമ്മതിക്കാതെ ഇരിക്കുന്ന മീനാക്ഷിയോട് വീണ്ടും ‘അച്ഛന്‍ അറിയാതെ നിന്നെ ഞാന്‍ എല്ലായിടവും കൊണ്ട് പോയി കാണിച്ച് തരാം’ എന്ന് പറഞ്ഞ് മീനാക്ഷിയുടെ തലയില്‍ കൈ വെച്ച് സത്യം ചെയ്യുന്നു. പതിയെ മുടിയില്‍ എണ്ണ പുരട്ടുന്നതും ചേട്ടത്തിയുടെ കാര്യം പറയുമ്പോള്‍ വീണ്ടും മീനാക്ഷിയോട് ദേഷ്യപ്പെട്ടിട്ട് ഉടനെ ‘അച്ഛന്‍’ എന്ന് ചേട്ടച്ഛന്‍ പറയുന്ന രംഗം… ചില നൊമ്പരങ്ങള്‍ പോലും കാവലിന്റെ കരുതലിന്റെ ഭാഷയായി മാറുകയാണ്. ഇങ്ങനെ എത്ര എത്ര ചേട്ടച്ഛന്മാര്‍ നമുക്കിടയിലുണ്ട്.
ജോസഫുമാര്‍ നമ്മുടെ അപ്പന്‍മാരാണ്. ഇത് അവരുടെ ദിനം കൂടിയാണ്. അധികമൊന്നും സ്‌നേഹം പുറത്തു കാണിക്കാതെ അവരിങ്ങനെ ഗൗരവത്തിന്റെ മുഖംമൂടിയില്‍ ഉള്ളു നിറയെ തുളുമ്പുന്ന സ്‌നേഹവുമായി കൂടെയുണ്ട്. തച്ചനും ഉണ്ണിമിശിഹായെ വളര്‍ത്തിയവനുമായ ജോസഫിനെ ഓര്‍ക്കുമ്പോള്‍ നമ്മുടെ കുടുംബങ്ങളിലെ സെക്യൂരിറ്റിമാരെ ഓര്‍ക്കാം. ദൂരെ വല്ലോം ആണെങ്കില്‍ ഒന്ന് വിളിക്കാം. അതുമല്ലെങ്കില്‍ മിഴി പൂട്ടി ഒന്നോര്‍ക്കാം.
കുഞ്ഞുനാള്‍ മുതല്‍ വളര്‍ത്തിയെടുത്ത് ചിറകുകള്‍ക്ക് ജീവന്‍ നല്‍കിയ അപ്പനെ. ആ വിയര്‍പ്പില്‍ നമ്മുടെ അന്നമുണ്ട്, സ്‌നേഹമുണ്ട്. ജീവിതത്തിന് ഒരു ‘സെക്യൂരിറ്റി’ ഉണ്ട്. തച്ചനാണ് താരം, ജോസഫ് !
Leave a Comment
Your email address will not be published. Required fields are marked with *