Follow Us On

27

April

2024

Saturday

നാടകമെഴുതാന്‍ ബൈബിള്‍ വായിച്ചു തുടങ്ങി… ബുദ്ധമതവിശ്വാസിക്ക് സംഭവിച്ചത്‌

നാടകമെഴുതാന്‍ ബൈബിള്‍ വായിച്ചു തുടങ്ങി… ബുദ്ധമതവിശ്വാസിക്ക് സംഭവിച്ചത്‌

പെനോം പെന്‍/കംബോഡിയ: കത്തോലിക്ക സ്ഥാപനങ്ങളിലുള്ള കുട്ടികളെയും യുവാക്കളെയും വിവിധ കലാരൂപങ്ങള്‍ അഭ്യസിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ അത് തന്റെ ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് ഫ്രാന്‍സിയോസ് സാരും എന്ന ബുദ്ധമത വിശ്വാസി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.

ക്ലാസിക്കല്‍ കലകളില്‍ വിദഗ്ധനാണ് ഫ്രാന്‍സിയോസ് സാരും. 2002 മുതലാണ് അദ്ദേ ഹത്തെ ദൈവാലയത്തിലെ ക്രിസമസ് ആഘോഷങ്ങള്‍ക്കും മറ്റു പ്രധാന തിരുനാളുകള്‍ക്കും ക്രൈസ്തവ നാടകങ്ങള്‍ എഴുതാനും കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ ക്ഷണിക്കുന്നത്. എന്നാല്‍, ക്രൈസ്തവ വിശ്വാസി അല്ലാത്തതിനാല്‍ അത്തരം നാടകങ്ങള്‍ എഴുതാന്‍ ആദ്യകാലത്ത് സാരുമിന് വലിയ ബുദ്ധിമുട്ട് നേരിട്ടു.

അങ്ങനെയാണ് നാടകമെഴുത്ത് എളുപ്പമാക്കുന്നതിനായി സാരും ബൈബിള്‍ വായിക്കുവാന്‍ തുടങ്ങുന്നത്. ബൈബിള്‍ വായന ആരംഭിച്ച സാരുവിനുള്ളില്‍ നിരവധി സംശയങ്ങള്‍ രൂപപ്പെട്ടു. ദൈവാലയത്തിലെ ഒരു ക്രൈസ്തവ വിശ്വാസിയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുകയും അദ്ദേഹം സാരുവിന്റെ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്തു.

ക്രിസ്തുനല്‍കുന്ന രക്ഷയുടെ മാധുര്യം നീണ്ട 20 വര്‍ഷങ്ങള്‍ വിശുദ്ധ ബൈബിളിലൂടെ രുചിച്ചറിഞ്ഞ സാരും ഈ ഈസ്റ്റര്‍ ദിനത്തില്‍ ഔദ്യോഗികമായി കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനൊരുങ്ങുകയാണ്. തന്റെ തീരുമാനത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി പങ്കുവച്ചപ്പോള്‍, കത്തോലിക്കര്‍ നല്ലവരാണെന്നും എല്ലാവരെയും സഹായിക്കുന്നവരുമാണ് എന്നായിരുന്നു സാരുമിന്റെ ഇളയമകളുടെ അഭിപ്രായം. ബന്ധുമിത്രാദികളാരും തന്റെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും ഇനിയും ബൈബിള്‍ കൂടുതലായി പഠിച്ച് ഭാര്യയെയും മക്കളെയും കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിക്കുകയാണ് തന്റെ ദൗത്യമെന്നും സാരും പറയുന്നു.

കംബോഡിയയിലെ ചംകര്‍ തേംഗിലെ സെന്റ് മേരീസ് ദൈവാലയത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ സാരുമിനൊപ്പം മറ്റ് 93 പേര്‍കൂടി കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നുണ്ട്. നാടകമെഴുതാന്‍ ബൈബിള്‍ വായിച്ച് ഒടുവില്‍ ക്രിസ്തുവിശ്വാസത്തെ പുല്‍കിയ സാരുമിന്റെ ജീവിതം വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രസക്തിയുടെയും വചനത്തിന്റെ ശക്തിയുടെയും നേര്‍സാക്ഷ്യമാണ് നല്‍കുന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?